ഒരു നക്ഷത്രം ഗ്രഹത്തെ തിന്നുന്നു


ദൂരെ ദൂരെയൊരു നക്ഷത്രം അന്റെ ഗ്രഹത്തെ വിഴുങ്ങുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. BD+48 740 എന്ന ഒരു ചുവപ്പു ഭീമൻ നക്ഷത്രം അതിന്റെ ഒരു ഗ്രഹത്തെ വിഴുങ്ങുന്നതാണ് മക്ഡൊണാൾഡ് ഒബ്സർവേറ്ററിയിലെ ഹോബി-എബർലി ദൂരദർശിനിയിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ ശാസ്ത്രജ്ഞർ കണ്ടത്.
     ഒരു നക്ഷത്രത്തിന്റെ അയുസ്സവസാനിക്കാറാകുമ്പോഴാണ് അത് ഒരു ചുവപ്പുഭീമനാകുന്നത്. തുടർച്ചയായ അണുസംയോജനം വഴി നക്ഷത്തിന്റെ അകത്തെ ഹൈഡ്രജൻ എരിഞ്ഞു തീരുകയും അവിടെ ഹീലിയം നിറയുകയും ചെയ്യും. ഈ സമയത്ത് ഹീലിയം അണുസംയോജനത്തിനാവശ്യമായ താപനില നക്ഷത്രത്തിന്റെ കോറിനകത്ത് ഉണ്ടായിരിക്കുകയില്ല. ഇതിന്റെ ഫലമയി ഊർജ്ജോൽപാദനത്തിൽ താൽക്കാലികമായി വിരാമം സംഭവിക്കുകയും പുറത്തേക്കുള്ള വികിരണത്തള്ളൽ കുറയുകയും ചെയ്യുന്നു. അപ്പോൾ ഗുരുത്വാകർഷബലം മേൽക്കൈ നേടുന്നതിനാൽ നക്ഷത്രം ചുരുങ്ങാൻ തുടങ്ങുന്നു. ഇങ്ങനെ ചുരുങ്ങി ചുരുങ്ങി അകത്തെ മർദ്ദവും താപനിലയും കൂടുകയും അത് നൂറു കെൽവിനിലെത്തുകയും ചെയ്യുമ്പോൾ ഹീലിയം അണുകേന്ദ്രങ്ങൾ സംയോജിച്ച് കാർബൺ അണുകേന്ദ്രങ്ങൾ ഉണ്ടാകുന്ന പ്രകൃയ തുടങ്ങുകയും ചെയ്യുന്നു. അതേസമയം തന്നെ പുറത്തുള്ള ഹൈഡ്രജൻ അണുകേന്ദ്രങ്ങളും സംയോജിച്ചു തുടങ്ങും. ഈ പ്രവർത്തനങ്ങളുടെ ഫലമായി ഉയർന്ന തോതിലുള്ള ഊർജ്ജോൽപാദനം ആരംഭിക്കുകയും പുറത്തേക്കുള്ള വികിരണത്തള്ളൽ കൂടുകയും ചെയ്യും. ഉൽപാദന വികിരണ നിരക്കുകൾ സമരസപ്പെടുത്തുന്നതിനു വേണ്ടി നക്ഷത്രം വികസിക്കാൻ തുടങ്ങും.   ഇങ്ങനെ വലുതാകുമ്പോൾ പ്രതലവിസ്തീർണ്ണം വർദ്ധിക്കുന്നതിനാൽ അതിന്റെ പ്രതലോഷ്മാവ് കുറയുകയും നിറം ചുവപ്പാവുകയും ചെയ്യും.
     ഇങ്ങനെ ഒരു നക്ഷത്രം ചുവപ്പു ഭീമനായി മാറുമ്പോൾ അതിന്റെ സമീപത്തു കിടക്കുന്ന ആന്തരിക ഗ്രഹങ്ങളെയെല്ലാം അത് ഉള്ളിലാക്കിക്കളയും. ഇതിനുള്ള ഒരു തെളിവാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്  500 കോടി വർഷങ്ങൾക്കു ശേഷം സൂര്യനും ഒരു ചുവപ്പു ഭീമനായി മാറും. ഇന്നുള്ളതിന്റെ 200 മടങ്ങ് വലിപ്പമായിരിക്കും അന്ന് സൂര്യനുണ്ടാകുക എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. അപ്പോൾ ബുധൻ, ശുക്രൻ, ഭൂമി എന്നിവയെല്ലാം സൂര്യനകത്താകും. എന്നാൽ ഇങ്ങനെ സംഭവിക്കില്ല എന്നു വിശ്വസിക്കുന്ന ഒരു വിഭാഗം ശാസ്ത്രജ്ഞരും ഉണ്ട്. ഭൂമി ചെറിയ തോതിലാണെങ്കിലും സൂര്യനിൽ നിന്നും അകന്നു പോകുകയാണെന്നും സൂര്യൻ ചുവപ്പുഭീമനാകുമ്പോഴേക്കും ഭൂമി സൂര്യനെത്തിപ്പിടിക്കാൻ കഴിയുന്നതിനുമപ്പുറത്തെത്തിയിരിക്കുമെന്നും അതിനാൽ ഭൂമി രക്ഷപ്പെടുമെന്നും ഇവർ പറയുന്നു. എന്നാൽ സൂര്യനെത്തിപ്പിടിക്കാൻ കഴിയുന്നതിനുമപ്പുറത്തേക്ക് രക്ഷപ്പെടാൻ ഭൂമിക്കു കഴിയില്ലെന്നും അതിനാൽ ആവിയായി ഭൂമി സൂര്യനിൽ വിലയം പ്രാപിക്കുക തന്നെ ചെയ്യുമെന്ന് ഇതിനെ എതിർക്കുന്നവർ പറയുന്നു.
     വ്യാഴത്തിന്റെ 1.6മടങ്ങ് വലിപ്പമുള്ള വാതകഭീമനാണ് BD+48 740. 500 കോടി വർഷങ്ങൾക്കു ശേഷം ഭൂമിയുടെ ഗതിയും ഇതുതന്നെയായേക്കാം എന്നതിനാൽ ഇപ്പോൾ നമുക്ക് ഈ ഗ്രഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാം.

അഭിപ്രായങ്ങള്‍

 1. ഷാജിയേട്ടാ, വ്യാഴത്തിന്റെ ==1.6മടങ്ങ് വലിപ്പമുള്ള വാതകഭീമനാണ് BD+48 740==
  ==BD+48 740 എന്ന ഒരു ചുവപ്പു ഭീമന്‍ നക്ഷത്രം അതിന്റെ ഒരു ഗ്രഹത്തെ വിഴുങ്ങുന്നതാണ്== ഈ ബി.ഡി +48 740 ഗ്രഹമോ നക്ഷത്രമോ ? നക്ഷത്രമാണെങ്കില്‍ വ്യാഴത്തിന്റെ 16 മടങ്ങ് വലുപ്പം മാത്രമുള്ള ത് ഒരു തവിട്ടുകുള്ളനോ മറ്റോ ആണോ ? സംശയം തീര്‍ക്കണേ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. BD+48 740 ഒരു നക്ഷത്രം തന്നെയാണ്. ഗ്രഹം എന്നത് തെറ്റിപ്പോയതാണ്.
   http://en.wikipedia.org/wiki/BD%2B48_740

   ഇല്ലാതാക്കൂ
 2. വളരെ നല്ല ബ്ലോഗ്‌. നല്ല ഡിസൈന്‍ . വിവരണവും ഏറെ ലളിതം

  മറുപടിഇല്ലാതാക്കൂ
 3. ''ഒരു നക്ഷത്രത്തിന്റെ അയുസ്സവസാനിക്കാറാകുമ്പോഴാണ് അത് ഒരു ചുവപ്പുഭീമനാകുന്നത്'' ഈ ആയുസ്സ് അവസാനിക്കുക എന്നുപറഞ്ഞാല്‍ അത് എത്രകണ്ട് ശരിയാണ് മാഷേ...?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതിലൊരു ശരികേടുണ്ട് എന്നുള്ളത് ഒരു ശരിയാണ്. ഒരു നക്ഷത്രം എന്ന നിലയിൽ അതിന്റെ ഊർജ്ജോൽപാദനനിരക്കിൽ കുറവുവരുന്നതും പ്രകാശമാനം കുറയുന്നതും മുഖ്യധാരാഗണത്തിൽ നിന്ന് അത് പുറത്താകുന്നതും സാവധാനം അത് മറ്റൊരു ഘട്ടത്തിലേക്കു കടക്കുകയും ചെയ്യുന്നതിന്റെ ആരംഭം എന്നാണ് ഇവിടെ ഉദ്ദേശിച്ചത്.

   ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ