2012, മാർച്ച് 28, ബുധനാഴ്‌ച

എൻസിലാഡസ്സിൽ മൈക്രോബുകൾ?


Enceladusstripes cassini
കടപ്പാട്: വിക്കിമീഡിയ കോമൺസ്
എൻസിലാഡസ് വീണ്ടും ചർച്ചാവിഷയമാകുകയാണ്. ജീവൻ തന്നെയാണ് വിഷയം. 27ന് കാസ്സിനി ബഹിരാകാശ പേടകം എൻസിലാഡസ്സിന്റെ ദക്ഷിണധ്രുവത്തിന്റെ 74 കി.മീറ്റർ സമീപത്തുകൂടി കടന്നു പോയി പുതിയ ചില ചിത്രങ്ങൾ എടുത്ത് ഭൂമിയിലേക്കയക്കുകയുണ്ടായി. മഞ്ഞുമൂടിയ പുറംഭാഗത്തിനടിയിൽ ദ്രവരൂപത്തിലുള്ള ജലമാണുള്ളത്. ദക്ഷിണധ്രുവപ്രദേശത്തുള്ള ചില വിടവുകളിൽ കൂടി ഈ ജലം പുറത്തേക്ക് തെറിക്കാറുണ്ട്. ഇത് ദ്രാവകരൂപത്തിലും നീരാവിയായും മഞ്ഞുകണങ്ങളായും വരും. പുതിയചിത്രങ്ങളിൽ നിന്നും ലഭിച്ച ചില വിവരങ്ങൾ ഇവിടെ ഏകകോശജീവികൾ ഉണ്ടാകാനുള്ള സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടുന്നവയാണത്രെ!

വെറും 511.77 കി.മീറ്റർ മാത്രം വ്യാസമുള്ള ഒരു ചെറിയ ഉപഗ്രഹമാണ് ശനിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന എൻസിലാഡസ്. ഇതിന്റെ പുറംഭാഗം മഞ്ഞുകട്ടകൾ കൊണ്ട് മൂടപ്പെട്ടിരിക്കയാണ്. ഇതിനടിയിൽ ദ്രവരൂപത്തിലുള്ള ജലവുമുണ്ട്. ഇതിന്റെ താപമാനം ഭൂമിയിലെ സമുദ്രത്തിന്റെ താപത്തിനു തുല്യമാണത്രെ. സൂര്യനിൽ നിന്നു ലഭിക്കുന്ന ചൂടല്ല ഇതിനു കാരണം. ശനിയുടെ ആകർഷണം മൂലം വേലിയേറ്റ-വേലിയിറക്കങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഘർഷണമായിരിക്കാം ഇതിനു കാരണമെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞർ പറയുന്നത്. ഇതുകൊണ്ടു മാത്രം ഇത്രയും ഉയർന്ന താപനില സംജാതമാകില്ല എന്ന അഭിപ്രയമുള്ളവരുമുണ്ട്. ഏതായാലും ഈ താപനില ജീവന്റെ നിലനില്പിന് അനുയോജ്യമായതാണ് എന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല.

അനുയോജ്യമായ ഈ താപനിലയും ഭൂമിയിലെ സമുദ്രത്തിലുള്ളതു പോലെ ഉപ്പിന്റെയും ജൈവപദാർത്ഥങ്ങളുടെയും സാന്നിദ്ധ്യവും ഇവിടെ ഏകകോശജീവികൾ ഉണ്ടായിരുക്കുന്നതിനുള്ള സാദ്ധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത് എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു 


2012, മാർച്ച് 20, ചൊവ്വാഴ്ച

ചതുരവടിവിലൊരു താരാപഥം

credit: Swinburne University of Technology

ഒടുവിൽ അതും കണ്ടെത്തി! ദീർഘചതുരാകൃതിയിലൊരു താരാപഥം! ദീർഘവൃത്താകാര താരാപഥങ്ങളും സർപ്പിള താരാപഥങ്ങളുമാണ് നമുക്കേറെ പരിചിതം. റിങ് ഗാലക്സി, ലെന്റികുലർ ഗാലക്സി എന്നും അപൂർവ്വമായി കേട്ടുകാണും.  എന്നാലിപ്പോഴിതാ ദീർഘചതുരാകൃതിയിലൊരു (Rectangle Galaxy) ഗാലക്സിയും കണ്ടെത്തിയിരിക്കുന്നു.


ആസ്ട്രേലിയയിലെ സ്വിൻബേൺ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. emerald-cut galaxy എന്നറിയപ്പെടുന്ന LEDA 074886 ഭൂമിയിൽ നിന്നും ഏകദേശം 70 ദശലക്ഷം പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. നൂറുകണക്കിനു താരാപഥങ്ങളെ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് ആദ്യമായി കാണുകയാണെന്നാണ് ഗവേഷകസംഘത്തിനു നേതൃത്വം കൊടുത്ത ഡോ. അലിസ്റ്റർ ഗ്രഹാം പറഞ്ഞത്.

രണ്ടു താരാപഥങ്ങൾ തമ്മിൽ സംഘട്ടത്തിലേർപ്പെട്ടതിന്റെ ഫലമായിരിക്കാം ഈ രൂപമാറ്റത്തിനു പിന്നിലെന്നാണ് ശാസ്ത്രജ്ഞരുടെ ഇപ്പോഴത്തെ നിഗമനം. സെക്കന്റിൽ 33കി.മീറ്റർ വേഗത്തിൽ കറങ്ങുന്ന ഒരു നക്ഷത്ര ഡിസ്ക് ഇതിന്റെ മദ്ധ്യഭാഗത്തായി കണ്ടെത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്

2012, മാർച്ച് 3, ശനിയാഴ്‌ച

ഡീഓനീയിൽ പ്രാണവായു


Dione (Mond) (30823363)
കടപ്പാട്: വിക്കിമീഡിയ കോമൺസ്

ശനിയുടെ ഉപഗ്രഹമായ ഡീഓനീയിൽ [Dione (pronounced DEE-oh-nee)] ചാർജ്ജിത  തന്മാത്രാ ഓക്സിജന്റെ (O2+) സാന്നിദ്ധ്യം കണ്ടെത്തിയതായി ന്യൂ മെക്സിക്കോയിലെ ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. ഇത് ബാഹ്യസൗരയൂഥവ്യവസ്ഥയിൽ ജീവസാന്നിദ്ധ്യം അന്വേഷിക്കുന്നവരിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. Geophysical Research Letters പുതിയ ലക്കത്തിലാണ് ഈ ഗവേഷണപ്രബന്ധം (PDF) പ്രസിദ്ധികരിച്ചിരിക്കുന്നത്.

ശനിയുടെ അറിയപ്പെടുന്ന 62 ഉപഗ്രഹങ്ങളിൽ ഒന്നാണ് ഡിഓനി. ശനിയിൽ നിന്നും 1,123 കി.മീറ്റർ അകലെയാണ് ഇതിന്റെ ഭ്രമണപഥം. ധാരാളം ഗർത്തങ്ങളും കിടങ്ങുകളുമുള്ള ഈ ഉപഗ്രഹം പാറകളാലും മഞ്ഞുകട്ടകളാലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ശനിയെ ഒരു പ്രാവശ്യം ചുറ്റിവരാൻ 2.7ദിവസം എടുക്കുന്നു.

1684ൽ ജിയോവന്നി കാസ്സിനിയാണ് ഡീഓനീയെ ആദ്യമായി കണ്ടെത്തുന്നത്. ഇപ്പോൾ ഈ ഉപഗ്രഹത്തിൽ തന്മാത്രാ ഓക്സിജന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് അദ്ദേഹത്തിന്റെ ഓർമ്മക്കു വേണ്ടി 1997ൽ നാസ വിക്ഷേപിച്ച കാസ്സിനി ബഹിരാകാശ പേടകവും! 2010ൽ ഈ പേടകം ഡീഓനീയുടെ സമീപത്തു കൂടി കടന്നുപോയപ്പോഴാണ് ശ്രദ്ദേയമായ ഈ നിരീക്ഷണം നടത്തിയത്.

ശനിയുടെ ശക്തമായ കാന്തികമണ്ഡലത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജം ഉപയോഗിച്ചാണത്രെ ഇവിടെ ഓക്സിജൻ തന്മാത്രകൾ രൂപം കൊള്ളുന്നത്. ശനിയുടെ കാന്തികമണ്ഡലത്തിൽ നിന്നും വരുന്ന ചാർജ്ജിതകണങ്ങൾ (charged ions) ഡീഓനീയിലെ മഞ്ഞുകട്ടകളിൽ ചെന്നിടിച്ച് അതിലെ ഓക്സിജൻ തന്മാത്രകളെ  
 സ്വതന്ത്രമാക്കി അന്തരീക്ഷത്തിലേക്കു വിടുന്നു.

ഓക്സിജനും കാർബണും തമ്മിൽ രാസബന്ധനത്തിലേർപ്പെട്ട് രൂപം കൊള്ളുന്ന തന്മാത്രകളാണ് ജീവന്റെ അടിസ്ഥാനകണങ്ങളാവുന്നത് എന്നതു കൊണ്ട് ഈ കണ്ടെത്തൽ വളരെ നിർണ്ണായകമായാണ് ശാസ്ത്രജ്ഞർ കാണുന്നത്. വ്യാഴത്തിനും ശനിയ്ക്കും ശക്തമായ കാന്തികമണ്ഡലമുള്ളതിനാലും ഇവക്കു ചുറ്റും ധാരാളം മഞ്ഞുകട്ടകൾ നിറഞ്ഞ ഉപഗ്രഹങ്ങൾ ഉള്ളതിനാലും തുടർന്നുള്ള അന്വേഷണങ്ങൾ യൂറോപ്പ, എൻസിലാഡസ് തുടങ്ങിയ മറ്റു പല ഉപഗ്രഹങ്ങളിലേക്കും വ്യാപിക്കും എന്നു കരുതാവുന്നതാണ്.

Dioneഡീഓനീ
കടപ്പാട്: വിക്കിമീഡിയ കോമൺസ്

ലോസ് അലാമോസ് ലബോറട്ടറിയുടെ പത്രക്കുറിപ്പ്

2012, മാർച്ച് 1, വ്യാഴാഴ്‌ച

മാർച്ചിലെ ആകാശവും വിശേഷങ്ങളും

2012 മാർച്ച് മാസത്തിൽ മദ്ധ്യകേരളത്തിൽ രാത്രി 8.30ന് കാണുന്ന ആകാശദൃശ്യമാണ് താഴെ കൊടുത്തിരിക്കുന്നത്.

ചിത്രത്തിൽ കർസർ വെച്ചു ക്ലിക് ചെയ്താൽ വലുതായി കാണാം

മാർച്ച് 3:- ചൊവ്വ ഏറ്റവും തിളക്കത്തിൽ കാണാം. ചൊവ്വയും സൂര്യനും ഭൂമിയുടെ എതിർദിശയിൽ.

മാർച്ച് 8:-  പൗർണ്ണമി


മാർച്ച് 14:- ഗുരു-ശുക്രസംഗമം. വ്യാഴവും ശുക്രനും തമ്മിലുള്ള അകലം 3ഡിഗ്രി മാത്രമായിരിക്കും


മാർച്ച് 20:- സമരാത്രദിനം. സൂര്യൻ ഭൂമദ്ധ്യരേഖക്കു മുകളിൽ വരുന്നു.


മാർച്ച് 22:- അമാവാസി


മാർച്ച് 25:- ചന്ദ്രനും വ്യാഴവും ശുക്രനും അടുത്തടുത്ത് വരുന്നു.

ഈ മാസത്തെ ആകാശത്തിന്റെ ഒരു വീഡിയോ ചിത്രീകരണം ഇവിടെ കാണാം.
Get

Blogger Falling Objects