2011, ഡിസംബർ 1, വ്യാഴാഴ്‌ച

2011, നവംബർ 25, വെള്ളിയാഴ്‌ച

ജീവരേണുക്കൾ തേടി ചൊവ്വയിലേക്കു വീണ്ടുംഇരുപത്തിയാറാം തിയ്യതി നാസയുടെ പുതിയ ചൊവ്വാ പര്യവേക്ഷണപേടകമായ ക്യൂറിയോസിറ്റി ഭൂമിയിൽ നിന്നും കുതിക്കും. ചൊവ്വയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുകയാണ് ലക്ഷ്യം. പ്രത്യേകിച്ച് അവിടെ ജീവന്റെ തരികൾ വല്ലതും കിടപ്പുണ്ടോ എന്ന്. ചൊവ്വജീവികളെ കുറിച്ചുള്ള കഥകൾ ഒരു കാലത്ത് ധാരാളമായി ഇറങ്ങിയിരുന്നു. ചൊവ്വയിലെ ചാലുകൾ കണ്ടെത്തിയതായി വന്ന വാർത്തയായിരുന്നു ഈ കഥകൾക്ക് കാരണമായത്. ഈ ചാലുകളിലൂടെ വെള്ളമൊഴുകുന്നുണ്ടെന്നും അവിടെ മനുഷ്യരെക്കാൾ വികസിച്ച ജീവികൾ ഉണ്ടെന്നും അവർ കൃഷി ചെയ്യുന്നുണ്ടെന്നുമെല്ലാം ആ കാലങ്ങളിൽ പ്രചരിച്ചു. ഭൂമിയെ അക്രമിക്കാൻ വരുന്ന ചൊവ്വാ ജീവികളെ കുറിച്ചും കഥകളുണ്ടാക്കി. പക്ഷെ ഇപ്പോൾ നമുക്കറിയാം ഇതെല്ലാം വെറും കഥകളാണെന്ന്. പിന്നെ എന്തിനാണിങ്ങനെയൊരു യാത്ര? ജീവസാന്നിദ്ധ്യം തേടി ചെമ്പൻ ഗ്രഹത്തിലേക്ക്!

മനുഷ്യന്റെ ജിജ്ഞാസക്ക് അതിരുകളില്ല എന്നതു തന്നെയാണ് ഒരു കാരണം. ഈ ജിജ്ഞാസയാണ് പുതിയ ചോദ്യങ്ങളിലേക്കും പുതിയ ഉത്തരങ്ങളിലേക്കും അവനെ എത്തിക്കുന്നത്. ചൊവ്വയിൽ ഉയർന്ന ജീവരൂപങ്ങൾ ഇല്ല എന്ന കാര്യം ഉറപ്പായതാണെങ്കിലും മൈക്രോബിയൽ തലത്തിലുള്ള ജീവന്റെ ശേഷിപ്പുകൾ ഉണ്ടായെങ്കിലോ എന്ന ജിജ്ഞാസയിൽ "ക്യൂറിയോസിറ്റി"യുടെ പുറപ്പാട്. സബ്സർഫൈസ് തലത്തിൽ ജലമുണ്ടോ എന്നും അത് ജീവന്റെ സാധ്യതകളെ കുറിച്ച് വല്ല വിവരങ്ങൾ തരുന്നുണ്ടോ എന്നും മനസ്സിലാക്കാനാണ് പ്രധാനമായും ഈ അത്ഭുത പേടകം പോകുന്നത്.

ഇരുപത്തിയാറാം തിയ്യതി  അമേരിക്കൻ സമയം രാവിലെ 10.02ന്(EST) ഫ്ലോറിഡയിലെ കേപ്കനാവറിൽ നിന്നും Atlas V റോക്കറ്റിലേറി Curiosity Mars rover യാത്ര പുറപ്പെടും. 2012 ആഗസ്റ്റ് മാസത്തിൽ ചൊവ്വയിൽ ചെന്നിറങ്ങും. 154 കി.മീറ്റർ വിസ്താരമുള്ള ഗെയിൽ ഗർത്തത്തിനു സമീപത്തായിരിക്കും ലാന്റിങ്. പിന്നീട് ഏഴു മീറ്റർ നീളമുള്ള കൈ ഉപയോഗിച്ച് അവിടത്തെ മണ്ണും പാറയും ചികഞ്ഞെടുത്ത് അവയുടെ രാസഘടന പഠിക്കും. ഈ ഗർത്തത്തിൽ കണ്ടെത്തിയിട്ടുള്ള കളിമണ്ണും സൾഫേറ്റ് ധാതുക്കളും ഒരു കാലത്ത് അവിടെ ദ്രാവകാസ്ഥയിലുള്ള ജലമുണ്ടായിരുന്നതിന്റെ തെളിവായി ശാസ്ത്രജ്ഞർ കരുതുന്നു. ഇത് ശരിയാണോ എന്ന് ഉറപ്പിക്കേണ്ടത് കുറിയോസിറ്റിയുടെ കർത്തവ്യമാണ്. ചൊവ്വയുടെ ബാഹ്യപ്രതലത്തിനടിയിൽ ദ്രവജലമുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ട്. ജലം ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ് എന്നതിനോടൊപ്പം തന്നെ ജലമുണ്ടെങ്കിൽ അവിടെ ജീവനുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ് എന്നും പറയാം. എങ്കിലും ഇതുവരെയും ചൊവ്വയിൽ നിന്ന് ജൈവഘടകങ്ങൾ കണ്ടെത്തിയിട്ടില്ല.

മൂന്നു മീറ്റർ നീളവും 900 കി.ഗ്രാം ഭാരവുമുള്ള ഈ ചൊവ്വാസഞ്ചാരിക്ക് അതിന്റെ മുൻഗാമികളായ സ്പിരിറ്റ്, ഓപ്പോർച്യൂണിറ്റി എന്നിവയെക്കാൾ രണ്ടു മടങ്ങു വലിപ്പവും അഞ്ചു മടങ്ങ് ഭാരവുമുണ്ട്. ആദ്യവർഷം ഇരുപതു കിലോമീറ്റർ സഞ്ചരിച്ച് പഠനം നടത്തുമത്രെ. ആയുസ്സ് കണക്കാക്കിയിട്ടില്ല. അതിന് ആരോഗ്യമുള്ളീടത്തോളം ജോലി ചെയ്യട്ടെ എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ഇനി കാത്തിരിക്കാം ചൊവ്വയിൽ നിന്നുള്ള പുതിയ വിശേഷങ്ങൾക്കായി. ഭാവനയുള്ളവർ പുതിയ കഥകൾ മെനയാൻ തയ്യാറായിക്കൊള്ളുക!!!കൂടുതൽ വിവരങ്ങൾ ഇവിടെ

2011, നവംബർ 17, വ്യാഴാഴ്‌ച

ചന്ദ്രന്റെ പുതിയ മാപ് റെഡി

credit: NASA

ചന്ദ്രന്റ കൂടുതൽ വ്യക്തതയുള്ള മാപ് നാസ പ്രസിദ്ധീകരിച്ചു. ലൂണാർ റക്കണൈസൻസ് ഓർബിറ്ററിൽ(LRO) നിന്നും ലഭിച്ച ഇമേജുകൾ ഉപയോഗിച്ചാണ് ഇത് സൃഷ്ടിച്ചിട്ടുള്ളത്. 328 അടി കൃത്യതയാണ് ഇതിന് അവകാശപ്പെടുന്നത്.

നവംബറിലെ ആകാശം

നവംബർ മാസം രാത്രി 8 മണിക്ക് കേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യമാണിത്.


2011, നവംബർ 11, വെള്ളിയാഴ്‌ച

ഹബിൾ 18 കുള്ളൻ താരാപഥങ്ങളെ കൂടി കണ്ടെത്തി

credit: NASA

വർഷങ്ങൾക്കിടയിലൂടെ പിറകോട്ടു പോകാൻ കഴിഞ്ഞാൽ നമുക്ക് ഗതകാല സംഭവങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയും. അതിന് ഏതായാലും കഴിയില്ലെങ്കിലും ചിലകാര്യങ്ങളിലെങ്കിലും പിറകിലേക്ക് ഒളിഞ്ഞു നോക്കാൻ ഇപ്പോൾ നമുക്ക് കഴിയും. അങ്ങനെ കഴിയുന്ന ഒരു കാര്യമാണ് രാത്രിയിലെ ആകാശം കാണുമ്പോൾ സംഭവിക്കുന്നത്. അതിവിദൂരസ്ഥമായ നക്ഷത്രങ്ങളെ കാണുമ്പോൾ യഥാർത്ഥത്തിൽ നമ്മൾ കാണുന്നത് എത്രയോ വർഷങ്ങൾക്കു മുമ്പുള്ള നക്ഷത്രങ്ങളെയാണ്. എട്ടു പ്രകാശവർഷങ്ങൾക്കപ്പുറത്തു കിടക്കുന്ന സിറിയസ്സിനെ നോക്കുമ്പോൾ എട്ടു വർഷങ്ങൾക്കു മുമ്പുള്ള സിറിയസ്സിനെയാണ് നമ്മൾ കാണുന്നത്. ഇങ്ങനെ ആയിരത്തിലേറെ വർഷങ്ങൾക്കപ്പുറത്തേക്കാണ് നാം ഓരോ ദിവസവും നോക്കുന്നത്.

ഇനിയും പിറകിലേക്ക് നോക്കണമെങ്കിൽ അതിനുതകുന്ന ദൂരദർശിനികൾ ഉപയോഗിക്കാം. മനുഷ്യന്റെ ജിജ്ഞാസക്ക് അവസാനമില്ലാത്തതു കൊണ്ട് കൂടുതൽ കൂടുതൽ അകലങ്ങൾ കാണുവാൻ പുതിയ ദൂരദർശിനികൾ നിർമ്മിച്ചു കൊണ്ടിരിക്കും. അത്തരത്തിലൊന്നാണ് ഹബിൾ ബഹിരാകാശ ദൂരദർശിനി. ഇതിലൂടെ തുറന്നു കിട്ടിയത് പ്രപഞ്ചത്തിലെ അനന്ത വിസ്മയങ്ങളാണ്.

ഇപ്പോഴിതാ ഹബിളിൽ നിന്ന് പുതിയ വാർത്ത- നക്ഷത്രരൂപീകരണം നടന്നുകൊണ്ടിരിക്കുന്ന18 കുള്ളൻ താരാപഥങ്ങളെയാണ് ഹബിൾ പുതിയതായി കണ്ടെത്തിയിരിക്കുന്നത്. ആകാശഗംഗയെക്കാൾ നൂറിലൊന്നോ അതിൽ കുറവോ പിണ്ഡം മാത്രമുള്ളവയാണ് ഈ കുള്ളൻ താരാപഥങ്ങൾ. 9 ബില്യൻ വർഷങ്ങൾക്കു പിറകിൽ നിന്നാണ് ഹബിൾ ഇവയെ തപ്പിയെടുത്തിരിക്കുന്നത്. പ്രപഞ്ചത്തിന്റെ പ്രായം 13.7 ബില്യൻ വർഷങ്ങളാണ് എന്നോർക്കുക. അതായത് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന നല്ല ചെറുബാല്യക്കാരെയാണെന്നു പറയാം. എന്നിരുന്നാലും ഇവ പ്രപഞ്ചത്തിൽ അപൂർവ്വങ്ങളൊന്നുമല്ല. താരാപഥങ്ങളുടെ ഉൽഭവവും വളർച്ചയും പഠിക്കാൻ ഈ കൊച്ചു താരാപഥങ്ങൾ സഹായിക്കും.

ഹബിളിന്റെ Wide Field Camera 3 ഉപയോഗിച്ച് 69 കുള്ളൻ താരാപഥങ്ങളെ ഇതുവരെയായി കണ്ടെത്തിയിട്ടുണ്ട്. ജെയിസ് വെബ് ദൂരദർശിനി കൂടെ വിക്ഷേപിക്കുന്നതോടെ ഈ മേഖലയിൽ കൂടുതൽ കണ്ടെത്തലുകൾ സാദ്ധ്യമാകും എന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ.

2011, നവംബർ 6, ഞായറാഴ്‌ച

ഭൂമിക്കടുത്തു കൂടി ഒരു ഛിന്നഗ്രഹം കടന്നു പോകുന്നു


നമുക്കടുത്തേക്ക് ഒരു ഛിന്നഗ്രഹം വരുന്നുണ്ട് കേട്ടോ. ഏതായാലും ഭൂമിയിലേക്ക് വരാൻ ഇപ്പോൾ ഉദ്ദേശ്യമില്ലത്രെ. അടുത്തു കൂടെ കടന്നു പോകുന്നേയുള്ളു. ഭൂമിയിലുള്ളവർക്ക് ഇപ്പോൾ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കേണ്ട എന്നാണ് കക്ഷിയുടെ തീരുമാനം. ഒരു വേലിയേറ്റം പോലും സൃഷ്ടിക്കാൻ പോകുന്നില്ലത്രെ. അതുകൊണ്ട് നമുക്ക് ഇതൊരു ഒരു വിഷയമേ ആകുന്നില്ല. പക്ഷെ ജ്യോതിശാസ്ത്രജ്ഞന്മാർക്ക് ഇത് വലിയൊരു സംഭവം തന്നെയാണ്. ഒരു ഛിന്നഗ്രഹത്തെ അടുത്ത് പരിശോധിക്കാൻ കിട്ടിയ അപൂർവ്വ അവസരമാണിത്. ഇത് പരമാവധി ഉപയോഗിക്കാൻ തന്നെയാണ് അവരുടെ തീരുമാനം. ഗോൾഡ് സ്റ്റോണിലെയും അരിസിബോയിലെയും ദൂരദർശിനികൾ ഇപ്പോഴേ നിരീക്ഷണം തുടങ്ങിക്കഴിഞ്ഞു. ഇനി 2028ലേ ഇങ്ങനെയൊരു അവസരം ഒത്തു വരികയുള്ളു. അതുകൊണ്ട് ഇത് മിസ്സാക്കരുതല്ലോ.

400 മീറ്റർ മാത്രം വലിപ്പമുള്ള ഒരു ഛിന്നഗ്രഹമാണ് YU55. ഇത് നവംബർ എട്ടാം തിയ്യതി ഇന്ത്യൻ സമയം രാവിലെ 4.58ന് ഭൂമിയുടെ 3,24,600 കി.മീറ്റർ അകലെ കൂടി കടന്നു പോകും. ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലത്തെക്കാൾ കുറവാണിത്. 2010ലെ അരിസിബോ റഡാർ നിരീക്ഷണങ്ങളിൽ നിന്ന് ഇതിന് ഏതാണ്ട് ഗോളാകൃതിയാണ് എന്നു മനസ്സിലായിട്ടുണ്ട്. ഒരു പ്രാവശ്യം സ്വയം ഭ്രമണത്തിന് 18 മണിക്കൂർ എടുക്കും. ഇരുണ്ട പ്രതലമാണുള്ളത്.


Learn about the huge asteroid 2005 YU55's close pass by Earth in this SPACE.com infographic.
Source: SPACE.com: All about our solar system, outer space and exploration

2011, നവംബർ 3, വ്യാഴാഴ്‌ച

ഫെർമി ഒരു മില്ലിസെക്കന്റ് പൾസാറിനെ കൂടി കണ്ടെത്തി


credit: NASA


ഫെർമി ഗാമാ-റേ ബഹിരാകാശ ദൂരദർശിനിയിൽ നിന്നു ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്ത് ഒരു സംഘം ശാസ്ത്രജ്ഞർ ശക്തമായ ഒരു മില്ലിസെക്കന്റ് പൾസാറിനെ കൂടി കണ്ടെത്തി. ഇതേ സമയത്തു തന്നെ മറ്റൊരു സംഘം ശാസ്ത്രജ്ഞർ ഫെർമി ഡാറ്റ ഉപയോഗിച്ച് ഒമ്പത് പൾസാറുകളെയും കണ്ടെത്തി. ഇതോടെ ഫെർമി വിവരങ്ങളുപയോഗിച്ച് കണ്ടെത്തുന്ന പൾസാറുകളുടെ എണ്ണം നൂറു കടന്നു.


നിശ്ചിത ഇടവേളകളിൽ വൈദ്യുത കാന്തിക ഊർജ്ജം പ്രക്ഷേപിച്ചു കൊണ്ടിരിക്കുന്ന ന്യൂട്രോൺ താരങ്ങളാണ് പൾസാറുകൾ. പൾസാറുകൾ തമോദ്വാരങ്ങളാകുവാൻ സാദ്ധ്യതയുള്ള നക്ഷത്രങ്ങളായതു കൊണ്ട് ശാസ്ത്രജ്ഞർക്ക് ഇവ വളരെ പ്രിയപ്പെട്ടവയാണ്. ഭൂമിയേക്കാൾ ശതകോടി മടങ്ങായിരിക്കും ഇതിന്റെ പിണ്ഡമെങ്കിലും വലിപ്പം ഇവിടത്തെ ഒരു സാധാരണ പട്ടണത്തോളം മാത്രമേ വരൂ. ഇതിലെ ഒരു ടീസ്പൂൺ ദ്രവ്യത്തിന്റെ ഭാരം നമ്മുടെ എവറസ്റ്റ് കൊടുമുടിയുടെ ഭാരത്തിനു തുല്യമായിരിക്കും.


ഇപ്പോൾ കണ്ടെത്തിയ പൾസാറുകളിൽ ഒന്ന് വളരെയേറെ സാന്ദ്രത കൂടിയതും വേഗതയേറിയതുമാണ്. ഒരു സെക്കന്റിൽ ഇത് 43,000 തവണയാണ് കറങ്ങുന്നത്. മില്ലിസെക്കന്റ് പൾസാറുകൾ എന്നറിയപ്പെടുന്ന ഇവ സാധാരണയായി ഇരട്ട നക്ഷത്രങ്ങളായിരിക്കും. ഇവയിലൊന്ന് ഒരു സാധാരണ നക്ഷത്രമായിരിക്കും. ഇതിലെ ദ്രവ്യം ഗുരുത്വബലം കൂടിയ പൾസാർ വലിച്ചെടുക്കും. ഇങ്ങനെ വന്നു വീഴുന്ന ദ്രവ്യം പൾസാറിന്റെ ഭ്രമണവേഗത വർദ്ധിപ്പിച്ചു കൊണ്ടിരിക്കും. ഈ ഊർജ്ജക്കൈമാറ്റം അവസാനിക്കുന്നതോടെ ഭ്രമണവേഗത കുറയുകയും ചെയ്യും.


വളരെ ശക്തമായ കാന്തിക മണ്ഡലവും വേഗതയേറിയ കറക്കവും ഉയർന്ന തോതിലുള്ള ഊർജ്ജപ്രസരണത്തിന് കാരണമാകുന്നു. റേഡിയോ തരംഗങ്ങൾ മുതൽ ഗാമാ വികിരണങ്ങൾ വരെയുള്ള ഊർജ്ജ രൂപങ്ങൾ ഇതിൽ നിന്ന് പുറത്തു വരും. സഹനക്ഷത്രത്തിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം നിലക്കുന്നതോടെ ഇത് വേഗത കുറഞ്ഞ് പൾസാറായി മാറുന്നു. അതുകൊണ്ട് മില്ലിസെക്കന്റ് പൾസാറുകൾ താരതമ്യേന പ്രായം കുറഞ്ഞവയാണെന്നു പറയാം.ഇപ്പോൾ കണ്ടെത്തിയ മില്ലിസെക്കന്റ് പൾസാറിന്റെ പ്രായം 25 മില്യൻ വർഷങ്ങളാണെന്ന് കണക്കാക്കിയിരിക്കുന്നു.


PSR J1823−3021A എന്ന് നാമകരണം ചെയ്തിരിക്കുന്ന പുതിയ പൾസാർ സ്ഥിതിചെയ്യുന്നത് NGC 6624 എന്ന ഗ്ലോബുലാർ ക്ലസ്റ്ററിലാണ്. ധനു നക്ഷത്രരാശിയിൽ ഭൂമിയിൽ നിന്നും 27,000 പ്രകാശവർഷങ്ങൾക്കകലെയാണി ഇതിന്റെ സ്ഥാനം.

കൂടുതലറിയാൻ ഇവിടെ നോക്കുക

അകലെയൊരു നക്ഷത്രം ചിറകു വിടർത്തുന്നു

credit: NASA

നാനൂറു വർഷങ്ങൾക്കു മുമ്പ് മനുഷ്യൻ ആകാശത്തേക്ക് ദൂരദർശിനിക്കുഴൽ വെച്ചു നോക്കാൻ തുടങ്ങിയതോടെ നക്ഷത്ര വൈവിധ്യങ്ങൾ ഓരോന്നായി കാണാനും അതിൽ അത്ഭുതം കൊള്ളാനും തുടങ്ങി. നക്ഷത്രങ്ങളെല്ലാം ഒരേ തരക്കാരല്ല എന്നു അവ പല തരത്തിലുള്ളവയാണ് എന്നും തിരിച്ചറിഞ്ഞു. കുള്ളൻ നക്ഷത്രങ്ങൾ, ഭീമൻ നക്ഷത്രങ്ങൾ, ഇരട്ട നക്ഷത്രങ്ങൾ, മരിച്ചവ, പൊട്ടിത്തെറിക്കുന്നവ തുടങ്ങിയവയുടെ കൂട്ടത്തിലേക്ക് ഇതാ പുതിയൊരവതാരം കൂടി.

നക്ഷത്രം ചിറകു വിടർത്തുന്നതു പോലെ തോന്നുന്ന രണ്ടു വലയ ഹസ്തങ്ങളുമായി(spiral arms) ഒരു പുതിയ ഇനം നക്ഷത്രത്തെ ഹവായിയിലെ National Astronomical Observatory of Japanന്റെ കീഴിലുള്ള സുബാരു ദൂരദർശിനി ഉപയോഗിച്ചു കണ്ടെത്തിയിരിക്കുന്നു.

SAO 206462 എന്ന് പേരിട്ടിരിക്കുന്ന ഈ നക്ഷത്രം ഭൂമിയിൽ നിന്ന് 400 പ്രകാശവർഷം അകലെ ലുപസ് നക്ഷത്രഗണത്തിൽ സ്ഥിതിചെയ്യുന്നു. ഇതിനെ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന നക്ഷത്രബാഹ്യ പടലം(circumstellar disk- നക്ഷത്രത്തെ ചുറ്റിക്കൊണ്ടിരിക്കുന്ന പൊടിയും വാതകവും നിറഞ്ഞ പടലം) ശാസ്ത്രജ്ഞരുടെ പ്രത്യേക ശ്രദ്ധ ആകർഷിച്ചു. പ്ലൂട്ടോയുടെ ഭ്രമണപഥത്തിനെക്കാൾ രണ്ടു മടങ്ങു വിസ്താരമുള്ള ഇതിനുള്ളിൽ ഗ്രഹങ്ങളെ കാണാനാകുമെന്നാണ് ആദ്യം അവർ കരുതിയത്. എന്നാൽ, കൂടുതൽ നിരീക്ഷണങ്ങളിൽ നിന്നും കണ്ടെത്താനായത് സർപ്പിളാകൃതിയിലുള്ള രണ്ടു കരങ്ങളാണ്. താരാപഥങ്ങളിൽ(galaxy) ഇതിനു മുമ്പ് ഇത്തരം സർപ്പിളകരങ്ങൾ ധാരാളം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഒരു നക്ഷത്രത്തിൽ ഇതാദ്യമായിട്ടാണ്.

നക്ഷത്രബാഹ്യ പടലത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ഗ്രഹത്തിന്റെ ഗുരുത്വവലിവ് കാരണം ഇത്തരത്തിലുള്ള കരങ്ങൾ സൃഷ്ടിക്കപ്പെടാമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഈ SAO 206462ന്റെ രണ്ടു വശങ്ങളിലായി സ്ഥിതി ചെയ്യുന്ന രണ്ടു ഗ്രഹങ്ങളായിരിക്കാം ഇതിനു കാരണമായി വർത്തിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞരുടെ ഇപ്പോഴത്തെ നിഗമനം.

2011, നവംബർ 1, ചൊവ്വാഴ്ച

നവംബറിലെ ആകാശവിശേഷങ്ങൾ


ഉൽക്കാവർഷം, ഒരു ഭാഗിക സൂര്യഗ്രഹണം(കേരളത്തിൽ ദൃശ്യമല്ല) എന്നിവയാണ് ഈ മാസത്തെ പ്രധാന വിശേഷങ്ങൾ.


ഒന്നാം അർദ്ധചന്ദ്രൻ
ഈ മാസത്തെ ഒന്നാമത്തെ അർദ്ധചന്ദ്രൻ രണ്ടാം തിയ്യതിയിൽ കാണാനാകും. ഉച്ചക്കു രണ്ടു മണിയോടെയാണ് ഇത് ഉദിക്കുക.

പൗർണ്ണമി
പത്താം തിയ്യതിയിലാണ് പൗർണ്ണമി. ഇന്ത്യയിൽ ഇത് കാർത്തിക പൂർണ്ണിമ എന്നറിയപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ Hunter's Moon, Beaver Moon, Frost Moon, Snow Moon എന്നീ പേരുകളിൽ അറിയപ്പെടുന്നു. സൂര്യൻ അസ്തമിക്കുമ്പോൾ ഉദിക്കുകയും സൂര്യൻ ഉദിക്കുമ്പോൾ അസ്തമിക്കുകയും ചെയ്യുന്നതിനാൽ രാത്രി മുഴുവൻ ആകാശത്തു കാണാൻ കഴിയും.


രണ്ടാം അർദ്ധചന്ദ്രൻ
ഈ മാസത്തെ രണ്ടാമത്തെ അർദ്ധചന്ദ്രൻ പതിനെട്ടാം തിയ്യതി  അർദ്ധരാത്രിയിൽ ഉദിക്കും. മകം നക്ഷത്രത്തിലായിരിക്കും ചന്ദ്രന്റെ സ്ഥാനം.


അമാവാസി
ഇരുപത്തി അഞ്ചാം തിയ്യതിയാണ് അമാവാസി. ഈ ദിവസം സാധാരത്തേതിനേക്കാൾ കൂടുതൽ സൂര്യനോട് അടുത്താണ് ചന്ദ്രന്റെ സ്ഥാനം. സൂര്യോദയത്തിനു തൊട്ടുമുമ്പായി കിഴക്കെ ആകാശത്തും സൂര്യാസ്ഥമനം കഴിഞ്ഞ ഉടൻ പടിഞ്ഞാറൻ ആകാശത്തും വളരെ നേർത്ത ഒരു കലയായി അല്പനേരം ചന്ദ്രനെ കാണാൻ കഴിയും.


ഗരാദ് ധൂമകേതു
ഗരാദ് ധൂമകേതുവിനെ ഒരു ബൈനോക്കുലർ ഉപയോഗിച്ചോ ടെലസ്കോപ് ഉപയോഗിച്ചോ കാണാൻ കഴിയും.എട്ടിനോടടുത്താണ് ഇപ്പോൾ ഇതിന്റെ കാന്തിമാനം. ഹെർകുലീസ് നക്ഷത്രഗണത്തിലൂടെയാണ് ഇപ്പോൾ ഇതിന്റെ സഞ്ചാരം.


ബുധനും ശുക്രനും
ഈ മാസത്തിൽ രണ്ടു പ്രാവശ്യം ബുധനും ശുക്രനും അടുത്തടുത്ത്(2 ഡിഗ്രി അകലത്തിൽ) വരുന്നുണ്ട്. ഒന്നാം തിയ്യതിയും പത്താം തിയ്യതിയും. സൂര്യാസ്ഥമയത്തിനു ശേഷം കുറച്ചു നേരം പടിഞ്ഞാറൻ ചക്രവാളത്തിൽ ഇവയെ കാണാം.


ചൊവ്വ ചിങ്ങത്തിൽ
പത്താം തിയ്യതി രാവിലെ 3 മണിക്ക് കിഴക്കൻ ചക്രവാളത്തിൽ ചിങ്ങത്തിലെ തിളക്കമേറിയ നക്ഷത്രമായ റെഗുലസിനൊപ്പം ചൊവ്വ ഉദിച്ചുയരുന്നതു കാണാം.


ഉൽക്കാവർഷം
ചിങ്ങക്കൊള്ളി എന്നറിയപ്പെടുന്ന ഉൽക്കാവർഷം ഈ മാസത്തിലാണ്. പതിനേഴാം തിയ്യതി അർദ്ധരാത്രിയിലായിരിക്കും ഇത് ഏറ്റവും കൂടുതൽ കാണുക.


ഭാഗിക സൂര്യഗ്രഹണം
ഇരുപത്തി അഞ്ചാം തിയ്യതി ദക്ഷിണാഫ്രിക്ക, അന്റാർട്ടിക്ക, തസ്മാനിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും.


ഗ്രഹങ്ങൾ
ബുധൻ: ഈ മാസം പകുതിവരെ പടിഞ്ഞാറൻ ആകാശത്തിൽ സൂര്യാസ്ഥമനത്തിനു ശേഷം ബുധനെ കാണാം. ശുക്രനോടടുത്തായതിനാൽ കണ്ടെത്താൻ പ്രയാസമുണ്ടാകില്ല.


ശുക്രൻ: സന്ധ്യാകാശത്ത് ഈ മാസം മുഴുവനും കാണാൻ കഴിയും.


ചൊവ്വ: ഈ മാസം മുഴുവൻ ചിങ്ങം രാശിയിൽ കാണാം. ഒരു 6 ഇഞ്ച് ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ ദക്ഷിണധ്രുവത്തിലെ മഞ്ഞു തൊപ്പി (polar cap) കാണാനാകും.


വ്യാഴം: ഒക്ടോബർ 28ന് സൂര്യന്റെ നേരെ എതിർ ദിശയിലായിരുന്ന വ്യാഴത്തെ മേടം രാശിയിൽ കാണാം. ശുക്രനും വ്യാഴവുമായിരിക്കും ഈ മാസം ചന്ദ്രൻ കഴിഞ്ഞാൽ രാത്രിയിലെ ആകാശത്തിൽ ഏറ്റവും തിളക്കത്തിൽ കാണുന്ന ജ്യോതിർഗോളങ്ങൾ.


ശനി: ശനി വീണ്ടും ഈ മാസത്തിൽ പുലർകാലവാനിൽ പ്രത്യക്ഷപ്പെടും. കന്നി രാശിയിലെ തിളക്കം കൂടിയ നക്ഷത്രമായ ചിത്തിര(spica)ക്കടുത്തായിരിക്കും ഇതിന്റെ സ്ഥാനം.


യുറാനസ് മീനത്തിലും നെപ്ട്യൂൺ കുംഭത്തിലും ഉണ്ടായിരിക്കും. ഇവയെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയില്ല.

2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

ബുധനിൽ ഗുഹകൾ കണ്ടെത്തി

Credit: NASA

നാസയുടെ മെസ്സഞ്ചർ ബഹിരാകാശപേടകം ജ്യോതിശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയ ഒരു കാഴ്ചയാണ് ഈ ആഴ്ച പങ്കിട്ടത്. ബുധനിലെ വലിയ ഗുഹകളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുതിയതായി കിട്ടിയിട്ടുള്ളത്. ഇത് വളരെയേറെ അത്ഭുതകരമാണ് എന്നാണ് ജോൺ ഹോപ്കിൻസ് സർവ്വകലാശാലയിലെ ഗവേഷകനായ ഡേവിഡ് ബ്ലിവെറ്റ് പറയുന്നത്. കാരണം ബുധനിൽ അന്തരീക്ഷമില്ലാത്തതു കൊണ്ട് ഇവിടെ കാറ്റോ മഴയോ ഉണ്ടാവാനുള്ള സാധ്യത ഒട്ടും തന്നെ ഇല്ല. അതുകൊണ്ട് ജലപാതത്താലും മറ്റും സൃഷ്ടിക്കപ്പെടുന്ന ഗഹ്വരങ്ങൾ ബുധനിൽ ഉണ്ടാവുന്നില്ല. ഭൂമിയിലെ ഗുഹകൾ പ്രധാനമായും ഇങ്ങനെ രൂപം കൊണ്ടവയാണ്. അതുകൊണ്ടുതന്നെ ബുധനിലെ ഗുഹാസൃഷ്ടിക്കു കാരണമായി വർത്തിച്ചത് മറ്റെന്തെങ്കിലുമായിരിക്കണം. അത് എന്തെന്നുള്ള കണ്ടെത്തൽ ശാസ്ത്രജ്ഞരുടെ മുന്നിലുള്ള പുതിയ വെല്ലുവിളിയായി തീർന്നിരിക്കുകയാണ്.

ഈ ഗുഹകൾക്ക് 60 അടി മുതൽ രണ്ടര കി.മീറ്റർ വരെ നീളവും 60 മുതൽ 120 അടി വരെ ആഴവുമുണ്ട്. ചൊവ്വയിലും ഇതുപോലെയുള്ള ഗുഹകൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഇവയെല്ലാം ചൊവ്വയുടെ ദക്ഷിണധ്രുവത്തിലെ മഞ്ഞു പാളികൾക്കിടയിലാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ബുധനിലാവട്ടെ കടുപ്പമേറിയ പാറകളിലാണ് ഈ ഗുഹകൾ  ഉള്ളത്.

സൂര്യസാമിപ്യം കൊണ്ടുണ്ടാവുന്ന ഉയർന്ന ചൂടും സവിശേഷമായ കാലാവസ്ഥയുമാകാം ഇതിനു കാരണമെന്നാണ് ബ്ലിവെറ്റിന്റെ അഭിപ്രായം. സൾഫർ പോലെ ബാഷ്പശീലമുള്ള പദാർത്ഥങ്ങൾ സൗരോഷ്ണവും സൗരവാതവും മൂലം ഉരുകിമാറി ആ ഭാഗം ഗുഹകളായി രൂപം കൊണ്ടതായിരിക്കാം എന്നാണ് ഇദ്ദേഹം പറയുന്നത്. ബുധനിൽ ധാരാളം സൾഫർ അടങ്ങിയിട്ടുള്ളതിനുള്ള തെളിവുകൾ മെസ്സഞ്ചർ ദൗത്യത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

ഒരായിരം സമുദ്രങ്ങളിലെ ജലവുമായി ദൂരെദൂരെയൊരു നക്ഷത്രം

Credit: ESA/NASA
TW ഹൈഡ്രെ- 175 പ്രകാശവർഷം അകലെ കിടക്കുന്ന ഒരു നക്ഷത്രമാണ്. ഇതിനു ചുറ്റും ശകലിത പദാർത്ഥങ്ങളുടെ ഒരു വലയമുണ്ട്(proto planetary disc). ഇവയാണ് പിന്നീട് ഗ്രഹങ്ങളായി രൂപം കൊള്ളുന്നത്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഹെർഷൽ ബഹിരാകാശ ദൂരദർശിനി ഇതിനെ ഒന്നു കണ്ണു തുറന്നു നോക്കിയപ്പോൾ കണ്ടത് ഭൂമിയിലെ സമുദ്രങ്ങളെ പോലെയുള്ള ഒരായിരം സമുദ്രങ്ങളിൽ ഉൾക്കൊള്ളാവുന്നത്രയും ജലമാണ്. ദ്രാവകരൂപത്തിലല്ല വാതകരൂപത്തിൽ. ഇതിനുള്ളിൽ ഐസും പാറയും ചേർന്ന ഗ്രഹശകലങ്ങളും (planetasimals). ഇവ കൂടിച്ചേർന്നാണ് പിന്നീട് ഗ്രഹങ്ങൾ രൂപം കൊള്ളുന്നത്. TW ഹൈഡ്രെ ബാല്യം പിന്നിടുന്ന ഒരു നക്ഷത്രമാണ്. 5-10 ദശലക്ഷം വർഷങ്ങൾക്കിടയിലായിരിക്കും ഇതിന്റെ പ്രായം എന്നാണ് കണക്കാക്കിയിരിക്കുന്നത്.

സൗരയൂഥരൂപീകരണത്തിനു ശേഷം ഭൂമിയിലേക്ക് ജലം വന്നത് സൗരയൂഥത്തെ വലയം ചെയ്തു കിടക്കുന്ന കൂയിപ്പർ വലയത്തിൽ നിന്നായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഇതിനെ ശരിവെക്കുന്ന  തെളിവ് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഹെർഷൽ പുറത്തു വിട്ടിരുന്നു. ഈ നിഗമനത്തെ ഉറപ്പിക്കാൻ സഹായിക്കുന്ന കൂടുതൽ തെളിവുകൾ പുതിയ കണ്ടെത്തലിൽ നിന്നും ലഭിക്കുമെന്ന് കരുതുന്നു.


കൂടുലറിയാൻ:- 

2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

വാൽനക്ഷത്രപ്പെരുമഴ- ഇവിടെയല്ല കേട്ടോ.

Image credit: NASA/JPL-Caltech

വാൽനക്ഷത്രങ്ങൾ ധാരയായി വന്നുവീഴുന്ന അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. എന്തു രസമായിരിക്കും അല്ലേ! അത്തരമൊരു സംഗതി നാസയുടെ സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി കണ്ടെത്തിയിരിക്കുന്നു. ഇവിടെയൊന്നുമല്ല. അങ്ങു ദൂരെ ഏകദേശം 60 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈറ്റാ കൊർവി എന്ന നക്ഷത്രത്തിനെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളിലാണ് വാൽനക്ഷത്രങ്ങൾ തുടർച്ചയായി പതിച്ചു കൊണ്ടിരിക്കുന്നത്.

പണ്ട് ഭൂമിയിലും ഇതു പോലെ വാൽനക്ഷത്രങ്ങൾ പതിച്ചിരുന്നുവത്രെ. മഞ്ഞും പാറയും മാത്രമായ ഇവയിൽ നിന്നാണ് ഭൂമിയിൽ ജലവും ജീവനും വന്നത് എന്ന ഒരു സിദ്ധാന്തവും നിലവിലുണ്ട്. ഇതിനു സമാനമായ ബോംബിങാണത്രെ ഈറ്റാ കാർവിയിലും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ നക്ഷത്രത്തിനു ചുറ്റും ധാരാളം ശകലിത പദാർത്ഥങ്ങൾ നിറഞ്ഞ ഒരു വലയവും കണ്ടെത്തിയിട്ടുണ്ട്. വാൽനക്ഷത്രങ്ങളുടെ ജന്മസ്ഥലമാകാം ഈ പ്രദേശം. ഇവിടെ നിന്നു വരുന്ന വാൽനക്ഷത്രങ്ങൾ, ഭൂമിയെ പോലെ ഒരു ഗ്രഹം ഈറ്റാ കൊർവിക്കുണ്ടെങ്കിൽ അതിനെ ഇടിക്കാനുള്ള സാദ്ധ്യതയും ധാരാളമുണ്ട്. ഒരു ബില്യൻ വർഷത്തെ പ്രായമാണ് ശാസ്ത്രജ്ഞർ ഇതിനു കണക്കാക്കിയിരിക്കുന്നത്. ആന്തരസൗരയൂഥത്തിലേക്ക് അതിവിദൂരഹിമഖണ്ഡങ്ങളുടെ പതനം സംഭവിച്ചതും ഇതേ കാലത്തു തന്നെയാണത്രെ.

ജ്യോതിശാസ്ത്രജ്ഞർ സ്പിറ്റ്സർ ഇൻഫ്രാറെഡ് ഡിറ്റക്റ്ററുകളിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്ത് ഈ വാൽനക്ഷത്രങ്ങളുംടെ രാസഘടന കണ്ടെത്താനുള്ള ശ്രമത്തിലാണ്, ഐസ്, ഓർഗാനിക് വസ്തുക്കൾ, പാറ എന്നിവ ഉൾപ്പെടെ.

പ്രാഥമിക നിഗമനങ്ങളിൽ നിന്നും ഇവക്ക് 2008ൽ സുഡാനിൽ നിന്നു ലഭിച്ച ഉൽക്കാശിലയുമായി സാദൃശ്യം കണ്ടെത്തിയിട്ടുണ്ട്.

വാൽനക്ഷത്രങ്ങളുടെ റിസർവോയർ എന്നു കരുതപ്പെടുന്ന ശകലിതപദാർത്ഥങ്ങളുടെ ഒരു വലയവും ഈ നക്ഷത്രത്തിന്റെ ഗ്രഹവ്യവസ്ഥക്കു ചുറ്റും കണ്ടെത്തിയിട്ടുണ്ട്. സൗരയൂഥത്തെ വലയം ചെയ്തു കിടക്കുന്ന കൂയിപ്പർ ബെൽറ്റിനു സമാനമാണിത്. സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ 150 മടങ്ങാണ് ഈറ്റാ കൊർവിയും അതിന്റെ വലയവും തമ്മിലുള്ള ദൂരം.

"ഈ പുതിയ കണ്ടെത്തൽ ഭൂമിയിൽ ജീവനും ജലവും കൊണ്ടുവരുന്നതിൽ ധൂമകേതൂവർഷം എന്തു പങ്കാണ് വഹിച്ചത് എന്നു പഠിക്കുന്നതിന് നമുക്ക്

സഹയകമാകും" ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ സീനിയർ റിസർച്ച് സയന്റിസ്റ്റായ കാരി ലിസ്സെ പറഞ്ഞു.


കൂടുതലറിയാൻ:

2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

കരീന നെബുല

credit: NASA
     
     നക്ഷത്രങ്ങൾ ഇപ്പോഴും ജനിച്ചു കൊണ്ടിരിക്കുന്ന നെബുലകളിൽ ഒന്നാണ് കരീന നെബുല. ഭൂമിയിൽ നിന്ന് 75,000 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ സ്ഥാനം ആകാശഗംഗയിലെ സജിറ്റാറിയസ്-കരീന ഹസ്തത്തിലാണ്. ചന്ദ്ര എക്സ് റേ ഓബ്സർവേറ്ററി 14,000ലേറെ നക്ഷത്രങ്ങളെ ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്.

     ചന്ദ്ര ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നെബുലയിലെ Trumpler 15 എന്നറിയപ്പെടുന്ന ഭാഗത്ത് വലിയ നക്ഷത്രങ്ങളിൽ പലതും നശിച്ചു പോയിരിക്കുന്നു എന്
നിഗമനത്തിലാണ് ശാസ്ത്രജ്ഞരിപ്പോൾ . ഈ ഭാഗത്തു നിന്നുള്ള എക്സ്-റേ നിർഗ്ഗമനം പ്രതീക്ഷിച്ച അളവിലില്ല എന്നതാണ് അവരെ ഈ നിഗമനത്തിൽ എത്തിച്ച ഒരു കാരണം. സൂപ്പർ നോവ സ്ഫോടനങ്ങളിലൂടെ ഇവിടെയുള്ള വൻനക്ഷത്രങ്ങൾ തകർന്നു പോയിരിക്കാമെന്നാണ് കരുതുന്നത്. ആറു ന്യൂട്രോൺ നക്ഷത്രങ്ങളെ തിരിച്ചറിഞ്ഞതും ഇതിനു തെളിവായി ഇവർ ചൂണ്ടിക്കാട്ടുന്നു. പിണ്ഡം കൂടിയ നക്ഷത്രങ്ങൾ സൂപ്പർ നോവ സ്ഫോടനത്തിനു ശേഷം ആയിത്തീരുന്ന അവസ്ഥയാണ് ന്യൂട്രോൺ നക്ഷത്രമെന്നത്.  മുൻകാല നിരീക്ഷണങ്ങളിൽ ഒരു സൂപ്പർ നോവ മാത്രമെ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നുള്ളു.

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

ഒക്ടോബറിലെ ആകാശം

ഒക്ടോബർ മാസം പതിനഞ്ചാം തിയ്യതിയിൽ രാത്രി 8 മണിക്ക് മദ്ധ്യകേരളത്തിൽ കാണുന്ന ആകാശ ദൃശ്യമാണിത്. എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന വൃശ്ചികം, ഭാദ്രപദം എന്നീ രാശികൾ ഇപ്പോൾ കാണാം.

2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

ചൊവ്വ: ഒരു വീഡിയോ ദൃശ്യം     ചൊവ്വയുടെ പ്രതല ദൃശ്യങ്ങൾ വീഡിയോ രൂപത്തിൽ. നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ഓപ്പർച്യൂണിറ്റി വിക്ടോറിയ ഗർത്തം മുതൽ എൻഡവർ ഗർത്തം വരെ നടത്തിയ യാത്രയുടെ ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്. ചരിത്രമായി മാറിയ ഈ 21 കി.മീറ്റർ യാത്രയുടെ ദൈർഘ്യം 2008 മുതൽ 2010 വരെയുള്ള മൂന്നു വർഷങ്ങളായിരുന്നു. യാത്രക്കിടയിൽ ശേഖരിച്ച 309 ചിത്രങ്ങൾ ഉപയോഗിച്ചാണ് ഈ വീഡിയോ നിർമ്മിച്ചിട്ടുള്ളത്.


     എൻഡവർ ഗർത്തത്തിന്റെ വക്കും ചൊവ്വയുടെ ചക്രവാളവും ഉപരിതലത്തിലെ ഉയർച്ച താഴ്ചകളും കുഞ്ഞു ഗർത്തങ്ങളും ചിത്രങ്ങളിൽ കാണാൻ കഴിയും. യാത്രക്കു ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളിൽ വാഹനം വഴിമാറിപ്പോകുന്നതായും ദൃശ്യങ്ങളിൽ നിന്നു മനസ്സിലാകും. സൗണ്ട് ട്രാക്കും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാ ഉപരിതലത്തിലൂടെ സഞ്ചരിക്കുമ്പോൾ ഓപ്പർച്യൂണിറ്റിക്കുണ്ടാകുന്ന ചലനങ്ങളിൽ നിന്നുണ്ടാകുന്നതാണ് ഈ ശബ്ദം. ഉറച്ച പാറപോലെയുള്ള പ്രതലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കൂടുതൽ ശബ്ദവും മണൽ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കുറഞ്ഞ ശബ്ദവും കേൾക്കാം.


    ഓപ്പർച്യൂണിറ്റിയുടെയും അതിന്റെ കൂട്ടുവാഹനമായ സ്പിരിറ്റിന്റെയും മൂന്നു മാസത്തെ പ്രാഥമിക ദൗത്യം 2004 ഏപ്രിൽ മാസത്തിൽ അവസാനിച്ചിരുന്നു. പക്ഷെ ആയുസവസാനിക്കാതിരുന്ന ഈ പേടകങ്ങൾ അവയുടെ ദൗത്യം തുടർന്നു. ചൊവ്വയെ കുറിച്ചുള്ള വളരെയേറെ വിവരങ്ങൾ നമുക്ക് കൈമാറി. ചൊവ്വയുടെ നനഞ്ഞ ഭൂതകാലത്തെ കുറിച്ചുള്ള അറിവുകൾ വിപുലപ്പെടുത്തിയതും ഇവയാണ്. ചൊവ്വയിൽ പണ്ടെന്നെങ്കിലും മൈക്രോബിയൽ തലത്തിലുള്ള ജീവികൾ ഉണ്ടായിരിന്നിരിക്കാനുള്ള സാദ്ധ്യതകളെ കുറിച്ചുള്ള ആരായലുകളിലേക്കും ഈ കണ്ടെത്തൽ ചെന്നെത്തി. സ്പിരിറ്റ് അതിന്റെ ജോലി 2010ൽ അവസാനിപ്പിച്ചു. പിന്നീട് അതിൽ നിന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇപ്പോൾ ഓപ്പർച്യൂണിറ്റി എൻഡവർ ഗർത്തത്തിനു സമീപം അതിന്റെ ജോലി തുടർന്നു കൊണ്ടിരിക്കുന്നു.
     നാസ അതിന്റെ അടുത്ത ചൊവ്വ പര്യവേക്ഷണ വാഹനമായ ക്യൂരിയോസിറ്റി അടുത്ത വേനലിൽ വിക്ഷേപിക്കുമെന്നാണ് അറിയുന്നത്. ഒരു കാറിന്റെ വലിപ്പമുള്ള ക്യൂരിയോസിറ്റി 2012ൽ ഗെയിൽ ഗർത്തത്തിനു സമീപം ചെന്നിറങ്ങും.

കൂടുതൽ വീഡിയോകൾ: http://www.nasa.gov/multimedia/videogallery/index.html?media_id=114782241

2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ഭൂമിയിലേക്ക് ഇടിച്ചിറങ്ങിയ സമുദ്രം

ക്രെഡിറ്റ്‌: നാസ 


     സഗരപുത്രന്മാർ പാതാളഗർത്തം കുഴിച്ചിട്ടാണ് സമുദ്രം ഉണ്ടായതെന്ന് പുരാണങ്ങളിൽ പറയുമ്പോൾ ഭൂഗർഭത്തിൽ നിന്നുയർന്നു വന്നതാണെന്നും ആകാശത്തു നിന്നും ഒഴുകിയിറങ്ങിയതാണെന്നുമുള്ള രണ്ടഭിപ്രായങ്ങൾ ശാസ്ത്രലോകത്ത് സജ്ജീവമായുണ്ട്. രണ്ടു കൂട്ടർക്കും അവരുടേതായ കാരണങ്ങളും അവതരിപ്പിക്കാനുണ്ട്.

     ഇതാ ഇപ്പോൾ ഭൂമിയിലെ സമുദ്രജലം ആകാശത്തു നിന്നെത്തിയതാണെന്നുള്ളതിന് പുതിയ തെളിവുകളുമായെത്തിയിരിക്കുന്നു ഒരു വിഭാഗം ശാസ്ത്രജ്ഞർ. ബഹിരാകാശത്തു നിന്നു പറന്നെത്തിയ വലിയ മഞ്ഞുകട്ടകളായിരിക്കാം ഭൂമിയിലെ സമുദ്രങ്ങൾക്ക് ആദികാരണമെന്ന് ഇവർ വിശ്വസിക്കുന്നു.

     യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഹെർഷൽ ഇൻഫ്രാറെഡ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നും ലഭിച്ച പുതിയ വിവരങ്ങളാണ് സമുദ്രങ്ങൾ ബഹിരാകാശത്തു നിന്ന് വിരുന്ന് വന്നവരാണ് എന്നതിന് പുതിയ തെളിവുകളാവുന്നത്. വാൽനക്ഷത്രങ്ങളിലടങ്ങിയിട്ടുള്ള ജലത്തിന്റെ ഘടനയും ഭൂമിയിലെ സമുദ്രജലത്തിന്റെ ഘടനയും ഒന്നു തന്നെയാണ് എന്നതാണ് പുതിയ നിഗമനങ്ങൾക്കടിസ്ഥാനം. "പുതിയ കണ്ടെത്തലുകൾ ഭൂമിയിലെ വൻജലശേഖരത്തിനു പിന്നിൽ വാൽനക്ഷത്രങ്ങൾക്കുള്ള പങ്കു കൂടി വെളിപ്പെടുത്തുന്നതാണ്" കാലിഫോർണിയ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെ സീനിയർ സീനിയർ റിസർച്ച് അസോസിയേറ്റ് ആയ ഡാരിയസ് ലിസ് പറഞ്ഞു.

     ധാരാളം മഞ്ഞുകട്ടകളാൽ സമ്പന്നമായ വാൽനക്ഷത്രങ്ങൾ ഗ്രഹങ്ങളുമായി കൂട്ടിയിടിക്കുമ്പോൾ അവയിലെ മഞ്ഞ് ഗ്രഹത്തിലെത്തുകയും ഉരുകി ജലമാകുകയും ചെയ്യും. 1994ൽ ഷൂമാക്കർ ലെവി 9 വ്യാഴവുമായി കൂട്ടിയിടിക്കുകയുണ്ടായല്ലോ. ആദിമകാലത്ത് വാൽനക്ഷത്രങ്ങളുടെ എണ്ണം ഇന്നത്തേതിനേക്കാൾ വളരെയേറെ കൂടുതലായിരുന്നതിനാൽ സംഘർഷങ്ങൾക്കുള്ള സാധ്യതയും കൂടുതലായിരുന്നു. വാൽനക്ഷത്രങ്ങൾ സൗരയൂഥത്തിന്റെ അനന്തവിദൂരതയിൽ നിന്നും വരുന്നവയായതിനാൽ അവിടെയുള്ള ജലത്തിന്റെ സാമ്പിളുകളായിരിക്കും ഇവ വഹിക്കുന്നത്.

     ഹാർട്‌ലി 2 എന്ന വാൽനക്ഷത്രത്തിലെയും ഭൂമിയിലെ സമുദ്രങ്ങളിലെയും ജലത്തിന്റെ രാസഘടന പഠിച്ചപ്പോഴാണ് അത്ഭുതകരമായ  സമാനത കാണാൻ കഴിഞ്ഞത്. ഘനജലത്തിന്റെ അനുപാതം രണ്ടിലും തുല്യമായിരുന്നു. സാധാരണ ജലതന്മാത്രകളിലുള്ള ഹൈഡ്രജൻ ആറ്റങ്ങൾക്കു പകരം ഹൈഡ്രജന്റെ തന്നെ ഐസോടോപ് ആയ ഡ്യൂട്ടീരിയം ആറ്റങ്ങളായിരിക്കും ഘനജലത്തിൽ ഉണ്ടായിരിക്കുക. ഇവ രണ്ടും പ്രപഞ്ചാരംഭം മുതൽ തന്നെ നിലവിലുള്ളതാണ് എന്ന് കരുതപ്പെടുന്നു. ഈ സമാനതയാണ് ശാസ്ത്രജ്ഞരെ സമുദ്രത്തിന്റെ റിസർവോയറുകളായിരിക്കാം വാൽനക്ഷത്രങ്ങൾ എന്ന നിഗമനത്തിലെത്താൻ പ്രേരിപ്പിച്ചത്.

 കൂടുതലറിയാൻ--- O

2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

ബുധനെ കുറിച്ച് പുതിയ വിവരങ്ങൾ

ബുധനിലെ 97കി.മീറ്റർ വ്യാസമുള്ള ത്യാഗരാജ ഗർത്തം


     ബുധനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന MESSENGERൽ നിന്ന് കുറെയേറെ പുതിയ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിരിക്കുന്നു. ബുധോപരിതലത്തിൽ അഗ്നിപർവ്വത സ്ഫോടനവും ലാവാപ്രവാഹവും ഉണ്ടായതിന്റെ തെളിവുകളാണ് ശാസ്ത്രജ്നർ പുറത്തു വിട്ടിരിക്കുന്നത്. ആദ്യമായി ബുധനെ പരിക്രമണം ചെയ്യുന്ന ബഹിരാകാശ പേടകമാണ് MESSENGER (MErcury Surface, Space ENvironment, GEochemistry, and Ranging spacecraft).

     പുതിയ വിവരങ്ങൾ കാണിക്കുന്നത് ബുധന്റെ ഉത്തരധ്രുവപ്രദേശത്ത് വളരെ വിശാലമായ ലാവാസമതലം രൂപപ്പെട്ടിട്ടുണ്ട് എന്നാണ്. ഗ്രഹത്തിന്റെ ആകെ പ്രതല വിസ്തീർണ്ണത്തിന്റെ 6 ശതമാനം വരും ഇത്. കൂടിയ തോതിലുള്ള ലാവാപ്രവാഹം മൂലമോ ഉരുകിയ പാറകൾ ഘനീഭവിച്ചതു മൂലമോ ആയിരിക്കും ഈ മിനുസമാർന്ന സമതലം രൂപം കൊണ്ടിരിക്കുക. അഗ്നിപർവ്വത സ്ഫോടനം മൂലമുണ്ടായ കുന്നുകളും വിശാലമായ താഴ്വരകളും കണ്ടെത്തിയിട്ടുണ്ട്. ബുധോപരിതലത്തിൽ പരന്നു കിടക്കുന്ന ആഴമില്ലാത്ത ചെറുകുഴികളും ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. "hollows" എന്നാണ് ശാസ്ത്രജ്നർ ഇതിനു നൽകിയിട്ടുള്ള സാങ്കേതിക നാമം.

     ബുധോപരിതലത്തിന്റെ രാസഘടനയും ശാസ്ത്രജ്നർ നിരീക്ഷിക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളിൽ നിന്ന് ബുധന്റെ രൂപീകരണത്തെയും അതിന്റെ കനം കുറഞ്ഞ അന്തരീക്ഷവും പ്രതലവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും കൂടുതൽ അറിവുകൾ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ലഭ്യമായ വിവരങ്ങളനുസരിച്ച് പ്രവചിച്ചിരുന്നതിനെക്കാൾ വളരെ ഉയർന്ന തോതിൽ പൊട്ടാസ്യത്തിന്റെ സാന്നിദ്ധ്യം ഉള്ളതായി തെളിഞ്ഞിട്ടുണ്ട്.
     ശുക്രൻ, ഭൂമി, ചൊവ്വ എന്നീ ഗ്രഹങ്ങളുമായി മുമ്പു കരുതിയിരുന്നതിനേക്കാൾ സമാനതകളുള്ള ഗ്രഹമാണ് ബുധൻ എന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത് എന്ന് ഇതിനു നേതൃത്വം നൽകിയ പാട്രിക് പാപ്‌ലോവ്‌സ്കി പറഞ്ഞു. സയൻസ് മാഗസിന്റെ പുതിയ ലക്കത്തിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

     ബുധന്റെ കാന്തിക ക്ഷേത്രത്തിലുള്ള അയോണുകളെയും മെസ്സഞ്ചർ പിടിച്ചെടുത്തിരിക്കുന്നു. പൊട്ടാസ്യം അയോണുകളാണ് ഇതിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത്. തീവ്രമായ സൗരവാതത്തിനെതിരെ വളരെ ദുബ്ബലമായ സംരക്ഷണം മാത്രം നൽകുന്ന കാന്തിക മണ്ഡലമാണ് ബുധനുള്ളത്. ഇതിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ അധിക കാലം കഴിയുന്നതിനു മുമ്പു തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.കൂടുതലറിയാൻ ഇതിലേ

2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

പ്രകാശവേഗതയെ മറികടന്നു

സേണിലെ ലാർജ് ഹാഡ്രോൺ കൊളൈഡർ


     അവസാനം അതും സംഭവിച്ചു. അസംഭവ്യമെന്നു കരുതിയിരുന്നതു തന്നെ. പ്രകാശവേഗതയെ മറികടക്കാൻ കഴിയില്ല എന്ന ഒരു നൂറ്റാണ്ട് പഴക്കമുള്ള വിശ്വാസമാണ് ഇപ്പോൾ തകർക്കപ്പെട്ടിരിക്കുന്നത്. മൂന്നു ലക്ഷത്തോടടുത്ത വേഗതയിൽ സഞ്ചരിക്കുന്ന പ്രകാശത്തെ വെല്ലാൻ മറ്റൊന്നിനുമാവില്ല എന്നായിരുന്നു ഇതുവരെയുള്ള ധാരണ. ഈ ധാരണ തകർക്കുന്നതായിരുന്നു സേണിൽ നിന്ന് ഇന്നു പുറത്തു വന്ന റിപ്പോർട്ട്.


     സേണിലെ ലാർജ് ഹാഡ്രോൺ കൊളൈഡറിന്റെ (LHC) ഭാഗമായ ഗ്രാന്റ് സെസ്സോ റിസർച്ച് ഫെസിലിറ്റിയിലെ ശാസ്ത്രജ്നരാണ് പ്രകാശാതിവേഗത്തിൽ സഞ്ചരിച്ച ന്യൂട്രിനോകളെ കണ്ടെത്തിയതായി അറിയിച്ചത്. കഴിഞ്ഞ ഒരു വർഷ കാലയളവിനുള്ളിൽ 15,000 ന്യൂട്രിനോ ബീമുകളാണ് സേണിൽ നിന്ന് ഭൂമിക്കടിയിലുള്ള തുരംഗത്തിലൂടെ ഇറ്റലിയിലെ ഗ്രാന്റ് സെസ്സോയിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ഡിറ്റക്റ്ററുകളിലേക്ക് പായിച്ചു വിട്ടത്. പ്രകാശവേഗതയെക്കാൾ 60 നാനോസെക്കന്റ് കൂടുതൽ വേഗതയിലാണ് ഈ ന്യൂട്രിനോകൾ 730 കി.മീറ്റർ ദൂരം താണ്ടിയത്. നമ്മളെ സംബന്ധിച്ചിടത്തോളം ഇത് സങ്കല്പിക്കാൻ പോലും കഴിയാത്ത അത്ര ചെറിയ വ്യത്യാസമാണ്. പക്ഷെ കണഭൌതികത്തിൽ ഇത് വളരെ വലിയ ചലനങ്ങളായിരിക്കും സൃഷ്ടിക്കാൻ പോകുന്നത്.


     പ്രകാശത്തിന്റെ അചഞ്ചലമായ വേഗതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഭൌതികത്തിലെ സ്റ്റാന്റേർഡ് മോഡൽ കെട്ടിപ്പൊക്കിയിരുന്നത്. ഐൻസ്റ്റീന്റെ പ്രസിദ്ധ സമവാക്യമായ  C ഈ പ്രകാശപ്രവേഗമാണ്. ഇതിനെയാണ് പ്രാപഞ്ചിക സ്ഥിരാങ്കം എന്നു വിശേഷിപ്പിക്കപ്പെട്ടത്. ഇതെല്ലാം തിരുത്തിയെഴുതേണ്ടിവരുമോ എന്ന സംശയത്തിലാണ് ശാസ്ത്രജ്നരിപ്പോൾ.


     തങ്ങൾ ശരിക്കും ഞെട്ടിപ്പോയി എന്നാണ് ഈ പ്രോജക്റ്റിന്റെ വക്താവും സേൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്നനുമായ അന്റോണിയോ എറഡിറ്റാറ്റോ പറഞ്ഞത്. “ഞങ്ങളിപ്പോൾ അതിയായ ആത്മവിശ്വാസത്തിലാണ്. കാരണം ഞങ്ങൾ ഈ ഫലങ്ങളും അളവുകളും വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പു വരുത്തിയതാണ്. ഞങ്ങളുടെ സഹപ്രവർത്തകരോട് വീണ്ടും ഇത് പരിശോധിച്ച് ഉറപ്പു വരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.


     റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾ ജീർണ്ണിക്കുന്നതിന്റെ ഫലമായും നക്ഷത്രങ്ങളിൽ നടക്കുന്ന ന്യൂക്ലിയർ പ്രതിപ്രവർത്തനങ്ങളുടെ ഫലമായും രൂപം കൊള്ളുന്ന സബ് ആറ്റോമിക കണങ്ങളാണ് ന്യൂട്രിനോകൾ . ഇവക്കു കടന്നു പോകുന്നതിന് യാതൊന്നും തടസ്സമാകുന്നില്ല. ഏതു പദാർത്ഥങ്ങളെയും യാതൊരു പ്രയാസവും കൂടാതെ തുളച്ചു കടന്നു പോകാൻ ഇവക്കാവും. ഇതു വായിച്ചു കൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിൽ കൂടി ആയിരക്കണക്കിന് ന്യൂട്രിനോകൾ കടന്നു പോയിക്കൊണ്ടിരിക്കുകയാവും

കൂടുതൽ വിവരങ്ങൾ ഇവിടെ 

2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

വെസ്റ്റയുടെ പ്രഭാതദൃശ്യങ്ങൾ

credit: NASA

     ആസ്ട്രോയ്ഡ് ബെൽറ്റിലെ രണ്ടാമത്തെ വലിയ വസ്തുവാണ് വെസ്റ്റ. ഇതിനെ കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് ഡോൺ (Dawn). ഈ ദൗത്യത്തെ കുറിച്ച് മുമ്പ് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു.

     ഇപ്പോൾ വെസ്റ്റയുടെ ഒരു വീഡിയോ ചിത്രം ലഭ്യമായിട്ടുണ്ട്. സൗരയൂഥത്തിലെ ഈ അത്ഭുത വസ്തുവിനെ കുറിച്ചുള്ള കുറെ വിവരങ്ങൾ ഈ വീഡിയോയിൽ ലഭ്യമാണ്. ഇതിൽ വെസ്റ്റയുടെ ഉത്തരധ്രുവം ഇരുണ്ടു കാണാം. ഭൂമിയിലേതു പോലെ ഋതുഭേദങ്ങൾ വെസ്റ്റക്കുമുണ്ട്. ഇപ്പോൾ അവിടെ ശൈത്യകാലമാണ്. മാത്രമല്ല സൂര്യനുദിക്കാത്ത പ്രദേശം കൂടിയാണ് വെസ്റ്റയുടെ ഉത്തരധ്രുവം.

     ഈ വീഡിയോയുടെ മറ്റൊരു പ്രത്യേകത ദക്ഷിണധ്രുവം പ്രത്യേകം വലയത്തിനുള്ളിലാക്കി കാണിക്കുന്നുണ്ട് എന്നതാണ്. കഴിഞ്ഞ വർഷം ഹബ്ബിൾ ടെലസ്കോപ് എടുത്ത ഈ പ്രദേശത്തിന്റെ ചിത്രം കണ്ടതിനു ശേഷം ജ്യോതിശാസ്ത്രജ്നന്മാർ വളരെ ആകാംഷയോടെ കാത്തിരുന്നതാണ് ഈ പ്രദേശത്തിന്റെ ഒരു ക്ലോസ് അപ് ചിത്രത്തിനു വേണ്ടി. വൃത്തത്തിനുള്ളിൽ കാണുന്നത് കി.മീറ്ററുകളോളം വിസ്തൃതിയുള്ള ഒരു പ്രദേശമാണ്. ഇവിടെ കുത്തനെ ഉയർന്നു കാണുന്ന പർവ്വതം സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിൽ ഒന്നാണ്. ഏകദേശം 15 കി.മീറ്റർ ഉയരം വരും ഇതിന്.

     വെസ്റ്റയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 2,700 കി.മീറ്റർ ഉയരത്തിൽ നിന്ന് എടുത്ത ചിത്രങ്ങളാണ് ഈ വീഡിയോയിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്. 'സ്നോ മാൻ' എന്ന ഗർത്തവും 'ക്ലോഡിയ' (ബി.സി. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമൻ വനിത) എന്ന ഗർത്തവും ഇതിൽ കാണാൻ കഴിയും.

രണ്ട് സൂര്യന്മാർക്ക് ഒരു ഗ്രഹം    ദിവസവും രണ്ട് സൂര്യോദയവും അസ്തമയവും കാണാൻ കഴിയുന്നതിനെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. എങ്ങനെയുണ്ടായിരിക്കും? പക്ഷെ അങ്ങനെ സംഭവിക്കണമെങ്കിൽ ഒരു ഗ്രഹത്തിന് രണ്ടു സൂര്യന്മാർ വേണ്ടിവരും. രണ്ടു സൂര്യന്മാർക്കു ചുറ്റും ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹത്തെ സങ്കൽപ്പിച്ചു നോക്കൂ. ഇത്രയും കാലം അതൊരു സങ്കൽപ്പം മാത്രമായിരുന്നു. എന്നാൽ ഇപ്പൊഴത് യാഥാർത്ഥ്യമായിരിക്കുന്നു.

     നമ്മുടെ സൗരയൂഥത്തിനു പുറത്ത് ഭൂസമാന ഗ്രഹങ്ങളെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള നാസയുടെ കെപ്ലർ ദൗത്യം രണ്ടു സൂര്യന്മാരെ ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നു. ഭൂമിയിൽ നിന്ന് 200 പ്രകാശവർഷം അകലെ കിടക്കുന്ന കെപ്ലർ 16 എന്നറിയപ്പെടുന്ന സൗരയൂഥത്തിലാണ് ഈ അത്ഭുത പ്രതിഭാസം. ഈ കണ്ടെത്തൽ ഒരു പുതിയ തരം ഗ്രഹവ്യവസ്ഥയെ കുറിച്ചുള്ള അറിവാണ് നമുക്കു തരുന്നത്. പരസ്പരം ഭ്രമണം ചെയ്യുന്ന നക്ഷത്രങ്ങളെയാണ് ഇരട്ട നക്ഷത്രങ്ങൾ എന്നു പറയുന്നത്. പ്രപഞ്ചത്തിൽ ഭൂരിഭാഗം നക്ഷത്രങ്ങളും ഈ വിഭാഗത്തിൽ പെടുന്നവയാണ്. എന്നാൽ ഇവയെ കേന്ദ്രമാക്കിയുള്ള ഒരു ഗ്രഹവ്യവസ്ഥ ഇതു വരെയും കണ്ടെത്തിയിരുന്നില്ല. കെപ്ലർ 16b എന്ന ഗ്രഹത്തിന്റെ കണ്ടെത്തൽ ആ കുറവു നികത്തിയിരിക്കുന്നു. ഇനിയും ഇത്തരത്തിലുള്ള കൂടുതൽ ഗ്രഹങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

     സെറ്റി ഇൻസ്റ്റിട്യൂട്ടിലെ ലോറൻസ് ഡോയൽ എന്ന ശാസ്തജ്നനാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്.  ജീവസാധ്യത ഒട്ടും തന്നെയില്ലാത്ത ഗ്രഹമാണ് കെപ്ലർ 16b. ശനിയോളം വലിപ്പമുള്ള ഈ ഗ്രഹത്തിന് പകുതി പാറയും പകുതി വാതകവും കൂടിയുള്ള ഘടനയാണുള്ളത്. മാതൃനക്ഷത്രങ്ങൾ രണ്ടും സൂര്യനെക്കാൾ ചെറുതാണ്. സൗരപിണ്ഡത്തിന്റെ 69% പിണ്ഡം മാത്രമാണ് ഒരു നക്ഷത്രത്തിനുള്ളത്. മറ്റേതിനാകട്ടെ 20% മാത്രവും. 229 ദിവസങ്ങൾ കൊണ്ടാണ് കെപ്ലർ 16b ഒരു ഭ്രമണം പൂർത്തിയാക്കുന്നത്.

     ആർട്ടിസ്റ്റിന്റെ കാഴ്ചപ്പാടിലുള്ള രണ്ടു വീഡിയോകളാണ് താഴെ2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

സൗരയൂഥത്തിലൂടെ ഒരു സൗജന്യയാത്ര     വൈക്കം ചന്ദ്രശേഖരൻ നായരുടെ ഏറെ നിരൂപകശ്രദ്ധ നേടാത്ത ഒരു നോവലാണ് സ്‌മൃതികാവ്യം. ഇതിൽ മാ എന്ന പെൺകുട്ടി സ്പെയ്സിലൂടെയും സമയത്തിലൂടെയും സഞ്ചരിക്കുന്നു. അതു പോലെ ഒന്നു സഞ്ചരിക്കാനായെങ്കിൽ എന്ന് അത് വായിച്ച കാലത്ത് എനിക്കും തോന്നിയിരുന്നു. അസ്സാദ്ധ്യമായത് സാദ്ധ്യമാക്കാൻ കഴിയുന്നത്  സ്വപ്നങ്ങൾക്കു മാത്രമാണല്ലോ. പക്ഷെ ഇപ്പോഴിതാ അതിന് ഒരു പുതിയ വഴി തുറന്നിരിക്കുന്നു.

     “Eyes on the Solar System” എന്ന പേരിൽ ഒരു നാസ ഒരു പുതിയ വെബ് അപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നു. ഇനി ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സൗരയൂഥത്തിലൂടെ യാത്ര ചെയ്യാം. ഒട്ടും പണച്ചെലവില്ലാതെ തന്നെ! അമ്പതു കൊല്ലം മുമ്പുള്ള കാലത്തിലൂടെയും അമ്പതു കൊല്ലത്തിനു ശേഷമുള്ള കാലത്തിലൂടെയും വേണമെങ്കിൽ യാത്ര ചെയ്യാം!!  വോയേജറിന്റെ കൂടെയോ കാസ്സിനിയുടെ കൂടെയോ യാത്ര ചെയ്യാം!!! നാസയുടെ ജെറ്റ് പ്രൊപൽഷൻ ലാബറട്ടറി  പുറത്തിറക്കിയിട്ടുള്ള ഒരു സൗജന്യ പ്ലഗ്ഗിൻ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്താൽ മാത്രം മതി.


കൂടുതലറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ...

2011, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

രത്നം കൊണ്ടൊരു ഗ്രഹം

credit: MPIfR


     രത്നങ്ങൾ എന്നും നമുക്ക് അത്ഭുതമാണ്. അവ അത്രക്ക്  അപൂർവ്വമാണ് എന്നതു തന്നെയായിരിക്കാം ഒരു കാരണം. എന്നാൽ ഒരു ഗ്രഹം പൂർണ്ണമായും രത്നം തന്നെയായാലോ? അപ്പോൾ അത്ഭുതം ഇരട്ടിക്കുകയേയുള്ളു അല്ലേ? എന്നാൽ ഇതാ അത്തരം ഒരു അത്ഭുതം സംഭവിച്ചിരിക്കുന്നു. ആസ്ട്രേലിയയിലെ സ്വിൻബേൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സർ മാത്യു  ബെയിൽസിന്റെ നേതൃത്വത്തിലുള്ള ഒരു ശാസ്ത്രജ്ഞരാണ് ഈ ഗ്രഹത്തെ(Diamond Planet) കണ്ടെത്തിയതായി അവകാശപ്പെടുന്നത്.

     PSR J1719-1438 എന്ന ഒരു പുതിയ പൾസാറിനെ നിരീക്ഷിക്കുന്നതിനിടയിലാണ് ഈ ശാസ്ത്രസംഘം പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. ഉയർന്ന ദ്രവ്യമാനവും ചെറിയ വ്യാസവുമുള്ള അതിവേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളാണ്  പൾസാറുകൾ. ഇത്  വളരെ ഉയർന്ന തോതിൽ റേഡിയോ തരംഗങ്ങൾ പുറത്തു വിട്ടുകൊണ്ടിരിക്കും. ഇതിന്റെ കറങ്ങൽ കാരണം ലൈറ്റ്‌ഹൗസിൽ നിന്നു വരുന്ന പ്രകാശകിരണത്തെ പോലെ ഇടവിട്ടിടവിട്ടായിരിക്കും ഭൂമിയിലേക്ക് എത്തുക. ഇങ്ങനെ വരുന്ന റേഡിയോ തരംഗങ്ങളിൽ 130 മിനിറ്റ് ഇടവിട്ട് വ്യതികരണങ്ങൾ ഉണ്ടാകുന്നത് ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ പെട്ടു. ഇതിൽ നിന്നാണ് ഒരു ഗ്രഹത്തിന്റെ സാന്നിദ്ധ്യം അവർ തിരിച്ചറിഞ്ഞത്. സൂര്യനിൽ നിന്ന് 40,000 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

     PSR J1719-1438  ഒരു മില്ലിസെക്കന്റ്  പൾസാർ ആണ്. ഒരു മിനിറ്റിൽ 10,000 തവണയാണ് ഇത് ഭ്രമണം ചെയ്യുന്നത്. സൗരപിണ്ഡത്തിന്റെ 1.4മടങ്ങ് പിണ്ഡം ഇതിനുണ്ടെങ്കിലും വ്യാസം വെറും 20 കി.മീറ്റർ മാത്രമേയുള്ളു. ഇത്രയും ചുരുങ്ങിയ സ്ഥലത്താണ് ഇത്രയും ദ്രവ്യം സംഭരിച്ചു വെച്ചിരിക്കുന്നത് എന്നു പറയുമ്പോൾ അതിന്റെ സാന്ദ്രത ഒന്നു സങ്കൽപ്പിച്ചു നോക്കൂ. ഇതിനോടു കൂടെ ഉണ്ടായിരുന്ന മറ്റൊരു നക്ഷത്രം അതിന്റെ ദ്രവ്യത്തിൽ വലിയൊരു ഭാഗം ഇതിനു നൽകിയതിനു ശേഷം ബാക്കി വന്ന ദ്രവ്യത്തിൽ നിന്നും രൂപം കൊണ്ടതാണ് ഈ  രത്നഗ്രഹം എന്നാണ് ഇപ്പോഴത്തെ നിഗമനം.

     ഓസ്ട്രേലിയയിലെ പാർക്കെസ് ടെലസ്കോപ്പ്, ഇംഗ്ലണ്ടിലെ ലോവൽ റേഡിയോ ടെലിസ്കോപ്, ഹവായിയിലെ കെക്ക് എന്നിവയിൽ നിന്നുള്ള 2,00,000 ഗീഗാബൈറ്റ് വിവരങ്ങൾ വിശകലനം ചെയ്താണ് ശാസ്ത്രസംഘം രത്നഗ്രഹം കണ്ടെത്തിയതായി പ്രഖ്യാപിച്ചത്.

credit: MPIfR

കൂടുതൽ വിവരങ്ങൾ ഇവിടെ

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഇതാ ഒരു തണുത്ത നക്ഷത്രം!     എന്നു പറഞ്ഞാൽ ഒരു നക്ഷത്രമല്ല. തണുത്തു പോയാൽ നക്ഷത്രമാവില്ലല്ലോ. അപ്പോൾ നക്ഷത്രം പോലെ ഒരു വസ്തു എന്നു പറയാം. ജ്വലന ശേഷിയില്ലാത്ത ഇത്തരം പദാർത്ഥങ്ങളെ തവിട്ടു കുള്ളന്മാർ എന്നു പറയും. അണുകേന്ദ്രസംലയനം നടത്താനാവശ്യമായ പിണ്ഡം സംഭരിക്കാനാവാത്തതു കൊണ്ട് സ്വയം ജ്വലിക്കാനാവാതെ പോയ ഹതഭാഗ്യനക്ഷത്രങ്ങളാണിവ. ഇവയിൽ തന്നെ ഏറെ തണുത്ത വിഭാഗമാണ്  Y സ്പെക്ട്രം ഗ്രൂപ്പിൽ വരുന്നവ. (Y dwarfs). ഇവക്കിടയിൽ നിന്നാണ് വളരെ കുറഞ്ഞ താപനിലയുള്ള ചിലരെ കണ്ടെത്തിയിരിക്കുന്നത്. കുറഞ്ഞ താപനില എന്നു ഏകദേശം 25 ഡിഗ്രി സെന്റിഗ്രേഡ്! നമ്മുടെ ശരീരതാപത്തോളം!!

     വളരെ കാലമായി ബഹിരാകാശ ശാസ്ത്രജ്ഞർ ഇവയെ തെരഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും ഇപ്പോൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.  WISE ദൂരദർശിനി ഉപയോഗിച്ചാണ് ഇതു സാധ്യമായത്. ആറെണ്ണത്തിനെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ദൃശ്യപ്രകാശം ഉപയോഗിച്ച് ഇവയെ നിരീക്ഷിക്കുക അസാധ്യമാണ്. തരംഗദൈർഘ്യം കൂടിയ ഇൻഫ്രാ റെഡ് പ്രകാശമുപയോഗിച്ചാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്.

      ജ്യോതിശാസ്ത്രജ്ഞന്മാരിൽ പ്രത്യേക താൽപര്യമുണർത്തുവയാണ് തവിട്ടു കുള്ളന്മാർ. നക്ഷത്രരൂപീകരണത്തെ കുറിച്ചു പഠിക്കുന്നതിനും സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളുടെ അന്തരീക്ഷത്തെ കുറിച്ച് പഠിക്കുന്നതിനും തവിട്ടുകുള്ളന്മാരെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. വ്യാഴത്തെ പോലെയുള്ള വാതകഭീമന്മാരായ ഗ്രഹങ്ങൾക്കു സമാനമാണ് തവിട്ടു കുള്ളന്മാരും. സൗരയൂഥേതര ഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നതിന് അവയുടെ മാതൃനക്ഷത്രത്തിൽ നിന്നുള്ള പ്രകാശം തടസ്സമാവുന്നു. എന്നാൽ തവിട്ടു കുള്ളന്മാർ ഒറ്റയാന്മാരായി അലയുന്നവരായതു കൊണ്ട് ഈ പ്രശ്നം ഉണ്ടാവുന്നില്ല.

     Y വിഭാഗത്തിൽ പെട്ട ഈ തവിട്ടുകുള്ളന്മാരിൽ WISE 1828+2650 എന്നറിയപ്പെടുന്നതാണ് ഏറ്റവും കുറഞ്ഞ താപനിലയുള്ളത്. 25 ഡിഗ്രി സെന്റി ഗ്രേഡ് ആണ് ഇതിന്റെ അന്തരീക്ഷ താപനില. ഇവയെല്ലാം തന്നെ താരതമ്യേന നമ്മുടെ അടുത്ത് കിടക്കുന്നവയാണ്. ഒമ്പത് മുതൽ നാൽപത് പ്രകാശം വർഷം വരെയാണ് സൂര്യനിൽ നിന്നുള്ള ഇവയുടെ അകലം.

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

പണ്ടു പണ്ട് രണ്ട് അമ്പിളിമാമൻമാരുണ്ടായിരുന്നത്രെ!!!     ഇതൊരു മുത്തശ്ശിക്കഥയല്ല കേട്ടോ. ശാസ്ത്രജ്ഞന്മാർ കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച് സമർത്ഥിച്ച ഒരു ഭൂതകാല സംഭവത്തെ കുറിച്ചാണ്  പറയുന്നത്. ഏതാണ്ട് നാല് ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിക്ക് രണ്ട് ചന്ദ്രന്മാരുണ്ടായിരുന്നത്രെ. പിന്നീട് അവ കൂട്ടിയിടിച്ച് ഒന്നായതാണ് ഇന്നു നാം കാണുന്ന ചന്ദ്രൻ എന്നു വിശദീകരിക്കുന്ന ഒരു പഠനം ആഗസ്റ്റ്  4ന്റെ നാച്വർ മാഗസിനിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

     ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമായ വശം മറുവശത്തെ അപേക്ഷിച്ച് പർവ്വതങ്ങളും ഗർത്തങ്ങളും കുറഞ്ഞ് കൂടുതൽ നിരപ്പായിരിക്കുന്നതിന്റെ കാരണം ഇതാണത്രെ. ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ചൊവ്വയോളം പോന്ന ഒരു പ്രാഗ്-ഗ്രഹം ഭൂമിയിൽ വന്നിടിച്ചതിന്റെ ഫലമായി തെറിച്ചു പോയ പദാർത്ഥങ്ങൾ കൂടിച്ചേർന്നാണ് ചന്ദ്രൻ ഉണ്ടായത് എന്നാണ് ചന്ദ്രോൽപത്തിയെ കുറിച്ച്  അംഗീകരിക്കപ്പെട്ട ഒരു സിദ്ധാന്തം. ഇങ്ങനെ തെറിച്ചു പോയ ശകലങ്ങൾ രണ്ടു ചന്ദ്രന്മാരായാണ് രൂപം കൊണ്ടത് എന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. ഇതിൽ ചെറിയ ചന്ദ്രന്റെ വലിപ്പം വലിയതിന്റെ പതിമൂന്നിൽ ഒരു ഭാഗം മാത്രമായിരുന്നു.

     ബർണെ യൂണിവേഴ്‌സിറ്റിയിലെ മാർട്ടിൻ ജൂട്സി, കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ എറിക് അസ്‌ഫോഗ് എന്നിവരാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്. പുതിയ കണ്ടെത്തലുകൾ ചന്ദ്രനെ കുറിച്ചുള്ള നിരവധി സമസ്യകൾക്ക് ഉത്തരം കണ്ടെത്താൻ സഹായിക്കുമെന്നാണ് കരുതുന്നത്.

     ആകാശഗോളങ്ങളുടെ വേഗതയുമായി താരതമ്യപ്പെടുത്തിയാൽ ചെറിയ വേഗതയായ 8000k.m/h വേഗതയിലായിരുന്നു ഇവയുടെ കൂട്ടിയിടി. ഇതു കൊണ്ടു തന്നെ ആഘാത ഗർത്തങ്ങൾ രൂപം കൊള്ളുകയോ ശിലകൾ ഉരുകിച്ചേരുകയോ ഉണ്ടായില്ല. കുഞ്ഞുചന്ദ്രൻ ഇടിച്ച ഭാഗത്ത് ഇഴുകിച്ചേരുകയാണുണ്ടായത്. ഇതുകൊണ്ടാണ് ചന്ദ്രന്റെ ഇരുവശങ്ങളും ഘടനാപരമായി വ്യത്യസ്തത പുലർത്തുന്നത്. ഭൂസമീപവശം ലാവ ഉരുകിയൊലിച്ച് പരന്നതു പോലെയാണുള്ളത്. ഇവിടെ കാണുന്ന മൂലകങ്ങളും വ്യത്യസ്തമാണ്.  KREEP എന്നറിയപ്പെടുന്ന [potassium (K), rare-earth elements (REE) and phosphorus (P)] മൂലകങ്ങളാണ് ഇവിടെ സമൃദ്ധമായിട്ടുള്ളത്. എന്നാൽ കൂടുതൽ കാഠിന്യമേറിയതാണ് എതിർവശം.

     ചന്ദ്രന്റെ ഇരുവശങ്ങളും തമ്മിലുള്ള ഈ വിഭിന്നത ബഹിരാകാശയുഗം തുടങ്ങിയ കാലം മുതലുള്ള സമസ്യയാണല്ലോ എന്ന്  അത്ഭുതം കൂറിയ ഫ്രാൻസിസ് നിമ്മൊയ്ക്കുള്ള മറുപടി കൂടിയാകുന്നു ഈ വെളിപ്പെടുത്തലുകൾ.

2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ഓക്സിജൻ തന്മാത്രകളുടെ ഒളിച്ചുകളി അവസാനിക്കുന്നുവോ?credit: JPL
 
     പ്രപഞ്ചത്തിലുള്ള മൂലകങ്ങളുടെ അളവെടുത്താൽ മൂന്നാം സ്ഥാനത്താണ് ഓക്സിജന്റെ സ്ഥാനം. എന്നാൽ തന്മാത്രാ രൂപത്തിലുള്ള ഓക്സിജനെ വളരെ കുറഞ്ഞ അളവിൽ മാത്രമെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളു. നമ്മൾ ശ്വസിക്കുന്ന വായുവിൽ 20%ൽ താഴെ മാത്രമാണ് തന്മാത്രാ രൂപത്തിലുള്ള ഓക്സിജൻ കാണപ്പെടുന്നത്. സൗരയൂഥത്തിനു പുറത്തുള്ള സ്പയ്സിലാകട്ടെ ഇതു വരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നുമില്ല. എന്നാൽ അണുരൂപത്തിലുള്ള ഓക്സിജനെ ധാരാളമായി കാണപ്പെടുന്നുണ്ടു താനും.

     ഇതിനൊരറുതി വരുത്തിയിരിക്കുകയാണ് ESA യുടെ ബഹിരാകാശ ദൂരദർശിനിയായ ഹെർഷൽ. അങ്ങു ദൂരെ ഓറിയൺ പടലത്തിൽ നക്ഷത്രങ്ങൾ രൂപമെടുത്തുകൊണ്ടിരിക്കുന്ന മേഖലയിലാണ് ഓക്സിജൻ തന്മാത്രകൾ നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. '1770കളിൽ ഓക്സിജൻ കണ്ടുപിടിക്കപ്പെട്ടുവെങ്കിലും 230 വർഷങ്ങളിലേറെ കാത്തിരിക്കേണ്ടിവന്നു സ്പേസിലെ ഓക്സിജൻ തന്മാത്രകളുടെ അസ്ഥിത്വം തെളിയിക്കാൻ' എന്ന് നാസയുടെ ഹെർഷൽ പ്രോജക്ട് സൈന്റിസ്റ്റായ പോൾ ഗോൾഡ്‌സ്മിത്ത് പറഞ്ഞു. നാസയുടെ കൂടി സഹകരണത്തോടു കൂടി യൂറോപ്യൻ സ്പേസ് ഏജൻസി നടത്തുന്ന പ്രോജക്ടാണ് ഹെർഷൽ. 2007ൽ സ്വീഡന്റെ ഓഡിൻ ടെലസ്കോപ് ഓക്സിജൻ കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നെങ്കിലും പിന്നീട് അത് സ്ഥിരീകരിക്കാൻ അവർക്കായില്ല.

     ഗോൾഡ് സ്മിത്തിന്റെയും കൂട്ടുകാരുടെയും അഭിപ്രായം ഈ ഓക്സിജൻ തന്മാത്രകൾ ഐസ് പരലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരിക്കും എന്നാണ്. ഈ ഐസുകട്ടകൾ ഉരുകി സ്വതന്ത്രമായവയായിരിക്കാം ഒറിയൺ നെബുലയിൽ കാണുന്ന ഓക്സിജൻ തന്മാത്രകൾ എന്നും അവർ കണക്കു കൂട്ടുന്നു. പ്രപഞ്ചത്തിൽ ധാരാളമുള്ള  മൂലകം എന്ന നിലയിൽ ഓക്സിജൻ തന്മാത്രകൾ ധാരാളമായി കാണപ്പെടേണ്ടതാണ്. എന്നാൽ ഇപ്പോഴും അതിനു കഴിഞ്ഞിട്ടില്ല. ഒരു സ്പോട്ട് കണ്ടെത്താനായി എന്നു മാത്രമേ പറയാനാകൂ. ഏതായാലും മറ്റു നക്ഷത്രരൂപീകരണ മേഖലകളിലേക്കു കൂടി ഓക്സിജൻ വേട്ട വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രജ്ഞർ.


credit: JPL

2011, ജൂലൈ 28, വ്യാഴാഴ്‌ച

ശനിയിൽ കാലവർഷം!!!

credit: ESA

      ത്തിരി അതിശയോക്തി കൂട്ടി പറഞ്ഞതാ ട്ടോ. ന്നാലും ശനീല് മഴ ന്നൊക്കെ പറഞ്ഞാല് ഒരത്ഭുതന്യല്ലെ! ന്നാ ശ്ശി ന്റെവകേം ആയിക്കോട്ടെ ന്നങ്ങട്ട് വെച്ചു. കൊഴപ്പല്യാലോ. ണ്ടെങ്കി ഒന്നങ്ങട്ട് ക്ഷമിക്യാ. അല്ലാതെന്താ ചെയ്യാ?

       അല്ലാ പ്പൊ പറഞ്ഞു വന്നതെന്താ? ശനീലെ മഴേടെ കാര്യല്ലെ? അതന്നെ. ന്നാ ബാക്കീം കൂടി അങ്ങട്ട് കേട്ടോളൂ ട്ടോ. കൊറേ കൊല്ലം മുമ്പന്നെ, കൃത്യായി പറഞ്ഞാ 1997ല്, ശാസ്ത്രജ്നന്മാര് ശനീടെ അന്തരീക്ഷത്തില് ജലബാഷ്പൊക്കെ കണ്ടെത്തീട്ട്ണ്ട്. എന്നാ ഇതെവിട്ന്നാ വര്ണത്‌ന്ന് എങ്ങന്യാ ണ്ടാവണത് ന്നൊന്നും ഈ വിദ്വാന്മാർക്കൊട്ടു മനസ്സിലായിട്ടുണ്ടായിര്‌ന്നില്യ. പ്പഴാണത്രെ അതിന്റെ ഗുട്ടൻസ് പിടി കിട്ട്യേത്.
       
     ശനീടെ ഒരു ഉപഗ്രഹോണ്ട്. എൻസിലാഡസ് ന്നാ അതിന്റെ പേര്. ആളത്ര മോശക്കാരനൊന്ന്വല്ല. നമ്മട്യൊക്കെ അട്‌ക്കളേല് വെള്ളം അടച്ച് സൂക്ഷിക്ക്‌ണ പോല്യാ ആ വിദ്വാൻ വെള്ളം സൂക്ഷിച്ച് വെച്ചിരിക്കണതേ. പുറത്ത്‌ന്ന് നോക്യാ ഒന്നൂല്യ. വെറും മഞ്ഞ് മൂടിക്കെടക്കാന്നെ തോന്നൂ. ന്നാലോ ആ മഞ്ഞിന്റടീല് നെറച്ചും വെള്ളാത്രെ! ഇതെത്രേണ്ടാവും ന്ന ഒരു കണക്കും ആര്‌ടേം കയ്യില്‌ല്യ. ന്നാലും കുറേ  വെള്ളം മഞ്ഞുകട്ടകളടെ എടേക്കൂടെ പുറത്തേക്ക് തെറിപ്പിച്ച് വിടാറ്‌ണ്ട് വിദ്വാൻ. എത്രേന്നറിയോ? ഒരു സെക്കന്റില് ഏതാണ്ട് 250 കിലോ ഗ്രാം. ദക്ഷിണധ്രുവത്തില്‌ള്ള ചില വിടവ്‌കളിൽ കൂടിയാണ് ഈ ജലബാഷ്പ നിർഗ്ഗമനം നടക്ക്‌ണത്‌ന്നാ നമ്മടെ ആൾക്കാര് കണ്ടെത്തീട്ട്‌ള്ളത്. ഈ വിടവ്‌കളെ ടൈഗർ സ്ട്രിപ്പ് ന്നാ വിളിക്യാ. നമ്മടെ ഉപഗ്രഹങ്ങളെട്‌ത്ത ചിത്രങ്ങള് നോക്യാ കട്‌വേടെ മേല്‌ള്ള വരകളാന്നാ ഇത് തോന്ന്വാ.        

     ങ്ങനെ എൻസിലാഡസ്സീന്ന് വര്ന്ന ജലാണത്രെ ശനീടെ  അന്തരീക്ഷത്തില് കാണ്‌ണതേ. അപ്പൊ എൻസിലാഡസീന്നു പെയ്യ്‌ണ മഴയാണ് ശനീടെ അന്തരീക്ഷത്തിലെ വെള്ളം ന്നങ്ങട്ട് പറയാം. ന്നാ ഈ വെള്ളം മുഴ്വനും ശനീലിക്യങ്ങട്ട് എത്ത്‌ണൊന്നൂല്യാ ട്ടോ. ഒരു മൂന്നോ നാലോ ശതമാനം മാത്രേ അങ്ങട്ട് എത്ത്‌ണൊള്ളത്രെ! ച്ചാൽ ഭൂമീല് പെയ്യ്‌ണ മഴേടെ 7,000,000,000,000 ൽ ഒര് ഭാഗം മാത്രം!!! എങ്ങനേണ്ട്?      

2011, ജൂലൈ 19, ചൊവ്വാഴ്ച

അറിവിന്റെ പ്രഭാതം

credit: NASA    നാസയുടെ ഡോൺ(Dawn) എന്ന ബഹിരാകാശ പേടകം ആസ്റ്ററോയ്‌ഡ് ബെൽറ്റിലെ ഭീമനായ വെസ്റ്റക്കു ചുറ്റും കറങ്ങി തുടങ്ങി. തുടർന്ന് അവയുടെ ക്ലോസ് അപ്പ് ചിത്രങ്ങൾ ഭൂമിയിലേക്ക് അയക്കാനും. ഭൂമിയിലെ ദൂരദർശിനികളിലൂടെയും മറ്റു ബഹിരാകാശ ദൂരദർശിനികളിലൂടെയും ലഭിച്ച ചിത്രങ്ങൾ മാത്രമേ ഇതു വരെയും നമ്മുടെ കൈയ്യിൽ ഉണ്ടായിരുന്നുള്ളു. അവയാകട്ടെ ഇതിന്റെ ഉപരിതലത്തെ കുറിച്ചു പഠിക്കുന്നതിന് വേണ്ടത്ര ഉപയുക്തമാകാത്തവയും ആയിരുന്നു. ഇതിനാണ് ഇപ്പോൾ ഒരു പരിഹാരമായിരിക്കുന്നത്. ഈ ചിത്രങ്ങൾ വെസ്റ്റയിലെ പർവ്വതങ്ങളെയും ഗർത്തങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമുക്കു ലഭ്യമാക്കും. സൗരയൂഥത്തിന്റെ ആദ്യകാലത്തെ കുറിച്ചുള്ള പഠനങ്ങൾക്ക് ഇത് കൂടുതൽ കരുത്തേകും.


     വെസ്റ്റയുടെ 16000കി.മീറ്റർ സമീപത്തു നിന്നുള്ള ദൃശ്യങ്ങളാണ് ഡോൺ ഇപ്പോൾ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. ഇതാദ്യമായാണ് വെസ്റ്റയുടെ ഇത്രയും അടുത്തു നിന്നുള്ള ദൃശ്യങ്ങൾ കിട്ടുന്നത്. ആഗസ്റ്റു മുതൽ ലഭ്യമായ വിവരങ്ങൾ വിശകലനം ചെയ്തു തുടങ്ങും. ഈ  പഠനങ്ങളിലൂടെ സൗരയൂഥത്തിന്റെ ആദ്യാധ്യായങ്ങളാണ് രചിക്കപ്പെടാൻ പോകുന്നത്.


     530 കി.മീറ്ററാണ് ഇതിന്റെ വ്യാസം.ഭൂമിയിൽ നിന്നും 188 മില്യൺ കി.മീറ്ററുകൾക്കകലെയാണ് സ്ഥാനം. ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന നിരവധി ഉൽക്കകളുടെ പ്രഭവസ്ഥാനവും വെസ്റ്റയാണെന്നു കരുതപ്പെടുന്നു.


    നാലു വർഷം മുമ്പ് ഭൂമിയിൽ നിന്ന് യാത്ര തിരിച്ച ഡോൺ 2.8 ബില്യൻ കി.മീറ്ററുകൾ താണ്ടി ജൂലൈ 15നാണ് ലക്ഷ്യം കണ്ടത്. സെക്കന്റിൽ 6.7 കി.മീറ്റർ വേഗതയിലായിരുന്നു യാത്ര. ഇതു വരെ നിർമ്മിച്ചിട്ടുള്ള ബഹിരാകാശ പേടകങ്ങളിൽ വെച്ച് ഏറ്റവും കൂടിയ വേഗത!!!


     ഡോൺ ഒരു വർഷം വെസ്റ്റയുടെ അടുത്ത് ചെലവഴിക്കും. പിന്നീട് അടുത്ത സ്വീകരണ കേന്ദ്രമായ സിറസ് എന്ന കുള്ളൻ ഗ്രഹത്തിനു സമീപത്തേക്കു നീങ്ങും. 2015 ഫെബ്രുവരി മുതൽ സിറസിനെ കുറിച്ചുള്ള വിവരങ്ങൾ ഭൂമിയിലേക്കയച്ചു തുടങ്ങും.
വെസ്റ്റയും മറ്റു പ്രധാന ആസ്റ്ററോയ്‌ഡുകളും 

2011, ജൂലൈ 14, വ്യാഴാഴ്‌ച

ഇന്നാ പിടിച്ചോ പത്തു ഗ്രഹങ്ങൾ കൂടി

credit: Oxford University


     ഒരു അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘം പത്തു പുതിയ ഗ്രഹങ്ങളെ കൂടി സൗരയൂഥത്തിനു പുറത്ത് കണ്ടെത്തിയിരിക്കുന്നു. ഏതാനും ദശലക്ഷം വർഷം മാത്രം പ്രായമുള്ള നെപ്ട്യൂൺ സമാന ഗ്രഹങ്ങളും ഇതിൽ പെടും. നെപ്ട്യൂണിനെ കണ്ടെത്തിയതിനു ശേഷം അതിന്റെ ഒരു വർഷം പൂർത്തിയായ ഈ സമയത്തു തന്നെ നടത്തിയ ഈ കണ്ടെത്തൽ കൂടുതൽ കൗതുകം തരുന്നതാണ്.

     ഈ ഗ്രഹങ്ങളെ കണ്ടെത്തുന്നതിന് ഉപയോഗിച്ചത് CoRoT (Convection, Rotation and Transits) എന്ന ബഹിരാകാശദൂരദർശിനിയാണ്. ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ CNESനാണ് ഇതിന്റെ ഉടമസ്ഥാവകാശം.ജൂൺ 14ന് മാർസെയിലിൽ വെച്ചു നടന്ന രണ്ടാം കോറോട്ട് സിമ്പോസിയത്തിൽ വെച്ചാണ് ഈ ഗ്രഹങ്ങളെ കണ്ടെത്തിയ വിവരം പ്രഖ്യാപിച്ചത്.

     ഇപ്പോൾ കണ്ടെത്തിയ പത്തു ഗ്രഹങ്ങളിൽ ഏഴെണ്ണം ചൂടൻ വ്യാഴം (hot jupiter) എന്ന വിഭാഗത്തിൽ പെടുന്നവയാണ്. മാത്രമല്ല ഇവ അസാധാരണമാം വിധം അടുത്തു കിടക്കുന്നവയും അതിദീർഘ ഭ്രമണപഥങ്ങളോടു കൂടിയവയും ആണ്. ഇവയിൽ ഒരെണ്ണം വളരെ പ്രായം കുറഞ്ഞ നക്ഷത്രത്തെയാണ് ഭ്രമണം ചെയ്യുന്നത് എന്ന പ്രത്യേകതയും ഉണ്ട്. മറ്റൊരു ഗ്രഹം ശനിയെക്കാൾ അല്പം വലിപ്പം കുറഞ്ഞതാണ്. ഇതിന്റെ തന്നെ രണ്ടു സഹഗ്രഹങ്ങളാണ് നെപ്ട്യൂണിനോട് സമാനമായവ.

     ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഡോ. സൂസന്നെ ഐഗ്രൈൻ ആണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്.  കോറോട്ട് 18 എന്ന നക്ഷത്രത്തിന് ഏതാനും ദശലക്ഷം വർഷങ്ങളുടെ പ്രായം മാത്രമെ ഉള്ളു എന്നാണ് പുതിയ പഠനങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് എന്ന് ഇവർ പറഞ്ഞു. ഇത് സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ ഗ്രഹരൂപീകരണത്തിന്റെ ആദ്യനാളുകളെ കുറിച്ചുള്ള കുറെ വിവരങ്ങൾ മനസ്സിലാക്കാൻ ഇത് സഹയിക്കും.

     മറ്റൊരു താല്പര്യം ജനിപ്പിക്കുന്ന നക്ഷത്രം കോറോട്ട് 24 ആണ്. നമ്മുടെ സൂര്യനെക്കാൾ ചെറുതാണ് എന്നതാണ് ഈ നക്ഷത്രത്തിന്റെ പ്രത്യേകത. ഭൂമിയിൽ നിന്ന് 4400 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഇതിനെ രണ്ടു ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയിലെ ആദ്യത്തെ നക്ഷത്രം ഭൂമിയെക്കാൾ മൂന്നു മടങ്ങു വലുതാണ്. മാതൃനക്ഷത്രത്തെ ഒരു തവണ ചുറ്റിവരാൻ 5.1 ദിവസം മാത്രമെ ആവശ്യമുള്ളു. രണ്ടാമത്തെതിനാകട്ടെ ഭൂമിയെക്കാൾ 4.8 മടങ്ങു വലിപ്പമുണ്ട്. ഇത് ഒരു വട്ടം ഭ്രമണം ചെയ്യുന്നതിനെടുക്കുന്ന സമയം 11.8 ദിവസങ്ങളാണ്. ഇവയാണ് രൂപം കൊണ്ട് നെപ്ട്യൂണിനു സമാനമായവ. പക്ഷെ താപനില വളരെ ഉയർന്നതാണ്. ഇവയുടെ ഘടന പൂർണ്ണമായും നെപ്ട്യൂണിനു സമാനമാണോ എന്ന കാര്യം അറിവായിട്ടില്ല.

     കോറോട്ട് 22b എന്ന നക്ഷത്രം വലിപ്പം കൊണ്ട് ശനിക്കു തുല്യനാണ്. ഭൂമിയിൽ നിന്നും 2000 പ്രകാശവർഷം അകലത്തിലാണ് ഇതിന്റെ സ്ഥാനം. പത്തു ദിവസമാണ് ഭ്രമണകാലയളവ്. നമ്മുടെ സൂര്യനെക്കാൾ അല്പം ചൂടു കൂടിയതാണ് ഇതിന്റെ നക്ഷത്രം.

     താഴെ പറയുന്നവയാണ് പുതിയതായി കണ്ടെത്തിയ പത്തു ഗ്രഹങ്ങൾ:
CoRoT-16b: വ്യാഴത്തിന്റെ വലിപ്പവും അതിന്റെ പകുതി മാത്രം പിണ്ഡവുമുള്ള ഒരു ഗ്രഹമാണിത്. 5.3 ദിവസമാണ് ഭ്രമണകാലയളവ്. സൂര്യനു സമാനമായ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നു. ആറു ബില്യൺ വർഷങ്ങളാണ് ഇതിന്റെ പ്രായം. അപൂർവ്വമായി മാത്രം കാണപ്പെടുന്ന വളരെ നീണ്ട ഭ്രമണപഥമാണിതിന്.

CoRoT-17b: ഈ ഭീമൻ ഗ്രഹത്തിന് ഏകദേശം പത്തു ബില്യൻ വർഷങ്ങളുടെ പ്രായമുണ്ട്. അതായത് സൂര്യന്റെ രണ്ടു മടങ്ങ്. ഭ്രമണചക്രം പൂർത്തിയാവുന്നത് 3.7 ദിവസം കൊണ്ടാണ്. വ്യഴത്തിന്റെ 2.4 മടങ്ങ് പിണ്ഡവും രണ്ടു മടങ്ങ് സാന്ദ്രതയുമുണ്ട് ഇതിന്. വളരെ പ്രായം കൂടിയ ഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നതിനുള്ള ഒരു സാമ്പിളാണിത്.

CoRoT-18b: വ്യാഴത്തിന്റെ രണ്ടു മടങ്ങ് സാന്ദ്രത കൂടിയ ഈ നക്ഷത്രത്തിന്റെ പ്രായം 600 മില്യൺ വർഷങ്ങളാണ്. വ്യാഴത്തിന്റെ 1.4 മടങ്ങ് വലിപ്പവും 3.5 മടങ്ങ് പിണ്ഡവും ഇതിനുണ്ട്.

CoRoT-19b: വ്യാഴത്തിന്റെതിനു തുല്യമായ പിണ്ഡവും അതിന്റെ 1.5 മടങ്ങ് വലിപ്പവുമുള്ള ഒരു ഗ്രഹമാണിത്. സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹമായ ശനിയുടേതിനു തുല്യമാണ് ഇതിന്റെ സാന്ദ്രത.

CoRoT-20b: അതിദീർഘ ഭ്രമണപഥത്തോടു കൂടിയ ഒരു "ചൂടൻ വ്യാഴ"മാണിത്. ഇതിന്റെ സാന്ദ്രത ചൊവ്വയുടെതിന്റെ രണ്ടു മടങ്ങാണ്.

CoRoT-21b: ഒരു ഭീമൻ വാതകഗ്രഹം തന്നെയാണിതും. വ്യാഴത്തിന്റെ 1.3 മടങ്ങ് വലിപ്പവും 2.5 മടങ്ങ് പിണ്ഡവും ഇതിനുണ്ട്.

CoRoT-22b: ശനിയുടെ 0.74 മാത്രം വ്യാസമുള്ള ഒരു കൊച്ചു ഗ്രഹമാണ്  ഇത്. ഈ വലിപ്പത്തിലുള്ള സൗരേതരഗ്രഹങ്ങളെ അധികമൊന്നും കണ്ടെത്തിയിട്ടില്ല.

CoRoT-23b: 3.6 ദിവസം കൊണ്ട് ഭ്രമണം പൂർത്തിയാക്കുന്ന ഒരു "ചൂടൻ വ്യാഴം".

CoRoT-23b,24c: നെപ്ട്യൂണിന്റെ വലിപ്പത്തിനു സമാനമായ രണ്ടു ഗ്രഹങ്ങൾ. ആദ്യത്തെത് 5.1 ദിവസം കൊണ്ടും രണ്ടാമത്തെത് സ്11.8 ദിവസം കൊണ്ടും മാതൃനക്ഷത്രത്തെ ഭ്രമണം ചെയ്യുന്നു.

2011, ജൂൺ 17, വെള്ളിയാഴ്‌ച

ബുധൻ ചിരിക്കുന്നു

credit: NASA


     ഇപ്പോൾ ബുധൻ ചിരിക്കുകയാണ്. തന്നെ കുറിച്ചുള്ള കുറെ വിവരങ്ങൾ ഭൂമിയിലെ ജിജ്ഞാസുക്കളായ മനുഷ്യർക്ക് കൈമാറിയ സന്തോഷത്തിൽ! വിവരങ്ങളറിയാൻ വേണ്ടി ഭൂമിയിൽ നിന്നെത്തിയ സന്ദേശവാഹകനെ ബുധൻ ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല. ആയിരക്കണക്കിനു ഫോട്ടോകളാണ് നിരവധി വിവരങ്ങളുമായി മെസ്സഞ്ചർ(MESSENGER) വഴി ഭൂമിയിലേക്കയച്ചത്.

     കഴിഞ്ഞ മാർച്ച് 18 മുതൽ ബുധനെ വലംവെച്ചു തുടങ്ങിയ മെസ്സഞ്ചർ ഇതുവരെയും ലഭിക്കാത്ത അത്രയും കൃത്യതയുള്ള ചിത്രങ്ങളാണ് എടുത്തിട്ടുള്ളത്. കൂടാതെ ബുധോപരിതലത്തിന്റെ രാസഘടന, ടോപ്പോഗ്രാഫി, കാന്തിക മണ്ഡലം തുടങ്ങിയവയെ കുറിച്ചും നിരവധി വിവരങ്ങൾ  ലഭ്യമാക്കിക്കഴിഞ്ഞു. രാസഘടന അതിന്റെ ഉത്ഭവത്തെയും ചരിത്രത്തെയും കുറിച്ച് കുറെ കൂടി അറിവു നൽകും. ടോപോഗ്രാഫിയെയും കാന്തികക്ഷേത്രത്തെയും കുറിച്ചുള്ള വിവരങ്ങൾ ആന്തരികഘടനയെ കുറിച്ച് മനസ്സിലാക്കാൻ സഹായിക്കും.

     ആദ്യമായി ബുധന്റെ ഗ്ലോബൽ വിശദാംശങ്ങൾ തയ്യാറാക്കപ്പെടാൻ പോകുകയാണെന്ന് മെസ്സഞ്ചറിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ സീൻ സോളമൻ പറഞ്ഞു. ഇതു വരെ കണ്ടെത്താത്ത പുതിയ പല വിവരങ്ങളും പുറത്തു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

     ബുധനിലെ ഗർത്തങ്ങളുടെ അടിയിൽ തിളക്കമുള്ള ചില വസ്തുക്കൾ ഭൂമിയിലെ ടെലസ്കോപ് ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളിൽ നിന്നു തന്നെ കണ്ടെത്തിയിരുന്നു. വളരെ അവ്യക്തമായ ചിത്രങ്ങളായിരുന്നതിനാൽ അവയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും അറിവായിരുന്നില്ല. മെസ്സഞ്ചർ ചിത്രങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കാം.

     ആദ്യം കണക്കാക്കിയിരുന്നതിനെക്കാൾ കൂടുതൽ സൾഫറിന്റെ സാന്നിദ്ധ്യം ബുധോപരിതലത്തിൽ കണ്ടെത്തി. ഗ്രഹം രൂപം കൊണ്ട സമയത്ത് ഉണ്ടായ അഗ്നിപർവ്വതങ്ങളിലൂടെ ധാരാളം  സൾഫർ വാതകം പുറത്തു വന്നിരിക്കാം എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. എക്സ്-റേ സ്പെക്ട്രോമീറ്റർ ലഭ്യമാക്കിയ വിവരങ്ങളിൽ നിന്നും മഗ്നീഷ്യം/സിലിക്കൺ, അലുമിനീയം/സിലിക്കൺ, കാൽസ്യം/സിലിക്കൺ അനുപാതങ്ങൾ ശരാശരിയിൽ നിന്നും വളരെ ഉയർന്ന തോതിലാണ് ബുധോപരിതലത്തിൽ എന്നു മനസ്സിലാവുന്നുണ്ട്.

      ടോപോളജി വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്ന് ബുധന്റെ ഉത്തരാർദ്ധ ഗോളത്തെ കുറിച്ച് കൂടുതൽ അറിവുകൾ ലഭിച്ചിട്ടുണ്ട്. അധികം ഏറ്റിറക്കങ്ങളില്ലാതെ സാമാന്യം നിരപ്പായതാണത്ര ഇവിടം. രണ്ടു ദശകങ്ങൾക്കു മുമ്പ് ഭൂമിയിൽ നിന്നു നടത്തിയ നിരീക്ഷണങ്ങളിലൂടെ  ധ്രുവങ്ങളിലെ ഗർത്തങ്ങളിൽ മഞ്ഞു കട്ടകൾ കണ്ടെത്തിയിരുന്നു. അഗാധ ഗർത്തങ്ങളിലെ സൂര്യപ്രകാശം കടന്നു ചെല്ലാത്ത ഇടങ്ങളിലാണ് ഇത് കണ്ടെത്തിയത്. മെസ്സഞ്ചറിൽ നിന്ന് ഇവയുടെ കുറച്ചുകൂടെ തെളിച്ചമുള്ള ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്.

credit: NASA     ബുധനിൽ നിന്നു  പുറത്തു വരുന്ന ചാർജ്ജിത കണങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയും ശാസ്ത്രജ്ഞർക്കുണ്ട്. 1974ൽ മാരിനർ 10 ആണ് ചാർജ്ജിത കണങ്ങളെ കുറിച്ചുള്ള വിവരം ആദ്യമായി നൽകിയത്. 2008ലും 2009ലും മെസ്സഞ്ചർ ബുധനു സമീപത്തു കൂടെ പറന്നപ്പോൾ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇനി തീർച്ചയായും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നു തന്നെയാണ് അവരുടെ വിശ്വാസം.

     കാത്തിരിക്കാം നമുക്ക് സൂര്യന്റെ കൈക്കുഞ്ഞിനെ കുറിച്ചുള്ള കൂടുതൽ അറിവുകൾക്കായി........

2011, ജൂൺ 11, ശനിയാഴ്‌ച

സൗരരഹസ്യങ്ങൾ തുറക്കാൻ പ്രതലതരംഗങ്ങൾ

ക്രെഡിറ്റ്‌: NASA


     സൗരാന്തരീക്ഷത്തിലെ അമിതമായ താപനില എന്നും ശാസ്ത്രജ്ഞർക്ക് ഒരു പ്രഹേളികയായിരുന്നു. അതു തുറക്കാനുള്ള ഒരു അത്ഭുത താക്കോൽ കയ്യിൽ കിട്ടി എന്ന വിശ്വാസത്തിലാണ് ശാസ്ത്രജ്ഞർ. സൗരോപരിതലത്തിൽ പ്രതലതരംങ്ങൾ (surfer waves) കണ്ടെത്തിയതാണ് ഇപ്പോഴത്തെ പുതിയ പ്രതീക്ഷക്ക് കാരണമായിരിക്കുന്നത്. SDO (Solar Dynamic Observatory) ആണ് ഈ പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

     വ്യത്യസ്ത സാന്ദ്രതയിലോ വ്യത്യസ്ത വേഗതയിലോ ഉള്ള ദ്രാവകങ്ങളും വാതകങ്ങളും അവയുടെ പ്രതലങ്ങൾ പരസ്പരം ചേർന്നു വരുന്ന അവസ്തയിൽ ഊർജ്ജകൈമാറ്റം നടത്തുന്നു. സമുദ്രത്തിനു മീതെ ശക്തിയിൽ വീശുന്ന കാറ്റ് തിരമാലകളുടെ ശക്തിയും വേഗതയും വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത് ഇങ്ങനെയാണ്. ആകാശത്തെ മേഘക്കൂട്ടങ്ങളിലും ശനിയുടെ വലയങ്ങൾക്കിടയിലും ഇത് നിരീക്ഷിച്ചിട്ടുണ്ട്. കെൽവിൻ-ഹെംഹോൾട്ട്സ് ഇൻസ്റ്റെബിലിറ്റി (KH ഇൻസ്റ്റെബിലിറ്റി) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. പക്ഷെ സൂര്യനിൽ ഇത് ഇതേവരെ നിരീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. SDO ആണ് ഈ തരംഗങ്ങളെ കുറിച്ചുള്ള വിവരം ആദ്യമായി ശേഖരിക്കുന്നത്. 2010 ഏപ്രിൽ 8നായിരുന്നു SDO സൂര്യനിലെ പ്രതല തരംഗങ്ങളുടെ ചിത്രങ്ങളെടുക്കുന്നത്. ഗൊദാർദ്ദ് സ്പേസ് സെന്ററിലെ ബഹിരാകാശ ശാസ്ത്രജ്ഞനായ ലിയോൺ ഹോഫ്മാനും സംഘവും ഇതിനെ കുറിച്ച് കൂടുതൽ പഠിക്കുകയും 2011 ജൂൺ 10ലെ ആസ്ട്രോഫിസിക്കൽ ജേർണൽ ലെറ്റേർസിൽ പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തു.

     സൗരോപരിതലത്തിലേതിനെക്കാൾ ആയിരം മടങ്ങ് കൂടുതലുണ്ട് സൗരാന്തരീക്ഷത്തിലെ (കൊറോണ) താപനില. ഇതിന് ശരിയായ ഒരു വിശദീകരണം നൽകാൻ ഇതു വരെയും കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതിനു കാരണമായ KH തരംഗങ്ങളുടെ നേരിട്ടുള്ള തെളിവുകളാണ് ലഭിച്ചിരിക്കുന്നതെന്ന് ഹോഫ്മാൻ അവകാശപ്പെടുന്നു. "ഇപ്പോൾ കണ്ടെത്തിയ തിരമാലകൾ വളരെ ചെറുതാണ്" സംഘത്തിലെ ശാസ്ത്രജ്ഞയായ തോംസൺ ചിരിച്ചുകൊണ്ട് ഇത്രയും കൂടെ കൂട്ടിച്ചേർത്തു: "യുനൈറ്റഡ് സ്റ്റേറ്റിന്റെ അത്രയും."

      KH ഇൻസ്റ്റെബിലിറ്റി പരിഗണിച്ചിരുന്നത് ദ്രാവകങ്ങളുടെയും വാതകങ്ങളുടെയും കാര്യമായിരുന്നു എങ്കിൽ ഇവിടെ അത് ചാർജ്ജിത കണങ്ങളായ പ്ലാസ്മയെ കൂടി പരിഗണിക്കുകയാണ് ചെയ്യുന്നത്. സൗരസ്ഫോടനങ്ങളുടെ ഫലമായുണ്ടാകുന്ന വേഗത കൂടിയ പ്ലാസ്മാകണങ്ങളും സാധാരണയായി സൂര്യനിൽ നിന്നു പുറപ്പെടുന്ന വേഗത കുറഞ്ഞ പ്ലാസ്മ കണങ്ങളും തമ്മിലുള്ള ഘർഷണമാണ് സൗരാന്തരീക്ഷത്തിലെ ഉയർന്ന താപനിലക്കു കാരണമെന്നു കരുതുന്നു. സോളാർ പ്രോമിനൻസുകളെ കുറിച്ചും മുൻകൂട്ടി അറിയുന്നതിന് പുതിയ കണ്ടെത്തൽ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

source: NASA

2011, ജൂൺ 3, വെള്ളിയാഴ്‌ച

കുള്ളൻഗ്രഹങ്ങൾ
     കുള്ളന്മാരായിരിക്കുമോ അല്ലാത്തവരായിരിക്കുമോ കൂടുതൽ? കുള്ളന്മാരാണ് എന്നു തന്നെയാണ് ഉത്തരം. സൗരയൂഥത്തിലെ ഗ്രഹങ്ങൾക്കിടയിലാണെന്നു മാത്രം. രണ്ടായിരം കുള്ളൻ ഗ്രഹങ്ങളെയെങ്കിലും കാണുമെന്ന പ്രതീക്ഷയിലാണ് ജ്യോതിശസ്ത്രജ്ഞർ. ഗ്രഹങ്ങൾ എട്ടെണ്ണം മാത്രമല്ലെ ഉള്ളു!

     പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്നു പുറത്താക്കിയതോടെയാണ് കുള്ളൻ ഗ്രഹങ്ങളെ കുറിച്ചുള്ള ചർച്ച കൂടുതൽ സജീവമാകുന്നത്. എറിസിനെ കണ്ടെത്തിയതാണ് പ്ലൂട്ടോയെ പുറത്താക്കുന്നതിലേക്ക് നയിച്ചത്. കാരണം എറിസ് പ്ലൂട്ടോയെക്കാൾ വലുതായിരുന്നു. അതിനെ കൂടി ഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണോ എന്നായി പിന്നെ ചർച്ച. ഉൾപ്പെടുത്തിയാൽ ഇനിയും ഇത്തരത്തിലുള്ളവ കണ്ടെത്തിയാൽ എന്തു ചെയ്യും എന്നായി. എന്തു തന്നെയായാലും ഈ സംവാദങ്ങൾ ഗ്രഹങ്ങളെ കുറിച്ചുള്ള നിർവചനം കൂടുതൽ കൃത്യതയുള്ളതാക്കുന്നതിന് സഹായിച്ചു. ഗ്രഹങ്ങളെ കുറിച്ചുള്ള പുതിയ നിർവചനം രൂപം കൊണ്ടു. കുള്ളൻ ഗ്രഹം എന്നു പറഞ്ഞാൽ വലിയ ഗ്രഹങ്ങളുടെ ഒരു ചെറിയ പതിപ്പ് എന്നല്ല അർത്ഥമാക്കുന്നത്.

     ഗ്രഹങ്ങളുടെ നിർവചനം എന്താണെന്നു ആദ്യം നോക്കാം. സൂര്യനെ ഭ്രമണം ചെയ്യുന്നതും സ്വന്തം പിണ്ഡത്തിന്റെ ഗുരുത്വബലത്താൽ ഗോളാകൃതി പ്രാപിക്കാൻ ശേഷിയുള്ളതും സ്വന്തം ഉപഗ്രഹങ്ങളെയല്ലാതെ ഭ്രമണപഥത്തിൽ മറ്റു സമാനപദാർത്ഥങ്ങളെ പ്രവേശിപ്പിക്കാത്തതുമായ ബഹിരാകാശവസ്തുക്കളെ ഗ്രഹം എന്നു പറയാം. കുള്ളൻ ഗ്രഹങ്ങൾ സൂര്യനെ ഭ്രമണം ചെയ്യുന്നതായിരിക്കും. സ്വന്തം ഗുരുത്വബലത്താൽ ഗോളാകൃതി പ്രാപിക്കാൻ കഴിയുന്നതായിരിക്കും. സ്വന്തം ഭ്രമണപഥത്തിൽ സമാന പദാർത്ഥങ്ങളെ പ്രവേശിപ്പിക്കും. മറ്റൊരു ഗ്രഹത്തിന്റെ ഉപഗ്രഹമായിരിക്കില്ല. 2006ലാണ് IAU (International Astronomy Union) ഈ നിർവചനം അംഗീകരിച്ചത്.

     പ്ലൂട്ടോ, എറിസ്, മെയ്ക്ക് മെയ്ക്ക്, സിറസ്, ഹൗമി, സെഡ്ന എന്നിവയാണ് ഇതു വരെ കണ്ടെത്തിയ പ്രധാനപ്പെട്ട കുള്ളൻ ഗ്രഹങ്ങൾ. പ്ലൂട്ടോ, മെയ്ക്ക് മെയ്ക്ക്, ഹൗമി എന്നിവ കൂയിപ്പർ ബെൽറ്റിലാണ് സ്ഥിതി ചെയ്യുന്നത്. സെഡ്ന ഊർട്ട് ക്ലൗഡിലും സിറസ് ആസ്റ്ററോയ്ഡ് ബെൽറ്റിലും  എറിസ് കൂയിപ്പർ ബെൽറ്റിനിപ്പുറത്തുമാണ് സ്ഥിതിചെയ്യുന്നത്. നെപ്ട്യൂണിനുമപ്പുറത്തു സ്ഥിതിചെയ്യുന്ന കൂയിപ്പർ ബെൽറ്റിൽ ഇനിയും ധാരാളം കുള്ളൻ ഗ്രഹങ്ങളെ കണ്ടെത്താനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഇപ്പോൾ കുള്ളൻ ഗ്രഹങ്ങളെ കുറിച്ച് വളരെയധികം കാര്യങ്ങളൊന്നും അറിയില്ല. പ്ലൂട്ടോയെ കുറിച്ച് പഠിക്കാൻ 2006ൽ വിക്ഷേപിച്ച ന്യൂ ഹൊറൈസൺസിൽ നിന്നും കൂടുതൽ ലഭിച്ചേക്കാം. അതിനും 2015 വരെ കാത്തിരിക്കണം.

2011, മേയ് 19, വ്യാഴാഴ്‌ച

ഇവരാണത്രെ കൂടുതൽ ഈ അനാഥഗ്രഹങ്ങൾcredit: NASA

     അലഞ്ഞു നടക്കുന്നവർ എന്നാണ് planet എന്ന വാക്കിന്റെ അർത്ഥം എന്ന് പ്രൈമറി ക്ലാസുകളിലെവിടെ നിന്നോ ആണ് നാമറിഞ്ഞത്. എന്നാൽ പിന്നീട് നാമറിഞ്ഞു ഇവർ വെറുതെ അലഞ്ഞു നടക്കുന്നവരല്ല എന്നും സ്വന്തമായ വൃത്തങ്ങൾ കൃത്യ സമയം വെച്ച് പൂർത്തിയാക്കുന്നവരാണ് എന്നും.അവർക്കു നിശ്ചയിച്ച വഴികളിൽ കൂടി മാത്രമേ അവർ സഞ്ചരിക്കൂ എന്നും ഇന്ന് നമുക്കറിയാം. എങ്കിലും ഇന്നും നമ്മൾ അവരെ planets എന്നു തന്നെ വിളിച്ചു കൊണ്ടിരിക്കും. ഒരിക്കലിട്ട പേര് പിന്നീട് സ്വഭാവമറിഞ്ഞതിനു ശേഷം മാറ്റാറില്ലല്ലോ. എന്നാൽ ശരിക്കും അലഞ്ഞു നടക്കുന്ന ഗ്രഹങ്ങളെ കുറിച്ച് കുറെ വിവരങ്ങളുമായി എത്തിയിരിക്കുന്നു ജപ്പാനിലെയും ന്യൂസിലാന്റിലെയും ഒരു സംഘം ശാസ്ത്രജ്ഞര്‍.

      ഒരു നക്ഷത്രത്തിനു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെ കുറിച്ചാണ് നാം പഠിച്ചിട്ടുള്ളത്. എന്നാൽ സ്വന്തമായി ഒരു നക്ഷത്രം പോലുമില്ലാതെ നക്ഷത്രാന്തര സ്ഥലത്ത് അലഞ്ഞു നടക്കുന്ന പത്തിലേറെ അനാഥഗ്രഹങ്ങളെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. നക്ഷത്രങ്ങളെ പോലെ ഗാലക്സി കേന്ദ്രത്തെയാണ് ഇവ പ്രദക്ഷിണം ചെയ്യുന്നത്. വ്യാഴത്തെക്കാൾ വലിയ വാതകഗ്രഹങ്ങളാണിവ. ആദ്യകാലങ്ങളിൽ ഇവയെ നക്ഷത്രങ്ങളാകാൻ കഴിയാതെ പോയ തവിട്ടുകുള്ളന്മാരുടെ കൂട്ടത്തിലാണ് കൂട്ടിയിരുന്നത്. എന്നാൽ പുതിയ പഠനങ്ങൾ കാണിക്കുന്നത് ഇവക്ക് നക്ഷത്രങ്ങളെക്കാൾ സാമ്യം ഗ്രഹങ്ങളോടാണ് എന്നാണ്. നക്ഷത്രരൂപീകരണവേളയിലാണ് ഇവ രൂപം കൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ പഠനം നടത്തിയ പ്രദേശത്ത് ഒന്നോ രണ്ടോ എണ്ണം മാത്രമെ കാണാൻ കഴിയുമായിരുന്നുള്ളു. ഈ എണ്ണക്കൂടുതൽ തന്നെയാണ് ഇവ ഗ്രഹരൂപീകരണവേളയിൽ ഉണ്ടായതായിരിക്കും എന്നതിന് ഒരു തെളിവായി ശാസ്ത്രജ്നർ പറയുന്നത്. ഈ അനാഥഗ്രഹങ്ങൾ ഏതെല്ലാമോ നക്ഷത്രങ്ങളുടെ ഗ്രഹവ്യവസ്ഥയിൽ നിന്നും പുറംതള്ളപ്പെട്ടവയാണത്രെ. ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് വ്യാഴത്തെക്കാൾ വലിയവയെയാണ്. എന്നാൽ ഇവയെക്കാളും എത്രയോ അധികമായിരിക്കുമത്രെ ചെറുഗ്രഹങ്ങളുടെ എണ്ണം.

      ആകാശഗംഗയുടെ മദ്ധ്യത്തിലെ ഒരു ഭാഗമാണ് Microlensing Observations in Astrophysics (MOA) എന്ന പേരിൽ അറിയപ്പെട്ട ഈ പഠനത്തിനായി തെരഞ്ഞെടുത്തത്. ഭൂമിയിൽ നിന്ന് 10,000 മുതൽ 20,000 വരെ പ്രകാശവർഷം അകലെയാണ് ഈ പ്രദേശം. ജപ്പാനിലെ ഒസാക്കാ സർവ്വകലാശാലയിലെ ഗവേഷകനായ തകാഹിരോ സുമിയും ന്യൂസിലാന്റിലെ മൗണ്ട് ജോൺ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരും ചേര്‍ന്നാണ് പഠനം നടത്തിയത് . ഈ സർവ്വകലാശാലയിലെ 1.8 മീറ്റർ ടെലസ്കോപ്പ് ഉപയോഗിച്ച് 2006, 2007 വർഷങ്ങളിൽ നടത്തിയ നിരീക്ഷണ ഫലങ്ങൾ വിശകലനം ചെയ്ത് ഇവർ എത്തിച്ചേർന്ന നിഗമനം പ്രപഞ്ചത്തിലെ ആകെ നക്ഷത്രങ്ങളെക്കാൾ കൂടുതലായിരിക്കും അനാഥഗ്രഹങ്ങളുടെ എണ്ണം എന്നാണ്. ചിലിയിലെ 1.3 മീറ്റർ ടെലസ്കോപ് ഉപയോഗിച്ച് Optical Gravitational Lensing Experiment (OGLE) എന്ന സംഘം നടത്തിയ പഠനവും MOAയുടെ നിഗമനങ്ങളെ പിന്തുണക്കുന്നുണ്ട്.

അവലംബം: Nature

Get

Blogger Falling Objects