2011, ജൂൺ 17, വെള്ളിയാഴ്‌ച

ബുധൻ ചിരിക്കുന്നു

credit: NASA


     ഇപ്പോൾ ബുധൻ ചിരിക്കുകയാണ്. തന്നെ കുറിച്ചുള്ള കുറെ വിവരങ്ങൾ ഭൂമിയിലെ ജിജ്ഞാസുക്കളായ മനുഷ്യർക്ക് കൈമാറിയ സന്തോഷത്തിൽ! വിവരങ്ങളറിയാൻ വേണ്ടി ഭൂമിയിൽ നിന്നെത്തിയ സന്ദേശവാഹകനെ ബുധൻ ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല. ആയിരക്കണക്കിനു ഫോട്ടോകളാണ് നിരവധി വിവരങ്ങളുമായി മെസ്സഞ്ചർ(MESSENGER) വഴി ഭൂമിയിലേക്കയച്ചത്.

     കഴിഞ്ഞ മാർച്ച് 18 മുതൽ ബുധനെ വലംവെച്ചു തുടങ്ങിയ മെസ്സഞ്ചർ ഇതുവരെയും ലഭിക്കാത്ത അത്രയും കൃത്യതയുള്ള ചിത്രങ്ങളാണ് എടുത്തിട്ടുള്ളത്. കൂടാതെ ബുധോപരിതലത്തിന്റെ രാസഘടന, ടോപ്പോഗ്രാഫി, കാന്തിക മണ്ഡലം തുടങ്ങിയവയെ കുറിച്ചും നിരവധി വിവരങ്ങൾ  ലഭ്യമാക്കിക്കഴിഞ്ഞു. രാസഘടന അതിന്റെ ഉത്ഭവത്തെയും ചരിത്രത്തെയും കുറിച്ച് കുറെ കൂടി അറിവു നൽകും. ടോപോഗ്രാഫിയെയും കാന്തികക്ഷേത്രത്തെയും കുറിച്ചുള്ള വിവരങ്ങൾ ആന്തരികഘടനയെ കുറിച്ച് മനസ്സിലാക്കാൻ സഹായിക്കും.

     ആദ്യമായി ബുധന്റെ ഗ്ലോബൽ വിശദാംശങ്ങൾ തയ്യാറാക്കപ്പെടാൻ പോകുകയാണെന്ന് മെസ്സഞ്ചറിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ സീൻ സോളമൻ പറഞ്ഞു. ഇതു വരെ കണ്ടെത്താത്ത പുതിയ പല വിവരങ്ങളും പുറത്തു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

     ബുധനിലെ ഗർത്തങ്ങളുടെ അടിയിൽ തിളക്കമുള്ള ചില വസ്തുക്കൾ ഭൂമിയിലെ ടെലസ്കോപ് ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളിൽ നിന്നു തന്നെ കണ്ടെത്തിയിരുന്നു. വളരെ അവ്യക്തമായ ചിത്രങ്ങളായിരുന്നതിനാൽ അവയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും അറിവായിരുന്നില്ല. മെസ്സഞ്ചർ ചിത്രങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കാം.

     ആദ്യം കണക്കാക്കിയിരുന്നതിനെക്കാൾ കൂടുതൽ സൾഫറിന്റെ സാന്നിദ്ധ്യം ബുധോപരിതലത്തിൽ കണ്ടെത്തി. ഗ്രഹം രൂപം കൊണ്ട സമയത്ത് ഉണ്ടായ അഗ്നിപർവ്വതങ്ങളിലൂടെ ധാരാളം  സൾഫർ വാതകം പുറത്തു വന്നിരിക്കാം എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. എക്സ്-റേ സ്പെക്ട്രോമീറ്റർ ലഭ്യമാക്കിയ വിവരങ്ങളിൽ നിന്നും മഗ്നീഷ്യം/സിലിക്കൺ, അലുമിനീയം/സിലിക്കൺ, കാൽസ്യം/സിലിക്കൺ അനുപാതങ്ങൾ ശരാശരിയിൽ നിന്നും വളരെ ഉയർന്ന തോതിലാണ് ബുധോപരിതലത്തിൽ എന്നു മനസ്സിലാവുന്നുണ്ട്.

      ടോപോളജി വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്ന് ബുധന്റെ ഉത്തരാർദ്ധ ഗോളത്തെ കുറിച്ച് കൂടുതൽ അറിവുകൾ ലഭിച്ചിട്ടുണ്ട്. അധികം ഏറ്റിറക്കങ്ങളില്ലാതെ സാമാന്യം നിരപ്പായതാണത്ര ഇവിടം. രണ്ടു ദശകങ്ങൾക്കു മുമ്പ് ഭൂമിയിൽ നിന്നു നടത്തിയ നിരീക്ഷണങ്ങളിലൂടെ  ധ്രുവങ്ങളിലെ ഗർത്തങ്ങളിൽ മഞ്ഞു കട്ടകൾ കണ്ടെത്തിയിരുന്നു. അഗാധ ഗർത്തങ്ങളിലെ സൂര്യപ്രകാശം കടന്നു ചെല്ലാത്ത ഇടങ്ങളിലാണ് ഇത് കണ്ടെത്തിയത്. മെസ്സഞ്ചറിൽ നിന്ന് ഇവയുടെ കുറച്ചുകൂടെ തെളിച്ചമുള്ള ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്.

credit: NASA     ബുധനിൽ നിന്നു  പുറത്തു വരുന്ന ചാർജ്ജിത കണങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയും ശാസ്ത്രജ്ഞർക്കുണ്ട്. 1974ൽ മാരിനർ 10 ആണ് ചാർജ്ജിത കണങ്ങളെ കുറിച്ചുള്ള വിവരം ആദ്യമായി നൽകിയത്. 2008ലും 2009ലും മെസ്സഞ്ചർ ബുധനു സമീപത്തു കൂടെ പറന്നപ്പോൾ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇനി തീർച്ചയായും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നു തന്നെയാണ് അവരുടെ വിശ്വാസം.

     കാത്തിരിക്കാം നമുക്ക് സൂര്യന്റെ കൈക്കുഞ്ഞിനെ കുറിച്ചുള്ള കൂടുതൽ അറിവുകൾക്കായി........

2011, ജൂൺ 11, ശനിയാഴ്‌ച

സൗരരഹസ്യങ്ങൾ തുറക്കാൻ പ്രതലതരംഗങ്ങൾ

ക്രെഡിറ്റ്‌: NASA


     സൗരാന്തരീക്ഷത്തിലെ അമിതമായ താപനില എന്നും ശാസ്ത്രജ്ഞർക്ക് ഒരു പ്രഹേളികയായിരുന്നു. അതു തുറക്കാനുള്ള ഒരു അത്ഭുത താക്കോൽ കയ്യിൽ കിട്ടി എന്ന വിശ്വാസത്തിലാണ് ശാസ്ത്രജ്ഞർ. സൗരോപരിതലത്തിൽ പ്രതലതരംങ്ങൾ (surfer waves) കണ്ടെത്തിയതാണ് ഇപ്പോഴത്തെ പുതിയ പ്രതീക്ഷക്ക് കാരണമായിരിക്കുന്നത്. SDO (Solar Dynamic Observatory) ആണ് ഈ പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

     വ്യത്യസ്ത സാന്ദ്രതയിലോ വ്യത്യസ്ത വേഗതയിലോ ഉള്ള ദ്രാവകങ്ങളും വാതകങ്ങളും അവയുടെ പ്രതലങ്ങൾ പരസ്പരം ചേർന്നു വരുന്ന അവസ്തയിൽ ഊർജ്ജകൈമാറ്റം നടത്തുന്നു. സമുദ്രത്തിനു മീതെ ശക്തിയിൽ വീശുന്ന കാറ്റ് തിരമാലകളുടെ ശക്തിയും വേഗതയും വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത് ഇങ്ങനെയാണ്. ആകാശത്തെ മേഘക്കൂട്ടങ്ങളിലും ശനിയുടെ വലയങ്ങൾക്കിടയിലും ഇത് നിരീക്ഷിച്ചിട്ടുണ്ട്. കെൽവിൻ-ഹെംഹോൾട്ട്സ് ഇൻസ്റ്റെബിലിറ്റി (KH ഇൻസ്റ്റെബിലിറ്റി) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. പക്ഷെ സൂര്യനിൽ ഇത് ഇതേവരെ നിരീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. SDO ആണ് ഈ തരംഗങ്ങളെ കുറിച്ചുള്ള വിവരം ആദ്യമായി ശേഖരിക്കുന്നത്. 2010 ഏപ്രിൽ 8നായിരുന്നു SDO സൂര്യനിലെ പ്രതല തരംഗങ്ങളുടെ ചിത്രങ്ങളെടുക്കുന്നത്. ഗൊദാർദ്ദ് സ്പേസ് സെന്ററിലെ ബഹിരാകാശ ശാസ്ത്രജ്ഞനായ ലിയോൺ ഹോഫ്മാനും സംഘവും ഇതിനെ കുറിച്ച് കൂടുതൽ പഠിക്കുകയും 2011 ജൂൺ 10ലെ ആസ്ട്രോഫിസിക്കൽ ജേർണൽ ലെറ്റേർസിൽ പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തു.

     സൗരോപരിതലത്തിലേതിനെക്കാൾ ആയിരം മടങ്ങ് കൂടുതലുണ്ട് സൗരാന്തരീക്ഷത്തിലെ (കൊറോണ) താപനില. ഇതിന് ശരിയായ ഒരു വിശദീകരണം നൽകാൻ ഇതു വരെയും കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതിനു കാരണമായ KH തരംഗങ്ങളുടെ നേരിട്ടുള്ള തെളിവുകളാണ് ലഭിച്ചിരിക്കുന്നതെന്ന് ഹോഫ്മാൻ അവകാശപ്പെടുന്നു. "ഇപ്പോൾ കണ്ടെത്തിയ തിരമാലകൾ വളരെ ചെറുതാണ്" സംഘത്തിലെ ശാസ്ത്രജ്ഞയായ തോംസൺ ചിരിച്ചുകൊണ്ട് ഇത്രയും കൂടെ കൂട്ടിച്ചേർത്തു: "യുനൈറ്റഡ് സ്റ്റേറ്റിന്റെ അത്രയും."

      KH ഇൻസ്റ്റെബിലിറ്റി പരിഗണിച്ചിരുന്നത് ദ്രാവകങ്ങളുടെയും വാതകങ്ങളുടെയും കാര്യമായിരുന്നു എങ്കിൽ ഇവിടെ അത് ചാർജ്ജിത കണങ്ങളായ പ്ലാസ്മയെ കൂടി പരിഗണിക്കുകയാണ് ചെയ്യുന്നത്. സൗരസ്ഫോടനങ്ങളുടെ ഫലമായുണ്ടാകുന്ന വേഗത കൂടിയ പ്ലാസ്മാകണങ്ങളും സാധാരണയായി സൂര്യനിൽ നിന്നു പുറപ്പെടുന്ന വേഗത കുറഞ്ഞ പ്ലാസ്മ കണങ്ങളും തമ്മിലുള്ള ഘർഷണമാണ് സൗരാന്തരീക്ഷത്തിലെ ഉയർന്ന താപനിലക്കു കാരണമെന്നു കരുതുന്നു. സോളാർ പ്രോമിനൻസുകളെ കുറിച്ചും മുൻകൂട്ടി അറിയുന്നതിന് പുതിയ കണ്ടെത്തൽ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

source: NASA

2011, ജൂൺ 3, വെള്ളിയാഴ്‌ച

കുള്ളൻഗ്രഹങ്ങൾ
     കുള്ളന്മാരായിരിക്കുമോ അല്ലാത്തവരായിരിക്കുമോ കൂടുതൽ? കുള്ളന്മാരാണ് എന്നു തന്നെയാണ് ഉത്തരം. സൗരയൂഥത്തിലെ ഗ്രഹങ്ങൾക്കിടയിലാണെന്നു മാത്രം. രണ്ടായിരം കുള്ളൻ ഗ്രഹങ്ങളെയെങ്കിലും കാണുമെന്ന പ്രതീക്ഷയിലാണ് ജ്യോതിശസ്ത്രജ്ഞർ. ഗ്രഹങ്ങൾ എട്ടെണ്ണം മാത്രമല്ലെ ഉള്ളു!

     പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്നു പുറത്താക്കിയതോടെയാണ് കുള്ളൻ ഗ്രഹങ്ങളെ കുറിച്ചുള്ള ചർച്ച കൂടുതൽ സജീവമാകുന്നത്. എറിസിനെ കണ്ടെത്തിയതാണ് പ്ലൂട്ടോയെ പുറത്താക്കുന്നതിലേക്ക് നയിച്ചത്. കാരണം എറിസ് പ്ലൂട്ടോയെക്കാൾ വലുതായിരുന്നു. അതിനെ കൂടി ഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണോ എന്നായി പിന്നെ ചർച്ച. ഉൾപ്പെടുത്തിയാൽ ഇനിയും ഇത്തരത്തിലുള്ളവ കണ്ടെത്തിയാൽ എന്തു ചെയ്യും എന്നായി. എന്തു തന്നെയായാലും ഈ സംവാദങ്ങൾ ഗ്രഹങ്ങളെ കുറിച്ചുള്ള നിർവചനം കൂടുതൽ കൃത്യതയുള്ളതാക്കുന്നതിന് സഹായിച്ചു. ഗ്രഹങ്ങളെ കുറിച്ചുള്ള പുതിയ നിർവചനം രൂപം കൊണ്ടു. കുള്ളൻ ഗ്രഹം എന്നു പറഞ്ഞാൽ വലിയ ഗ്രഹങ്ങളുടെ ഒരു ചെറിയ പതിപ്പ് എന്നല്ല അർത്ഥമാക്കുന്നത്.

     ഗ്രഹങ്ങളുടെ നിർവചനം എന്താണെന്നു ആദ്യം നോക്കാം. സൂര്യനെ ഭ്രമണം ചെയ്യുന്നതും സ്വന്തം പിണ്ഡത്തിന്റെ ഗുരുത്വബലത്താൽ ഗോളാകൃതി പ്രാപിക്കാൻ ശേഷിയുള്ളതും സ്വന്തം ഉപഗ്രഹങ്ങളെയല്ലാതെ ഭ്രമണപഥത്തിൽ മറ്റു സമാനപദാർത്ഥങ്ങളെ പ്രവേശിപ്പിക്കാത്തതുമായ ബഹിരാകാശവസ്തുക്കളെ ഗ്രഹം എന്നു പറയാം. കുള്ളൻ ഗ്രഹങ്ങൾ സൂര്യനെ ഭ്രമണം ചെയ്യുന്നതായിരിക്കും. സ്വന്തം ഗുരുത്വബലത്താൽ ഗോളാകൃതി പ്രാപിക്കാൻ കഴിയുന്നതായിരിക്കും. സ്വന്തം ഭ്രമണപഥത്തിൽ സമാന പദാർത്ഥങ്ങളെ പ്രവേശിപ്പിക്കും. മറ്റൊരു ഗ്രഹത്തിന്റെ ഉപഗ്രഹമായിരിക്കില്ല. 2006ലാണ് IAU (International Astronomy Union) ഈ നിർവചനം അംഗീകരിച്ചത്.

     പ്ലൂട്ടോ, എറിസ്, മെയ്ക്ക് മെയ്ക്ക്, സിറസ്, ഹൗമി, സെഡ്ന എന്നിവയാണ് ഇതു വരെ കണ്ടെത്തിയ പ്രധാനപ്പെട്ട കുള്ളൻ ഗ്രഹങ്ങൾ. പ്ലൂട്ടോ, മെയ്ക്ക് മെയ്ക്ക്, ഹൗമി എന്നിവ കൂയിപ്പർ ബെൽറ്റിലാണ് സ്ഥിതി ചെയ്യുന്നത്. സെഡ്ന ഊർട്ട് ക്ലൗഡിലും സിറസ് ആസ്റ്ററോയ്ഡ് ബെൽറ്റിലും  എറിസ് കൂയിപ്പർ ബെൽറ്റിനിപ്പുറത്തുമാണ് സ്ഥിതിചെയ്യുന്നത്. നെപ്ട്യൂണിനുമപ്പുറത്തു സ്ഥിതിചെയ്യുന്ന കൂയിപ്പർ ബെൽറ്റിൽ ഇനിയും ധാരാളം കുള്ളൻ ഗ്രഹങ്ങളെ കണ്ടെത്താനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഇപ്പോൾ കുള്ളൻ ഗ്രഹങ്ങളെ കുറിച്ച് വളരെയധികം കാര്യങ്ങളൊന്നും അറിയില്ല. പ്ലൂട്ടോയെ കുറിച്ച് പഠിക്കാൻ 2006ൽ വിക്ഷേപിച്ച ന്യൂ ഹൊറൈസൺസിൽ നിന്നും കൂടുതൽ ലഭിച്ചേക്കാം. അതിനും 2015 വരെ കാത്തിരിക്കണം.
Get

Blogger Falling Objects