2011, മാർച്ച് 31, വ്യാഴാഴ്‌ച

പരാജിതതാരകമേ നിന്നിലുണ്ടോ ജീവന്റെ തുണ്ടുകൾ?     ഭൌമേതര ജീവനെ കുറിച്ചുള്ള ആകാംക്ഷകൾ എന്നും ശാസ്ത്രലോകത്തിന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഇതിനെ കുറിച്ച് പല സിദ്ധാന്തങ്ങളും രൂപം കൊണ്ടിട്ടുമുണ്ട്. ഇപ്പോൾ പുതിയൊരു ആശയവുമായി വന്നിരിക്കുകയാണ് റൊമാനിയയിലെ ബുക്കാറെസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ വിയോറൽ ബാദെസ്ക്യു. തവിട്ടുകുള്ളന്മാരിലും ഒഴുകുന്ന ഗ്രഹങ്ങളിലും ഭൂമിയിലേതിൽ നിന്നും വ്യത്യസ്തമായ ഇനത്തിലുള്ള ജീവൻ ഉണ്ടാകാമെന്നാണ് അദ്ദേഹത്തിന്റെ വാദം.

     അണുകേന്ദ്രപ്രതിപ്രവർത്തനം നടത്താ‍നാവശ്യമായ ദ്രവ്യത്തെ സമാഹരിക്കാനാവാത്തതു കൊണ്ട് ഒരു നക്ഷത്രമാകാൻ കഴിയാതെ പോയ പ്രപഞ്ചവസ്തുക്കളാണ് തവിട്ടുകുള്ളന്മാർ(brown dwarf). ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഇടയിലാണ് ഇവയുടെ സ്ഥാനം. രൂപം കൊണ്ട കാലത്തു തന്നെ മാതൃനക്ഷത്രത്തിന്റെ ആകർഷണത്തിൽ നിന്ന് രക്ഷപ്പെട്ട് നക്ഷത്രാന്തരീയ മേഖലയിൽ അലഞ്ഞു നടക്കുന്ന ഗ്രഹങ്ങളാണ് ഒഴുകുന്ന ഗ്രഹങ്ങൾ. ഇവയിൽ രാസ‌ഈഥൈനിന്റെ സമുദ്രം തന്നെ കണ്ടേക്കാമെന്നാണ് ബാദെസ്ക്യു പറയുന്നത്. ഭൂമിയിലെ ജലാധിഷ്ഠിത ജീവനിൽ നിന്നു വ്യത്യസ്തമായ ഇനം ജീവകണങ്ങൾ ഈ ഈഥൈൻ സമുദ്രത്തിൽ ഉണ്ടാകുമത്രെ. 2010 ആഗസ്തിലെ പ്ലാനറ്ററി ആന്റ് സ്പേസ് സയൻസ് ജേർണലിലാണ് ഈ നിരീക്ഷണങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

    ഇവയിലെ റേഡിയോ ആക്റ്റീവ് മൂലകങ്ങൾ ഉല്പാദിപ്പിക്കുന്ന ഊർജ്ജം ജീവൻ നിലനിൽക്കുന്നതിനാ‍വശ്യമായ അനുകൂലതാപനില സൃഷ്ടിക്കുമത്രെ. പക്ഷെ ജീവൻ നിലനിൽക്കുന്നതിന് താപം മാത്രം പോരാ. രാസപ്രവർത്തനങ്ങളെ സഹായിക്കാൻ ഒരു നല്ല ലായകം കൂടി അത്യാവശ്യമാണ്. ഭൂമിയിൽ ജലമാണ് ഈ ഭാഗം അഭിനയിക്കുന്നത്. ജലം ഒരേയൊരു സാദ്ധ്യതല്ല എന്നാണ് ബാദെസ്ക്യു പറയുന്നത്. തവിട്ടുകുള്ളന്മാരിൽ ചിലതിൽ വൻ‌തോതിലുള്ള ദ്രവ‌ഈഥൈൻ ശേഖരം ഉണ്ടാകുമെന്നും ഭൂമിയിലെ ജീവന്റെ ഘടനയിൽ നിന്ന് വ്യത്യസ്ഥമായ ഘടനയിലുള്ള ഏകകോശജീവികൾ (alien microbes) ഇവയിൽ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

     ജലതന്മാത്രകളുടെ പോളാർ സ്വഭാവമാണ് (തന്മാത്രയുടെ ഒരറ്റം പോസിറ്റീവ് ചാർജ്ജും മറ്റേ അറ്റം നെഗറ്റീവ് ചാർജ്ജും ആയിരിക്കും) ഭൂയിലെ ജീവന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായി ഇതിനെ നിലനിർത്തുന്നത്. ഈ പോളാർ സ്വഭാവമാണ് നല്ലൊരു ലായകമായി ജലത്തെ മാറ്റുന്നത്. ജലത്തിലെത്തുന്ന സങ്കീർണ്ണഘടനയിലുള്ള പദാർത്ഥങ്ങളെ അതിന്റെ പോളാർ സ്വഭാവമുപയോഗിച്ച് കൂടുതൽ ലളിതഘടനയിലുള്ള മൂലകതന്മാത്രകളായി വിഘടിപ്പിക്കുകയാണ് ജലതന്മാത്രകൾ ചെയ്യുന്നത്. പിന്നീട് ജീവകോശങ്ങൾക്ക് ഈ മൂലകങ്ങളെ ഉപയോഗിക്കുകയും ചെയ്യാം. ചാർജ്ജിത കണങ്ങളായി മാറ്റാൻ കഴിയാത്തവ ജലത്തിൽ ലയിക്കുകയുമില്ല. ദ്രവ‌ഈഥൈന് പോളാർ സ്വഭാവമില്ലാത്തതിനാൽ ഭൂമിയിലേതു പോലുള്ള ജീവഘടനയാവില്ല അവിടെയുണ്ടാവുക എന്നാണ് ബാദെസ്ക്യുവിന്റെ അഭിപ്രായം. മാത്രമല്ല ഡി.എൻ.എകളിൽ ആഴത്തിലുള്ള മാറ്റങ്ങൾ നടക്കാനിടയുള്ളതു കൊണ്ട് അതിവേഗതയിലുള്ള പരിണാമപ്രവർത്തനങ്ങളും നടക്കാനിടയുണ്ടത്രെ.

     നിലവിലുള്ള സാങ്കേതിക വിദ്യകളുടെ അപര്യാപ്തത തുടർപഠനത്തിനുള്ള പ്രധാനപരിമിതിയായി അദ്ദേഹം കാണുന്നു

2011, മാർച്ച് 29, ചൊവ്വാഴ്ച

മെസ്സഞ്ചറിൽ നിന്നുള്ള ആദ്യചിത്രം ലഭ്യമായി

credit; NASA
     മെസ്സഞ്ചർ ബഹിരാകാശപേടകത്തിൽ നിന്നുള്ള ബുധന്റെ ആദ്യചിത്രം ലഭ്യമായി. ഇനി 363 ചിത്രങ്ങൾ കൂടി നാളെ ലഭിക്കുമെന്ന് നാസ അറിയിച്ചു. ഇതിന്റെ ഡൌൺലിങ്കിംഗ് ആരംഭിച്ചു. ബുധന്റെ ഇത്രയും അടുത്തുനിന്നുള്ള ചിത്രങ്ങൾ ആദ്യമായാണ് ലഭിക്കുന്നത്. മെർക്കുറി ഡ്യുവൽ ഇമേജിംഗ് സിസ്റ്റത്തിലെ(MDIS) വൈഡ് ആംഗിൾ കാമറ(WAC) ഉപയോഗിച്ചാണ് ചിത്രങ്ങൾ എടുക്കുന്നത്.


     ചിത്രത്തിന്റെ മുകൾ ഭാഗത്ത് കാണുന്നത് ഡിബസ്സി ഗർത്തം ആണ്. 80 കി.മീറ്റർ ആണ് ഇതിന്റെ വ്യാസം. മുകളിൽ കാണുന്നത് മെറ്റാബി ഗർത്തമാണ്. ഡിബസ്സിയെക്കാൾ ചെറിയ ഗർത്തമാണിത്. ബുധന്റെ ദക്ഷിണധ്രുവത്തിനു മുകളിൽ നിന്നാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. ഇതു വരെയും ഈ ഭാഗത്തിന്റെ ചിത്രങ്ങൾ ബഹിരാകാശപേടകങ്ങൾ ഉപയോഗിച്ച് എടുക്കാൻ കഴിഞ്ഞിട്ടില്ല. 


     അടുത്ത മൂന്നു ദിവസങ്ങൾക്കുള്ളിൽ 1185 ചിത്രങ്ങൾ കൂടി മെസ്സഞ്ചർ അയക്കും. ഏപ്രിൽ 4നു ഒരു വർഷം നീണ്ടുനിൽക്കുന്ന ബുധന്റെ ഗ്ലോബൽ മാപ്പിങ് തുടങ്ങും. ഇതിന്റെ ഭാഗമായി 75000ത്തിലേറെ ചിത്രങ്ങളായിരിക്കും മെസ്സഞ്ചർ ഭൂമിയിലേക്കയക്കുക. മെസ്സഞ്ചറിന്റെ വെബ് സൈറ്റിൽ നിന്നും ഇവ ലഭ്യമാകും.മാനത്തൊരു വേട്ടനായ


      ഇപ്പോൾ ആകാശത്ത് കാണാൻ കഴിയുന്ന മനോഹരമായ ഒരു നക്ഷത്രക്കൂട്ടമാണ് കാനിസ് മേജർ അഥവാ ബൃഹത്ശ്വാനൻ. കാനിസ് എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം നായ എന്നാണ്. ഒറിയൺ എന്ന വേട്ടക്കാരന്റെ പ്രധാന വേട്ടനായയാണത്രെ ഇത്. ഒറിയൺ നക്ഷത്രഗണത്തിന്റെ ബെൽറ്റിനെ താഴേക്കു നീട്ടിയാൽ തിളക്കമുള്ള ഒരു നക്ഷത്രത്തിലെത്താൻ കഴിയും. ഇതാണ് സിറിയസ്. ഇത് നായയുടെ കണ്ണാണ്. ചിത്രം നോക്കി മറ്റു നക്ഷത്രങ്ങളെ കൂടി കണ്ടെത്താം. ഇവയെല്ലാം ചേർത്ത് ഒരു നായയുടെ ചിത്രം സങ്കല്പിക്കാവുന്നാതാണ്. ഭാരതീയർ ഇതിനെ ദേവശൂനി എന്നാണ് വിളിച്ചിരുന്നത്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 ഗണങ്ങളുള്ള നക്ഷത്ര കാറ്റലോഗിൽ കാനിസ് മേജറും ഉണ്ടായിരുന്നു. 


      പുരാതന ഗ്രീസുകാർ വേനൽക്കാലത്തെ ശ്വാനദിനങ്ങൾ(Dog Days) എന്നു വിളിച്ചിരുന്നു. വേനൽച്ചൂടു കാരണം നായ്ക്കൾ ഭ്രാന്തു പിടിച്ചതു പോലെ ഓടി നടക്കുമായിരുന്നതു കൊണ്ടാണ് അവർ ഇങ്ങനെ വിളിച്ചിരുന്നത്. ഈ കാലത്തു തന്നെയാണ് സിറിയസ്സിനെ തലക്കു മുകളിൽ കാണാനാകുമായിരുന്നതും. അതുകൊണ്ട് ഈ നക്ഷത്രത്തെ ശ്വാനതാരം(Dog Star) എന്നും വിളിച്ചിരുന്നു. പുരാതന ഈജിപ്റ്റുകാർ സിറിയസ്സിനെ കൃഷിയുമായി ബന്ധപ്പെടുത്തി. സൂര്യോദയത്തിന് തൊട്ടുമുമ്പ് സിറിയസ്സിനെ കിഴക്കൻ ചക്രവാളത്തിൽ ഉദിച്ചു കണ്ടാൽ നൈൽ നദിയിൽ വെള്ളപ്പൊക്കത്തിനുള്ള സമയമായി എന്നവർ മനസ്സിലാക്കുമായിരുന്നു. ഇതനുസരിച്ച് അവർ പ്രാരംഭ ജോലികൾ ആ‍രംഭിക്കുമായിരുന്നു. 


      ഗ്രീക്ക് ഇതിഹാസമനുസ്സരിച്ച് ഓറിയോണിന്റെ വേട്ടനായയാണ് കാനിസ് മേജർ. രണ്ടു തലയാണത്രെ ഇതിനുള്ളത്. 


     ഭൂമിയിൽ നിന്നു നോക്കിയാൽ നിശാകാശത്ത് ഏറ്റവും തിളക്കത്തിൽ കാണാനാകുന്ന നക്ഷത്രമാണ് എട്ടു പ്രകാശവർഷം അകലെ കിടക്കുന്ന സിറിയസ്. അതിവിദൂരവാന വസ്തുക്കളുടെ(Deep sky objects) ദരിദ്രമായ ഒരു ഗണമാണ് കാനിസ് മേജർ. M 41 എന്ന ഒരു മെസ്സിയർ വസ്തു മാത്രമേ ഇതിലുള്ളു. ഇത് 4.6 കാന്തിമാനമുള്ള ഒരു ഓപ്പൺ ക്ലസ്റ്ററാണ്. സിറിയസ്സിൽ നിന്ന് 4 ഡിഗ്രി തെക്കു മാറിയാണ് ഇതിന്റെ സ്ഥാനം. എണ്ണായിരത്തോളം നക്ഷത്രങ്ങളെ ഉൾക്കൊള്ളുന്ന ഈ നക്ഷത്രക്കുല ഭൂമിയിൽ നിന്ന് 2350 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. 24 പ്രകാശവർഷമാണ് ഇതിന്റെ വ്യാസം. കാനിസ് മേജർ ഡ്വാർഫ് എന്ന ഒരു ഉപഗ്രഹ ഗാലക്സിയും കാനിസ് മേജർ നക്ഷത്രഗണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 


     അധര(ε CMa), വെസ്സൻ( δ CMa), മർസ്സിം(β CMa), അലുദ്ര(η CMa), ഫുറൂദ്(ζ CMa), മുലിഫെൻ(γ CMa) എന്നിവയാണ് കാനിസ് മേജർ ഗണത്തിലെ പ്രധാന നക്ഷത്രങ്ങൾ.2011, മാർച്ച് 27, ഞായറാഴ്‌ച

സൂര്യന്റെ അഞ്ച് മടങ്ങ് പിണ്ഡവുമായി ഒരു തമോദ്വാരം

     
      സൂര്യന്റെ അഞ്ചു മടങ്ങ് പിണ്ഡമുള്ള ഒരു തമോദ്വാരം കണ്ടെത്തിയിരിക്കുന്നു ഇൻസ്റ്റിട്യൂട്ടോ ഡി ആസ്ട്രോഫിസിക്കാ ഡി കനാറിയാസി(IAC)ലെ ഒരു സംഘം ശാസ്ത്രജ്നർ. സൂര്യന്റെ 5.4 മടങ്ങ് പിണ്ഡമുള്ള ഈ തമോദ്വാരം XTE J1859+226 എന്ന ബൈനറി സിസ്റ്റത്തിലെ ഒരംഗമാണ്. ഗ്രാൻ ടെലസ്കോപ്പിയോ കനാറിയാസ് (GAT)  ഉപയോഗിച്ചാണ് ഇതിന്റെ സ്പെക്ട്രോസ്കോപിക് വിശകലനങ്ങൾ നടത്തിയത്. 


     ബൈനറി നക്ഷത്രവ്യവസ്ഥയിലെ ഒന്ന് സാധാരണ നക്ഷത്രവും മറ്റേത് ഒരു തമോദ്വാരമോ അല്ലെങ്കിൽ ന്യൂട്രോൺ നക്ഷത്രമോ ആയിരിക്കും. ഇതിലെ തമോദ്വാരം അല്ലെങ്കിൽ ന്യൂട്രോൺ നക്ഷത്രം സാധാരണ നക്ഷത്രത്തിലെ പദാർത്ഥത്തെ വലിച്ചെടുക്കും. ഇങ്ങനെ പദാർത്ഥത്തെ വലിച്ചെടുക്കുമ്പോൾ ആ ഭാഗത്തു നിന്ന് ശക്തമായ എക്സ് റേ വികിരണങ്ങൾ ഉണ്ടാകാറുണ്ട്. നമ്മുടെ ഗലക്സിയിൽ തമോദ്വാരങ്ങളുള്ള ഇരുപതോളം ഇരട്ട നക്ഷത്രവ്യവസ്ഥകൾ കണ്ടെത്തിയിട്ടുണ്ട്. വൾപിക്കുല എന്ന നക്ഷത്രഗണത്തിന്റെ ദിശയിലാണ് XTE J 1859+226 എന്ന ഈ എക്സ് റേ ബൈനറി സിസ്റ്റം സ്ഥിതി ചെയ്യുന്നത്. 1999ലാണ് ഇതിനെ ആദ്യമായി കണ്ടെത്തുന്നത്. 12 വർഷത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇതിലൊന്ന് തമോദ്വാരമാണ് എന്ന വസ്തുത സ്ഥിരീകരിച്ചത്.


     തമോഗർത്തങ്ങളും ന്യൂട്രോൺ നക്ഷത്രങ്ങളും വൻനക്ഷത്രങ്ങൾ കത്തിത്തീർന്നതിനു ശേഷമുണ്ടാകുന്ന അവശിഷ്ടങ്ങളാണ്. സൂര്യന്റെ 1.4 മടങ്ങ് പിണ്ഡമുള്ള നക്ഷത്രങ്ങൾ ന്യൂട്രോൺ നക്ഷത്രങ്ങളായി മാറും. ഇവക്കും അധികകാലത്തെ ആയുസ്സ് ഉണ്ടാകാറില്ല. തമോദ്വാരങ്ങളിൽ ചെന്നാണ് വൻനക്ഷത്രങ്ങളുടെ പരിണാമയാത്ര അവസ്സാനിക്കറുള്ളത്. 


    ഈ കണ്ടെത്തൽ വളരെ പ്രധാനപ്പെട്ടതാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ജീസസ്സ് കോറൽ സാന്റാനാ പറഞ്ഞു. തമോദ്വാരങ്ങളിലെ പദാർത്ഥത്തിന്റെ വിതരണത്തെ കുറിച്ച് പഠിക്കാനും വൻ‌നക്ഷത്രങ്ങളുടെ മരണം, തമോദ്വാരങ്ങളുടെ രൂപീകരണം, എക്സ് റേ ബൈനറി വ്യവസ്ഥകളുടെ പരിണാമം എന്നിവയെ കുറിച്ച് പഠിക്കുന്നതിനുള്ള വിലപ്പെട്ട വിവരങ്ങൾ ഇതിൽ നിന്ന് ലഭിക്കുമത്രെ.2011, മാർച്ച് 20, ഞായറാഴ്‌ച

ഉണ്ടോ എവിടെയെങ്കിലും നമ്മളെ പോലെ ചിലർ
     മറ്റേതെങ്കിലും ഗ്രഹങ്ങളിൽ എവിടെയെങ്കിലും ഉണ്ടാകുമോ ഭൂമിയിലെ പോലെ ഒരു ജൈവവൈവിദ്ധ്യം? മനുഷ്യരെക്കാൾ ഉയർന്ന സാംസ്കാരികജീവിതം നയിക്കുന്നവർ? വർഷങ്ങളായി സാധാരണക്കാരിലും ശാസ്ത്രജ്നരിലും ഒരു പോലെ താല്പര്യമുളവക്കാക്കിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. പ്രകാശവർഷങ്ങൾക്കപ്പുറത്തുള്ള ഒരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഏതെങ്കിലും ഒരു ഗ്രഹത്തിൽ ഇത് പോലെയുള്ള ജീവസാന്നിദ്ധ്യമുണ്ടോ എന്ന് കണ്ടെത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും ശാസ്ത്രജ്നർ വർഷങ്ങളായി അതിനുള്ള ശ്രമം തുടർന്നു കൊണ്ടിരിക്കുക തന്നെയാണ്. പ്രകാശവർഷങ്ങൾക്കപ്പുറത്തുള്ള ഒരു ഗ്രഹത്തെ ശക്തിയേറിയ ടെലിസ്കോപ്പുകൾ കൊണ്ടു പോലും നോക്കുക്കാണുക എന്നത് അസ്സാദ്ധ്യമായ കാര്യമാണ്. പിന്നെ എങ്ങനെയാണ് അതിൽ ജീവനുണ്ടോ എന്നു മനസ്സിലാക്കുന്നത്? ചില സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള ഗ്രഹങ്ങളെയാണവർ കണ്ടെത്താൻ ശ്രമിക്കുന്നത്.

     ഭൂമിയിലെ നമ്മുടെ അനുഭവം വെച്ച് ജീവൻ നിലനിൽക്കാൻ വളരെ അത്യാവശ്യമുള്ള വസ്തുവാണ് ദ്രാവകരൂപത്തിലുള്ള ജലം. ജലം ദ്രാവകരൂപത്തിൽ നിലനിൽക്കണമെങ്കിൽ അനുകൂലമായ താപനില അത്യാവശ്യമാണ്. ഇതാകട്ടെ വളരെ നേരിയ ഒരു റേഞ്ചിലുള്ളതാണു താനും. മാതൃനക്ഷത്രത്തിൽ നിന്ന് ഒരു പ്രത്യേക അകലത്തിൽ മാത്രമേ ഗ്രഹത്തിന് ഈ താപനില ലഭ്യമാകുകയുള്ളു. ഗ്രഹാന്തരീക്ഷത്തിൽ ജലബാഷ്പം കണ്ടെത്താൻ കഴിഞ്ഞാൽ അവിടെ ജലസാന്നിദ്ധ്യമുണ്ടെന്നും മാതൃനക്ഷത്രത്തിൽ നിന്ന് നിശ്ചിത അകലത്തിലാണ് അത് സ്ഥിതി ചെയ്യുന്നത് എന്നും മനസ്സിലാക്കും. ഗ്രഹത്തിൽ നിന്ന് പ്രതിഫലിച്ചെത്തുന്ന പ്രകാശത്തിന്റെ സ്പെക്ട്രം പഠനങ്ങളിലൂടെയാണ് ഇതെല്ലാം മനസ്സിലാക്കുന്നത്. ഉറച്ച പ്രതലത്തോടുകൂടിയുള്ളതായിരിക്കണം ആ ഗ്രഹം എന്നതും അത്യാവശ്യ ഘടകങ്ങളിലൊന്നാണ്. ഈ കാര്യങ്ങളാണ് ആദ്യമായി ശാസ്ത്രജ്നർ ശ്രദ്ധിക്കുന്നത്.  ഇങ്ങനെയൊരു ഗ്രഹത്തെ കിട്ടിയാൽ പിന്നീട് മറ്റു കാര്യങ്ങളിലേക്കു കൂടി ശ്രദ്ധ തിരിക്കേണ്ടതുണ്ട്. അതിലൊന്നാണ് കാർബ്ബൺ ഡൈ ഓക്സൈഡിന്റെ സാന്നിദ്ധ്യം. ജീവനുണ്ടെങ്കിൽ അവിടെ കാർബ്ബൺ ഡൈ ഓക്സൈഡ് ഉണ്ടായിരിക്കും. നമ്മുടെ ഇന്നത്തെ അറിവ് അനുസരിച്ച് കാർബ്ബൺ തന്മാത്രകളുടെ സങ്കീർണ്ണമായ ഘടനയും അതിശക്തമായ രാസബന്ധനശേഷിയും ആണ് അതിനെ ജീവന്റെ അടിസ്ഥാന ഘടകമാക്കി മാറ്റിയിരിക്കുന്നത്. ഇങ്ങനെയുള്ള കാർബ്ബൺ സംയുക്തങ്ങളും ദ്രാവകാവസ്ഥയിലുള്ള ജലവും തമ്മിലുള്ള പർസ്പരവിനിമയങ്ങളിലൂടെയാ‍ണ് ഭൂമിയിൽ ജീവന്റെ നിലനില്പ് സാദ്ധ്യമായിട്ടുള്ളത്. അതായത് കാർബ്ബൺ, ഓക്സിജൻ, ഹൈഡ്രജൻ എന്നിവയുടെ സാ‍ന്നിദ്ധ്യം ഉണ്ടെങ്കിൽ മാത്രമെ ഒരിടത്ത് ജീവൻ നിലനിൽക്കുകയുള്ളു എന്നു പറയാം.

     ഇതു മാത്രം മതിയോ ജീവന്റെ സാന്നിദ്ധ്യം ഉറപ്പിക്കാൻ? പോരാ എന്നാണ് ആസ്ട്രോബയോളജിസ്റ്റുകൾ പറയുന്നത്. ഓക്സിജനെ ജലത്തിന്റെയോ മറ്റോ രൂപത്തിലുള്ള സംയുക്താവസ്ഥയിൽ മാത്രം കണ്ടാൽ പോരാ. സ്വതന്ത്രാവസ്ഥയിലുള്ള ഓക്സിജൻ തന്മാത്രകളുടെ സാന്നിദ്ധ്യം ഇതിനു നിർബ്ബന്ധമാണത്രെ. പ്രാഥമിക ഭക്ഷണോല്പാദന പ്രകൃയ നടക്കുന്നത് പ്രകാശസംശ്ലേഷണത്തിലൂടെയാണ്. പ്രകാശസംശ്ലേഷണം നടക്കുന്നു എന്നതിന്റെ തെളിവാണ് തന്മാത്രാ രൂപത്തിലുള്ള ഓക്സിജന്റെ സാന്നിദ്ധ്യം. സങ്കീർണ്ണ തന്മാത്രാ ഘടനയിലുള്ള ജീവികൾക്കായത്രയും ഉയർന്ന തോതിലുള്ള ഭക്ഷണോല്പാദനം നടത്താൻ പ്രകാശസംശ്ലേഷണത്തിലൂടെ മാത്രമേ സാദ്ധ്യമാവുകയുള്ളു. ഇങ്ങനെ കണ്ടെത്താൻ കഴിയുന്ന ഓക്സിജൻ അവിടെ സസ്യങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത ഉറപ്പിക്കുന്നു.

      ഗ്രഹോപരിതലത്തിൽ തട്ടി പ്രതിഫലിച്ചെത്തുന്ന പ്രകാശകണങ്ങളും നമുക്ക് വിലപ്പെട്ട വിവരങ്ങൾ നൽകും. പച്ച സസ്യജാലങ്ങളെ കുറിച്ചും നീല സമുദ്രത്തെ കുറിച്ചും നമ്മോടു പറയും. മരുഭൂമികളെയും മഞ്ഞുപ്രദേശങ്ങളെയും കുറിച്ചു പഠിക്കാനും ഇതിലൂടെ കഴിയും. പക്ഷെ ദൌർഭാഗ്യവശാൽ ഇതെല്ലാം തികഞ്ഞ ഒരു ഗ്രഹത്തെയും ഇതു വരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

     
     മറ്റൊരു അന്വേഷണം നടക്കുന്നത് ഉയർന്ന ബൌദ്ധിക നിലവാരമുള്ള ജീവികൾ മറ്റേതെങ്കിലും ഗ്രഹങ്ങളിലുണ്ടെങ്കിൽ അവർ പുറത്തു വിടുന്ന ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധികളെ കണ്ടെത്തുന്നതിനു വേണ്ടിയാണ്. റേഡിയോ തരംഗങ്ങളുടെയും മറ്റും രൂപങ്ങളിലുള്ള എന്തെങ്കിലും തെളിവുകൾ എന്നാണ് ഇവിടെ അന്വേഷിക്കുന്നത്. ഇതിനു വേണ്ടിയുള്ള ഒരു പ്രോജക്ടാണ് 1992 ൽ നാസ ആരംഭിക്കുകയും ഇപ്പോൾ സെറ്റി(SETI) നടത്തിക്കൊണ്ടു പോകുകയും ചെയ്യുന്ന Search for extraterrestrial intelligence. മറ്റൊന്നാണ് 1994ൽ ആരംഭിച്ച പ്രൊജക്ട് ഫീനിക്സ്. ഇത് തുടങ്ങിയത് ആസ്ട്രേലിയയിലാണ്. ഒരു റേഡിയോ ടെലസ്കോപ്പായിരുന്നു അന്ന് ഉപയോഗിച്ചത്. പിന്നീട് ഇത് വെസ്റ്റ് വെർജീനിയായിലേക്കും അവസാനം പ്യുവെർട്ടോ റിക്കോയിലേക്കും മാറ്റി സ്ഥപിച്ചു. ഇന്ന് ഇത് ഒറ്റ ഡിഷിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ റേഡിയോ ടെലസ്കോപ്പാണ്. ഇത് ഭൂമിയിൽ നിന്ന് 250 പ്രകാശവർഷം അകലത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന 800ഓളം നക്ഷത്രങ്ങളെ വിശകലനം ചെയ്തു കഴിഞ്ഞു. പക്ഷെ ഇവിടെയും ഇതു വരെയുള്ള ഫലം നിരാശാജനകം തന്നെയാണ്.

     എങ്കിലും ശാസ്ത്രജ്നർ ഇപ്പോഴും പ്രതീക്ഷയിലാണ്. എന്നെങ്കിലും എവിടെയെങ്കിലും ഒരു ജീവിയെ കണ്ടെത്താൻ കഴിഞ്ഞേക്കുമെന്ന വിശ്വാസത്തോടെ അവർ ഇപ്പോഴും അന്വേഷണം തുടർന്നു കൊണ്ടേയിരിക്കുന്നു.

2011, മാർച്ച് 15, ചൊവ്വാഴ്ച

സന്ദേശവാഹകൻ ബുധനെ സമീപിക്കുന്നു
credit: NASA     വ്യാഴത്തെയും ശനിയെയും കുറിച്ചു പോലും വളരെയേറെ വിവരങ്ങൾ അറിയാമെന്നിരിക്കെ അവയെക്കാൾ വളരെ അടുത്തു കിടക്കുന്ന ബുധനെ കുറിച്ച് നമുക്ക് പരിമിതമായ വിവരങ്ങൾ മാത്രമെയുള്ളു. ഇതിന്റെ പ്രധാന കാരണം ബുധൻ സൂര്യന്റെ വളരെ അടുത്താണ് എന്നതാണ്. വർഷങ്ങൾക്കു മുമ്പ് മാരിനർ പേടകമാണ് ബുധനെ കുറിച്ച് പഠിക്കാൻ ചില ശ്രമങ്ങൾ നടത്തിയത്. പിന്നെ ഭൂമിയിൽ നിന്നുള്ള ദൂരദർശിനികൾ ഉപയോഗിച്ചും. എന്നിട്ടും അഞ്ചു ശതമാനത്തിൽ കൂടുതൽ വിവരങ്ങൾ നേടാൻ നമുക്കു കഴിഞ്ഞിട്ടില്ല. ഈ അവസരത്തിലാണ് മെസ്സഞ്ചർ (MESSENGER- MErcury Surface, Space ENvironment, GEochemistry and Ranging) ബുധനെ സമീപിക്കുന്നത്. പതിനേഴാം തിയ്യതി വെള്ളിയാഴ്ച മെസ്സഞ്ചർ ബുധന്റെ ഭ്രമണപഥത്തിലേക്കു കടക്കും.


     മെസ്സഞ്ചറിലെ Mercury Atmosphere and Surface Composition Spectrometer(MASCS) എന്ന ഉപകരണമാണ് ബുധനെ കുറിച്ച് ഏറെ വിവരങ്ങൾ സമ്പാദിക്കാൻ സഹായിക്കുക. ബുധനിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശത്തെയും പുറത്തു വരുന്ന ആറ്റങ്ങളെയും ചാർജ്ജിതകണങ്ങളായ അയോണുകളെയും കുറിച്ചുള്ള വിവരങ്ങൾ ഈ ഉപകരണം നമുക്കു നൽകും. 


     പ്രതിഫലിതപ്രകാശത്തിന്റെ സ്പെക്ട്രം പഠിക്കുന്നതിലൂടെ ഗ്രഹത്തിലെ ധാതുലവണങ്ങളെ കുറിച്ചും പാറകളുടെ ഘടനയെ കുറിച്ചും വിശദമായ വിവരങ്ങൾ ലഭിക്കും. 


     2004 ആഗസ്റ്റ് മൂന്നാം തിയ്യതിയാണ് കേപ് കനാവറിലിൽ നിന്ന് മെസ്സഞ്ചറിനെ വിക്ഷേപിച്ചത്. നീണ്ട ആറര വർഷത്തെ കാത്തിരിപ്പിനൊടുവിലാ‍ണ് ബുധനടുത്തെത്തിയത്. ഇതിനു മുമ്പ് മാരിനർ 10 എന്ന പേടകമാണ് ബുധസമീപത്തെത്തിയുട്ടുള്ളത്. ഇതാകട്ടെ ബുധന്റെ ഭ്രമണപഥത്തിൽ കടക്കാതെ സമീപത്തു കൂടി കടന്നു പോകുകയാണു ചെയ്തത്. 1974, 1975 എന്നീ വർഷങ്ങളിലായിരുന്നു ഇത്. ബുധന്റെ പ്രകാശം തട്ടുന്ന ഭാഗത്തെ ഫോട്ടോകൾ മാത്രമാണ് അന്നു നമുക്കു ലഭ്യമായത്. എതിർഭാഗം രഹസ്യങ്ങളുടെ കലവറയായി തന്നെ തുടർന്നു. ഇതിനൊരറുതി വരുത്താൻ മെസ്സഞ്ചറിനായേക്കുമെന്നാണ് കരുതുന്നത്. 


     ബുധനു ചുറ്റും എക്സോസ്ഫിയർ എന്നറിയപ്പെടുന്ന ഒരു ഭാഗമുണ്ട്. സൌരവാതത്തിന്റെ ആഘാതത്താൽ തെറിച്ചു പോന്ന ചാർജ്ജിത കണങ്ങളാണ് ഈ ഭാഗത്തുള്ളത്. സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഘനമേറിയ മൂലകങ്ങളുടെ ആറ്റങ്ങളും ഇതിലുണ്ടാകും. സൂര്യവാതത്തിന്റെ തള്ളൽ കൊണ്ട് ഇത് സൂര്യനെതിർവശത്തെക്ക് നീണ്ടു കിടക്കുകയാണ്. വാൽനക്ഷത്രത്തിന്റെ വാലു പോലെ. നഗ്നനേത്രങ്ങൾ കൊണ്ട് ഇത് കാണാനാവില്ല.
credit: NASA
     
     ഹൈഡ്രജനെ പോലുള്ള ഭാരം കുറഞ്ഞ മൂലകങ്ങൾ അന്തരീക്ഷത്തിൽ നിന്ന് രക്ഷപെട്ട് പുറത്തു പോകും. എന്നാൽ ഭാരമേറിയ മൂലകങ്ങളുടെ അയോണുകൾ എക്സോസ്ഫിയറിൽ ഉണ്ടാകും. ഇവയെ കുറിച്ചെല്ലാം പഠിക്കാൻ നിരവധി തവണ മെസ്സഞ്ചർ ബുധനു ചുറ്റും ഭ്രമണം ചെയ്യും. പക്ഷെ ധ്രുവങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അധികം ലഭിക്കാനിടയില്ല എന്നണു പറയുന്നത്. ഇത് വളരെ ദുഖകരമായ സംഗതിയാണെന്ന് പഠനത്തിനു നേതൃത്വം കൊടുക്കുന്ന സ്പ്രേഗ് പറഞ്ഞു. കാരണം ഈ പ്രദേശങ്ങളിലെ സൂര്യപ്രകാശം തട്ടാത്ത ഗർത്തങ്ങളിൽ ഘനീഭവിച്ച ജലം കാണാൻ സാദ്ധ്യതയുണ്ടെന്നാണ് അവരുടെ അഭിപ്രായം. മെർക്കുറി, സൾഫർ, സോഡിയം ക്ലോറൈഡ് തുടങ്ങിയവയും അവിടെ കണ്ടേക്കാമത്രെ.


     സൂര്യന്റെ ശക്തമായ ആകർഷണവും കടുത്ത ചൂടുമാണ് മെസ്സഞ്ചർ നേരിടുന്ന പ്രധാന വെല്ലുവിളി. ബുധോപരിതലം പ്രതിഫലിപ്പിക്കുന്ന ചൂട് വളരെ ഉയർന്നതായതിനാൽ ഇടവേളകൾ ലഭിക്കുന്നതിനു വേണ്ടി വളരെ നീണ്ട ദീർഘവൃത്താകൃതിയിലാണ് മെസ്സഞ്ചർ ഗ്രഹത്തെ ഭ്രമണം ചെയ്യുന്നത്. ഓരോ 12 മണിക്കൂറിലും ഒരു പ്രാവശ്യം എന്ന തോതിലാണ് ഇതിന്റെ ഭ്രമണം.2011, മാർച്ച് 11, വെള്ളിയാഴ്‌ച

സൂപ്പർ മൂൺ പ്രതിഭാസവും സുനാമിയും
    


 ലോകം പുതിയൊരു ഭയത്തിന്റെ മുകളിലാണിപ്പോൾ. മാർച്ച് 19 എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്നാണു പറയുന്നത്. അതിന്റെ മുന്നോടിയാണ് ജപ്പാനിലെ സുനാമി എന്നും വാർത്തകൾ. ഇപ്പോഴേ ഇങ്ങനെയായാൽ പത്തൊമ്പതാം തിയ്യതി എന്തായിരിക്കും അവസ്ഥ? ഭയപ്പെടാൻ ഇതിലും അധികം എന്തെങ്കിലും വേണോ?


     യഥാർത്ഥത്തിൽ എന്താണ് സൂപ്പർ മൂൺ? സൂപ്പർ മൂണും ഭൂകമ്പവും തമ്മിലെന്താണ് ബന്ധം? റിച്ചാർഡ് നോളെ എന്ന ഒരു ജ്യോതിഷിയാണ് സൂപ്പർ മൂൺ(super moon) ആശയം മുന്നോട്ടു വെക്കുന്നത്. ഇതിന് ജ്യോതിശാസ്ത്രവുമായി ഒരു ബന്ധവുമില്ല. ചന്ദ്രൻ ഭൂമിയോടടുക്കുന്ന ദിവസം തന്നെ പൌർണ്ണമിയും വരുന്നതിനെയാണ് നോളെ സൂപ്പർ മൂൺ എന്നു വിശേഷിപ്പിച്ചത്. അന്നേ ദിവസം ചന്ദ്രനെ സാധാരണ കാണുന്നതിനെക്കാൾ അല്പം കൂടി വലുപ്പത്തിൽ കാണാൻ കഴിയും. ഇങ്ങനെ വരുന്ന ദിവസങ്ങളിൽ ഭൂമിയിൽ പ്രകൃതിദുരന്തങ്ങൾ കൂടുതലായുണ്ടാ‍വും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. ഈ മാസം പത്തൊമ്പതാം തിയ്യതിയിലെ പൌർണ്ണമി ദിവസം ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസമായതിനാൽ അന്ന് വൻ‌ദുരന്തങ്ങൾ ഉണ്ടാകുമത്രെ.


     ചന്ദ്രന്റെ ഭ്രമണപഥം ദീർഘവൃത്താകൃതിയായതു കൊണ്ടും മാസത്തിലൊരിക്കൽ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നതു കൊണ്ടും മാസത്തിലൊരിക്കൽ ചന്ദ്രൻ ഭൂമിയോട് വളരെ അടുക്കുകയും ഒരിക്കൽ വളരെ അകലുകയും ചെയ്യും. ഏറ്റവും അടുത്തു വരുന്ന പോയന്റിനെ പെരിജി എന്നും ഏറ്റവും അകലെയുള്ള പോയന്റിനെ അപ്പോജിയെന്നും പറയുന്നു. എല്ലാ മാസവും ഓരോ പെരിജിയും ഓരോ പൌർണ്ണമിയും ഉണ്ടാകുന്നുണ്ട്. പക്ഷെ വളരെ വർഷങ്ങളിലൊരിക്കൽ മാത്രമാണ് രണ്ടും കൂടി ഒന്നിച്ച സംഭവിക്കാറുള്ളു. ഇതിന് ജ്യോതിശാസ്ത്രപരമായി പ്രത്യേകതകളൊന്നുമില്ല. പെരിജി പൌർണ്ണമി ദിവസമായാലും അല്ലെങ്കിലും ചന്ദ്രൻ ഭൂമിയിൽ പ്രയോഗിക്കുന്ന ആകർഷണ ബലത്തിന് വ്യത്യാസമൊന്നും സംഭവിക്കുന്നില്ല. മാത്രമല്ല ചന്ദ്രന്റെ ആകർഷണ ബലം ടെക്റ്റോണിക് പ്രവർത്തനങ്ങളെ (ഭൂകമ്പത്തിനു കാരണമായ ഭൌമാന്തർഭാഗ പ്രവർത്തനങ്ങൾ) സ്വാധീനിക്കുന്നില്ല എന്നാണ് ഈ രംഗത്ത് നടന്ന പഠനങ്ങളിൽ നിന്നും തെളിഞ്ഞിട്ടുള്ളത്. 


    ഈ വർഷത്തെ സൂപ്പർമൂണിനുള്ള പ്രത്യേകത ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം കഴിഞ്ഞ പതിനെട്ടു വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ അകലമാണ് എന്നുള്ളതാണ്. നമ്മുടെ പത്രങ്ങൾ ഹൈലൈറ്റ് ചൈയ്തത് ഈ സംഗതിയെയാണ്. പക്ഷെ ഇതെത്രത്തോളം സാരമുള്ളതാണ്? പത്തൊമ്പതാം തിയ്യതിയിലെ അകലം 356577 കി.മീറ്ററാണ്. ശരാശരി പെരിജി 3,63,104കി.മീറ്ററാണ്. 1.8 ശതമാനത്തിന്റെ വ്യത്യാസം മാത്രം. ശരാശരിയുമായുള്ള വ്യത്യാസമാണ് ഈ 1.8 ശതമാനം എന്നതോർക്കണം. ഇത് മറ്റു ദിവസങ്ങളിലെക്കാൾ വ്യത്യാസമൊന്നും ഭൂമിയിൽ ചെലുത്താൻ ശേഷിയില്ലത്തതാണ്. ഇനി പെരിജിയും അപ്പോജിയും തമ്മിലുള്ള വത്യാസം നോക്കാം. പരമാവധി അപ്പോജി 405696 കി.മീറ്ററും അകലം കൂടിയ പെരിജി 384399 കി.മീറ്ററും ആണ്. ഇവ തമ്മിലുള്ള വ്യത്യാസം 5.2 ശതമാനവുമാണ്. ഈ വ്യത്യാസം പോലും പത്തൊമ്പതാം തിയ്യതിയിലെ പെരിജിയിൽ സംഭവിക്കുന്നില്ല.


    ജപ്പാനിലെ സുനാമിക്കു കാരണം സൂപ്പർമൂൺ പ്രതിഭാസമാണെന്നാണ് പുതിയ കണ്ടെത്തൽ. ഇതുകൂടി നമുക്കൊന്നു പരിശോധിച്ചു നോക്കാം. ഈ മാസത്തെ അപ്പോജി മാർച്ച് 6നും പെരിജി മാർച്ച് 19നും ആണ്. ദുരന്തം സംഭവിച്ച പതിനൊന്നാം തിയ്യതി ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം 4,00,000 കി.മീറ്ററാണ്. അതായത് സാധാരണ പെരിജി ദിനങ്ങളെക്കാൾ എത്രയോ അകലെയായിരുന്നു അന്നേ ദിവസം ചന്ദ്രൻ എന്നു കാണാം. എന്നിട്ടും പറയുന്നു സൂപ്പർ മൂൺ പ്രതിഭാസമാണ് ഇതിനു കാരണമെന്ന്! എന്തിനാണിവർ എപ്പോഴുമിങ്ങനെ നമ്മളെ ഭയപ്പെടുത്തുന്നത്? ശാസ്ത്രത്തിനു പകരം കപടശാസ്ത്രത്തെ പ്രചരിപ്പിക്കുന്നത്? ആർക്കാണിതു കൊണ്ടുള്ള പ്രയോജനം?2011, മാർച്ച് 10, വ്യാഴാഴ്‌ച

വ്യാഴത്തിന്റെ ചൂടൻ ചങ്ങാതി
credit: NASA
     വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ശാസ്ത്രജ്നരുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയ ഉപഗ്രഹമാണ് എൻസിലാഡസ്. മഞ്ഞു മൂടിക്കിടക്കുന്ന പ്രതലത്തിനു തൊട്ടുതാഴെ ദ്രാവകാവസ്ഥയിലുള്ള ജലമുണ്ടെന്ന കണ്ടെത്തലാണ് എൻസിലാഡസിനെ ശ്രദ്ധേയമാക്കിയത്. ജീവന്റെ സാന്നിദ്ധ്യത്തിന് അത്യാവശ്യമായ ഒരു ഘടകമാണല്ലോ ജലം. പല ഉപഗ്രഹ ചിത്രങ്ങളിലും ജലം പുറത്തേക്ക് ചീ‍റ്റിത്തെറിക്കുന്നതിന്റെ ദൃശ്യം ലഭ്യമായിട്ടുണ്ട്. 


     ഇപ്പോൾ എൻസിലാഡസ് വീണ്ടും ശാസ്ത്രലോകത്ത് ചർച്ചയായിരിക്കുകയാണ്. ഇതിന്റെ ഉയർന്ന അളവിലുള്ള ചൂടാണ് ഇപ്പോൾ ചർച്ചയിലിടം പിടിച്ചിരിക്കുന്നത്. മുൻപ് കണക്കാക്കിയിരുന്നതിനേക്കാൾ വളരെ ഉയർന്ന തോതിലുള്ള താപമാണത്രെ ഈ ഗ്രഹം ഉൽ‌പാദിപ്പിക്കുന്നത്. ഏതാണ്ട് 15.8 ഗീഗാ വാട്ട്! 20 തെർമ്മൽ പവർ സ്റ്റേഷനുകൾ ഉല്പാദിപ്പിക്കുന്നതിനു തുല്യമായ ഊർജ്ജം!!  ജേർണൽ ഓഫ് ജിയോഫിസിക്കൽ റിസേർചിന്റെ മാർച് 4 ലക്കത്തിലാണ് ഈ പഠനഫലം പുറത്തു വന്നിട്ടുള്ളത്. അമേരിക്കയിലെ സൌത്ത് വെസ്റ്റ് ഇൻസ്റ്റിട്യൂട്ടിലെ കാർലി ഹോവെറ്റും സംഘവുമാണ് ഈ പഠനം നടത്തിയത്.


     2005ൽ തന്നെ എൻസിലാഡസിന്റെ താപനിലയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. ഭൂമിശാസ്ത്രപരമായി സജ്ജീവമായിരുന്ന ദക്ഷിണധ്രുവപ്രദേശത്ത് സമാന്തരമായ നാലു ട്രഞ്ചുകൾ അന്നു തന്നെ കണ്ടെത്തിയിരുന്നു. 130 കി.മീറ്റർ നീളവും 2 കി.മീറ്റർ വിസ്താരവുമുള്ള ഇവയെ ‘ടൈഗർ സ്ട്രിപുകൾ‘ എന്നണ് പറയുന്നത്. ഈ പിളർപ്പുകളിൽ നിന്ന് മഞ്ഞും നീരാവിയും പുറത്തേക്കു തെറിക്കുന്നുണ്ട്. വ്യാഴത്തെ കുറിച്ചു പഠിക്കാൻ വിക്ഷേപിച്ച കാസിനി എന്ന ബഹിരാകാശ പേടകമാണ് എൻസിലാഡസിനെ കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. 


     2007ലെ ഒരു പഠനത്തിൽ തന്നെ എൻസിലാഡസിന്റെ ആന്തരിക താപത്തെ കുറിച്ച് പ്രവചനം നടത്തിയിരുന്നു. ശനിയുടെ തന്നെ മറ്റൊരു ഉപഗ്രഹമായ ഡിയോണും എൻസിലാഡസും തമ്മിലുള്ള ആകർഷണത്തിന്റെ ഫലമായുണ്ടാകുന്ന വേലിയേറ്റ വേലിയിറക്കങ്ങളായിരിക്കാം  എൻസിലാഡസിന്റെ ആന്തരിക താപോല്പാദനത്തിനു കാരണം എന്നയിരുന്നു അന്നത്തെ വിശദീകരണം. ഇങ്ങനെയുണ്ടാകുന്ന 1.1ഗീഗാവാട്ടും റേഡിയോ ആക്റ്റിവിറ്റിയിലൂടെ ഉണ്ടാകുന്ന 0.3ഗീഗാവാട്ടും ചേർന്ന് 1.4ഗീഗാവാട്ട് താപമായിരുന്നു അന്ന് കണക്കാക്കിയിരുന്നത്. പക്ഷെ പുതിയ പഠനഫലങ്ങൾ ഈ കണക്കുകളെയെല്ലാം അപ്രസക്തമാക്കുന്നു. 2008ലെ 
നിരീക്ഷണങ്ങളാണ് ഈ പഠനത്തിനായി ഹോവെറ്റും കൂട്ടരും ഉപയോഗപ്പെടുത്തിയത്. ഈ പ്രതിഭാസത്തിനുള്ള തൃപ്തികരമായ വിശദീകരണം കണ്ടെത്തുന്നതിനുള്ള തിരക്കിലായിരിക്കും 
credit: NASA
ഇനിയുള്ള നാളുകളിൽ എൻസിലാഡസ് പഠിതാക്കൾ.

    ഈ അടുത്ത കാലത്തു നടത്തിയ ചില നിരീക്ഷണങ്ങളിൽ ടൈഗർ സ്ട്രിപുകളിലൂടെ പുറത്തേക്കു തെറിക്കുന്ന തുഷാരകണങ്ങളിൽ ഉപ്പിന്റെ അംശം ധാരാളമായി കണ്ടെത്തിയിട്ടുണ്ട്. ഇത് പുതിയ ചില അന്വേഷണങ്ങൾക്കു വഴി തുറന്നിരിക്കുകയാണ്. ദക്ഷിണസമുദ്രത്തിലെ ഉപ്പിന്റെ ഈ ധാരാളിത്തത്തിനു കാരണം ഉപഗ്രഹത്തിന്റെ കോറിലടങ്ങിയിരിക്കുന്ന ഉയർന്ന തോതിലുള്ള ലവണസാന്നിദ്ധ്യവുമാകാം. കാർബ്ബണിന്റെ സാന്നിദ്ധ്യം കൂടി കണ്ടെത്തുകയാണെങ്കിൽ മൈക്രോബ് തലത്തിലുള്ള ജീവന്റെ അന്വേഷണത്തിനും തുടക്കമാകും. ഒരു വലിയ ആസ്ട്രോബയോളജിക്കൽ തല്പര്യം എന്നാണ് ഹോവെറ്റ് ഇതിനെ വിശേഷിപ്പിച്ചത്.

2011, മാർച്ച് 6, ഞായറാഴ്‌ച

സ്പിറ്റ്സർ നുള്ളിയെടുത്ത സൂര്യകാന്തി


credit : JPL

     വളരെ മനോഹരമായ ഒരു സ്പൈറൽ ഗാലക്സിയാണ് സൺഫ്ലവർ ഗാലക്സി. സ്പിറ്റ്സർ സ്പേസ് ടെലസ്കോപ് അതിന്റെ ഇൻഫ്രാറെഡ് കാമറ ഉപയോഗിച്ച് എടുത്ത ചിത്രമാണിത്. M 63 എന്നും ഇത് അറിയപ്പെടുന്നുണ്ട്. ദൃശ്യപ്രകാശം ഉപയോഗിച്ചെടുത്ത ചിത്രങ്ങളെക്കാൾ വ്യക്തതയുള്ളതാണ് ഈ ചിത്രം. ധൂളീപടലങ്ങൾക്കിടയിലൂടെ നുഴഞ്ഞിറങ്ങാനുള്ള ഇൻഫ്രാറെഡ് കിരണങ്ങളുടെ ശേഷിയാണ് ഈ ചിത്രമെടുക്കുന്നതിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അതു കൊണ്ടാണ് ഇതിന്റെ ഓരോ കരങ്ങളും ഇത്രയും വ്യക്തതയോടെ കാണാൻ കഴിയുന്നത്. നക്ഷത്രസാന്ദ്രത കൂടിയ പ്രദേശങ്ങളാണ് ചുവന്ന നിറത്തിൽ കാണുന്നത്.

     M 51 എന്ന ഗാലക്സി ഗണത്തിലെ ഒരു ഗാലക്സിയാണ് സൺഫ്ലവർ. ഭൂമിയിൽ നിന്ന് 37 പ്രകാശവർഷം അകലെ കിടക്കുന്ന ഇത് വിശ്വകദ്രു (Canis Venatici) എന്ന നക്ഷത്രഗണത്തിന്റെ ദിശയിലാണ് കാണപ്പെടുന്നത്. ചാൾസ് മെസ്സിയറിന്റെ സുഹൃത്തായ പിയറി മഖെയിൻ എന്ന ജ്യോതിശാസ്ത്രജ്ഞൻ 1779 ജൂൺ 4നാണ് ഈ ഗാലക്സിയെ കണ്ടെത്തുന്നത്. അന്നേ ദിവസം തന്നെ മെസ്സിയർ അദ്ദേഹത്തിന്റെ കാറ്റലോഗിൽ അറുപത്തിമൂന്നാമത്തെ  ബഹിരാകാശവസ്തുവായി ഇതിനെ രേഖപ്പെടുത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ റോസ് പ്രഭു ഇതിന്റെ സ്പൈറൽ ഘടന കണ്ടെത്തി. ആദ്യമായി തിരിച്ചറിഞ്ഞ 14 സ്പൈറൽ ഗാലക്സികളിൽ ഒന്നാണിത്. 1971മെയ് മാസത്തിൽ സൺഫ്ലവർ ഗാലക്സിയിലൊരു സൂപ്പർനോവയെ കണ്ടെത്തി. 

Get

Blogger Falling Objects