2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ഈ മാസത്തെ ആകാശം

 
2015 ആഗസ്റ്റ് 15ന് രാത്രി 8 മണിക്ക് മദ്ധ്യകേരളത്തിൽ കാണുന്ന ആകാശദൃശ്യം

അധികം കാഴ്ചകളൊന്നും ഒരുക്കി വെക്കാത്ത മാസമാണ് ആഗസ്റ്റ്. ഭൂമിയിലാണ് ഈ മാസം വസന്തം സൃഷ്ടിക്കുന്നത്. എങ്കിലും വാനനിരീക്ഷകരെ പൂർണ്ണമായും നിരാശരാക്കേണ്ട എന്നു കരുതിയാകണം മനോഹരമായ ഒരു ഉൽക്കാവർഷം ഈ മാസത്തേക്കു വേണ്ടി കരുതിവെച്ചത്.

 ഈ മാസത്തെ പ്രധാന ആകാശക്കാഴ്ച പെർസീഡ്സ് ഉൽക്കാവർഷമാണ്. ആഗസ്റ്റ് 11,12,13 തിയ്യതികളിലാണ് ഇതു കാണാനാവുക. ഈ ദിവസങ്ങളിൽ അർദ്ധരാത്രിക്കു ശേഷം പെർസ്യൂസ് നക്ഷത്രരാശിയുടെ ദിശയിൽ നിന്നും ധാരാളം ഉൽക്കകൾ വീഴുന്നത് കാണാനാകും. സ്വിഫ്റ്റ് ടട്ടിൽ എന്ന ധൂമകേതു വഴിയിലുപേക്ഷിച്ചു പോയ അവശിഷ്ടങ്ങൾ ഭൂമിയുടെ ആകർഷണവലയത്തിൽ പെടുമ്പോഴാണ് പെർസീഡ്സ് ഉൽക്കാവർഷം ഉണ്ടാവുന്നത്. ഉൽക്കാവർഷങ്ങളിൽ വളരെ മനോഹരമായ ഒന്നാണിത്. നഷ്ടപ്പെടാതെ നോക്കുക.
ശനിയൊഴികെയുള്ള ഗ്രഹങ്ങളെല്ലാം സൂര്യനോടു ചേർന്നു നിൽക്കുന്നതുകൊണ്ട് ഈ മാസം അവയെ കാണാനാവില്ല. ശനിയെ വൃശ്ചികം രാശിയിൽ കാണാനാകും.  ഒരു ദൂരദർശിനിയിൽ കൂടി നോക്കുകയാണെങ്കിൽ വലയങ്ങൾ വളരെ ഭംഗിയിൽ കാണാനാകും.

വൃശ്ചികം നക്ഷത്രരാശിയാണ് ഈ മാസം സൂര്യനസ്തമിച്ചാൽ

ആകാശത്തിനഴകേകുവാനുണ്ടാവുക. മനോഹരമായ നക്ഷത്രഗണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വൃശ്ചികം. പേരു സൂചിപ്പിക്കുന്നതു പോലെ തേളിന്റെ ആകൃതി കൃത്യമായി സങ്കൽപ്പിച്ചെടുക്കാൻ കഴിയുന്ന ഒരു ഗണമാണിത്. ഈ ഗണത്തിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമായ അന്റാറീസും അതിനപ്പുറത്തും ഇപ്പുറത്തുമുള്ള ഓരോ നക്ഷത്രങ്ങളെ കൂടി കൂട്ടിയാൽ നമ്മുടെ തൃക്കേട്ടയായി. അതിനു ശേഷം വാലറ്റം വരെയുള്ള നക്ഷത്രങ്ങളെ ചേർത്താണ് മൂലം എന്നു പറയുന്നത്. തലയിൽ കാണുന്ന അഞ്ചു നക്ഷത്രങ്ങളാണ് അനിഴം. വാലിനു തൊട്ടു വടക്കായി ബട്ടർഫ്ലയ്
ക്ലസ്റ്റർ (M6), ടോളമി ക്ലസ്റ്റർ (M7) എന്നീ ഓപ്പൺ ക്ലസ്റ്ററുകൾ ഉണ്ട്. തൃക്കേട്ടയുടെ അടുത്ത് M4, അനിഴത്തിന്റെ തെക്കുകിഴക്കായി M80 എന്നീ ഗ്ലോബുലർ ക്ലസ്റ്ററുകളും ഉണ്ട്. ഒരു ദൂരദർശിനിയുടെ സഹായത്തോടെ ഇവയെ കണ്ടെത്താനാവും.

വൃശ്ചികത്തിന്റെ വാലിലൂടെ വടക്കോട്ട് നീണ്ടുകിടക്കുന്ന ക്ഷീരപഥവും മഴക്കാറും നിലാവും ഇല്ലാത്ത ആകാശത്ത് കാണാൻ കഴിയും.

2015, ജനുവരി 8, വ്യാഴാഴ്‌ച

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ കാണാന്‍ഭൂമിയില്‍ നിന്ന് ആകാശത്തേക്കു നോക്കിയാല്‍ നമുക്ക് കാണാന്‍ കഴിയുന്ന ഏറ്റവും തിളക്കമേറിയ മനുഷ്യനിര്‍മ്മിത വസ്തുവാണ് ഐഎസ്എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഭൂമിയുടെ പരിമിതികളില്‍ നിന്നും മാറിനിന്നുകൊണ്ട് പരീക്ഷണങ്ങള്‍ നടത്താനുള്ള ഒരു വലിയ ഗവേഷണശാലയാണ് ഇത്. 1998നവംബറിലാണ് നിലയത്തിന്റെ ആദ്യഘടകം സര്യാ വിക്ഷേപിക്കപ്പെടുന്നത്. 2000 നവംബറില്‍ ആദ്യത്തെ ശാസ്ത്രസംഘം അവിടെയെത്തി. വീണ്ടും ഒരു വര്‍ഷം കൂടി വേണ്ടി വന്നു നിലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവാന്‍. 1000 മണിക്കൂറെടുത്ത 127 ബഹിരാകാശ നടത്തങ്ങള്‍ വേണ്ടി വന്നു ഇതിന്.

ഈ ദൗത്യത്തിന്റെ ആലോചനാഘട്ടത്തില്‍ തന്നെ ഇതിന്റെ വലിപ്പത്തെ കുറിച്ചും ഭൂമിയില്‍ നിന്നുള്ള കാഴ്ചയെ കുറിച്ചും ഉള്ള കൗതുകങ്ങള്‍ പങ്കുവെച്ചു തുടങ്ങി. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയകളും പ്രചാരത്തിലില്ലാത്ത ആ കാലത്തും വായിച്ചും പറഞ്ഞും ഇതു പ്രചരിച്ചു. നക്ഷത്രങ്ങള്‍ക്കിടയിലൂടെ ബഹിരാകാശ നിലയം പറന്നു പോകുന്നതു കാണാന്‍ രാത്രികളില്‍ മാനത്തേക്കു കണ്‍പാര്‍ത്തു. ഏകദേശം ശുക്രനോളം തിളക്കത്തില്‍ ആകാശത്തിലൂടെ എന്തെങ്കിലും നീങ്ങുന്നുണ്ടോ എന്നു നോക്കിയിരുന്ന രാത്രികള്‍! അറിയില്ലായിരുന്നു അന്ന് ഇതെപ്പോഴാണ് നമ്മുടെ ദൃശ്യപഥത്തിലേക്കെത്തുക എന്ന്.
എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി. ഇപ്പോള്‍ നമ്മെ സഹായിക്കാന്‍ ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളും ഫോണ്‍ അപ്ലിക്കേഷനുകളും വരിയായി നില്‍ക്കുന്നുണ്ട്. ഇവയുടെ സഹായത്താല്‍ ഉപകരണബന്ധിയല്ലാത്ത നേത്രങ്ങള്‍ കൊണ്ട് ബഹിരാകാശനിലയത്തെ കണ്ടാസ്വദിക്കാന്‍ നമുക്കാവും. ഈ ചങ്ങാതിമാരെ നമുക്ക് ചെറുതായൊന്നു പരിചയപ്പെടാം
ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് (Human Space Fligth)
നാസ പരിപാലിക്കുന്ന ഒരു സ്റ്റേഷന്‍ ട്രാക്കര്‍ ആണ് ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് http://spaceflight.nasa.gov/realdatat/tracking/index.html എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഈ വെബ് വിലാസത്തില്‍ ഇതിനെ കണ്ടെത്താം.
space-oi
ഇവിടെ ചെന്നാല്‍ ചിത്രത്തില്‍ കാണുന്നത്  പോലെ ഇപ്പോള്‍ ബഹിരാകാശനിലയം എവിടെ സ്ഥിതിചെയ്യുന്നു എന്നു കണ്ടെത്താനാകും. ഇതിന്റെ ചലനവും നിരീക്ഷിക്കാം. ഇതിന്റെ സ്ഥാനം, വേഗത എന്നിവ കണ്ടെത്താനാവും. സൈറ്റിങ് ഓപ്പര്‍ച്യൂണിറ്റീസ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സ്‌പോട്ട ദ സ്‌റ്റേഷന്റെ സൈറ്റിലെത്തും. അവിടെ വലതു വശത്തു കാണുന്ന ലോക്കേഷന്‍ ലുക്ക്അപ്പ് (location lookup)എന്ന കോളത്തില്‍ രാജ്യവും സ്ഥലവും തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്താല്‍ ആ പ്രദേശത്ത് എപ്പോള്‍, ഏതു ദിശയില്‍, എത്ര നേരം, എത്ര ഉയരത്തില്‍ കാണും തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും. കേരളത്തിലെ തിരുവനന്തപുരം മാത്രമേ ഇതില്‍ കാണാന്‍ കഴിയൂകാണാന്‍ കഴിയുന്ന പ്രദേശം ഒരു വൃത്തത്തിനുള്ളില്‍ കൊടുത്തിരിക്കും.
space02 കാണാന്‍ കഴിയുന്ന പ്രദേശം ഒരു വൃത്തത്തിനുള്ളില്‍ കൊടുത്തിരിക്കും.

ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് റിയല്‍ ഡാറ്റ (Human Space Flight real time data )
4
http://spaceflight.nasa.gov/realdata/sightings/SSapplications/Post/JavaSSOP/JavaSSOP.html ഇതിലൂടെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് റിയല്‍ ഡാറ്റ എന്ന വെബ്‌സൈറ്റിലെത്തും. ഇവിടെ നിന്ന് ഇന്‍പുട്ട് തെരഞ്ഞെടുത്ത് വലതു വശത്തു താഴെ കാണുന്ന കോളങ്ങളില്‍ ലാറ്റിറ്റിയൂഡ്, ലോംഗിറ്റിയൂഡ്, പ്രാദേശികസമയവുമായുള്ള വ്യത്യാസം 5.30 എന്നിവ കൊടുക്കുക. എന്നിട്ട് next sighting ക്ലിക്ക് ചെയ്താല്‍ അടുത്ത് നമ്മുടെ കാഴ്ചയില്‍ വരുന്ന ദിവസവും സമയവും ലഭിക്കും.
Astro viewer
മറ്റൊരു വെബ്‌സൈറ്റാണ് Astro viewer. http://iss.astro viewerviewer.net/ ഈ ലിങ്കിലൂടെ ഇവിടെയെത്താം. ബഹിരാകാശ നിലയത്തിലിരുന്ന് യാത്രികര്‍ കാണുന്ന ഭൂദൃശ്യമായിരിക്കും ഇതില്‍ ആദ്യം തെളിയുക.
5അതിലൂടെ തന്നെ നിലയം ഇപ്പോള്‍ എവിടെയാണ് എന്നു മനസ്സിലാക്കാംഒബ്‌സര്‍വേഷന്‍ എന്ന ലിങ്കില്‍ പോയി മുകളില്‍ വലതു ഭാഗത്തുള്ള കോളത്തില്‍ നമ്മുടെ അടുത്തുള്ള പ്രധാനപ്പെട്ട ഒരു സ്ഥലത്തിന്റെ പേരു കൊടുത്ത് സെര്‍ച്ചു ചെയ്താല്‍ ആ പ്രദേശത്ത് ബഹിരാകാശനിലയം എന്ന്എപ്പോള്‍ കാഴ്ചവട്ടത്തില്‍ വരും എന്നുള്ള വിവരം ലഭിക്കും.
6
ISS detector
ISS detector എന്ന ആന്‍ഡ്രോയ്ഡ് ആപ്പും ഇപ്പോള്‍ ലഭ്യമാണ്. പ്ലേസ്റ്റോറില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാം(https://play.google.com/store/apps/details?id=com.runar.issdetector&hl=en). സെറ്റിംഗ്‌സില്‍ പോയി ലൊക്കേഷന്‍ സെറ്റ് ചെയ്യുക. എന്നിട്ട് എടുത്തു നോക്കിയാല്‍ ഇനി എന്നാണ് നമ്മുടെ ദൃശ്യപഥത്തില്‍ ബഹിരാകാശ നിലയം പ്രത്യക്ഷപ്പെടുക എന്നും ഇപ്പോഴുള്ള അതിന്റെ സ്ഥാനവും മറ്റും വിശദമായി തന്നെ ലഭ്യമാവും.

2014, ഓഗസ്റ്റ് 2, ശനിയാഴ്‌ച

ആഗസ്റ്റിലെ ആകാശം


പത്താം തിയ്യതിയാണ്  ഈ മാസത്തെ പൗർണ്ണമി. ഈ വർഷത്തിൽ ചന്ദ്രനെ ഏറ്റവും കൂടുതൽ വലിപ്പത്തിൽ കാണുന്നത് ഈ മാസത്തെ പൗർണ്ണമിയിലാണ്. അപ്പോൾ ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം ഏകദേശം 3,60,000കി.മീറ്റർ ആയിരിക്കും. തുടർന്നു വരുന്ന ദിവസങ്ങളിൽ, ആകാശം തെളിഞ്ഞതാണെങ്കിൽ മനോഹരമായ നക്ഷത്രമഴ ആസ്വദിക്കാം. 11,12,13 ദിവസങ്ങളിലാണ് പെർസീഡ്സ് ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തുക. ഏറ്റവും കൂടുതൽ കൊള്ളിമീനുകൾ വീഴുന്ന ഉൽക്കാവർഷം എന്ന നിലയിൽ പ്രസിദ്ധമാണ് പെർസീഡ്സ് ഉൽക്കാവർഷം. സ്വിഫ്റ്റ് ടട്ടിൽ ധൂമകേതുവിന്റെ അവശിഷ്ടങ്ങൾക്കരികിലൂടെ ഭൂമി കടന്നു പോകുമ്പോഴാണ് ഇതു സംഭവിക്കുന്നത്. പെർസ്യൂസ് നക്ഷത്രഗണത്തിന്റെ ദിശയിൽ നിന്നാണ് കൊള്ളിമീനുകൾ പറന്നുവീഴുക. പൗർണ്ണമിയോടടുത്ത ദിവസങ്ങളിലായതുകൊണ്ട് ഇതിന്റെ ഭംഗി പൂർണ്ണതോതിൽ ആസ്വദിക്കാൻ കഴിയാതെ വരും.
     മറ്റൊരു മനോഹരമായ ആകാശക്കാഴ്ച കാത്തിരിക്കുന്നത് ആഗസ്റ്റ് 18൹ പ്രഭാതത്തിലാണ്. തിളക്കമേറിയ രണ്ടു ഗ്രഹങ്ങൾ--ശുക്രനും വ്യാഴവും-- അര ഡിഗ്രി അടുത്തു നിൽക്കുന്ന കാഴ്ച അന്നു കാണാൻ കഴിയും. അതിവിദൂരങ്ങളിലായിരിക്കുമ്പോൾ തന്നെ തോളോടുതോൾ ചേർന്നു നിൽക്കുന്ന അപൂർവ്വദൃശ്യം! ഒരു ദൂരദർശിനി കൂടിയുണ്ടെങ്കിൽ ഇവക്കരികിലായി ബീഹിവ് ക്ലസ്റ്ററിനെയും കാണാം.
     സന്ധ്യാകാശത്ത് പടിഞ്ഞാറു ഭാഗത്ത് ചൊവ്വയും ശനിയും തിളങ്ങി നിൽക്കും. 11 മണിവരെ ചൊവ്വയും 11.30മണിവരെ ശനിയും ആകാശത്തുണ്ടാവും. ചൊവ്വക്കു കുറച്ചു പടിഞ്ഞാറു ഭാഗത്തായി നീലമാണിക്യമായി ചിത്ര നക്ഷത്രയും കാണാം.
     25നാണ് അമാവാസി. ക്ഷീരപഥത്തിന്റെ മനോഹാരിത ഈ  മാസത്തിലും നമ്മെ സന്തോഷിപ്പിക്കും.

2014, ഏപ്രിൽ 23, ബുധനാഴ്‌ച

സൗരയൂഥേതരഗ്രഹങ്ങളുടെ രുചിയറിയാൻ നെസ്സി ഒരുങ്ങുന്നു

കടപ്പാട്: JPL നാസ
സൗരയൂഥേതരഗ്രഹങ്ങളെ കുറിച്ചുള്ള അന്വേഷണം ഇന്ന് വളരെയേറെ താൽപര്യം ജനിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മേഖലയായി മാറിയിരിക്കുന്നു. അവിടെയെവിടെങ്കിലും ജീവനുണ്ടായിരിക്കുമോ എന്നതാണ് നമ്മുടെ ജിജ്ഞാസയുടെ അടിത്തറ. പക്ഷെ ഈ കാര്യത്തിൽ കൂടുതെലെന്തെങ്കിലും പറയാൻ ശാസ്ത്രജ്ഞർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. മാതൃനക്ഷത്രവുമായുള്ള അകലവും നക്ഷത്രത്തിന്റെ താപനിലയും വെച്ച് ഈ ഗ്രഹങ്ങൾ ജീവസാധ്യമേഖലയിലാണോ എന്നു മാത്രമേ പരമാവധി പറയാൻ കഴിയുകയുള്ളു. ഗ്രഹം ജീവസാധ്യമേഖലയിലാണ് എന്നതിനർത്ഥം അവിടെ ജീവൻ ഉണ്ടാവാൻ സാധ്യതയുണ്ട് എന്നല്ല; അവിടെ ദ്രവജലം ഉണ്ടാവാൻ സാധ്യതയുണ്ട് എന്നു മാത്രമാണ്. കൂടുതൽ കാര്യങ്ങളറിയണമെങ്കിൽ ആ ഗ്രഹത്തിന്റെ അന്തരീക്ഷത്തെ കുറിച്ചും രാസഘടനയെ കുറിച്ചുമെല്ലാം അറിയേണ്ടതുണ്ട്. ഇതു വരെയും അതിനുള്ള സൗകര്യങ്ങൾ നമുക്കു ലഭ്യമായിരുന്നില്ല.
     എന്നാൽ ഇപ്പോൾ അതും സാധ്യമാണ് അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ പറയുന്നു. സൗരയൂഥേതരഗ്രഹത്തെന്റെ അന്തരീക്ഷത്തെയും രാസഘടയെയും പറ്റി പഠിക്കുന്നതിനു സഹായിയ്ക്കുന്ന ഒരു ദൂരദർശിനി ദ ന്യൂമെക്സിക്കോ ഇൻസ്റ്റിട്യൂട്ട് ഓഫ് മൈനിങ് ആന്റ് ടെക്നോളജിയുടെ നേതൃത്വത്തിൽ പ്രവർത്തനക്ഷമമായിരിക്കുന്നു. അമേരിക്കയിലെ ഒരു സംസ്ഥാനമായ ന്യൂമെക്സിക്കോയിലെ സൊക്കോറോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന മഗ്ദലെനാ റിഡ്ജ് ഒബ്സർവേറ്ററിയിലാണ് നെസ്സി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന The New Mexico Exoplanet Spectroscopic Survey Instrument സ്ഥാപിച്ചിട്ടുള്ളത്.
     നാസയുടെ EPSCoR (Experimental Program to Stimulate Competitive Research)ഉം New Mexico Institute of Mining and Technologyഉം സംയുക്തമായാണ്ഈ ദൂരദർശിനി പ്രവർത്തിപ്പിക്കുന്നത്. 2014 ഏപ്രിൽ 3൹ ഇതിന്റെ ആദ്യനിരീക്ഷണം നടന്നു. മിഥുനം നക്ഷത്രരാശിയിലെ പോളക്സിനെയും ബൂഒട്ടിസ് നക്ഷത്രരാശിയിലെ ആർക്ടറസിനെയും നിരീക്ഷിച്ചാണ് ഇതിന്റെ പ്രവർത്തനമികവ് പരിശോധിച്ചത്.
     സൂപ്പർ എർത്ത്, ഹോട്ട് ജൂപ്പിറ്റർ വിഭാഗങ്ങളിൽ പെടുന്ന നൂറോളം സൗരയൂഥേതരഗ്രഹങ്ങളെയാണ് നെസ്സി ലക്ഷ്യമിടുന്നത്. സൗരയൂഥേതരഗ്രഹങ്ങളുടെ അന്തരീക്ഷത്തെ പഠിക്കുന്നതിനു വേണ്ടി ഭൂമിയിൽ ഉറപ്പിച്ചിട്ടുള്ള ദൂരദർശിനികളിൽ ആദ്യത്തേതാണ് നെസ്സി. സ്പിറ്റ്സർ, ഹബിൾ എന്നിവയെ പോലെ ട്രാൻസിറ്റ് സ്പെക്ട്രോസ്കോപി ഉപയോഗിച്ചാണ് നെസ്സിയും പ്രവർത്തിക്കുന്നത്. ബഹിരാകാശ ദൂരദർശിനികളെ അപേക്ഷിച്ച് ഭൂമിയിൽ നിന്നു പ്രവർത്തിക്കുന്ന നെസ്സി ഭൂമിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ നേരിടേണ്ടതുണ്ട്. നെസ്സി നേരിടുന്ന മറ്റൊരു വെല്ലുവിളി സൗരയൂഥേതരഗ്രഹങ്ങളിൽ നിന്നും കിട്ടുന്ന വിവരങ്ങളുടെ ദൗർലഭ്യമാണ്. മാതൃനക്ഷത്രങ്ങളിൽ നിന്നും കിട്ടുന്ന സിഗ്നലുകളുടെ ആയിരത്തിലൊരംശം സിഗ്നലുകൾ മാത്രമാണ് ഗ്രഹങ്ങളിൽ നിന്നും കിട്ടുക. ഇതിൽ നിന്നു വേണം അവയുടെ രാസഘടനയും അന്തരീക്ഷഘടനയും മനസ്സിലാക്കാൻ. അതേസമയം തന്നെ ബഹിരാകാശദൂരദർശിനികളെ അപേക്ഷിച്ച് ചില മെച്ചങ്ങളും ഭൂമിയിലെ ദൂരദർശിനികൾക്കുണ്ട്. ഒന്നാമതായി ഇവയുടെ നിർമ്മാണച്ചിലവ് താരതമ്യേന കുറവാണ് എന്നതാണ്. മറ്റൊന്ന് മെച്ചപ്പെടുത്തലുകൾ ബഹിരാകാശ ദൂരദർശിനികളുടെതിനെക്കാൾ കൂടുതൽ എളുപ്പവും ചെലവു കുറഞ്ഞതുമാണ്.
     പൂർണ്ണചന്ദ്രന്റെ പകുതി വലിപ്പമുള്ള ആകാശസ്ഥലം ഒരു സമയത്ത് സ്കാൻ ചെയ്യാൻ നെസ്സിക്കു കഴിയും. ഇത് ഒന്നിൽ കൂടുതൽ നക്ഷത്രങ്ങളെ ഒരേ സമയത്ത് നിരീക്ഷിക്കാൻ സഹായിക്കും. ഇൻഫ്രാറെഡ് വരെ വ്യത്യസ്ഥ തരംഗദൈർഘ്യത്തിലുള്ള പ്രകാശരശ്മികളെ വിശകലനം ചെയ്യാൻ നെസ്സിക്കാവും. ഇത് ഒരേസമയം തന്നെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനു സഹായിക്കും.
     കാത്തിരിക്കാം നെസ്സി നൽകാൻ പോകുന്ന പ്രപഞ്ചാത്ഭുതങ്ങൾക്കായി........

2014, ഏപ്രിൽ 19, ശനിയാഴ്‌ച

അവിടെയെങ്ങാനുമുണ്ടാവുമോ ഒരു ജീവബിന്ദു?

കടപ്പാട്: നാസ
 കെപ്ലർ ഇപ്പോഴും അലയുകയാണ് ഭൂമിക്ക് ഒരു കൂട്ടുകാരിയെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിൽ! പ്രകാശദൂരങ്ങളിലെവിടെയെങ്കിലും അത്തരമൊരു ഗ്രഹത്തെ കണ്ടെത്തുന്നതിനു വേണ്ടിയാണ് 2009ൽ കെപ്ലർ ബഹിരാകാശ ദൗത്യത്തിനു തുടക്കം കുറിച്ചത്. ഭൂമിയെ പോലെ ഉറച്ച പ്രതലമുള്ള ഒഴുകുന്ന ജലവും പ്രാണവായുവുമുള്ള ജീവനു നിലനിൽക്കാൻ ഉറച്ച പിൻബലം നൽകുന്ന അന്തരീക്ഷവും കാലാവസ്ഥയുമുള്ള ഒരു ഗ്രഹത്തെയാണ് കെപ്ലർ ബഹിരാകാശപേടകം പ്രതീക്ഷിക്കുന്നത്. ഒരു പക്ഷെ കണ്ടെത്താനായില്ലെങ്കിലും അതിനടുത്തേക്കുള്ള ദൂരം കുറെയെങ്കിലും പിന്നിടാനായാൽ അതുതന്നെ ജന്മസാഫല്യം! പിറകെ വരുന്ന ജയിംസ് വെബ് ദൂരദർശിനി പോലുള്ള കേമന്മാർക്ക് അവിടന്നങ്ങോട്ടുള്ള ദൂരം താണ്ടിയാൽ മതിയല്ലോ. ഇതാ ഇപ്പോൾ ഒരു ചുവടുകൂടി കെപ്ലർ മുന്നോട്ടു വെച്ചിരിക്കുന്നു.
     ഭൂമിയിൽ ഏകദേശം 500 പ്രകാശവർഷങ്ങൾക്ക് അകലെ ജായര നക്ഷത്രരാശിയിലെ കെപ്ലർ 186 എന്ന ഗ്രഹവ്യവസ്ഥയിലാണ് കെപ്ലർ ബഹിരാകാശ പേടകം വലിപ്പം കൊണ്ട് ഭൂമിയെ പോലെയുള്ളതും ജീവസാധ്യമേഖലയിൽ സ്ഥിതിചെയ്യുന്നതുമായ ഒരു ഗ്രഹത്തെ കണ്ടെത്തിയിട്ടുള്ളത്. ഈ ഗ്രഹവ്യവസ്ഥയിൽ കെപ്ലർ-186b, കെപ്ലർ-186c, കെപ്ലർ-186d, കെപ്ലർ-186e, കെപ്ലർ-186f എന്നിങ്ങനെ അഞ്ചു ഗ്രഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഏറ്റവും പുറമെ കിടക്കുന്ന കെപ്ലർ-186f എന്ന ഗ്രഹമാണ് ഭൂസമാന സ്വഭാവം കാണിക്കുന്നത്.
     ഇതിനു മുമ്പും ഭൂമിയുടെ വലിപ്പമുള്ള ഗ്രഹങ്ങളെയും ജീവസാധ്യമേഖലയിലുള്ള ഗ്രഹങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ജീവസാധ്യമേഖലയിലുള്ള ഭൂസമാനഗ്രഹങ്ങളെ കണ്ടെത്തുന്നത് ആദ്യമായാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇതിൽ ജീവൻ ഉണ്ട് എന്നതിനോ ജീവൻ സാധ്യമാണ് എന്നതിനോ ഉള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വലിപ്പം കൊണ്ട് ഭൂമിയോളമെന്നും അതിന്റെ മാതൃനക്ഷത്രത്തിൽ നിന്നും ദ്രവജലം ഉണ്ടാവാൻ സാധ്യതയുള്ള അകലത്തിലാണ് സ്ഥിതിചെയ്യുന്നത് എന്നും മാത്രമാണ് ഇതിനർത്ഥം. ഇതിന്റെ രാസഘടന എന്താണെന്നോ അന്തരീക്ഷം എങ്ങനെയുള്ളതാണെന്നോ തുടങ്ങിയ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല.
    ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തെയാണ് കെപ്ലർ-186f എന്ന ഗ്രഹം ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നത്. 130 ഭൗമദിനങ്ങൾ വേണം ഇതിനെ മാതൃനക്ഷത്രത്തെ ഒന്നു ചുറ്റിവരാൻ. ഭൂമിക്ക് സൂര്യൻ നൽകുന്നതിന്റെ മൂന്നിലൊന്ന് ഊർജ്ജം മാത്രമാണ് ഇതിന്റെ നക്ഷത്രം ഈ ഗ്രഹത്തിനു നൽകുന്നത്. കെപ്ലർ-186fന്റെ നട്ടുച്ച നേരത്ത് അതിന്റെ നക്ഷത്രത്തിന്റെ തിളക്കം നമ്മുടെ അസ്തമയ സൂര്യന്റെ പ്രഭയോളം മാത്രമേ ഉണ്ടാവുകയുള്ളുവത്രെ!
     ഇതുവരെ കണ്ടെത്തിയ ഗ്രഹങ്ങളെ കുറിച്ചൊന്നും വളരെ വിവരങ്ങളൊന്നും നമുക്കറിഞ്ഞുകൂടാ. അവയുടെ ഏകദേശ വലിപ്പവും മാതൃനക്ഷത്രത്തിൽ നിന്നുള്ള ഏകദേശദൂരവുമൊക്കെയാണ് നമുക്ക് പ്രധാനമായും അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഇനി ഭൂമിയെ പോലെതന്നെയുള്ള ഒരു ഗ്രഹത്തെ കണ്ടെത്തുന്നതിനു വേണ്ടിയായിരിക്കും കൂടുതൽ അന്വേഷണങ്ങൾ നടക്കുക. നമ്മുടെ സൂര്യനെ പോലെയുള്ള നക്ഷത്രങ്ങളെയും ഭൂമിയോളം അകലത്തിൽ അതിനെ ഭ്രമണം ചെയ്യുന്ന ഭൂമിയെ പോലെയുള്ള ഗ്രഹങ്ങളെയും കണ്ടെത്തുന്നതിനായിരിക്കും ഇനി പ്രാമുഖ്യം കിട്ടുക. എന്നിട്ടതിന്റെ രാസഘടനയും ഭൗതിക സവിശേഷതകളും പഠിക്കും. കാത്തിരിക്കാം ആ കാലത്തിനു വേണ്ടി. അതിൽ നിന്നു കിട്ടുന്ന പുതിയ അറിവുകൾക്കു വേണ്ടി. പുതിയ ജിജ്ഞാസകൾക്കു വേണ്ടി....
 കടപ്പാട്: നാസ സയൻസ് ന്യൂസ്

2014, ഏപ്രിൽ 4, വെള്ളിയാഴ്‌ച

എൻസിലാഡസിലെ സമുദ്രം

കടപ്പാട്: ESA
എൻസിലാഡസ് അതിലെ ജലസാന്നിദ്ധ്യം കൊണ്ട് ജ്യോതിശാസ്ത്രജ്ഞർക്ക് വളരെയധികം താൽപര്യം ജനിപ്പിച്ചു കഴിഞ്ഞു. സോഡിയം ക്ലോറൈഡിന്റെയും ജൈവകണങ്ങളുടെയും സാന്നിദ്ധ്യം ഈ താൽപര്യത്തെ കൂടുതൽ വർദ്ധിപ്പിക്കുന്നു. ഇപ്പോൾ ഇതാ കാസിനി ബഹിരാകാശ പേടകത്തിൽ നിന്നും കിട്ടിയ പുതിയ വിവരങ്ങൾ ഇവരെ കൂടുതൽ കൂടുതൽ ആവേശം കൊള്ളിക്കുന്നു. ഭൂമിക്കു പുറത്ത് ആദ്യമായി ഏകകോശജീവികളെ കണ്ടെത്താൻ കഴിയുന്നത് ഇവിടെയായിരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
     1789 ആഗസ്റ്റ് 28നാണ് ഫ്രെഡറിക് വില്യം ഹെർഷൽ ആദ്യമായി എൻസിലാഡസിനെ കണ്ടെത്തുന്നത്. അദ്ദേഹം തന്നെ നിർമ്മിച്ച 1.2മീറ്റർ ദൂരദർശിനിയിലൂടെ അദ്ദേഹം ആദ്യമായി നിരീക്ഷിച്ച് കണ്ടെത്തിയ ബഹിരാകാശ വസ്തുവാണ് എൻസിലാഡസ്. അന്നത്തെ ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനിയായിരുന്നു ഇത്. യഥാർത്ഥത്തിൽ അദ്ദേഹം ഇതിനെ 1787ൽ തന്നെ കണ്ടിരുന്നുവെങ്കിലും അന്നുപയോഗിച്ചിരുന്ന 16.5സെ.മീ. ദൂരദർശിനി ഉപയോഗിച്ച് ഇത് ശനിയുടെ ഒരു ഉപഗ്രഹമാണ് എന്ന് ഉറപ്പിച്ചു പറയാൻ കഴിഞ്ഞില്ല. 
     പിന്നീട് വോയേജർ ദൗത്യം മുതൽ നിരവധി പേടകങ്ങളിലൂടെയും ദൂരദർശിനികളിലൂടെയും എൻസിലാഡസിനെ കൂടുതൽ അറിയാൻ തുടങ്ങിയപ്പോൾ അതിന്റെ മുകളിലുള്ള കൗതുകം വർദ്ധിച്ചു വരാൻ തുടങ്ങി. വെറും 505കി.മീറ്റർ മാത്രമാണ് ഇതിന്റെ വ്യാസം. നമ്മുടെ ചന്ദ്രന്റെ വ്യാസത്തിന്റെ ഏഴിലൊന്നു മാത്രം! പക്ഷെ ചന്ദ്രനിൽ നിന്നു വ്യത്യസ്തമായി ഇത് വലിയൊരു ജലകുംഭമാണ്. പുറത്തുള്ള ഘനീഭവിച്ച മഞ്ഞുകട്ടകൾക്കു താഴെ 10കി.മീറ്റർ വരെ ആഴമുള്ള സമുദ്രങ്ങളാണ് ഈ കുഞ്ഞൻഗോളത്തിലുള്ളത്. എൻസിലാഡസിന്റെ ദക്ഷിണാർദ്ധഗോളം ഈ സമുദ്രങ്ങളെ കൊണ്ട് പൂരിതമാണ് എന്നാണ് കരുതപ്പെടുന്നത്.
     2005ൽ തന്നെ കാസ്സിനി അയച്ചു തന്ന ചിത്രങ്ങളിൽ നിന്ന് അവിടെ ദ്രവരൂപത്തിലുള്ള ജലം ഉണ്ടെന്ന് ശാസ്ത്രജ്ഞർ അനുമാനിച്ചിരുന്നു. പിന്നീട് അവിടെ വലിയതോതിലുള്ള ജലൽശേഖരമുണ്ടാവാമെന്നതിനുള്ള തെളിവുകളും ലഭിച്ചു. പുതിയ തെളിവുകൾ ഇത് കൂടുതൽ ഉറപ്പിക്കുകയും ജലത്തിന്റെ അളവ് മുമ്പ് കരുതിയിരുന്നതിനെക്കാൾ കൂടുതലായിരിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. എൻസിലാഡസിനടുത്തു കൂടെ കാസിനി കടന്നു പോകുമ്പോൾ ഉണ്ടാകുന്ന പ്രവേഗവ്യതിയാനമാണ് ശാസ്ത്രജ്ഞരെ കൂടുതൽ കാര്യങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. ഇതുവരെയായി 19 പ്രാവശ്യമാണ് കാസിനി എൻസിലാഡസിനു സമീപത്തുകൂടി കടന്നു പോയത്.
     30മുതൽ 40വരെ കി.മീറ്റർ വരെ കനമുള്ള ഐസ്‌കട്ടളാൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന ഈ ജലശേഖരത്തിൽ അടങ്ങിയിരിക്കുന്ന ജീവന്റെ ഏകകോശരൂപങ്ങളെ കുറിച്ചുള്ള വിവരങ്ങളും വരും ദിവസങ്ങളിൽ നമ്മെ തേടിയെത്തുമെന്ന് പ്രതീക്ഷിക്കാം.

2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

ആകാശവീഥിയിലെ ജീവരേണുക്കൾ

കടപ്പാട്: മൈക്കൽ കലഹാൻ
ഭൂമിയിൽ ജീവനുണ്ടായതിനെ കുറിച്ച് എന്നും ശാസ്ത്രജ്ഞർ തമ്മിൽ തർക്കമുണ്ട്. ബഹിരാകാശശാസ്ത്രജ്ഞർ ജീവൻ ബഹിരാകാശത്തു നിന്നു വന്നു എന്നും ഭൗമശാസ്ത്രജ്ഞർ ഭൂമിയിൽ തന്നെ ജീവൻ ഉത്ഭവിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു എന്നും അതുകൊണ്ട് ഭൂമിയിലെ ജീവൻ മറ്റെവിടെ നിന്നും വന്നതല്ല എന്നും വാദിക്കുന്നു. എങ്കിലും ബഹിരാകാശ ശാസ്ത്രജ്ഞർ പ്രപഞ്ചത്തിന്റെ പലഭാഗത്തും ജീവരേണുക്കൾ കണ്ടുപിടിച്ചു കൊണ്ടേയിരിക്കുന്നു. ഇത് എന്തായാലും ജീവന്റെ സാന്നിദ്ധ്യം ഭൂമിയിൽ മാത്രമായിരിക്കില്ല എന്ന ആശയത്തെ കൂടുതൽ ശക്തമാക്കുന്നുണ്ട്.
     ഇപ്പോൾ ഇതാ പുതിയ കണ്ടെത്തലുമായി നാസയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ രംഗത്തു വന്നിരിക്കുന്നു. ആസ്ട്രേലിയയിലെ മർച്ചിസൺ എന്ന സ്ഥലത്തു നിന്നും ലഭിച്ച ഒരു ഉൽക്കാശില പരിശോധിച്ചതിൽ നിന്നാണ് പുതിയ വിവരങ്ങൾ ശാസ്ത്രജ്ഞർക്ക് ലഭിച്ചത്. 1969ൽ ഭൂമിയിൽ പതിച്ച ഈ ഉൽക്കാശിലയിൽ ഇതിനു മുമ്പും ശാസ്ത്രജ്ഞർ പഠനം നടത്തിയിരുന്നു. 2012 മേയ് മാസത്തിൽ ഇതിൽ നിന്നും മീഥൈന്റെ അംശം കണ്ടെത്തിയിരുന്നു. ഇപ്പോൾ അമിനൊ ആസിഡിന്റെ സാന്നിദ്ധ്യമാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. ജീവന്റെ അടിസ്ഥാന ഘടകമാണ് അമിനോ ആസിഡ്. ബഹിരാകാശത്തു നിന്നു വന്ന ഒരു പദാർത്ഥത്തിൽ DNAയുടെ സാന്നിദ്ധ്യം കാണുന്നുണ്ടെങ്കിൽ അതിനർത്ഥം അവിടെ എവിടെയൊക്കെയോ ജീവന്റെ സാന്നിദ്ധ്യം ഉണ്ടെന്നു തന്നെയാണ്. ഇങ്ങനെ പറയുമ്പോൾ അത് ഭൂമിയിലെ ഉയർന്ന തരം ജീവികളെ പോലെ സങ്കീർണ്ണ ഘടനയുള്ള ജീവികളെ അവിടെ കണ്ടെത്തി എന്നല്ല. മറിച്ച് ഏകകോശജീവികളെ കാണാനുള്ള സാദ്ധ്യതയുണ്ട് എന്നാണ്.
     മർച്ചിസൺ ഉൽക്കയെ പോലുള്ളവ വളരെ അപൂർവ്വമായി മാത്രമെ ഭൂമിയിൽ നിന്നും ലഭിച്ചിട്ടുള്ളു. അതുകൊണ്ടു തന്നെ ഇവ ശാസ്ത്രജ്ഞരുടെ ദൃഷ്ടിയിൽ വളരെ വിലപ്പെട്ടവയാണ്. കാർബ്ബണേഷ്യസ് കോൺട്രൈറ്റ്സ് എന്നറിയപ്പെടുന്ന ജൈവതന്മാത്രകൾ ധാരാളം അടങ്ങിയിട്ടുള്ള ഇത്തരം ഉൽക്കാശിലകൾ ഭൂമിയിൽ വളരെ കുറച്ചു മാത്രമേ കാണപ്പെടുന്നുള്ളു. മൊത്തം ഉൽക്കാശിലകളിൽ 5ശതമാനത്തിൽ താഴെ മാത്രം. ഇവ ഉപയോഗിച്ചുള്ള പഠനം ഭൂമിക്കു പുറത്തുള്ള ജീവസാന്നിദ്ധ്യത്തെ കുറിച്ചുള്ള ആശയങ്ങളെ വികസിപ്പിക്കുന്നതിന് ശാസ്ത്രജ്ഞരെ വളരെയേറെ സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഉൽക്കാശിലകൾ, ധൂമകേതുക്കൾ, ഭൗമേതര ധൂളികൾ എന്നിവയിലൂടെയാണ് ഭൂമിയിൽ ജീവനെത്തിയത് എന്ന വാദത്തെ ഉയർത്തിപ്പിടിക്കുന്നതിനും ഈ കണ്ടെത്തലുകൾ ഉപയോഗിക്കുന്നു.
     ബഹിരാകാശജീവന്റെ സത്യം പഠിക്കുന്നതിനു വേണ്ടി നിരവധി പരീക്ഷണങ്ങളും പഠനങ്ങളും ശാസ്ത്രജ്ഞർ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി രൂപം കൊണ്ടതാണ് സ്റ്റാർഡസ്റ്റ് ദൗത്യം. വൈൽഡ് 2 എന്ന ധൂമകേതുവിൽ നിന്നുള്ള ശിലാധൂളികൾ ഈ ദൗത്യത്തിന്റെ ഭാഗമായി 2006ൽ ഭൂമിയിലെത്തിച്ചു. ഇതു പോലെ തന്നെ മറ്റു ഗ്രഹങ്ങളിലും ഇത്തരം പഠനങ്ങൾ നടത്തുന്നുണ്ട്. ചൊവ്വയിൽ നിന്ന് പദാർത്ഥശകലങ്ങൾ ഭൂമിയിൽ എത്തിക്കുന്നതിനെ കുറിച്ചുള്ള ആലോചനകൾ ഗൗരവമായിതന്നെ പുരോഗമിക്കുന്നുണ്ട്. ബാഹ്യസൗരയൂഥഗ്രഹങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനെ കുറിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്. 
     ഏതായാലും വരുംകാലങ്ങളിൽ ഭൂമിക്കു പുറത്തുള്ള ജീവനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നുറപ്പിക്കാം. അതോടൊപ്പം തന്നെ ജീവൻ ഭൂമിയിൽ സ്വയംഭൂവായതാണോ പുറത്തു നിന്നു കൊണ്ടുവന്നു പ്രതിഷ്ഠിച്ചതാണോ എന്നുള്ള തർക്കവും കൂടുതൽ മുറികിയേക്കാം.
Get

Blogger Falling Objects