2013, ഏപ്രിൽ 23, ചൊവ്വാഴ്ച

നൂറ്റാണ്ടിന്റെ വാൽനക്ഷത്രം അടുത്തു വരുന്നു.

കടപ്പാട്: നാസ
ഈ നൂറ്റാണ്ടിന്റെ വാൽനക്ഷത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വാൽനക്ഷത്രം ഐസോൺ(C/2012 S1) സൂര്യനോട് അടുത്തു വന്നുകൊണ്ടിരിക്കുന്നു. ഹബിൾ ബഹിരാകാശ ദൂരദർശിനി എടുത്ത ഐസോണിന്റെ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. 2013 ഏപ്രിൽ മാസം 10നാണ് ഇതെടുത്തത്. ഹബിളിന്റെ വൈഡ് ഫീൽഡ് കാമറ 3 ഉപയോഗിച്ചാണ് ഈ ചിത്രമെടുത്തിട്ടുള്ളത്. ഇതെടുക്കുന്ന സമയത്ത് ഐസോണിന്റെ സൂര്യനിൽ നിന്നുള്ള ദൂരം 62കോടി 10ലക്ഷം കി.മീറ്ററും ഭൂമിയിൽ നിന്നുള്ള ദൂരം 63കോടി 40ലക്ഷം കി.മീറ്ററും ആണ്. അതായത് വ്യാഴത്തെക്കാൾ അടുത്ത്.

2012 സെപ്റ്റംബർ മാസത്തിലാണ് ഐസോണിനെ കണ്ടെത്തുന്നത്. 2013 നവംബർ 28ന് ഇത് സൂര്യനോട് ഏറ്റവും അടുത്തെത്തുമ്പോൾ സൂര്യനുമായുള്ള ഇതിന്റെ അകലം 11,74,821കി.മീറ്റർ മാത്രമായിരിക്കും. സൂര്യന്റെ വ്യാസം 13,92,000കി.മീറ്ററാണ് എന്നു കൂടി ഓർക്കുക.

ഹബിൾ ചിത്രമെടുത്ത് വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പുതിയ ചില വിവരങ്ങൾ കൂടി ഐസോണിനെ കുറിച്ച് ലഭിച്ചിട്ടുണ്ട്. ശിലാശകലങ്ങളും മഞ്ഞും നിറഞ്ഞ ഇതിന്റെ കേന്ദ്രഭാഗത്തിന് 5കി.മീറ്ററിൽ കൂടുതൽ വ്യാസമുണ്ടായിരിക്കും. സൂര്യന്റെ സമീപസ്ഥമാവുമ്പോൾ സൂര്യതാപം മൂലം ഇതിലെ ലോഹീയഘടകങ്ങൾ വികസിക്കുകയും മഞ്ഞ് ബാഷ്പീകരിക്കുകയും ചെയ്യുന്നതിന്റെ ഫലമായി കോമയുടെ കുറുകെയുള്ള വലിപ്പം 5,000കി.മീറ്ററായി മാറും. അതായത് ആസ്ട്രേലിയയുടെ ഒരു മടങ്ങിലേറെ വലിപ്പം! പൊടിപടലങ്ങൾ നിറഞ്ഞ വാലിന് 92,000കി.മീറ്ററിലേറെ നീളവും!!

2013, ഏപ്രിൽ 4, വ്യാഴാഴ്‌ച

എസ്.എൻ.വിൽസൺ: ഏറ്റവും ദൃരെയുള്ള സൂപ്പർനോവ

Compass and Scale Image for SN UDS10Wil
കടപ്പാട്: ഹബ്ബിൾ സൈറ്റ്

ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി അതിന്റെ ചരിത്രത്തിൽ ഒരു പുതിയ റെക്കോർഡ് കൂടി കരസ്ഥമാക്കി. ഏറ്റവും ദൂരെയുള്ള ഒരു സൂപ്പർ നോവയെ കണ്ടെത്തിക്കൊണ്ടാണ് ഇപ്പോൾ ഹബ്ബിൾ വാർത്തയിൽ ഇടം പിടിച്ചിരിക്കുന്നത്. 1000 കോടി വർഷങ്ങൾക്കപ്പുറത്തുള്ള എസ്.എൻ. വിൽസൺ എന്ന് നാമകരണം ചെയ്തിരിക്കുന്ന SN UDS10Wilമോ സൂപ്പർനോവയെയാണ് ഇപ്പോൾ ഹബ്ബിൾ കണ്ടെത്തിയിരിക്കുന്നത്. ഇത്രയും വർഷം മുമ്പുള്ള പ്രപഞ്ചത്തെ കുറിച്ചുള്ള പഠനങ്ങളെ ഈ കണ്ടെത്തൽ സഹായിക്കും. കൂടാതെ ഇതൊരു ടൈപ്പ് 1a ഇനത്തിൽ പെട്ട സൂപ്പർനോവയായതു കൊണ്ട് പ്രപഞ്ചത്തിലെ ശ്യാമോർജ്ജത്തെ കുറിച്ചുള്ള പഠനത്തെയും ഇത് സഹായിക്കുമത്രെ. 

1382 കോടി വർഷം പ്രായം കണക്കാക്കിയിരിക്കുന്ന പ്രപഞ്ചത്തിലെ ഏറ്റവും പഴയ സൂപ്പർനോവകളെ കണ്ടെത്തുന്നതിനുള്ള ഹബ്ബിളിന്റെ ത്രിവർഷ പദ്ധതി 2010ലാണ് തുടങ്ങിയത്. ബാൾട്ടിമോറിലെ ആഡം റീസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഇതിനു നേതൃത്വം നൽകുന്നത്. അതിന്റെ ഫലങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹബ്ബിളിൽ ഘടിപ്പിച്ചിരിക്കുന്ന വൈഡ് ഫീൽഡ് 3 ക്യാമറയാണ് ഇത്രയും വിശദാംശങ്ങളുള്ള ചിത്രം ശാസ്ത്രജ്ഞർക്ക് ലഭ്യമാക്കിയത്.

പ്രപഞ്ചത്തിന്റെ വികാസനിരക്കിനെ മനസ്സിലാക്കുന്നതിൽ സൂപ്പർനോവകൾ വളരെയേറെ സഹായിക്കും. 240 കോടി വർഷങ്ങൾക്കും 1000 കോടി വർഷങ്ങൾക്കും ഇടയിലുള്ള നൂറിലേറെ സൂപ്പർനോവകളെ റീസും സംഘവും ഇതിനകം കണ്ടെത്തിക്കഴിഞ്ഞു, ഇതിൽ എസ്.എൻ.വിൽസൺ അടക്കം 8എണ്ണം ടൈപ്പ് 1എ ഇനത്തിൽ പെട്ടവയാണ്.

ഇതുവരെ കണ്ടെത്തിയവയും ഇനിയും കണ്ടെത്താനുള്ളവയുമായ സൂപ്പർനോവകൾ പ്രപഞ്ചത്തെ കുറിച്ച് കൂടുതൽ അറിവുകൾ നമുക്കു പകർന്നു നൽകും. ഇത്തരം സൂപ്പർനോവകളിലാണ് ഗ്രഹങ്ങളുടെയും ജീവന്റെയും സൃഷ്ടിക്കാവശ്യമായ ഘനമൂലകങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ടാണ് സൂപ്പർനോവകളെ കുറിച്ചുള്ള പഠനം നമ്മളെ കുറിച്ചുള്ള പഠനം കൂടിയാവുന്നത്.

2013, ഏപ്രിൽ 2, ചൊവ്വാഴ്ച

ഏപ്രിൽ മാസത്തെ ആകാശം

കേരളത്തിൽ ഈ മാസം രാത്രി 8.30ന് കാണാൻ കഴിയുന്ന ആകാശദൃശ്യം. വ്യാഴത്തെ ഇടവം രാശിയിലും ശനിയെ തുലാം രാശിയിലും കാണാം. ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി എന്നീ സൗരരാശികളും വേട്ടക്കാരൻ, സപ്തർഷിമണ്ഡലം എന്നീ പ്രധാന ഗണങ്ങളും കാണാൻ കഴിയും. ഒരു ദൂരദർശിനിയുടെ സഹായത്താൽ ഒറിയൺ നെബുലയെ കാണാൻ കഴിയും. ഗ്രീക്ക് മിഥോളജിയിൽ ഒറിയൺ ഒരു വേട്ടക്കാരനായിരുന്നുവെങ്കിൽ ബാബിലോണിയക്കാർക്ക് ഇത് സ്വർഗ്ഗത്തിലെ ആട്ടിടയനായിരുന്നു. ഋഗ്വേദത്തിൽ ഇതിനെ ഒരു മാനായാണ് കണക്കാക്കിയിരിക്കുന്നത്. ഇതിന്റെ തലയാണ് മകീര്യം അഥവാ മൃഗശീർഷം. അരപ്പട്ടയിലെ നടുവിലെ നക്ഷത്രവും മകീര്യത്തിലെ നടുവിലെ നക്ഷത്രവും കൂട്ടിവരച്ചാൽ തെക്കുവടക്കു ദിശ കൃത്യമായറിയാൻ കഴിയും. പുരാതനകാലത്ത് കപ്പൽ യാത്രക്കാരും മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന വണിക്കുകളും ദിശയറിയാൻ ഈ രീതി ഉപയോഗിച്ചിരുന്നു. തിരുവാതിരയും റീഗളുമാണിതിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രങ്ങൾ. തിരുവാതിര ഒരു ചുവപ്പുഭീമൻ നക്ഷത്രവും റീഗൽ ഒരു നീലഭീമൻ നക്ഷത്രവുമാണ്.
Get

Blogger Falling Objects