2012, ജൂൺ 17, ഞായറാഴ്‌ച

ഭൂമിക്ക് പുതിയൊരു മിഴികൂടി- പ്രപഞ്ചരഹസ്യങ്ങൾ കണ്ടറിയാൻ

credit: ESO


നമുക്ക് പ്രകാശരശ്മികളുടെ സഹായത്താൽ വസ്തുക്കളെ തിരിച്ചറിയാനുള്ള ഇന്ദ്രിയമാണ് കണ്ണുകൾ. കണ്ണുകളുടെ ശേഷികൂട്ടാൻ നമ്മൾ പല ഉപകരണങ്ങളെയും കൂട്ടുപിടിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ഉപകരണമാണ് ദൂരദർശിനി. ഗലീലിയോ ആകാശത്തേക്കു തിരിച്ച ആദ്യത്തെ ദൂരദർശിനി അതിന്റെ എത്രയോ തലമുറകളിലൂടെ വളർന്ന് ഇന്ന് ആദ്യത്തേതിനേക്കാൾ എത്രയോ മടങ്ങ് ശേഷിയും വലിപ്പവുമുള്ളതായിരിക്കുന്നു. ഗലീലിയോയുടെ പ്രാകാശിക ദൂരദർശിനിയുടെ സഹോദരിയായ പ്രതിഫലന ദൂരദർശിനിയാണ് ഇപ്പോൾ കൂടുതലായി ഉപയോഗിച്ചുവരുന്നത്. പ്രാകാശികദൂരദർശിനിയേക്കാൾ കാര്യക്ഷമത പ്രതിഫലനദൂരദർശിനിക്കാണ് എന്നതിതിനാലാണ് ഇത്. ഓരോ പുതിയ ദൂരദർശിനികൾ നിർമ്മിച്ചുകഴിയുമ്പോഴും അതിനെക്കാൾ മെച്ചപ്പെട്ട പുതിയൊരെണ്ണം നിർമ്മിക്കുന്നതിനുള്ള ആഗ്രഹം ശാസ്ത്രജ്ഞരിൽ അങ്കുരിച്ചു തുടങ്ങും. അങ്ങനെ ഇപ്പോൾ ഭൂമിയിലെ ഏറ്റവും വലിയ ദൂരദർശിനി നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പു തുടങ്ങിയിരിക്കുകയാണ് യൂറോപ്പിലെ ജ്യോതിശാസ്ത്രജ്ഞർ.

European Extremely Large Telescope(E-ELT) എന്ന പേരു നൽകിയിരിക്കുന്ന ഈ ദൂരദർശിനിയുടെ പ്രധാനദർപ്പണത്തിന് 40മീറ്റർ വ്യാസമുണ്ട്. പ്രപഞ്ചത്തിന്റെ അത്യഗാധങ്ങളിൽ നിന്നുള്ള പ്രകാശകണങ്ങളെ വരെ പിടിച്ചെടുക്കാനുള്ള ശേഷി ഇതിനുണ്ട്. സൗരയൂഥേതരഗ്രഹങ്ങളെ കുറിച്ചുള്ള കൂടുതൽ പടനങ്ങൾക്ക് ഇത് ഒരു മുതൽക്കൂട്ടാവും എന്നതിൽ സംശയമില്ല. ഭൂമിയെ പോലുള്ള ഗ്രഹങ്ങളെ കണ്ടെത്തൽ ഇനി കൂടുതൽ എളുപ്പമാവും. മഹാസ്ഫോടനത്തിനു ശേഷം ആദ്യമായി രൂപംകൊണ്ട താരാപഥങ്ങളെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ഇതിനു കഴിയും. ഗലീലിയോയുടെ ദൂരദർശിനിയെക്കാൾ 80 ലക്ഷം മടങ്ങ് ശേഷിയുണ്ട് ഇ-ഇഎൽടിക്ക്. 1080 ദശലക്ഷം യൂറോ ചെലവു പ്രതീക്ഷിക്കുന്ന ഈ ദൂരദർശിനിയുടെ പ്രവർത്തനം 2020കളുടെ തുടക്കത്തിൽ തന്നെ തുടങ്ങാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ.

ആസ്ട്രേലിയ, ബൽജിയം, ബ്രസീൽ, ചെക് റിപ്പബ്ലിക്, ഡന്മാർക്ക്, ഫ്രാൻസ്, ഫിൻലന്റ്, ജർമ്മനി, ഇറ്റലി, നെതർലന്റ്സ്, പോർട്ടുഗൽ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാന്റ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് ഈ സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത്.

Loading player...


--ഉറവിടം: ESO

2012, ജൂൺ 6, ബുധനാഴ്‌ച

2012, ജൂൺ 5, ചൊവ്വാഴ്ച

ശുക്രംസതരണം-ഇനി മണിക്കൂറുകൾ ബാക്കി

2004ൽ നടന്ന ശുക്രസംതരണത്തിൽ ദൃശ്യമായ ശുക്രന്റെ അന്തരീക്ഷം(തിളങ്ങി കാണുന്നത്)


ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളു കാത്തിരുന്ന ആ അപൂർവ്വപ്രതിഭാസം സംഭവിക്കാൻ. ഇന്ത്യയിൽ രാവിലെ ആറുമണി മുതൽ കാണാൻ കഴിയും. ഭൂമിയുടെ പലഭാഗങ്ങളിൽ നിന്ന് ഈ പ്രതിഭാസം തത്സമയം പ്രക്ഷേപണം ചെയ്യാൻ ശാസ്ത്രസമൂഹം തയ്യാറെടുത്തു കഴിഞ്ഞു. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ സംതരണം തുടങ്ങുന്ന സമയം തന്നെ അത് എല്ലാഭാഗത്തേക്കും എത്തിക്കൊണ്ടിരിക്കും.

ശുക്രന്റെ ചില രഹസ്യങ്ങൾ കൂടി ഈ സംതരണത്തോടെ പുറത്തു കൊണ്ടുവരാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ. ശുക്രൻ സൂര്യപശ്ചാത്തലത്തിലേക്ക് കടക്കുമ്പോൾ അതിന്റെ അന്തരീക്ഷം തിളക്കമാർന്ന് പ്രത്യക്ഷപ്പെടും. ഇതിലൂടെ കടന്നു വരുന്ന സ്പെക്ട്രം പരിശോധിച്ച് ശുക്രനെ കുറിച്ചുള്ള കുറെയേറെ വിവരങ്ങൾ മനസ്സിലാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിപ്പത്തിലും സൂര്യനുമായുള്ള അകലത്തിലും ഗ്രഹത്തിലുള്ള മൂലകങ്ങളുടെ കാര്യത്തിലും ഭൂമിയുമായി ഏറെ അടുപ്പം പുലർത്തുന്ന ശുക്രൻ പക്ഷെ സ്വഭാവത്തിൽ തന്റെ സഹോദരിയുമായി യാതൊരു ബന്ധവുമില്ല. ഹരിതഗൃഹവാതകമായ കാർബൺ ഡൈ ഓക്സൈഡിന്റെ ആധിക്യവും സൾഫ്യൂരിക് ആസിഡ് നിറഞ്ഞ അന്തരീക്ഷവും ഉയർന്ന അന്തരീക്ഷമർദ്ദവും എല്ലാം ഭൂമിയിൽ നിന്നും ഈ ഗ്രഹത്തെ വ്യത്യസ്തയാക്കുന്നു. ഈ സംതരണത്തോടെ കുറെ ചോദ്യങ്ങൾക്കെങ്കുലും ഉത്തരം കണ്ടെത്താൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

തത്സമയം കാണാൻ കഴിയുന്ന ലിങ്കുകൾ:

ബഹിരാകാശത്തു നിന്നുള്ള ദൃശ്യം കാണാൻ:

ശുക്രസംതരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ക്ലാസ് റൂം പ്രവർത്തനങ്ങൾക്കും സന്ദർശിക്കുക:

എല്ലാവരും തയ്യാറായില്ലേ പ്രപഞ്ചമൊരുക്കുന്ന അപൂർവ്വദൃശ്യത്തിന് സാക്ഷിയാവാൻ


2012, ജൂൺ 1, വെള്ളിയാഴ്‌ച

സൂര്യശരീരത്തിലൂടെ ശുക്രസഞ്ചാരം
ജൂൺ ആറാം തീയതി വരാൻ കാത്തിരിക്കയാണ് ശാസ്ത്രലോകം. അപൂർവ്വമായി മാത്രം സംഭവിക്കുന്ന ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നിനാണ് അന്ന് ലോകം സാക്ഷിയാവുന്നത്. സൂര്യന്റെ മുന്നിലൂടെ ശുക്രൻ ഒരു കറുത്ത പൊട്ടുപോലെ കടന്നു പോകുന്നത് നമുക്ക് ഭൂമിയിലിരുന്ന് കാണാൻ കഴിയും. ഇനി 2117ലാണ് ഈ പ്രതിഭാസം ഭൂമിയിലിരുന്ന് കാണാൻ കഴിയൂ. ഇന്നു ജീവിച്ചിരിക്കുന്നവരിൽ പലർക്കും അതിനുള്ള ഭാഗ്യം ഉണ്ടാവാൻ സാദ്ധ്യതയില്ല. അതുകൊണ്ട് നമ്മുടെ കാലവർഷം ഏതെങ്കിലും വിധത്തിൽ നമ്മോട് സഹകരിക്കാൻ തീരുമാനിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ ഈ അവസരം 'മിസ്' ചെയ്യരുത്. ജൂൺ ആറാം തിയ്യതി കേരളത്തിലുള്ളവർക്ക് സൂര്യോദയത്തോടുകൂടിത്തന്നെ സൗരോപരിതലത്തിലൂടെ ശുക്രൻ തുഴഞ്ഞു പോകുന്നത് കാണാൻ കഴിയും. ഒമ്പതര വരെ ഇതു നീണ്ടു നിൽക്കും. ഈ പ്രതിഭാസത്തെ ശുക്രസംതരണം(Transits of Venus) എന്നാണ് പറയുന്നത്.

എട്ടു വർഷത്തെ ഇടവേളയുള്ള ജോഡിയകളായാണ് ശുക്രസംതരണം സംഭവിക്കാറുള്ളത്. ഈ ഒരു ജോഡിക്കു ശേഷം പിന്നീട് നൂറ്റിഅഞ്ചര വർഷങ്ങൾക്കു ശേഷമാണ് പിന്നീട് മറ്റൊരു ശുക്രസംതരണം ഉണ്ടാവുക. ഇതിനു മുമ്പ് 2004 ജൂൺ 8നായിരുന്നു. ഒരു ശുക്രസംതരണം ഉണ്ടായത്. ഇനി അടുത്തത് 2117 ഡിസംബർ 11നാണ് ദൃശ്യമാകുക.

ശുക്രസംതരണം ആദ്യമായി ലോകശ്രദ്ധ പിടിച്ചുപറ്റുന്നത് 1761ലാണ്. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം കൃത്യമായി അളന്നത് അന്നായിരുന്നു. എഡ്മണ്ട് ഹാലിയാണ് ഇതിനുള്ള ഗണിതസൂത്രം കണ്ടെത്തിയത്. ആദ്യമായി ശുക്രസംതരണം പ്രവചിച്ചത് കെപ്ലർ ആയിരുന്നു. പക്ഷെ ദൗർഭാഗ്യകരമെന്നു പറയട്ടെ അദ്ദേഹത്തിന്റെ ഗണനക്രിയകളിലെ ഏതോ ചെറിയ തകരാറുകൾ നിമിത്തം 1631ൽ നടക്കുമെന്ന് അദ്ദേഹം പ്രവചിച്ച ശുക്രസംതരണം ആ വർഷത്തിൽ ആർക്കും കാണാൻ കഴിഞ്ഞില്ല. ജർമിയാക് ഹൊറോക്സ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ആദ്യമായി ഈ പ്രതിഭാസത്തെ കൃത്യമായി പ്രവചിക്കുകയും 1639 ഡിസംബറിൽ തന്റെ ടെലസ്കോപ്പുപയോഗിച്ച് കടലാസിൽ സൂര്യന്റെ പ്രതിബിംബം വീഴ്ത്തി നിരീക്ഷിക്കുകയും ചെയ്തത്.

സൂര്യന്റെ നേരെ നോക്കി ഇപ്രാവശ്യത്തെ ശുക്രസംതരണം നേരിട്ടു തന്നെ കണ്ടുകളയാം എന്നാരും വിചാരിക്കരുതേ! പിന്നീട് നിങ്ങൾക്കൊരിക്കലും പ്രകൃതിയുടെ മനോഹാരിത കാണാൻ അവസരം ലഭിച്ചു എന്നു വരില്ല. ഏറ്റവും സുരക്ഷിതമായ നിശ്ചിതനിലവാരമുള്ള സോളാർ ഫിൽറ്ററുകൾ ഉപയോഗിക്കുക എന്നതാണ്. മറ്റൊരു നല്ല മാർഗ്ഗം ഒരു കണ്ണാടിയെടുത്ത് അതിൽ ഒരു കറുത്ത കടലാസ് പതിക്കുക. ഈ കടലാസിന്റെ നടുവിൽ ഏകദേശം 5mm വ്യാസത്തിൽ ചെറിയൊരു ദ്വാരമുണ്ടാക്കിയിരിക്കണം. ഇത് വെയിലത്തു വെച്ച് ചുമരിലേക്ക് സൂര്യനെ പ്രതിബിംബിക്കാം. ചുമരും കണ്ണാടിയും തമ്മിലുള്ള അകലം ക്രമീകരിച്ച് ചുമരിലെ സൂര്യന്റെ വലിപ്പം നമുക്കിഷ്ടമുള്ള രീതിയിലാക്കാം. ഇനി ചുമരിൽ ഈ അപൂർവ്വപ്രതിഭാസം നമുക്കു ദർശിക്കാം. ഈ രീതിക്കുള്ള ഒരു പോരായ്മ വ്യക്തത കുറയുമെന്നതാണ്. എങ്കിലും കണ്ണുകളയുന്നതിനെക്കാൾ നല്ലത് ഇതായിരിക്കും. A#14വെൽഡേഴ്സ്ഗ്ലാസും ഉപയോഗിക്കാവുന്നതാണ്.

ഏതായാലും ഈ അവസരം എങ്ങനെയെങ്കിലും ഉപയോഗിക്കാൻ ശ്രമിക്കുക. കണ്ടതിന്റെ അനുഭവം പങ്കുവെക്കാൻ മറക്കരുതേ. കാലാവസ്ഥ നമ്മോടു സഹകരിക്കും എന്നുതന്നെ പ്രതീക്ഷിക്കാം. വിശ്വാസമല്ലേ എല്ലാം”
Get

Blogger Falling Objects