2010, നവംബർ 26, വെള്ളിയാഴ്‌ച

..ഗുരുത്വ വീചികള്‍ കേള്‍ക്കാന്‍ ലിസ

     ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലായിരുന്നു ഐന്‍സ്റ്റീന്‍ ഗുരുത്വ തരംഗങ്ങളെ(gravitational  waves ) കുറിച്ച് പ്രവചിച്ചത്. പ്രസിദ്ധമായ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിലാണ് സ്ഥല-കാല വക്രത, ഗുരുത്വ മണ്ഡലം, ഗുരുത്വ തരംഗം തുടങ്ങിയ ആശയങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. ഐന്‍സ്ടീന്റെ ചിന്താ പരീക്ഷണങ്ങളില്‍ നിന്ന് രൂപം കൊണ്ട ഈ ആശയങ്ങള്‍ക്ക് തെളിവുകള്‍ തേടിയുള്ള യാത്ര തുടങ്ങി പിന്നീട് ശാസ്ത്ര ലോകം. ഇതിനു ആദ്യത്തെ തെളിവ് ലഭിക്കുന്നത് 1974 ല്‍ ആയിരുന്നു. പരസ്പരം ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഇരട്ട പല്‍സാരുകളെ(pulsar) കുറിച്ചുള്ള  പഠനത്തില്‍ വിശദീകരിക്കാന്‍ കഴിയാതിരുന്ന ഒരിനം ഊര്‍ജത്തിന്റെ നഷ്ടം ഗവേഷകര്‍ നിരീക്ഷിക്കുകയുണ്ടായി. ഈ ഊര്‍ജ തരംഗങ്ങള്‍ ആയിരുന്നു ഗുരുത്വ തരംഗങ്ങള്‍ക്കുള്ള ആദ്യത്തെ തെളിവായി പിന്നീട് അംഗീകരിക്കപ്പെട്ടത്. 1993 ല്‍ ഇതിനു ഫിസിക്സിനുള്ള നോബല്‍ സമ്മാനവും ലഭിച്ചു

     ഇപ്പോള്‍ ഗുരുത്വ തരംഗങ്ങളെ കുറിച്ചു പഠിക്കുന്നതിനുള്ള ഒരു ബഹിരാകാശ പേടകത്തിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് നാസയിലെയും യൂറോപ്യന്‍ സ്പേസ് എജന്സിയിലെയും ശാസ്ത്രജ്ഞര്‍. ലിസ (Laser Interferometer Space Antina ) എന്നാണ് ഇതിന്റെ പേര്. ഫിസിക്കല്‍ റിവ്യു ലെട്ടെഴ്സിന്റെ പുതിയ ലക്കത്തിലാണ് ലിസയെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

     ഈ പുതിയ ഉപകരണം എല്ലാം കൊണ്ടും ഏറ്റവും കാര്യക്ഷമത  ഉള്ളതായിരിക്കുമെന്നു ലേഖന കര്‍ത്താക്കളില്‍  ഒരാളും ജെറ്റ് പ്രോപ്പെല്ഷന്‍ ലബോറട്ടറിയിലെ  (JPL ) ശാസ്ത്രജ്ഞനുമായ ബില്‍ ക്ളിപ്സ്ടയ്ന്‍ (Bill Klipstein ) പറഞ്ഞു. ഇടിയോടു കൂടിയ കനത്ത മഴക്കിടയില്‍ ഒരു തൂവല്‍ വീഴുന്ന ശബ്ദം പോലും പിടിച്ചെടുക്കാന്‍ മാത്രം ശേഷിയുള്ളതാണ് പുതിയ ഉപകരണമെന്നും അദ്ദേഹം വിശദീകരിച്ചു. ഗുരുത്വ തരംഗങ്ങളുടെ ഉത്ഭവ കേന്ദ്രങ്ങളായ തമോദ്വാരങ്ങള്‍, പള്‍സാറുകള്‍ തുടങ്ങിയവയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ലിസക്ക് കഴിയും. ആകാശ ഗംഗയെ കുറിച്ചും മറ്റു വിദൂര ഗാലക്സികളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍  ലഭ്യമാകും.

    മൂന്നു വ്യത്യസ്ത ബഹിരാകാശ പേടകങ്ങള്‍ അടങ്ങുന്നതാണ് ഈ ബ്രിഹത് പദ്ധതി. ഈ പേടകങ്ങള്‍ ലേസര്‍ ബീമുകള്‍ കൊണ്ട് പരസ്പരം ബന്ധിച്ചിരിക്കും. ഗുരുത്വ തരംഗങ്ങള്‍ എതെങ്കിലും രണ്ടു പേടകങ്ങള്‍ തമ്മിലുള്ള അകലത്തിലുണ്ടാക്കുന്ന ഒരു പിക്കോ മീറ്ററിന്റെ (ഒരു മുടിയിഴയുടെ 100 ദശ ലക്ഷത്തില്‍ ഒരംശം) വ്യതിയാനം പോലും പിടിച്ചെടുക്കാന്‍ ഈ സംവിധാനത്തിന് കഴിയും.

     ഐന്‍സ്ടീന്റെ കാതുകള്‍ എന്ന് വിശേഷിപ്പിക്കുന്ന ലിസയുടെ    നിര്‍മാണ പ്രക്രിയ ഏറെ പ്രയാസമുള്ളതും സമയമെടുക്കുന്നതും ആയിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വിക്ഷേപണത്തിനു 2020 വരെ എങ്കിലും കാത്തിരിക്കേണ്ടി വരും. പിന്നീട് നമുക്ക് കേള്‍ക്കാം പ്രപഞ്ചത്തിന്റെ പുതിയ ഭാഷ, പുതിയ സംഗീതം!

2010, നവംബർ 19, വെള്ളിയാഴ്‌ച

ആന്റിഹൈഡ്രജന്‍ പിടിയിലായി     വളരെ നാളത്തെ ചെറുത്തുനില്‍പ്പിന് ശേഷം പ്രതിഹൈഡ്രജന്‍ (antihydrogen) സ്ത്രജ്ഞര്‍ക്ക് മുന്‍പില്‍ കീഴടങ്ങി. ഈ ആഴ്ചയിലെ നാച്വരിലാണ് ഈ വാര്‍ത്ത ആദ്യം വന്നത്. സെര്‍നിലെ(CERN) ശാസ്ത്രജ്ഞരാണ് പ്രതിഹൈഡ്രജനെ പിടിച്ചു കെട്ടിയത്.

    പോള്‍ ദിരാക്(Paul Dirac)  1928 ല്‍ ഒരു പ്രതി ഇലക്ട്രോണിന്റെ (anti electron )  സാധ്യത പ്രവചിച്ചപ്പോള്‍  തുടങ്ങിയതാണ്‌ പ്രതി കണങ്ങളെയും പ്രതി ദ്രവ്യങ്ങളെയും തേടിയുള്ള യാത്ര. ഇതിന്റെ ആദ്യ ഫലങ്ങള്‍ 1932 ല്‍ പുറത്തു വന്നു. കാള്‍  സി. ആണ്ടെഴ്സന്‍ (Carl C. Anderson) ആന്റി ഇലക്ട്രോണിനെ  കണ്ടെത്തി. പോസിറ്റീവ് ചാര്‍ജുള്ള ഇലക്ട്രോണിനു പോസിട്രോണ്‍ എന്ന പേരും നല്‍കി.

     പ്രതി ദ്രവ്യം ഇന്നും ശാസ്ത്രത്തിനു ഒരു പ്രഹേളികയാണ്. ഒരു കണത്തിന്റെ വിരുദ്ധ സ്വഭാവമുള്ള സമാന കണമാണ് പ്രതി കണം.  ഇലക്ട്രോണിനു നെഗടിവ് ചാര്‍ജാണ്‌.  എന്നാല്‍ പോസിട്രോണിനു പോസിടിവ് ചാര്‍ജാണ്‌. ആന്റി പ്രോടോനിനു നെഗടിവ് ചാര്‍ജ് ആയിരിക്കും. (ഇങ്ങനെയുള്ള പ്രതി കണങ്ങള്‍ ചേര്‍ന്നു ഒരു  പദാര്‍ത്ഥം ഉണ്ടാവുകയാണ് എങ്കില്‍ അതാണ്‌ പ്രതി ദ്രവ്യം). ഓരോ കണത്തിനും സ്വാഭാവികമായും ഒരു പ്രതി കണവും കാണും. ഇവ പരസ്പരം നശിപ്പിക്കുകയും ചെയ്യേണ്ടതാണ്. അങ്ങനെയെങ്കില്‍ പ്രപഞ്ചത്തില്‍ ദ്രവ്യത്തിന് എങ്ങനെ നിലനില്കാന്‍ കഴിയും? അതായത് പ്രപഞ്ചത്തില്‍ ദ്രവ്യം നിലനില്‍ക്കുന്നതിന് കാരണം പ്രപഞ്ച ഉല്‍ഭവത്തിനു  തൊട്ടു തന്നെ സംഭവിച്ച ദ്രവ്യ പ്രതി ദ്രവ്യ അസാമാനതയാണ്. ദ്രവ്യത്തെക്കാള്‍  അല്പം കുറവായിപോയി പ്രതി ദ്രവ്യത്തിന്റെ അളവ്.  ബാരിയോണ്‍ അസിമെട്രി (Baryon asymetry) എന്നറിയപ്പെടുന്ന ഈ സമസ്യക്ക് ഉത്തരം കണ്ടെത്താന്‍ ശാസ്ത്രത്തിനു ഇതുവരെയും കഴിഞ്ഞിട്ടില്ല.

     എങ്കിലും പ്രതി ദ്രവ്യത്തിന് വേണ്ടിയുള്ള അന്വേഷണം തുടര്‍ന്നു. പ്രപഞ്ചത്തിന്റെ പല ഭാഗത്തും പ്രതി കണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുന്നുണ്ട്. ഗാലക്സി കേന്ദ്രങ്ങളില്‍ ഇവ ധാരാളമായി കാണപ്പെടുന്ന പ്രദേശങ്ങള്‍ തന്നെയുണ്ട്. കോസ്മിക വികിരനങ്ങളിലൂടെ  ഭൂമിയിലേക്ക് എത്തുന്ന പ്രതി കണങ്ങള്‍  ഭൌമാന്തരീക്ഷത്തില്‍ വെച്ച് കണങ്ങളുമായി ചേര്‍ന്നു  നിര്‍വീര്യമാക്കപ്പെടുന്നു.
     1932 ല്‍ ആന്റി ഇലക്ട്രോണ്‍ കണ്ടെത്തിയതായി നേരത്തെ പറഞ്ഞല്ലോ. 1955 ല്‍ കാലിഫോര്‍ണിയ യൂനിവേര്സിടിയിലെ എമിലിയോ സെഗ്രിയും  (Emilio Segre)  ഓവന്‍ ചെമ്ബെര്‍ലൈനും (Owen Chamberlain) ചേര്‍ന്നു ആന്റി പ്രോട്ടോണും കണ്ടെത്തി. 1965 ല്‍ സെര്‍നിലെ പ്രോടോണ്‍ സിംക്രോട്രോനില്‍ (proton sychrotron ) ആന്റി ഡ്യുട്ടീരിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. 1995 ല്‍ സേനില്‍ നിന്ന് ആന്റി ഹൈഡ്രജന്‍ കണ്ടെത്തിയ വാര്‍ത്തയും വന്നു. നെഗടിവ്‌ ചാര്‍ജുള്ള പ്രോടോനും പോസിടിവ് ചാര്‍ജുള്ള ഇലക്ട്രോണും  അടങ്ങുന്നതാണ് ആന്റി ഹൈഡ്രജന്‍ ആറ്റം.

     പക്ഷെ ഈ സന്ദര്‍ഭങ്ങളിലെല്ലാം ഇവയുടെ സാന്നിധ്യം തിരിച്ചറിയാനല്ലാതെ  ആറ്റങ്ങളെ പിടിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ അതിനാണ് കഴിഞ്ഞിരിക്കുന്നത്. വാക്വത്തിനുള്ളില്‍ സൃഷ്ടിച്ച ശക്തമായ കാന്തിക മണ്ഡലം(magnetc bottle) ഉപയോഗിച്ചാണ്‌ ആന്റി ഹൈഡ്രജന്‍ ആടങ്ങളെ പിടിച്ചെടുത്തത്.38 ആന്റി ഹൈഡ്രജന്‍ ആറ്റങ്ങള്‍ ആണ്  ഒരുസെകന്റിന്റെ ആറില്‍ ഒരു  ഭാഗത്തിനുള്ളില്‍ സൃഷ്ടിക്കപ്പെട്ടത്.

     ലോകത്തിന്റെ ഊര്ജാവശ്യങ്ങള്‍ക്കായി ഭാവിയില്‍ ഇത് ഉപയോഗിക്കാന്‍ കഴിയും എന്ന പ്രത്യാശ ശാസ്ത്രജ്ഞര്‍ പങ്കു വെക്കുന്നുണ്ട്. ദ്രവ്യവും പ്രതി ദ്രവ്യവും ചേരുമ്പോള്‍ അവ പരസ്പരം നിര്‍വീര്യമാക്കപ്പെടുകയും വളരെ ഉയര്‍ന്ന തോതിലുള്ള ഊര്‍ജം ഉത്പാദിപ്പിക്കുകയും ചെയ്യും. പക്ഷെ ഇതിനാവശ്യമായ പ്രതി ദ്രവ്യം ഉത്പാദിപ്പിക്കുന്നതിനുള്ള ചെലവ് ഇപ്പോഴത്തെ കണക്കില്‍ നമുക്ക് ആലോചിക്കവുന്നതല്ല.
    

2010, നവംബർ 16, ചൊവ്വാഴ്ച

ബാല തമോദ്വാരം

 പുതിയ ഒരു തമോദ്വാരം(black hole)  കണ്ടെത്തിയതായി ഹാര്‍വാര്‍ഡ്‌  സ്മിത്സോണിയന്‍ സെന്റെര്‍ ഫോര്‍ ആസ്ട്രോഫിസിക്സിലെ പാട്നൌടും(patnaude) കൂട്ടരും അവകാശപ്പെടുന്നു. 50 മില്യന്‍ പ്രകാശ  വര്‍ഷം അകലെയുള്ള M 100 എന്ന ഗാലക്സിയിലാണ് പുതിയ തമോഗര്‍ത്ത ജനനം.

   1979 ലാണ് അമേച്വര്‍ ജ്യോതി ശാസ്ത്രജ്ഞനായ ഗസ്‌ ജോണ്സന്‍ (Gus Johnson ) വിര്‍ഗോ ക്ലസ്ടരിലെ M 100 ഗാലക്സിയില്‍ ഒരു സൂപര്‍ നോവ കണ്ടെത്തിയത്. ചന്ദ്ര എക്സ് റെ ടെലിസ്കോപ്പ്  ഉപയോഗിച്ചുള്ള   പഠനത്തിലാണ് ഈ സൂപര്‍ നോവയുടെ അവശിഷ്ടങ്ങള്‍ ഒരു പുതിയ തമോദ്വാരമായി മാറിയിരിക്കുകയാണ് എന്ന് പറയുന്നത്.

     സൂര്യനെക്കാള്‍ വളരെയേറെ പിണ്ഡം കൂടിയ നക്ഷത്രങ്ങളാണ് തമോദ്വാരങ്ങളായി മാറുന്നത്. ഇവയില്‍ നിന്ന്  പ്രകാശം പുറത്തു വരികയില്ല. ഗുരുത്വാകര്‍ഷണം  എല്ലാ ബലങ്ങള്‍ക്കും മീതെ അധീശത്വം സ്ഥാപിച്ചിരിക്കും. പരോക്ഷമായ  മാര്‍ഗങ്ങളിലൂടെയാണ് അവയെ കണ്ടെത്തുന്നത്. അടുത്തുള്ള നക്ഷത്രങ്ങളില്‍ നിന്ന് ഇവ ധാരാളം ദ്രവ്യം വലിച്ചെടുക്കും. ഇങ്ങനെ പതിക്കുന്ന ദ്രവ്യം അതി ഭീമമായ തോതില്‍ ചൂട് പിടിക്കുകയും വിവിധയിനം വികിരണങ്ങള്‍ പുറത്തു വിടുകയും ചെയ്യും. ഇതില്‍ നല്ലൊരു പങ്കും എക്സ് റെ വികിരണങ്ങള്‍ ആയിരിക്കും. ന്യൂട്രോണ്‍ താരങ്ങളില്‍ നിന്നും എക്സ് റെ വികിരണങ്ങള്‍ ഉണ്ടാകും. ഇവ പള്സുകള്‍ ആയിട്ടായിരിക്കും  പുറത്തു വരിക. മാത്രമല്ല ഇടക്ക് എക്സ് റെ സ്ഫോടനങ്ങളും  സംഭവിക്കും.

     പുതിയതായി കണ്ടെത്തിയ തമോഗര്‍ത്തത്തില്‍ നിന്നും 31 വര്‍ഷം തുടര്‍ച്ചയായി ഒരേനിലയില്‍ എക്സ് റെ പ്രവാഹം നിരീക്ഷിച്ചിട്ടുണ്ട്. ഇത് തമോദ്വാരമല്ല എന്ന് പറയുന്നവര്‍ക്കുള്ള മറുപടിയായി പാട്നൌടും സംഘവും ഇതാണ് എടുത്തു കാണിക്കുന്നത്.

     ഇത് ശരിക്കും ഒരു തമോദ്വാരമാനെങ്കില്‍ നമുക്ക് ലഭിച്ച  ഏറ്റവും അടുത്ത ഒരു തെളിവായിരിക്കും ഇത്. ഒരു തമോദ്വാരത്തിന്റെ രൂപീകരണത്തെ  കുറിച്ചു കുറിച്ചു പഠിക്കാനുള്ള ഉയര്‍ന്ന സാധ്യതയും.

     50 മില്യന്‍ പ്രകാശ വര്‍ഷം അകലെയുള്ള  ഗാലക്സി എന്ന് പറയുമ്പോള്‍ 50 മില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ഗാലക്സി എന്നാണര്‍ത്ഥം. അവിടെ നടന്ന ഒരു നക്ഷത്ര സ്ഫോടനം 50 മില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഭവിച്ചതാണ്. പക്ഷെ ഭൂമിയിലെ ഒരു നിരീക്ഷകന് 31 വര്‍ഷത്തെ പ്രായമേ ആ സംഭവത്തിന്‌ ഉള്ളതായി തോന്നൂ. കാരണം 31 മുന്‍പാണ് ആ സ്ഫോടനത്തില്‍ നിന്നുണ്ടായ വികിരണങ്ങള്‍ ആദ്യമായി ഭൂമിയിലെത്തിയത്.

   നവംബര്‍ 15 ലെ ചന്ദ്ര ബ്ലോഗില്‍ ഇതിനെ കുറിച്ചുള്ള ലേഖനം പ്രസിധീകരിച്ച്ചിട്ടുണ്ട്. http://chandra.harvad.edu/blog/

2010, നവംബർ 14, ഞായറാഴ്‌ച

തമോദ്രവ്യത്തിനു പുതിയ തെളിവ്

    നവംബര്‍ 11 ന്റെ നാസയുടെ ഒരു പത്ര കുറിപ്പ് ഇരുണ്ട ദ്രവ്യത്തിന് പുതിയ തെളിവ് കണ്ടെത്തി എന്നായിരുന്നു. 2 .2 പ്രകാശവര്‍ഷം അകലെ കിടക്കുന്ന ആബേല്‍ 1689 (Abell 1689) എന്ന ഗാലക്സി ക്ലസ്ടരിന്റെ കേന്ദ്രത്തിലാണ് ഇരുണ്ട ദ്രവ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ആയിരത്തോളം ഗാലക്സികളും ശതകോടിക്കണക്കിനു നക്ഷത്രങ്ങളും അടങ്ങുന്ന ഒരു ഭീമന്‍ ഗാലക്സി ക്ലസ്ടരാന് ആബേല്‍ 1689

    പ്രപഞ്ചത്തില്‍ 90 ശതമാനത്തിലധികവും ഇരുണ്ട ദ്രവ്യമാനത്രേ. ദ്ര്ശ്യ പ്രപഞ്ചം 10 ശതമാനത്തില്‍ താഴെ മാത്രം വരുന്ന ദ്രവ്യം കൊണ്ടു സൃഷ്ടിച്ചതാണ്. ഗാലക്സികളുടെ ഗുരുത്വ ബലം കണക്കാക്കിയാണ് ഇരുണ്ട ദ്രവ്യത്തെ തിരിച്ചറിയുന്നത്. ദ്രവ്യത്തിന്റെ ഒരു പ്രത്യേകഗുനമാണ്  ഗുരുത്വം. ഒരു ഗാലക്സിയിലെ കാണാന്‍ കഴിയുന്ന ദ്രവ്യം എത്ര അളവില്‍ ഗുരുത്വ ബലം പ്രയോഗിക്കുമെന്ന് കണക്കാക്കാന്‍ കഴിയും. അതിനേക്കാള്‍ ഉയര്‍ന്ന തോതില്‍ ഗുരുത്വ ബലം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവിടെ അദൃശ്യമായ ദ്രവ്യം ഉണ്ടെന്ന നിഗമനത്തില്‍ എത്തും.

     വേരാ കൂപ്പര്‍ രൂബിനാണ് തമോദ്രവ്യത്തിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത് സര്‍പിള ഗാലക്സികളെയും അവയുടെ കരത്തിലുള്ള നക്ഷത്രങ്ങളെയും കുറിച്ചാണ് അവര്‍ പഠനം നടത്തിയിരുന്നത്. ഗാലക്സികളുടെ ഏറ്റവും പുറമെയുള്ള ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ഹൈഡ്രജന്‍ ആറ്റമുകള്‍ ഗാലക്സിയെ ഭ്രമണം ചെയ്യും. സാധാരണ ഗതിയില്‍ ഗാലക്സി കേന്ദ്രത്തില്‍ നിന്നും അകലുമ്പോള്‍ അതിനെ ചുറ്റുന്ന വസ്തുക്കളുടെ വേഗത കുറയും. എന്നാല്‍ ഹൈഡ്രജന്‍ കണങ്ങളെ എവിടെ വെച്ച്  അളന്നാലും ഒരേ വേഗത തന്നെയാണ് കിട്ടുന്നത്. ഇത് കാണാന്‍ കഴിയാത്ത ഏതോ ദ്രവ്യത്തിന്റെ സ്വാധീനം കാരണമാണെന്ന് അവര്‍ വിശദീകരിച്ചു.

     ജെറ്റ് പ്രോപ്പെല്ഷന്‍ ലബോറട്ടറിയിലെ (JPL) ഡാന്‍ കോ (Dan Coe) ആണ് പുതിയ പഠനത്തിനു നേതൃത്വം നല്‍കിയത്. ഗുരുത്വ ലെന്‍സിംഗ് എന്ന പ്രതിഭാസത്തെയാണ് ഈ പഠനത്തിനു കോയും സംഘവും ഉപയോഗിച്ചത്.

     ഒരു ഗാലക്സിയോ  അതീവ പിണ്ടമുള്ള മറ്റേതെങ്കിലും പ്രാപഞ്ചിക വസ്തുക്കളോ അവയുടെ പിന്നിലുള്ള വസ്തുക്കളില്‍ നിന്ന് പുറപ്പെടുന്ന പ്രകാശ കിരണങ്ങളെ അടുത്തുകൂടി കടന്നുപോകുമ്പോള്‍ വളക്കുന്നു. ഇത് ഭൂമിയില്‍ നിന്ന് നോക്കുന്ന നിരീക്ഷകന് അതിവിദൂര വസ്തുക്കളെ രണ്ടായോ വലുതായോ തോന്നുന്നതിന് കാരണമാകുന്നു.ഈ പ്രതിഭാസത്തെയാണ് ഗുരുത്വ ലെന്‍സിംഗ് എന്ന് പറയുന്നത്.

     കോയും സംഘവും ആബേല്‍ 1689 ഗാലക്സി ക്ലസ്ടരിന്റെ പശ്ചാതലതിലുള്ള 42 ഗാലക്സികളുടെ 135 ഇമേജുകളാണ് പഠനത്തിനു വിധേയമാക്കിയത്. ഈ ഗാലക്സികളില്‍ നിന്നും വരുന്ന പ്രകാശ കിരണങ്ങളുടെ വളയലിന്റെ തോത് കണക്കാക്കിയപ്പോള്‍ (ഗുരുത്വ ലെന്‍സിന്റെ ശക്തി) അതിനു കാരണമായ ബലം ദൃശ്യമായ ദ്രവ്യത്തിന് പ്രയോഗിക്കാന്‍ കഴിയുന്നതിനേക്കാള്‍ വളരെ കൂടുതലാണെന്ന് കണ്ടെത്തി. ഇങ്ങനെയാണ് ആബേല്‍ 1689 എന്ന ഗാലക്സി ക്ലസ്ടരില്‍ ഭീമമായ തോതില്‍ തമോദ്രവ്യമുണ്ടെന്ന നിഗമനത്തില്‍ അവര്‍ എത്തിയത്.

     തമോദ്രവ്യങ്ങളെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് നാസ തുടക്കമിട്ടു കഴിഞ്ഞു. Cluster Lensing and Supernova Survey with Hubble (CLASH) എന്നാണു ഈ പ്രോജെക്ടിന്റെ പേര്.

2010, നവംബർ 11, വ്യാഴാഴ്‌ച

കാള്‍ സാഗന്‍

     സൌരയൂഥത്തിന് പുറത്ത് ബുദ്ധിയുള്ള ജീവികള്‍ ഉണ്ടെങ്കില്‍ താങ്കള്‍ക്കു എന്ത് തോന്നും?
     അനന്തമായ ഈ പ്രപഞ്ചത്തില്‍ ഭൂമിയിലെ ജീവികള്‍ ഒറ്റക്കല്ലല്ലോ എന്നോര്‍ത്ത്‌ ഞാന്‍ സന്തോഷിക്കും
     എങ്കില്‍ പ്രപഞ്ചത്തില്‍ മറ്റെവിടെയും ജീവനില്ല എന്നറിഞ്ഞാലോ?
ഈ മഹാ പ്രപഞ്ചത്തില്‍ ഭൂമിയില്‍ മാത്രമേ ജീവനുള്ളൂ എന്നതില്‍ ഞാനഭിമാനിക്കും.

     ഒരു പത്ര സമ്മേളനത്തില്‍ പ്രശസ്തനായ ഒരു ശാസ്ത്രജ്ഞനോട്  ചോദിച്ച ചോദ്യങ്ങളും അവക്കുള്ള മറുപടിയുമാണ്‌ മേല്‍ കൊടുത്തത്.

     അനന്തമായ ഈ പ്രപഞ്ചത്തിലെവിടെയെങ്കിലും ബൌധിക ജീവിതമുണ്ടോ എന്ന അന്വേഷണത്തിന് തുടക്കം കുറിച്ച കാള്‍ സാഗനായിരുന്നു ആ ശാസ്ത്രജ്ഞന്‍. SETI (Search for Extra terrestrial Intelligence ), voyeger , poineer എന്നീ ദൌത്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിഭക്ക് ഉത്തമ ഉദാഹരണങ്ങളാണ്.

     1934 നവംബര്‍ 9 നാണ് കാള്‍ എട്വേര്ദ് സാഗന്‍ ജനിച്ചത്. റഷ്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ  സാം സാഗന്‍, റേച്ചല്‍ മോളി ഗ്രബര്‍ എന്നിവരായിരുന്നു മാതാപിതാക്കള്‍. കരോള്‍ എന്ന ഒരു സഹോദരിയും അദേഹത്തിനു ഉണ്ടായിരുന്നു. കാള്‍ സാഗനും പിതാവും സഹോദരിയും മതപരമായ വിശ്വാസങ്ങള്‍ക്ക് അടിപ്പെട്ടിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അമ്മ കടുത്ത  ദൈവ വിശ്വാസിയും ആരാധനാലയങ്ങളിലെ സ്ഥിര സന്ദര്‍ശകയുമായിരുന്നു.

  സാഗന്റെ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ക്കുള്ള പങ്ക് എന്താണെന്ന് അദ്ദേഹം പിന്നീട് വ്യക്തമാകുന്നുണ്ട്. അതിങ്ങനെയാണ്: എന്റെ മാതാപിതാക്കള്‍ ശാസ്ത്രജ്ഞാരായിരുന്നില്ല. അവര്‍ക്ക് സയന്‍സിനെ കുറിച്ച് ഒന്നും അറിയുകപോലുമില്ലയിരുന്നു. പക്ഷെ അവര്‍ എന്നെ സന്ദേഹിയും അത്ഭുതം കൊള്ളാന്‍ കഴിവുള്ളവനുമാക്കി. ശാസ്ത്രാന്വേഷനതിന്റെ  രണ്ടു അടിസ്ഥാന പാഠങ്ങള്‍ അവര്‍ എന്നെ പഠിപ്പിച്ചു. 

  സാഗന്റെ അഞ്ചാമത്തെ വയസ്സില്‍ അമ്മ ലൈബ്രറിയില്‍ അംഗത്വം വാങ്ങിക്കൊടുത്തു. സാഗന്റെ താല്പര്യങ്ങള്‍ നക്ഷത്രങ്ങളിലായിരുന്നു. നക്ഷത്രങ്ങളെ കുറിച്ചുള്ള അത്ഭുതകരമായ സത്യം ആദ്യമായി പറഞ്ഞുകൊടുത്തത് അവിടത്തെ ലൈബ്രേറിയനായിരുന്നു. നക്ഷത്രങ്ങള്‍ സൂര്യന്മാരാണെന്നും വളരെയകലെയായിരിക്കുന്നതിനാല്‍ ചെറുതായി തോന്നുകയാനെന്നുമുള്ള കാര്യം കൊച്ചു സാഗനെ അത്ഭുത പരതന്ത്രനാക്കി. ആ അറിവ് അനിര്‍വചനീയമായ ഒരനുഭവമായിരുന്നു എന്ന് സാഗന്‍ പിന്നീട് വ്യക്തമാക്കുന്നുണ്ട്.

     1960 ല്‍ കാലിഫോര്‍ണിയ യൂനിവേര്‍സിറ്റിയില്‍ ഫെല്ലോ ആയി ചേര്‍ന്നു. 1962 മുതല്‍ 1968 വരെ പ്രസിദ്ധമായ സ്മിത്സോണിയന്‍ ആസ്ട്രോ ഫിസിക്കല്‍ ലബോറട്ടറിയില്‍ ജോലി ചെയ്തു. 1971 കോര്‍ണല്‍ യൂനിവേര്സിടിയില്‍ പ്രൊഫസ്സറായി ചേര്‍ന്നു. അവിടത്തെ ഗ്രഹ പഠന ഗവേഷണ ശാലയുടെ ടയരക്ടരുമായി 1972 മുതല്‍ 1981 വരെ കോര്നളിലെ redio phisics and space research center ന്റെ അസോഷ്യറ്റ്   ടയരക്ടരായിരുന്നു.
     1950 ല്‍ തന്നെ നാസയുടെ ഉപദേശകനായിരുന്നു. അപ്പോളോ പ്രോജക്ടിലും അദ്ദേഹത്തിന്റെ സാനിധ്യമുണ്ട്. ഈ സമയത്തെല്ലാം തന്നെ അദ്ദേഹത്തിന്റെ മനസ്സില്‍ അന്യഗ്രഹ ജീവികളെ കുറിച്ചുള്ള ചോദ്യങ്ങളുണ്ടായിരുന്നു. അതിന്റെ ഉല്പന്നങ്ങലായിരുന്നു വോയെജേര്‍ ദൌത്യങ്ങള്‍. സാഗന്റെ പ്രസിദ്ധമായ കണ്ടെത്തലായിരുന്നു ശുക്രനിലെ ഉയര്‍ന്ന താപനില. 1960 ല്‍ തന്നെ ശുക്രനില്‍ 500 c വരെ ഉയര്‍ന്ന താപനിലയുന്ടാകാമെന്ന  അദ്ദേഹം നിരീക്ഷിച്ചു. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലെ ദ്രവജലസാനിധ്യവും ആദ്യമായി പ്രവചിച്ചത് സാഗനായിരുന്നു. വ്യാഴത്തിന്റെ അന്തരീക്ഷത്തിലും ജൈവ തന്മാത്രകള്‍ കണ്ടേക്കാം  എന്നും അദ്ദേഹം പറഞ്ഞു.

  ശീതയുദ്ധം നിലനിന്നിരുന്ന കാലത്ത് വരാന്‍ പോകുന്ന ന്യൂക്ലിയര്‍ യുദ്ധത്തിനെതിരെ പ്രചരണം നടത്തി. ഇനിയൊരു ആണവ യുദ്ധം വന്നാല്‍ അതുന്ടക്കാവുന്ന ഭീതിതമായ അവസ്ഥയെ വിശദീകരിക്കുന്ന പുസ്തകമായിരുന്നു  A Path Where No Man Thought: Nuclear Winter and the End of the Arms Race.

     കാള്‍ സാഗനെ ഏറെ ശ്രദ്ധേയനാക്കിയത് 1980 ല്‍ ടെലിവിഷന്‍  പരമ്പരയായി പുറത്തു വന്ന കോസ്മോസ് ആണ്. ജീവന്റെ ഉള്ഭവത്തെയും അതില്‍ നമ്മുടെ സ്ഥാനത്തെയും വിശദീകരിക്കുന്ന ഈ ശാസ്ത്ര പരമ്പര ആ കാലത്ത് 500 മില്യനിലേറെ  പ്രേക്ഷകര്‍ കണ്ടു എന്നാണ് പറയുന്നത്. ഇതോടൊപ്പം വളരെ ജനപ്രീതിയാര്‍ജിച്ച്ചവയായിരുന്നു. പുലിട്സര്‍ അവാര്‍ഡ് നേടിയ The Dragons of Eden : Speculations on the Evolution of Human Intelligence , 1998 ല്‍ സിനിമയാക്കപ്പെട്ട Contact എന്നിവ അവയില്‍ ചിലതാണ്.

     അവസാന നാളുകളില്‍ കാള്‍ സാഗന്‍ ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുള്ള NEO (Near Earth Objects )കളെ കുറിച്ചുള്ള പഠനത്തിനാണ് നേതൃത്വം നല്‍കിയിരുന്നത്.

     കാള്‍ സാഗന്‍ വെറുമൊരു ശാസ്ത്രജ്ഞന്‍ മാത്രമായിരുന്നില്ല. ലോകത്തെ കുറിച്ചും മനുഷ്യ  രാശിയുടെ   ഭാവിയെ കുറിച്ചും അദ്ദേഹം ഏറെ വ്യാകുലനായിരുന്നു. രയ്ഗന്റെ ആണവായുധ പന്തയതിന്റെയും നക്ഷത്ര യുദ്ധ പദ്ധതിയുടെയും നിത്യ വിമര്‍ശകനായിരുന്നു അദ്ദേഹം. വിയത്നാം യുദ്ധത്തില്‍ പ്രതിഷേധിച്ച് അമേരിക്കയുടെ എയര്‍ ഫോര്‍സ് സയന്റിഫിക് അട്വൈസരി ബോര്‍ഡില്‍ നിന്ന്നും രാജി വെച്ചു.     1996 ല്‍ ആ ശാസ്ത്രേതിഹാസം ന്യൂമോനിയക്കു കീഴടങ്ങി മരണം വരിച്ചു.

2010, നവംബർ 5, വെള്ളിയാഴ്‌ച

ഡീപ് ഇമ്പാക്റ്റ് ഹാര്ട്ളിയെ കണ്ടു

     വാല്‍നക്ഷത്രങ്ങള്‍ എന്നും നമുക്ക് അത്ഭുതമാണ് തന്നിരുന്നത്. പല അന്ധവിശ്വാസങ്ങളും     ഇവയെ ചുറ്റിപ്പറ്റി നിലവിലുണ്ട് താനും. ഓരോ വര്‍ഷവും നിരവധി വാല്‍നക്ഷത്രങ്ങള്‍ വന്നുപോകുന്നുന്ടെങ്കിലും അപൂര്‍വമായി മാത്രമേ നഗ്ന നേത്രങ്ങള്‍  കൊണ്ട് നമുക്കിവയെ   കാണാന്‍ കഴിയൂ. പക്ഷെ ശാസ്ത്രജ്ഞര്‍ സൂര്യ സമീപത്തേക്ക് വരുന്ന ഓരോ വാല്നക്ഷത്രതെയും സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. ഇതിനായി ഡീപ് ഇമ്പാക്റ്റ്(deep impact)  എന്ന ഒരു ബഹിരാകാശ പേടകം തന്നെ വിക്ഷേപിച്ച്ചിട്ടുണ്ട്. 
     നവംബര്‍ 4 നു ഇന്ത്യന്‍ സമയം 8 pm നു ഡീപ് ഇമ്പാക്റ്റ് ഹാര്ട്ട്ലി  2 (haartly-2)   എന്ന വാല്‍നക്ഷത്രത്തിന്റെ 700 മീറ്റര്‍  സമീപത്തുകൂടി കടന്നുപോയി. നിരവധി ഫോട്ടോകള്‍ എടുത്തു ഭൂമിയിലെക്കയച്ച്ചു. 20 മിനിട്ടിനു ശേഷം ആദ്യത്തെ ഇമേജ് നാസ സ്വീകരിച്ചു.
    
     26 വര്‍ഷങ്ങള്‍ക്കുമുമ്പ് ആസ്ട്രേലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ മാല്‍കം ഹാര്ട്ട്ലിയാണ് ഹാര്ട്ട്ലി 2 എന്ന വാല്‍നക്ഷത്രം കണ്ടെത്തിയത്. അന്നത്തെ അവ്യക്തമായ ചിത്രത്തിന്റെ സ്രഷ്ടാവ് ഇന്നത്തെ ചിത്രം കണ്ടപ്പോള്‍ അത്ഭുതം മറച്ചുവെച്ചില്ല.

     സൌരയൂഥം രൂപം കൊള്ളുന്ന കാലത്തുള്ള അതിന്റെ സാമ്പിലാണ് വാല്‍നക്ഷത്രങ്ങള്‍ എന്ന് പറയുന്നു. അതുകൊണ്ട് വാല്നക്ഷത്രങ്ങളെ കുറിച്ചുള്ള  പഠനം വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. സൌരയൂഥ രൂപീകരണവുമായി ബന്ധപ്പെട്ട നിരവധി സമസ്യകള്‍ക്ക് ഉത്തരം കാണാന്‍ വാല്‍ന്ക്ഷത്രങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

2010, നവംബർ 4, വ്യാഴാഴ്‌ച

ബഹിരകാശത്തിലെ 10 വര്‍ഷത്തെ സഹകരണം

     അന്താരാഷ്ട്ര ബഹിരാകാശ നിലയം അതിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ 10 വര്ഷം തികച്ചു. ശാസ്ത്ര ഗവേഷണ മേഘലയിലെ അന്താരാഷ്‌ട്ര സഹകരണത്തിന്റെ ഉത്തമ മാത്ര്കയാണിത്.  2000 നവംബര്‍ 2 ന് ഈ പേടകത്തില്‍ ആദ്യത്തെ ശാസ്ത്ര സംഘം ഇറങ്ങി പ്രവര്‍ത്തനം ആരംഭിച്ചു.
      1998 ലാണ് ഈ നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ബഹിരാകാശത്ത് വെച്ചു തന്നെയാണ് ഇതിന്റെ ഓരോ ഭാഗങ്ങള്‍ കൂട്ടിച്ചേര്ത് നിര്‍മ്മാണം പൂര്ത്തീകരിച്ച്ചത്. 1998 ല്‍ ഇതിന്റെ കേന്ദ്ര ഭാഗമായ സാര്യാ റഷ്യന്‍ രോക്കട്ടായ പ്രോടോണ്‍ ബഹിരാകാശത്തെത്തിച്ച്ചു. പിന്നീട് യൂടിലിടി, സ്വെട്ന എന്നീ പേടകങ്ങളും മുകളിലും താഴെയുമായി ഘടിപ്പിച്ചു. പിന്നീട് പല ഘട്ടങ്ങളിലായി അമേരിക്കയുടെ ഫ്രീഡം, റഷ്യയുടെ മീര്‍ 2 , യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ കൊളംബസ്, ജപ്പാന്റെ കിമോ, തുടങ്ങിയ മോടുലുകള്‍ ഇതിനോട് കൂട്ടിച്ചേര്‍ത്തു.
    നാസാ,യൂറോപ്പ്യന്‍ സ്പേസ് എജെന്സി, റഷ്യന്‍ ഫെടരല്‍ സ്പേസ് ഏജന്‍സി, ജപ്പാന്‍ എരോസ്പെസ് എക്സ്പ്ലോരെഷേന്‍ ഏജന്‍സി, കനെടിയന്‍ സ്പേസ് ഏജന്‍സി, എന്നിവയുടെ സംയുക്ത സംരംഭമാണ് ഈ നിലയം. 2015 വരെയാണ് ഇതിന്റെ പ്രവര്‍ത്തന കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും ഇപ്പോള്‍ 2020 വരെ നീട്ടിയിട്ടുണ്ട്.
     2000 ഒക്ടോബര്‍ 31 നായിരുന്നു ഈ നിലയത്തിലേക്കുള്ള ആദ്യ ഗവേഷണ സംഘം പുറപ്പെട്ടത്‌. റഷ്യയിലെ  ബയ്ക്കനൂര്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും കുതിച്ചുയര്‍ന്ന ഇവര്‍ രണ്ടു ദിവസത്തിനു ശേഷം നവംബര്‍ 2 നു നിലയത്തിലെത്തി. ബിന്‍ ശേപ്പെര്ദ്, (Bin Shepherd ), യുരി ഗിട്സേങ്കോ, സെര്‍ജി കിര്‍ക്കലെവ്, എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് പല സംഘങ്ങളും ഇവിടെയെത്തി. ഒരിക്കല്‍ പോലും ആളില്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ല.
   ജീവശാസ്ത്രം, ഭൌതിക ശാസ്ത്രം,മെഡിസിന്‍,കംമ്യുനിക്കേശന്‍, ബഹിരാകാശ ശാസ്ത്രം തുടങ്ങി ഒട്ടേറെ മേഘലകളിലായി   600 ലേറെ ശാസ്ത്ര ഗവേഷണങ്ങളാണ് ഈ നിലയത്തില്‍ നടന്നിട്ടുള്ളത്. ഊര്ജാവശ്യങ്ങല്‍ക്കായുള്ള സൌര പാനലുകളുടെ നീളം ഒരു ഫുട്ബാള്‍ ഗ്രവ്ന്ടിനെക്കാള്‍ വരും.
    350 കിലോമീടര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇതിന്റെ വേഗത 27700 കിമി /സെകന്റ് ആണ്.ദിവസത്തില്‍ 15 .77 തവണ ഭൂമിയെ വലം വെക്കുന്നുണ്ട്.
     അടുത്ത പത്ത് വര്‍ഷം കൂടി ആകുമ്പോഴേക്കും ഈ നിലയം ശാസ്ത്ര മേഘലയില്‍ വളരെയേറെ സംഭാവനകള്‍ നല്‍കിയിരിക്കും.ചാന്ദ്ര, ചൊവ്വ യാത്രകള്‍ക്ക് ഒരു ഇടനില കേന്ദ്രമായും ഈ നിലയം മാറും.
Get

Blogger Falling Objects