2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

പ്രണയദൂതുമായി വോയെജർ
credit: NASA

     ഒരു യുവതിയുടെ പ്രണയ ഭാവത്തിന്റെ മസ്തിഷ്കതരംഗങ്ങളെ ആവാഹിച്ചെടുത്ത് അങ്ങു ദൂരെ സൌരയൂഥത്തിനുമപ്പുറം കാത്തിരിക്കുന്ന ഒരു അജ്നാത കാമുകന് കൈമാറാനുള്ള യാത്രയിലാണ് വോയെജർ രണ്ടാമൻ. ഭാഷ ഒരു പ്രശ്നമാകില്ല, മസ്തിഷ്കതരംഗങ്ങൾ പരസ്പരം പങ്കു വെക്കാനായാൽ. 30 വർഷത്തിലേറെയായി യാത്ര തുടങ്ങിയിട്ട്. അന്നത്തെ ആ യുവതിക്ക് ഇപ്പോൾ എന്തായിരിക്കും പ്രായം? ഇനിയും എത്ര ആയിരം വർഷം കഴിയും ആ സന്ദേശം ലക്ഷ്യത്തിലെത്താൻ?

     സംഗീതത്തെ സ്നേഹിച്ചിരുന്ന ശാസ്ത്രജ്നനായിരുന്നു കാൾ സാഗൻ. പ്രണയമില്ലാതെ എന്തു സംഗീതം? അതു കൊണ്ടു തന്നെയായിരിക്കണം തന്റെ സ്വപ്ന പദ്ധതിയിൽ ഒരു പ്രണയസന്ദേശം കൊരുത്തു വെക്കാൻ അദ്ദേഹം തീരുമാനിച്ചത്. ഇതു കൂടാതെ ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കറുടെതടക്കം നിരവധി പ്രശസ്ത സംഗീതജ്നരുടെ ഗാനങ്ങളുടെ സാമ്പിളുകളും ഇതിലുണ്ട്. ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളുടെ 118 ഫോട്ടോഗ്രാഫുകളും വ്യത്യസ്തങ്ങളായ കുറെ ശബ്ദങ്ങളും റെക്കോർഡു ചെയ്തവയുടെ കൂട്ടത്തിലുണ്ട്. പിന്നെ 55 ഭാഷകളിലുള്ള ആശംസാസന്ദേശങ്ങളും. ഇവയെല്ലാമായി വോയേജർ പേടകങ്ങൾ ഇപ്പോഴും യാത്ര തുടർന്നു കൊണ്ടിരിക്കുകയാണ്. പോകുന്ന വഴിയിൽ കാണുന്ന വിവരങ്ങളെല്ലാം അപ്പപ്പോൾ ഭൂമിയിലേക്കറിയിച്ചു കൊണ്ട്.

     വോയേജർ 1 യാത്രക്കിടയിൽ വ്യാഴത്തിനോടും ശനിയോടുമൊപ്പം കുറച്ചു കാലം തങ്ങിയതിനു ശേഷമാണ് യാത്ര തുടർന്നത്. ഇവയെ കുറിച്ചുള്ള കുറെ വിവരങ്ങൾ ശേഖരിച്ച് ഭൂമിയിലേക്ക് കൈമാറുകയും ചെയ്തു. വോയേജർ രണ്ടാകട്ടെ ഈ ഗ്രഹങ്ങളുടെ സമീപത്തു കൂടി വളരെ വേഗത്തിൽ കടന്നു പോയി. യുറാ‍നസ്സിനും നെപ്ട്യൂണിനും അരികിലാണ് ഇത് വിശ്രമസമയം കണ്ടെത്തിയത്. യുറനസ്സിനെയും നെപ്ട്യൂണിനെയും സന്ദർശിച്ച ഒരേയൊരു ബഹിരാകാശ പേടകവും വോയേജർ രണ്ടാണ്. ഈ ഗ്രഹങ്ങളുടെ ഗുരുത്വബലത്തിൽ നിന്നും തുടർ‌യാത്രക്കുള്ള ഊർജ്ജത്തിന്റെ ഒരു പങ്ക് കണ്ടെത്താനും ഇവ മറന്നില്ല.

     വ്യാഴത്തിന്റെ ഉപഗ്രഹമായ ഇയോയിലെ അഗ്നിപർവ്വതങ്ങൾ, യൂറോപ്പയുടെ മഞ്ഞു മൂടിയ പ്രതലത്തിനടിയിലെ സമുദ്രം, ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിലെ മീഥൈൻ വർഷം, യുറാനസ്സിന്റെയും നെപ്ട്യൂണിന്റെയും കാന്തിക മണ്ഡലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, നെപ്ട്യൂണിന്റെ ഉപഗ്രഹമായ ട്രിറ്റോണിലെ ഗീസറുകൾ തുടങ്ങി നിരവധി പുതിയ അറിവുകളാണ് ഇവ ഭൂമിയിലെ മനുഷ്യർക്കു വേണ്ടി ശേഖരിച്ചത്.

credit: NASA
     സൌരയൂഥത്തിന്റെ അതിർത്തി എന്നു പറയുന്നത് സൌരവാതവും സൂര്യന്റെ കാന്തിക മണ്ഡലവും അവസാനിക്കുന്ന ഇടത്തെയാണ്. ഇതിനെ സൌരയൂഥത്തെ പൊതിഞ്ഞിരിക്കുന്ന ഒരു ഭീമൻ കുമിളയായി സങ്കല്പിക്കാം. ഇതിനെ ഹീലിയോസ്ഫിയർ എന്നാണു പറയുക. പ്ലൂട്ടോയുടെ ഭ്രമണപഥത്തെക്കാൾ മൂന്നു മടങ്ങു വിസ്തൃതിയുണ്ട് ഇതിന്. ഗ്രഹങ്ങളും ഉപഗ്രങ്ങളും ആസ്ട്രോയിഡുകളും വാൽനക്ഷത്രങ്ങളും എല്ലാം അടങ്ങുന്ന സൌരയൂഥം ഇതിനകത്താണ് സ്ഥിതി ചെയ്യുന്നത്. ഹീലിയോസ്ഫിയറിന്റെ പുറംഭാഗത്തെ ഹീലിയോസ്‌ഹീത്ത് എന്നു പറയും. ഇതിനു തന്നെ മൂന്നോ നാലോ ബില്യൺ മൈൽ കനം കാണുമത്രെ. ഇതിനടുത്താണ് ഇപ്പോൾ വോയേജറുകൾ എത്തി നിൽക്കുന്നത്. അഞ്ചു വർഷത്തിനുള്ളിൽ അതിർത്തി കടക്കാനായേക്കും. മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ.

     നക്ഷത്രലോകത്തേക്കുള്ള നമ്മുടെ നിശ്ശബ്ദനായ അമ്പാസിഡർ എന്നാണ് വോയേജർ പ്രോജക്റ്റ് സയന്റിസ്റ്റായ എഡ് സ്റ്റോൺ വോയേജറിനെ വിശേഷിപ്പിച്ചത്.

     വോയേജർ ദൌത്യത്തിന് നേതൃത്വം കൊടുത്ത കാൾ സാഗൻ ഇങ്ങനെ പറഞ്ഞു: ഒരു ബില്യൺ വർഷങ്ങൾക്കപ്പുറം ഭൂമി നമുക്കു സങ്കല്പിക്കാനാകാത്ത വിധത്തിൽ നശിച്ചു കഴിയുമ്പോൾ വോയേജറിലെ ശബ്ദശേഖരം നമുക്കു വേണ്ടി സംസാരിക്കും.

     സൌരയൂഥത്തിനു പുറത്തുള്ള ഏതെങ്കിലും ഗ്രഹങ്ങളിലെ ജീവികൾ വോയേജറിനെ കണ്ടെടുക്കുക തന്നെ ചെയ്യും എന്നു വിശ്വസിക്കുന്നവരും കുറവല്ല. പക്ഷെ ഏതെങ്കിലും ഒരു നക്ഷത്രത്തിനടുത്തെത്തണമെങ്കിൽ തന്നെ ചുരുങ്ങിയത് 40,000 വർഷങ്ങളെങ്കിലും വേണ്ടിവരുമത്രെ.

എങ്കിലും നമുക്കു പ്രതീക്ഷിക്കാം, അപ്രതീക്ഷിതമായതിനെ.....

2011, ഏപ്രിൽ 22, വെള്ളിയാഴ്‌ച

ഹബ്ബിളിന്റെ പിറന്നാൾ സമ്മാനം


credit: Hubble space telescope

     പ്രപഞ്ചത്തെ കുറിച്ചുള്ള സങ്കല്പങ്ങളിൽ തന്നെ വിപ്ലവകരങ്ങളായ പരിവർത്തനങ്ങളാണ് ഹബ്ബിൾ ബഹിരാകാശ ടെലിസ്കോപ്പ് അതിന്റെ 21 വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുത്തത്. 1990 ഏപ്രിൽ 24നാണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് നിരവധി പരിഷ്കരണങ്ങളും പുതുക്കലുകളും നടത്തി ഹബ്ബിൾ അതിന് പ്രവചിച്ചിരുന്ന 15 വർഷത്തെ ആയുസ്സിനെ മറികടന്നു.


     മനോഹരമായ ഒരു ബഹിരാകാശ ചിത്രമാണ് ഈ വർഷം ഹബ്ബിളിന്റെ പിറന്നാൾ സമ്മാനമായി അതിന്റെ അണിയറ പ്രവർത്തകർ ലോകത്തിനു മുമ്പാകെ സമർപ്പിച്ചത്. ബഹിരാകാശത്തെ പനിനീർപുഷ്പം എന്നാണ് അവർ അതിനെ വിശേഷിപ്പിച്ചത്. പരസ്പരം ഒന്നാകാൻ പോകുന്ന രണ്ടു ഗലക്സികളാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം. Arp 273 എന്നാണ് ഇതിന് അവർ നൽകിയിട്ടുള്ള പേര്. ഇതിലെ വലിയ ഗാലക്സി UGC 1810 എന്നും ചെറിയ ഗാലക്സി UGC 1813 എന്നും അറിയപ്പെടുന്നു. ചെറിയ ഗലക്സിയിലെ അഗ്രങ്ങളിൽ കാണുന്ന നീലനിറം ചൂടു കൂടിയതും പ്രായം കുറഞ്ഞതുമായ നക്ഷത്രങ്ങളെ സൂചിപ്പിക്കുന്നു.


     UGC1810ന്റെ ദ്രവ്യമാനം UGC1813ന്റേതിനേക്കാൾ അഞ്ച് മടങ്ങ് കൂടുതലാണ്. വിദൂരഭാവിയിൽ വലീയ അതിന്റെ ഗുരുത്വാകർഷണ ബലം ഉപയോഗിച്ച് ചെറിയതിനെ വലിച്ചെടുക്കും.


     ആൻഡ്രോമീഡ നക്ഷത്രഗണത്തിന്റെ ദിശയിൽ 300 പ്രകാശവർഷം അകലെയാണ് Arp 273ന്റെ സ്ഥാനം. 2010 ഡിസംബർ 17ന് ഹബ്ബിളിലെ വൈഡ് ഫീൽഡ് കാമറ 3(WFC 3) ഉപയോഗിച്ച് എടുത്തതാണ് ഈ ചിത്രം.

   വീഡിയോ  ഇവിടെ കാണാം. 

2011, ഏപ്രിൽ 12, ചൊവ്വാഴ്ച

50 വർഷങ്ങൾക്കു മുമ്പ് ഏപ്രിൽ 12ന്


അന്നയാൾക്ക് 27 വയസ്സായിരുന്നു

മനുഷ്യവംശത്തിന്റെ സ്വപ്നങ്ങളിലേക്കായിരുന്നു അയാൾ കുതിച്ചത്
അയാൾ ഭൂമിയെ നോക്കി പറഞ്ഞു: “എന്റെ ഭൂമി എന്തു മനോഹരം! ഈ കാണുന്ന നദികളും!!

ഇങ്ങനെയായിരുന്നുവോ അയാളുടെ കാഴ്ചകൾ

50 വർഷങ്ങൾക്കിപ്പുറം ലോകം അയാളെ ആദരിച്ചു

30 വർഷങ്ങൾക്കു മുമ്പ് ഒരു ചോദ്യത്തിനുള്ള ഉത്തരം ഞാനിങ്ങനെ എഴുതി:

യൂറി ഗഗാറിൻ

2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

ആഗോളചാന്ദ്രവാരം


     2009ൽ ലോകം അന്താരാഷ്ട്രജ്യോതിശാസ്ത്രവർഷമായി ആഘോഷിച്ചു. എന്നാൽ പിന്നീട് അതിനൊരു തുടർച്ച ഉണ്ടായില്ല. എങ്കിലും അതിരുകളില്ലാത്ത ജ്യോതിശാസ്ത്രജ്നന്മാരുടെ സംഘടന തുടർന്നുള്ള വർഷങ്ങളിൽ ഏപ്രിൽ മാസം അന്താരാഷ്ട്ര ജ്യോതിശസ്ത്രമാസമായി ആഘോഷിക്കാൻ തീരുമാനിച്ചു. അതനുസരിച്ച് ഈ ഏപ്രിൽ മാസം വ്യത്യസ്തമായ ചില പരിപാടികൾ അവർ ആ‍വിഷ്കരിച്ചിട്ടുണ്ട്. അതിലൊന്നാണ് ഏപ്രിൽ 10 മുതൽ 16 വരെ നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര ചാന്ദ്രവാരം. 


     10 മുതൽ 16 വരെയുള്ള ദിവസങ്ങൾ ചന്ദ്രന്റെ മുഖത്തിനു വരുന്ന വ്യതിയാനങ്ങൾ നിരീക്ഷിക്കാൻ വളരെ അനുകൂലമാണ്. ടെലിസ്കോപ്പുപയോഗിക്കുന്നവർക്ക് ഗർത്തങ്ങളും മറ്റും ഓരോന്നോന്നായി നിരീക്ഷിച്ചു കണ്ടെത്തുന്നതിന് ഈ ദിവസങ്ങൾ ഉപയോഗിക്കാവുന്നതാണ്. 


     ‘ഒരേ ജനത ഒരേ ആകാശം‘ എന്നതാണ് അതിരുകളില്ലാത്ത ജ്യോതിശാസ്ത്രജ്നന്മാരുടെ(Astronomers Without Borders) മുദ്രാവാക്യം. ഈ ദിവസങ്ങളിൽ ചന്ദ്രനു നേരെ തിരിച്ചു വെച്ച ടെലിസ്കോപുകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ അസ്ട്രോണമി ലൈവ് എന്ന സൈറ്റിൽ നിന്ന് ലഭിക്കും. 16നുള്ള ക്രേറ്റർ ഹണ്ട് എന്ന പരിപാടിയിൽ ചന്ദ്രനിലെ ഗർത്തങ്ങളുടെ മനോഹരമായ ദൃശ്യങ്ങളും വിശദാംശങ്ങളും ഉണ്ടായിരിക്കും. ഇതിൽ ഏതെങ്കിലും രീതിയിൽ പങ്കാളികളാകാൻ താല്പര്യമുണ്ടെങ്കിൽ അതിനുള്ള നിർദ്ദേശങ്ങളും ഈ സൈറ്റിൽ നിന്നും ലഭിക്കും.

2011, ഏപ്രിൽ 5, ചൊവ്വാഴ്ച

കണ്ടോ ശനിയുടെ വലയങ്ങൾ?


     നിങ്ങളാരെങ്കിലും കണ്ടോ നഗ്നനേത്രങ്ങൾ കൊണ്ട് ശനിയുടെ വലയങ്ങൾ? തിങ്കളാഴ്ചയിലെ ചില പ്രമുഖ മലയാള ദിനപത്രങ്ങളിലെ ഒരു ശാസ്ത്രവാർത്തയായിരുന്നല്ലോ ഇത്. ഇത് വായിച്ച് ആരെങ്കിലും ശനിവലയങ്ങൾ ദർശിക്കാൻ അത്യുത്സാഹത്തോടെ ഇറങ്ങിത്തിരിച്ചെങ്കിൽ അഹോ കഷ്ടം അവരുടെ കാര്യം!!

     ശനിയെ സാധാരണയിൽ കവിഞ്ഞ പ്രകാശത്തിൽ കാണാം എന്നതൊഴിച്ചാൽ മറ്റു പ്രത്യേകതകളൊന്നും തന്നെ സാധാരണക്കാർക്ക് കാണാൻ കഴിയില്ല. ഈ ദിവസത്തിൽ ശനിയും ഭൂമിയും സൂര്യനും ഒരേ നേർ‌രേഖയിൽ വരുന്നു എന്നതാണ് കാര്യം. ഭൂമി നടുവിലും ശനിയും സൂര്യനും എതിർദിശകളിലും ആകുമ്പോൾ സൂര്യപ്രകാശം പതിക്കുന്ന ശനിയുടെ മുഴുവൻ ഭാഗവും ഭൂമിയിലിരിക്കുന്ന നമുക്ക് കാണാൻ കഴിയും. പൌർണ്ണമി ദിനത്തിൽ ചന്ദ്രനെ കാണുന്നതു പോലെ. ഭൂമിയും ശനിയും കൂടുതൽ അടുത്ത് വരുന്നതു കൊണ്ട് അതിന്റെ പ്രത്യേകതയും കാണും. എങ്കിൽ പോലും 1290 മില്യൺ കി.മീറ്ററുകൾക്കപ്പുറത്താണ് ശനിയുടെ സ്ഥാനം എന്നു മറക്കരുത്.

     സൂര്യനും ശനിയും എതിർദിശയിലായതു കൊണ്ട് സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുമ്പോഴായിരിക്കും ശനി കിഴക്കു ഭാഗത്ത് ഉദിക്കുന്നത്. സൂര്യൻ ഉദിക്കുമ്പോൾ ശനി അസ്തമിക്കുകയും ചെയ്യും. അതു കൊണ്ട് ഈ ദിവസം 12 മണിക്കൂർ മുഴുവനായും ശനിയെ കാണാൻ കഴിയും. പിന്നീട് ഓരോ ദിവസവും ശനി 4 മിനിറ്റ് വീതം നേരത്തെ ഉദിക്കും. അത്രയും നേരത്തെ അസ്തമിക്കുകയും ചെയ്യും. സൂര്യൻ അസ്തമിച്ചതിനു ശേഷമേ കാണാൻ കഴിയൂ എന്നതു കൊണ്ട് ഓരോ ദിവസവും കാണാൻ കഴിയുന്ന സമയം 4 മിനിറ്റ് വീതം കുറഞ്ഞു വരും.

     ശനിയുടെ വലയങ്ങൾ നമ്മുടെ ദൃശ്യപഥവുമായി 9 ഡിഗ്രി ചെരിഞ്ഞാണിരിക്കുന്നത് ഇപ്പോഴുള്ളത്. നമ്മുടെ പിന്നിൽ നിന്ന് മുന്നിലുള്ള വസ്തുവിൽ തട്ടി പ്രതിഫലിച്ചുണ്ടാവുന്ന ദൃശ്യം കൂടുതൽ വ്യക്തമായിരിക്കും. ശനിയുടെ കാര്യത്തിൽ ഇപ്പോൾ ഈയൊരു സൌകര്യം കൂടിയുണ്ട്. ഭൂമിയുമായി കൂടുതൽ അടുത്തിരിക്കുകയും കൂടുതൽ വ്യക്തമായ ദൃശ്യം ലഭ്യമാകുന്ന രീതിയിൽ സൂര്യപ്രകാശം നമുക്കു പിന്നിൽ നിന്ന് പതിക്കുകയും വലയങ്ങൾ നമുക്കു നേരെ തുറന്നിരിക്കുകയും ചെയ്യുന്ന ഈ സന്ദർഭത്തിൽ ഒരു ടെലസ്കോപ് ഉപയോഗിച്ച് ശനിയെ നിരീക്ഷിക്കുകയാണെങ്കിൽ വലയങ്ങളുടെ മനോഹരമായ ദൃശ്യമായിരിക്കും കിട്ടുക. എ വലയവും ബി വലയവും തമ്മിൽ വേർതിരിക്കുന്ന കാസ്സിനി വിടവും ഇപ്പോൾ കാണാൻ കഴിയും. ഇതിനെയാണ് നഗ്നനേത്രങ്ങൾ കൊണ്ട് ശനിയുടെ വലയങ്ങളെ കാണാൻ കഴിയുമെന്ന് നമ്മുടെ പത്രമുത്തശ്ശിമാർ എഴുതിവിട്ടത്. വായനക്കാരെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിലുള്ള യാതൊരു ഖേദപ്രകടനങ്ങളും പിന്നീട് ഉണ്ടായതുമില്ല. ഇതാണോ ന്യൂ ജനറേഷൻ ജേർണ്ണലിസം?

     ശനിയുടെ വലയങ്ങൾ നമുക്കു നേരെ ഏറ്റവും കൂടുതൽ തുറന്നു വരിക 2017 ഒക്ടോബർ മാസത്തിലായിരിക്കും 27 ഡിഗ്രി ചെരിവായിരിക്കും അന്ന് ശനിയുടെ വലയങ്ങളും നമ്മുടെ ദൃശ്യപഥവും തമ്മിലുണ്ടാവുക. ശനിയെ നമുക്ക് ഏറ്റവും തിളക്കത്തിൽ കാണാൻ കഴിയുക 2031ൽ ആയിരിക്കും. ഇപ്പോൾ ശനിയുടെ താഴെ കാണുന്ന ചിത്തിര(spica) നക്ഷത്രത്തെക്കാൾ തിളക്കത്തിൽ അന്ന് നമുക്ക് ശനിയെ കാണാം. അന്ന് നമ്മുടെ പത്രങ്ങൾ എന്തൊക്കെയായിരിക്കും എഴുതി വിടുക?


     ഏതായാലും ശനിയുടെ ഇപ്പോഴത്തെ ഈ കാഴ്ച നമുക്കും ആസ്വദിക്കാം. രാത്രി എട്ടു മണി മുതൽ തന്നെ ശനിയുടെ നല്ല ദൃശ്യം ലഭിക്കും. നല്ലൊരു ബൈനോക്കുലറോ ടെലസ്കോപ്പോ ഉള്ളവർക്ക് അതുപയോഗിച്ച് വലയങ്ങൾ കാണാനും കഴിയും.Get

Blogger Falling Objects