2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

ഒരു ഗ്രഹം രൂപം കൊള്ളാൻ പോകുന്നു





     എങ്ങനെയാണ് ഒരു ഗ്രഹം ഉണ്ടാകുന്നത്? നക്ഷത്രരൂപീകരണത്തിനു ശേഷം ബാക്കി വരുന്ന പദാർത്ഥങ്ങൾ വീണ്ടും പുതിയ നക്ഷത്രത്തിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കും. ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്ന പദാർത്ഥങ്ങൾ പരസ്പരം കൂട്ടിയിടിച്ചും കൂടിച്ചേർന്നും കൂടുതൽ വലുതാവുന്നു. ഇങ്ങനെയാണ് ഒരു ഗ്രഹം രൂപം കൊള്ളുന്നത്. ഗ്രഹരൂപീകരണ വേളയിൽ അതില്‍ വീഴാതെ പോകുകയും എന്നാൽ അവയുടെ ആകർഷണ വലയത്തിൽ പെട്ടുപോകുകയും ചെയ്യുന്ന വസ്തുക്കളാണ് ഉപഗ്രഹങ്ങളായി മാറുന്നത്. ഇതിലും പെടാത്തവ ഛിന്നഗ്രഹങ്ങളും മറ്റുമാകുന്നു. നമ്മുടെ സൌരയൂഥത്തിൽ ഇങ്ങനെ ആദ്യം രൂപം കൊണ്ട ഗ്രഹം വ്യാഴമാണത്രെ.


Credit: ESO
     ഇത്തരത്തിലുള്ള ഒരു ഗ്രഹരൂപീകരണ പ്രകൃയക്ക് നേരിട്ടുള്ള ഒരു തെളിവ് ലഭിച്ച സന്തോഷത്തിലാണ്  ജ്യോതിശാസ്ത്രജ്ഞരിപ്പോൾ. തെക്കെ അർദ്ധഗോളത്തിലുള്ളവർക്ക് കാണാൻ കഴിയുന്ന ഒരു നക്ഷത്ര ഗണമാണ് കേദാരം (chamaeleon). ഇതിലെ ഒരു സാധാരണ നക്ഷത്രമാണ് T Cha. ഭൂമിയിൽ നിന്ന് 350 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ പ്രായം ഏതാണ്ട് ഏഴ് മില്ല്യൻ വർഷങ്ങളാണ്. ഈ നക്ഷത്രത്തിന്റെ ചുറ്റുമുള്ള പദാർത്ഥങ്ങൾക്കിടയിലാണ് ഒരു ഗ്രഹ ഡിസ്ക് രൂപം കണ്ടെത്തിയിരിക്കുന്നത്. 20 മില്യൻ കിലോമീറ്ററോളം ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന ധൂളീപടലത്തിനിടയിൽ നക്ഷത്രത്തിൽ നിന്ന് 1.1 മില്യൻ കി.മീറ്റർ അകലെയായാണ് പുതിയ ഡിസ്ക് കണ്ടെത്തിയിട്ടുള്ളത്. ഇത് ഇനിയും വളരെ കൂടുതൽ ഗ്രഹശകലങ്ങളെ പിടിച്ചെടുക്കുകയാണെങ്കിൽ ബ്രൌൺ ഡ്വാർഫ് ഇനത്തിൽ പെട്ട ഒരു നക്ഷത്രമാകാനും സാദ്ധ്യതയുണ്ട്. നമ്മുടെ വ്യഴം കുറെ കൂടി പദാർത്ഥങ്ങൾ പിടിച്ചെടുത്തിരുന്നു എങ്കിൽ ഇത്തരത്തിലുള്ള ഒരു നക്ഷത്രമായി മാറുമായിരുന്നത്രെ. അടുത്ത പരിണാമം എന്താകുമെന്ന് കാത്തിരുന്ന് കാണാമെന്ന തീരുമാനത്തിലാണ് ശാസ്ത്രജ്ഞർ.

     നേരത്തെ തന്നെ ഇത്തരം പഠനത്തിന് അനുയോജ്യമായ നക്ഷത്രം T cha ആണെന്ന് തീരുമാനിച്ചിരുന്നു എന്ന് ജർമ്മനിയിലെ മാർക്സ് പ്ലാങ്ക് ഇൻസ്റ്റിട്യൂട്ടിലെ ശാസ്ത്രജ്ഞനും ഈ പഠനത്തിന് നേതൃത്വം നൽകിയവരിൽ ഒരാളുമായ ജൊഹാൻ ഒലോഫ്സൺ പറഞ്ഞു. VLT ഉപയോഗിച്ച് നിരീക്ഷിക്കാൻ പറ്റുന്ന അകലത്തിലാണ് ഈ നക്ഷത്രം എന്നതാണ് ഇതിനു കാരണം.


     യൂറോപ്യൻ സ്പേസ് ഓർഗനൈസേഷന്റെ VLT (Very Large Telescope) ആണ് ശാസ്ത്രസംഘം ഇതിനായി ഉപയോ‍ഗിച്ചത്.

2011, ഫെബ്രുവരി 20, ഞായറാഴ്‌ച

എടവം എന്ന ഋഷഭം

     






   
credit: allthesky.com
 ഇപ്പോൾ രാത്രി 8 മണിക്ക് തലക്കു മുകളിൽ ഇംഗ്ലീഷിലെ v എന്ന അക്ഷരം പോലെ ഏതാനും നക്ഷത്രങ്ങളെ കാണാൻ കഴിയും. ഇതാണ് ചാന്ദ്രഗണങ്ങളിലൊന്നായ രോഹിണി. ഇത് ഒന്നു കൂടി കിഴക്കു വടക്കു ഭാഗത്തേക്കു നീട്ടിയാൽ തിളക്കമുള്ള മറ്റു രണ്ടു നക്ഷത്രങ്ങളിലേക്കെത്തും. ഇവയെല്ലാം കൂടി  ഒരു കാളയുടെ തലയായാണ് സങ്കല്പിച്ചിരിക്കുന്നത്. ഇതാണ് ഋഷഭം എന്നു സംസ്കൃതത്തിലും എടവം എന്നു മലയാളത്തിലും പറയുന്ന നക്ഷത്ര ഗണം. ടാരസ് എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥവും കാള എന്നു തന്നെയാണ്. ഓറിയോൺ എന്ന വേട്ടക്കാരനുമായി പോരിനടുക്കുന്ന കാളയാണത്രെ ഇത്. രാശിചക്രത്തിലെ ഗണങ്ങളിലൊന്നാണ് ഇത്.



     ഈ ഗണത്തിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് അൽ ദിബരാൻ. പിന്തുടരുന്നവൻ എന്നാണ് ഈ വാക്കിന് അർത്ഥം. ബഹ്മർഷി എന്നാണ് ഭാരതീയർ ഈ നക്ഷത്രത്തിന് നൽകിയിരിക്കുന്ന പേര്. ഇത് ദേഷ്യം വന്നു നിൽക്കുന്ന കാളയുടെ ചോരക്കണ്ണാണത്രെ. ബീറ്റാ(β)ടൌരി അഥവാ എൽ നാഥ് എന്ന നക്ഷത്രവും സീറ്റ ടൌരി എന്ന നക്ഷത്രവുമാണ് കാളയുടെ രണ്ടു കൊമ്പുകൾ. സീറ്റ(ζ)ടൌരി പരസ്പരം കറങ്ങികൊണ്ടിരിക്കുന്ന ഇരട്ട നക്ഷത്രങ്ങളാണ്. 133 ദിവസം കൂടുമ്പോൾ ഇവ ഒരു ഭ്രമണം പൂർത്തിയാക്കും. എൽ നാഥിന്റെ ഒരു ഡിഗ്രി വടക്കു പടിഞ്ഞാറു ഭാഗത്താണ് പ്രസിദ്ധമായ ക്രാബ് നെബുല(M1 ) സ്ഥിതി ചെയ്യുന്നത്. ടൈപ് 2 ഇനത്തിൽ പെട്ട ഒരു സൂപ്പർ നോവയുടെ അവശിഷ്ടമാണ് ഈ നെബുല. 1054 ജൂലൈ 4 പകൽ പോലും ഈ ഭാഗത്ത് ഒരു നക്ഷത്രത്തെ കണ്ടതായി ചൈനീസ് ചരിത്ര രേഖകളിൽ കാണുന്നു. ഈ സൂപ്പർ നോവാ സ്ഫോടനം ഭൂമിയിൽ ദൃശ്യമായതായിരുന്നു അത്. 


    ടൌരീഡ് ഉൽക്കാവർഷം, ബീറ്റാ ടൌരീഡ് ഉൽക്കാവർഷം എന്നീ രണ്ട് ഉൽക്കാവർഷങ്ങൾ ജൂൺ, ജൂലൈ മാസങ്ങളിലായി ഉണ്ടാകാറുണ്ട്.    അഞ്ച് സൌരേതര ഗ്രഹങ്ങളേയും ഈ ഗണത്തിൽ 
കണ്ടെത്തിയിട്ടുണ്ട്.


     ഗ്രീക്ക് ഇതിഹാസത്തിൽ ഫിനീഷ്യൻ രാജ്ഞിയായ യൂ‍റോപ്പയിൽ നിന്ന് സിയൂസ് ദേവൻ തട്ടിയെടുത്ത വെള്ളക്കാളയായും ഹെറാൿൾസിന്റെ 12 പരിചാരകരിൽ ഒരാളായ ക്രേറ്റൻ കാളയായും ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്.

2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

ചുവന്ന ഗ്രഹത്തിലെ ജീവസാന്നിദ്ധ്യം തേടി സാം






     ചൊവ്വ എന്നും നമ്മെ മോഹിപ്പിക്കുന്ന ഗ്രഹമാണ്. അവിടത്തെ ജീവികളെ കുറിച്ചുള്ള പല കഥകളും നമ്മൾ കേട്ടു കഴിഞ്ഞതാണ്. ഇപ്പോഴും അവിടെ ജീവനുണ്ടോ എന്ന അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്. ജീവികൾ എന്നു പറയുമ്പോൾ കഥകളിലെ പോലെ കൈകാലുകളും വാലും കൊമ്പുമുള്ള ഉയർന്ന തരം ജീവികളെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഏകകോശ ജീവികളോ ജൈവതന്മാത്രകളോ ആണ്. ഇതു വരെയും ചൊവ്വയിൽ ഏതെങ്കിലും തരത്തിലുള്ള ജീവ സാന്നിദ്ധ്യമുണ്ട് എന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും ചില ഫോസ്ഫേറ്റുകളും മറ്റും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണത്തിനു തന്നെയാണു ശാസ്ത്രജ്നരുടെ തീരുമാനം. ഇതിനു വേണ്ടി ഈ വർഷാവസാനം പുതിയൊരു ഉപകരണം ചൊവ്വയിലെത്തിക്കുവാനുള്ള ശ്രമത്തിലാണ് നാസയിലെ ശാസ്ത്രജ്നർ. സാമ്പിൾ അനാലിസിസ് അറ്റ് മാർസ് (Sample Analysis at Mars) അഥവാ സാം (SAM) എന്നാണ് ഈ ഉപകരണത്തിനു നൽകിയിട്ടുള്ള പേര്. ക്യുരിയോസിറ്റി എന്ന മാർസ് റോവറിലാണ് ഈ ഉപകരണം പിടിപ്പിക്കുക.


     സാമിന്റെ പ്രധാന ജോലി ചൊവ്വയിൽ ജൈവതന്മാ‍ത്രകളായ കാർബൺ, ഹൈഡ്രജൻ എന്നിവയെ കണ്ടെത്തലാണ്. ഇവയാണല്ലോ ഭൂമിയിലെ ജീവന്റെ അടിസ്ഥാന കണങ്ങൾ. ജൈവതന്മാത്രകളിലെ പ്രധാന ഘടകങ്ങളാണ് ഹൈഡ്രജൻ, കാർബ്ബൺ തുടങ്ങിയ മൂലകങ്ങൾ. ജീവൻ ഇല്ലെങ്കിലും ഈ മൂലകങ്ങൾക്ക് നിലനില്പുണ്ട്. എന്നാൽ ജീവനു നിലനിൽക്കണമെങ്കിൽ, ഇപ്പോഴത്തെ നമ്മുടെ അറിവു വെച്ച് ഈ മൂലകങ്ങൾ കൂടിയേ തീരൂ.


     സാമിനെ കൂടാതെ മറ്റ് ഒമ്പത് ഉപകരണങ്ങൾ കൂടി ക്യൂരിയോസിറ്റിയിൽ ഉണ്ടായിരിക്കും. ചൊവ്വയിൽ ജീവൻ നിലനിൽക്കാൻ ആവശ്യമായ ചുറ്റുപാടുകൾ ഉണ്ടോ എന്നും എന്നെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവയുടെ അവശേഷിപ്പുകൾ ഉണ്ടോ എന്നും ഈ ഉപകരണങ്ങൾ അന്വേഷിക്കും. ഈ വർഷം നവംബർ 18നും ഡിസംബർ 25നും ഇടക്കുള്ള ഒരു ദിവസം ക്യൂരിയോസിറ്റി അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്ന് വിക്ഷേപിക്കും. അടുത്ത വർഷം ആഗസ്റ്റ് മാസത്തിൽ അത് ചൊവ്വയുടെ പ്രതലത്തിലിറങ്ങും.


     ക്യൂരിയോസിറ്റിയിലെ മൂന്ന് ഉപകരണങ്ങൾ ചൊവ്വയുടെ അന്തരീക്ഷത്തിലെ വാതകങ്ങളുടെ രാസഘഘടന പഠിക്കും. ഈ വാതകങ്ങൾ ഗ്രഹാന്തർഭാഗത്തു നിന്ന് പുറംതള്ളപ്പെട്ടവയായിരിക്കുമെന്ന് കരുതുന്നു. ക്യൂരിയോസിറ്റിയുടെ റോബോട്ടിക് കരങ്ങൾ മണ്ണും പാറയും തുരന്ന് സാമ്പിളുകളെടെക്കും. ഇവയെ 1000 ഡിഗ്രി സെന്റിഗ്രേഡിൽ ചൂടാക്കി അവയുടെ രാസഘടന പഠിക്കും.


    മാസ് സ്പെക്ട്രോമീറ്റർ എന്ന ഉപകരണം വാതകങ്ങളുടെ തന്മാത്രാഭാരവും അയണീകരിക്കപ്പെട്ടിരിക്കുന്ന അവസ്ഥയിലുള്ള വൈദ്യുത ചാർജ്ജും മനസ്സിലാക്കും. ജീവന്റെ നിലനില്പിന് അത്യാവശ്യ ഘടകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, സൾഫർ, ഓക്സിജൻ, കാർബൺ എന്നിവയെയും ഈ ഉപകരണം വിശകലനം ചെയ്യും. ലേസർ സ്പെക്ട്രോമീറ്റർ മീഥൈൻ, ജലബാഷ്പം എന്നിവ ആഗിരണം ചെയ്യുന്ന പ്രകാശ കിരണങ്ങൾ ഏത് തരംഗദൈർഘ്യത്തിൽ ഉള്ളവയാണ് എന്നു മനസ്സിലാക്കും. മൂലകങ്ങളുടെ വ്യത്യസ്ത ഐസോടോപ്പുകൾ തമ്മിലുള്ള അനുപാതവും പഠിക്കും. ഗ്രഹത്തിന്റെ ഭൂതകാലത്തെ മനസ്സിലാക്കുന്നതിന് ഐസോടോപ് പഠനങ്ങൾ സഹായിക്കും. ഒരു ജൈവ സംയുക്തമായ മീഥൈന്റെ സാന്നിദ്ധ്യം ചൊവ്വയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഘടനയും സാന്ദ്രതയിലുണ്ടാകുന്ന വ്യതിയാനങ്ങളും ലേസർ സ്പെക്ട്രോമീറ്റർ വിശകലനം ചെയ്യും. ഏതെങ്കിലും തരത്തിലുള്ള ജൈവികപ്രതിപ്രവർത്തനത്തിലൂടെയാണോ അതോ മറ്റേതെങ്കിലും വിധത്തിലാണോ ചൊവ്വയിലെ മീഥൈൻ ഉണ്ടായത് എന്നു മനസ്സിലാക്കാൻ സഹായിക്കുന്ന എന്തെങ്കിലും തെളിവുകൾ ഇതിൽ നിന്ന് ലഭിക്കും എന്നാണ് ശാസ്ത്രജ്നരുടെ പ്രതീക്ഷ.


     വാതക സംയുക്തങ്ങളിലെ ഓരോ ഘടകത്തെയും പ്രത്യേകം പഠിക്കുന്നതിനു സഹായിക്കുന്ന ഗ്യാസ് ക്രോമറ്റോഗ്രാഫ് എന്ന ഉപകരണവും ക്യൂരിയോസിറ്റിയിലുണ്ട്.


credit: JPL, NASA
     വളരെ ചെറിയ അളവിലുള്ള പദാർത്ഥങ്ങളെ പോലും തിരിച്ചറിയാനും വിശകലനം ചെയ്യാനുമുള്ള അതിന്റെ ശേഷിയാണ് സാമിനെ മറ്റു ചൊവ്വാ പര്യവേക്ഷണ പേടകങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഒരു ലക്ഷം കോടിയിൽ ഒരംശം വരുന്ന ഘടകത്തെ പോലും തിരുച്ചറിയാനും വിശകലനം ചെയ്യാനും സാമിനു കഴിയും. പദാർത്ഥങ്ങളെ ചൂടാക്കി വിശകലനത്തിനു വിധേയമാക്കാനുള്ള സംവിധാനവും സാമിലുണ്ട്.  

2011, ഫെബ്രുവരി 13, ഞായറാഴ്‌ച

പ്രണയദിനത്തിൽ താരരേണു ടെമ്പെലുമായി കൈകോർത്തു


Credit: NASA



     ഫെബ്രുവരി 14ന് ഭൂമിയിൽ നിന്നെത്തിയ സ്റ്റാര്‍ഡസ്റ്റ്  എന്ന ബഹിരാകാശ പേടകവും ടെമ്പെൽ 1 എന്ന വാൽനക്ഷത്രവും 200 കി.മീറ്ററോളം അടുത്തു നിന്ന് (പ്രപഞ്ചദൂരങ്ങളുമായി താരത‌മ്യം ചെയ്യുമ്പോൾ ഇത് വളരെ ചെറിയ ദൂരമാണ്) പരസ്പരം കണ്ടു, 72ഓളം ഫോട്ടോകൾ എടുത്തു. പിന്നീട് ദുഖാർത്തരായി പിരിഞ്ഞു. ഭൂമിയിലെ ശാസ്ത്രജ്നർ സന്തുഷ്ടരായി.


     ഭൂമിയിലെ ശാസ്ത്രജ്നർ ടെമ്പെലിന്റെ രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ പറഞ്ഞയച്ചതായിരുന്നു സ്റ്റാർഡസ്ടിനെ. ഒപ്പിയെടുത്ത് 72 ഫോട്ടോകളിലൂടെ ഒരു വാൽനക്ഷത്രത്തിന്റെ ന്യൂക്ലിയസിനെ കുറിച്ചുള്ള  നിരവധി വിവരങ്ങളാണ്  നമുക്ക് ലഭിക്കുക. രണ്ടു പ്രാവശ്യം ഭൂ‍മിയിൽ നിന്നുള്ള പേടകങ്ങളെ സന്ധിക്കാൻ ഭാഗ്യം ലഭിച്ച ഒരേയൊരു ധൂമകേതുവാണ് ടെമ്പെൽ. ആദ്യത്തെ സമാഗമം പക്ഷെ ടെമ്പെലിന് ഉണങ്ങാത്ത മുറിവാണു സമ്മാനിച്ചത്. ഡീപ് ഇമ്പാക്ട് അകത്തെ വിവരങ്ങൾ സമ്പാദിക്കാൻ ധൂമകേതുശരീരത്തിലേക്ക് ഇടിച്ചിറങ്ങുകയാണുണ്ടായത്. 2005 ഉണ്ടാക്കിയ ഈ മുറിപ്പാടും പുതിയ ചിത്രങ്ങളുടെ കൂട്ടത്തിൽ ഉണ്ടാവും. അതിന്റെ ഇന്നത്തെ അവസ്ഥ എങ്ങനെ എന്നറിയാൻ. സ്റ്റാർഡസ്റ്റും രണ്ടാമത്തെ ധൂമകേതുവിനെയാണിപ്പോൾ സന്ദർശിച്ചത്. 2004ൽ വൈൽഡ് 2 എന്ന ധൂമകേതുവിന്റെ അടുത്ത് ചെന്ന് അവിടെ നിന്ന് കുറെ പൊടിപടലങ്ങളെല്ലാം സമ്പാദിച്ച് 2006ൽ ഭൂമിയിൽ തിരിച്ചെത്തി.


     വാൽനക്ഷത്രങ്ങളെ കുറിച്ചുള്ള പഠനം ഗ്രഹരൂപീകരണവുമായി ബന്ധപ്പെട്ട പല സംശയങ്ങൾക്കും ഉത്തരം നൽകുമെന്ന് കരുതുന്നു. ഇതു പോലെയുള്ള നിരവധി ഗ്രഹശകലങ്ങൾ കൂടിച്ചേർന്നാണ് ഗ്രഹങ്ങൾ ഉണ്ടായത് എന്നതിനാൽ വാൽനക്ഷത്രങ്ങളെ കുറിച്ചുള്ള പഠനം വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നു തന്നെയാണ്
Get

Blogger Falling Objects