2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

ആകാശവീഥിയിലെ ജീവരേണുക്കൾ

കടപ്പാട്: മൈക്കൽ കലഹാൻ
ഭൂമിയിൽ ജീവനുണ്ടായതിനെ കുറിച്ച് എന്നും ശാസ്ത്രജ്ഞർ തമ്മിൽ തർക്കമുണ്ട്. ബഹിരാകാശശാസ്ത്രജ്ഞർ ജീവൻ ബഹിരാകാശത്തു നിന്നു വന്നു എന്നും ഭൗമശാസ്ത്രജ്ഞർ ഭൂമിയിൽ തന്നെ ജീവൻ ഉത്ഭവിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു എന്നും അതുകൊണ്ട് ഭൂമിയിലെ ജീവൻ മറ്റെവിടെ നിന്നും വന്നതല്ല എന്നും വാദിക്കുന്നു. എങ്കിലും ബഹിരാകാശ ശാസ്ത്രജ്ഞർ പ്രപഞ്ചത്തിന്റെ പലഭാഗത്തും ജീവരേണുക്കൾ കണ്ടുപിടിച്ചു കൊണ്ടേയിരിക്കുന്നു. ഇത് എന്തായാലും ജീവന്റെ സാന്നിദ്ധ്യം ഭൂമിയിൽ മാത്രമായിരിക്കില്ല എന്ന ആശയത്തെ കൂടുതൽ ശക്തമാക്കുന്നുണ്ട്.
     ഇപ്പോൾ ഇതാ പുതിയ കണ്ടെത്തലുമായി നാസയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ രംഗത്തു വന്നിരിക്കുന്നു. ആസ്ട്രേലിയയിലെ മർച്ചിസൺ എന്ന സ്ഥലത്തു നിന്നും ലഭിച്ച ഒരു ഉൽക്കാശില പരിശോധിച്ചതിൽ നിന്നാണ് പുതിയ വിവരങ്ങൾ ശാസ്ത്രജ്ഞർക്ക് ലഭിച്ചത്. 1969ൽ ഭൂമിയിൽ പതിച്ച ഈ ഉൽക്കാശിലയിൽ ഇതിനു മുമ്പും ശാസ്ത്രജ്ഞർ പഠനം നടത്തിയിരുന്നു. 2012 മേയ് മാസത്തിൽ ഇതിൽ നിന്നും മീഥൈന്റെ അംശം കണ്ടെത്തിയിരുന്നു. ഇപ്പോൾ അമിനൊ ആസിഡിന്റെ സാന്നിദ്ധ്യമാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. ജീവന്റെ അടിസ്ഥാന ഘടകമാണ് അമിനോ ആസിഡ്. ബഹിരാകാശത്തു നിന്നു വന്ന ഒരു പദാർത്ഥത്തിൽ DNAയുടെ സാന്നിദ്ധ്യം കാണുന്നുണ്ടെങ്കിൽ അതിനർത്ഥം അവിടെ എവിടെയൊക്കെയോ ജീവന്റെ സാന്നിദ്ധ്യം ഉണ്ടെന്നു തന്നെയാണ്. ഇങ്ങനെ പറയുമ്പോൾ അത് ഭൂമിയിലെ ഉയർന്ന തരം ജീവികളെ പോലെ സങ്കീർണ്ണ ഘടനയുള്ള ജീവികളെ അവിടെ കണ്ടെത്തി എന്നല്ല. മറിച്ച് ഏകകോശജീവികളെ കാണാനുള്ള സാദ്ധ്യതയുണ്ട് എന്നാണ്.
     മർച്ചിസൺ ഉൽക്കയെ പോലുള്ളവ വളരെ അപൂർവ്വമായി മാത്രമെ ഭൂമിയിൽ നിന്നും ലഭിച്ചിട്ടുള്ളു. അതുകൊണ്ടു തന്നെ ഇവ ശാസ്ത്രജ്ഞരുടെ ദൃഷ്ടിയിൽ വളരെ വിലപ്പെട്ടവയാണ്. കാർബ്ബണേഷ്യസ് കോൺട്രൈറ്റ്സ് എന്നറിയപ്പെടുന്ന ജൈവതന്മാത്രകൾ ധാരാളം അടങ്ങിയിട്ടുള്ള ഇത്തരം ഉൽക്കാശിലകൾ ഭൂമിയിൽ വളരെ കുറച്ചു മാത്രമേ കാണപ്പെടുന്നുള്ളു. മൊത്തം ഉൽക്കാശിലകളിൽ 5ശതമാനത്തിൽ താഴെ മാത്രം. ഇവ ഉപയോഗിച്ചുള്ള പഠനം ഭൂമിക്കു പുറത്തുള്ള ജീവസാന്നിദ്ധ്യത്തെ കുറിച്ചുള്ള ആശയങ്ങളെ വികസിപ്പിക്കുന്നതിന് ശാസ്ത്രജ്ഞരെ വളരെയേറെ സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഉൽക്കാശിലകൾ, ധൂമകേതുക്കൾ, ഭൗമേതര ധൂളികൾ എന്നിവയിലൂടെയാണ് ഭൂമിയിൽ ജീവനെത്തിയത് എന്ന വാദത്തെ ഉയർത്തിപ്പിടിക്കുന്നതിനും ഈ കണ്ടെത്തലുകൾ ഉപയോഗിക്കുന്നു.
     ബഹിരാകാശജീവന്റെ സത്യം പഠിക്കുന്നതിനു വേണ്ടി നിരവധി പരീക്ഷണങ്ങളും പഠനങ്ങളും ശാസ്ത്രജ്ഞർ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി രൂപം കൊണ്ടതാണ് സ്റ്റാർഡസ്റ്റ് ദൗത്യം. വൈൽഡ് 2 എന്ന ധൂമകേതുവിൽ നിന്നുള്ള ശിലാധൂളികൾ ഈ ദൗത്യത്തിന്റെ ഭാഗമായി 2006ൽ ഭൂമിയിലെത്തിച്ചു. ഇതു പോലെ തന്നെ മറ്റു ഗ്രഹങ്ങളിലും ഇത്തരം പഠനങ്ങൾ നടത്തുന്നുണ്ട്. ചൊവ്വയിൽ നിന്ന് പദാർത്ഥശകലങ്ങൾ ഭൂമിയിൽ എത്തിക്കുന്നതിനെ കുറിച്ചുള്ള ആലോചനകൾ ഗൗരവമായിതന്നെ പുരോഗമിക്കുന്നുണ്ട്. ബാഹ്യസൗരയൂഥഗ്രഹങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനെ കുറിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്. 
     ഏതായാലും വരുംകാലങ്ങളിൽ ഭൂമിക്കു പുറത്തുള്ള ജീവനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നുറപ്പിക്കാം. അതോടൊപ്പം തന്നെ ജീവൻ ഭൂമിയിൽ സ്വയംഭൂവായതാണോ പുറത്തു നിന്നു കൊണ്ടുവന്നു പ്രതിഷ്ഠിച്ചതാണോ എന്നുള്ള തർക്കവും കൂടുതൽ മുറികിയേക്കാം.

2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

ഫെബ്രുവരിയിലെ ആകാശം

ഈ മാസം 15ന് രാത്രി 8.30൹ മദ്ധ്യകേരളത്തിൽ കാണുന്ന ആകാശം
പ്രധാനസംഭവങ്ങൾ
ഫെബ്രുവരി 12:- സൂര്യൻ കുംഭം രാശിയിൽ പ്രവേശിക്കുന്നു.
ഫെബ്രുവരി 14:- പൗർണ്ണമി
ഫെബ്രുവരി 18:- ബുധൻ മീനം രാശിയിൽ പ്രവേശിക്കുന്നു.
ഫെബ്രുവരി 26:- ശുക്രൻ മകരം രാശിയിൽ പ്രവേശിക്കുന്നു.
ചരിത്രരേഖ
2003 ഫെബ്രുവരി 1: 
നാസയുടെ ബഹിരാകാശപേടകമായ കൊളംബിയ തകർന്നു.
1989 ഫെബ്രുവരി 14:
24 ജി.പി.എസ്. ഭ്രമണപഥത്തിലെത്തി.
1959 ഫെബ്രുവരി 17:
ആദ്യത്തെ കാലാവസ്ഥാനിരീക്ഷണോപഗ്രഹമായ വാൻഗ്വാർഡ്-2 വിക്ഷേപിച്ചു.
1930 ഫെബ്രുവരി 18:
പ്ലൂട്ടൊയെ കണ്ടെത്തി.
1997 ഫെബ്രുവരി 23:
മിറിൽ വൻതീപിടിത്തം.
നിരീക്ഷണം
ബുധൻ
ഈ മാസം ആദ്യവാരത്തിൽ പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യാസ്തമയത്തോടടുപ്പിച്ച് കാണാം. 15൹ സൂര്യനോടു ചേർന്നു നിൽക്കും.
ശുക്രൻ
ഈ മാസം മുഴുവൻ പ്രഭാതത്തിൽ ശുക്രനെ കാണാം. 26വരെ ധനു രാശിയിലും അതിനു ശേഷം മകരം രാശിയിലും. ഇപ്പോൾ ശുക്രനെ വളരെ തിളക്കത്തിൽ കാണുന്ന സമയമാണ്. ഫെബ്രുവരി 15൹ ആയിരിക്കും ഏറ്റവും തിളക്കത്തിൽ കാണുക--കാന്തിമാനം -4.5
ചന്ദ്രൻ
14നാണ് പൗർണ്ണമി. ഈ മാസം അമാവാസി ഇല്ല. 19൹ ചിത്തിര നക്ഷത്രത്തിനടുത്തും 21൹ പ്രഭാതത്തിൽ ശനിയുടെ അടുത്തും കാണാം. മഡഗാസ്കർ, ന്യൂസിലാന്റ്, ആസ്ട്രേലിയയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലുള്ളവർക്ക് ചന്ദ്രൻ ശനിയെ മറച്ചു കടന്നു പോകുന്നതു കാണാം. 26൹ ശുക്രനോടു ചേർന്നു കാണാം. 
ചൊവ്വ
ഈ മാസം മുഴുവനും കന്നി രാശിയിൽ കാണാം.
വ്യാഴം
ഇപ്പോൾ മിഥുനം രാശിയിൽ. ഒരു ചെറിയ ദൂരദർശിനിയുണ്ടെങ്കിൽ വ്യാഴത്തിലെ ചുവപ്പ് പൊട്ട് കാണാം.
ശനി
സൂര്യോദയത്തിനു മുമ്പ് തുലാം രാശിയിൽ കാണാം.
ഈ മാസത്തെ വാക്ക്
ആസ്റ്ററിസം
തിളക്കമേറിയ നക്ഷത്രങ്ങളെ ചേർത്തുണ്ടാക്കുന്ന പാറ്റേണുകളെ
വിശേഷിപ്പിക്കുന്ന പേര്. ചതുരം, ത്രികോണം തുടങ്ങിയ രൂപങ്ങളാകും.
ടിപ്
വളരെ തിളക്കം കുറഞ്ഞ നക്ഷത്രങ്ങളെ
കൂടി കാണുന്നതിനു വേണ്ടി
കുറച്ചു നേരം കണ്ണടച്ചു പിടിച്ചു നോക്കിയാൽ
മതി. വെളിച്ചം പരമാവധി കുറഞ്ഞ പ്രദേശമാണ്
നിരീക്ഷണത്തിനു നല്ലത് എന്നു പ്രത്യേകം
പറയേണ്ടതില്ലല്ലോ.
ഈ മാസത്തെ വീഡിയോ
 
Get

Blogger Falling Objects