2014, ജനുവരി 4, ശനിയാഴ്‌ച

വ്യാഴത്തെ നാളെ കാണുക


വ്യാഴത്തെ ഏറ്റവും മനോഹരമായി കാണാനുള്ള അവസരമാണിത്. ജനുവരി 5൹ രാത്രി മുഴുവൻ ആകാശത്തു വ്യാഴത്തെ കാണാനാകും. സൂര്യൻ പടിഞ്ഞാറസ്തമിക്കുമ്പോൾ കിഴക്കൻ ചക്രവാളത്തിൽ വ്യാഴം ഉദിച്ചു കഴിഞ്ഞിരിക്കും. അടുത്ത ദിവസം സൂര്യൻ ഉദിമ്പോൾ വ്യാഴം അസ്തമിക്കുകയും ചെയ്യും.
     ഭൂമിയുടെ എതിർവശങ്ങളിലായി സൂര്യനും വ്യാഴവും വരുന്ന സന്ദർഭങ്ങളിൽ മാത്രമെ ഇങ്ങനെ സംഭവിക്കു എന്നുള്ളതുകൊണ്ട് ഇതിനെ അപൂർവ്വമായ ഒരു പ്രതിഭാസമായിത്തന്നെ കരുതാം. ജ്യോതിശാസ്ത്രത്തിൽ ഇതിനെ ഓപ്പോസിഷൻ എന്നു പറയും. സൂര്യനും വ്യാഴവും ജനുവരി 5൹ ഓപ്പോസിഷനിലായതു കൊണ്ട് ഈ ദിവസം രാത്രി മുഴുവനും നമുക്ക് വ്യാഴത്തെ കാണാൻ കഴിയും. മാത്രമല്ല, മറ്റു ദിവസങ്ങളിലുള്ളതിനേക്കാൾ കൂടുതൽ തിളക്കത്തിലും വ്യാഴത്തെ കാണാൻ കഴിയും. അപ്പോൾ ഇതിന്റെ കാന്തിമാനം -2.7 ആയിരിക്കും. അതായത് രാത്രിയിലെ ആകാശത്തിൽ ഏറ്റവും തിളക്കത്തിൽ കാണുന്ന നക്ഷത്രമായ സിറിയസ്സിനെക്കാൾ മൂന്നു മടങ്ങ് തിളക്കമുണ്ടായിരിക്കും വ്യാഴത്തിനു്. വ്യാഴത്തിന്റെ ഏകദേശം 400 തെക്കുഭാഗത്തായി സിറിയസ്സിനെയും കാണാം. 
     മിഥുനം രാശിയിലാണ് ഇപ്പോൾ വ്യാഴത്തിന്റെ സ്ഥാനം. ഒരു ചെറിയ ദൂരദർശിനിയുണ്ടെങ്കിൽ വ്യാഴത്തിന്റെ മേഘവലയങ്ങളും നാലു ഗലീലിയൻ ഉപഗ്രഹങ്ങളും കാണാം. 1610ൽ ഗലീലിയോ തന്റെ ചെറിയ ദൂരദർശിനി ഉപയോഗിച്ച് കണ്ടെത്തിയതാണിവയെ. രാത്രി മുഴുവൻ ശ്രദ്ധിക്കുകയാണെങ്കിൽ ഈ ഉപഗ്രഹങ്ങളുടെ സ്ഥാനചലനങ്ങളും കണ്ടാസ്വദിക്കാം. ഈ പ്രത്യേകത ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഇവ ഉപഗ്രഹങ്ങളാണെന്ന് ഗലീലിയോ ഉറപ്പിച്ചത്. വ്യാഴത്തിന് ഒരു ഭ്രമണം പൂർത്തിയാക്കാൻ ഏതാണ്ട് പത്തു മണിക്കൂർ മാത്രമെ ആവശ്യമുള്ളു. അതുകൊണ്ട് രാത്രി ഉറക്കമൊഴിക്കാൻ തയ്യാറാവുകയാണെങ്കിൽ വ്യാഴത്തെ പൂർണ്ണമായും കാണാൻ കഴിയും. വ്യാഴത്തിന്റെ ഒരു ഉപഗ്രഹമായ അയോക്ക് ഗ്രഹത്തെ ഒരു വട്ടം ചുറ്റിവരാൻ രണ്ടു ദിവസം മുഴുവനായും വേണ്ട. അതിനാൽ ദൂരദർശിനിയുടെ സഹായത്താൽ ഇതിന്റെ സ്ഥാനചലനങ്ങളും കണ്ടാസ്വദിക്കാം. ഒക്കൾട്ടേഷൻ (ഗ്രഹത്തിനു പിന്നിലേക്കു മറയൽ), സംതരണം (ഗ്രഹത്തിനു മുന്നിലൂടെ നീങ്ങുന്നത്), എന്നിവയും ദർശിക്കാനാവും.

Get

Blogger Falling Objects