സൗരയൂഥേതരഗ്രഹങ്ങളുടെ രുചിയറിയാൻ നെസ്സി ഒരുങ്ങുന്നു

കടപ്പാട്: JPL നാസ
സൗരയൂഥേതരഗ്രഹങ്ങളെ കുറിച്ചുള്ള അന്വേഷണം ഇന്ന് വളരെയേറെ താൽപര്യം ജനിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മേഖലയായി മാറിയിരിക്കുന്നു. അവിടെയെവിടെങ്കിലും ജീവനുണ്ടായിരിക്കുമോ എന്നതാണ് നമ്മുടെ ജിജ്ഞാസയുടെ അടിത്തറ. പക്ഷെ ഈ കാര്യത്തിൽ കൂടുതെലെന്തെങ്കിലും പറയാൻ ശാസ്ത്രജ്ഞർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. മാതൃനക്ഷത്രവുമായുള്ള അകലവും നക്ഷത്രത്തിന്റെ താപനിലയും വെച്ച് ഈ ഗ്രഹങ്ങൾ ജീവസാധ്യമേഖലയിലാണോ എന്നു മാത്രമേ പരമാവധി പറയാൻ കഴിയുകയുള്ളു. ഗ്രഹം ജീവസാധ്യമേഖലയിലാണ് എന്നതിനർത്ഥം അവിടെ ജീവൻ ഉണ്ടാവാൻ സാധ്യതയുണ്ട് എന്നല്ല; അവിടെ ദ്രവജലം ഉണ്ടാവാൻ സാധ്യതയുണ്ട് എന്നു മാത്രമാണ്. കൂടുതൽ കാര്യങ്ങളറിയണമെങ്കിൽ ആ ഗ്രഹത്തിന്റെ അന്തരീക്ഷത്തെ കുറിച്ചും രാസഘടനയെ കുറിച്ചുമെല്ലാം അറിയേണ്ടതുണ്ട്. ഇതു വരെയും അതിനുള്ള സൗകര്യങ്ങൾ നമുക്കു ലഭ്യമായിരുന്നില്ല.
     എന്നാൽ ഇപ്പോൾ അതും സാധ്യമാണ് അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ പറയുന്നു. സൗരയൂഥേതരഗ്രഹത്തെന്റെ അന്തരീക്ഷത്തെയും രാസഘടയെയും പറ്റി പഠിക്കുന്നതിനു സഹായിയ്ക്കുന്ന ഒരു ദൂരദർശിനി ദ ന്യൂമെക്സിക്കോ ഇൻസ്റ്റിട്യൂട്ട് ഓഫ് മൈനിങ് ആന്റ് ടെക്നോളജിയുടെ നേതൃത്വത്തിൽ പ്രവർത്തനക്ഷമമായിരിക്കുന്നു. അമേരിക്കയിലെ ഒരു സംസ്ഥാനമായ ന്യൂമെക്സിക്കോയിലെ സൊക്കോറോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന മഗ്ദലെനാ റിഡ്ജ് ഒബ്സർവേറ്ററിയിലാണ് നെസ്സി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന The New Mexico Exoplanet Spectroscopic Survey Instrument സ്ഥാപിച്ചിട്ടുള്ളത്.
     നാസയുടെ EPSCoR (Experimental Program to Stimulate Competitive Research)ഉം New Mexico Institute of Mining and Technologyഉം സംയുക്തമായാണ്ഈ ദൂരദർശിനി പ്രവർത്തിപ്പിക്കുന്നത്. 2014 ഏപ്രിൽ 3൹ ഇതിന്റെ ആദ്യനിരീക്ഷണം നടന്നു. മിഥുനം നക്ഷത്രരാശിയിലെ പോളക്സിനെയും ബൂഒട്ടിസ് നക്ഷത്രരാശിയിലെ ആർക്ടറസിനെയും നിരീക്ഷിച്ചാണ് ഇതിന്റെ പ്രവർത്തനമികവ് പരിശോധിച്ചത്.
     സൂപ്പർ എർത്ത്, ഹോട്ട് ജൂപ്പിറ്റർ വിഭാഗങ്ങളിൽ പെടുന്ന നൂറോളം സൗരയൂഥേതരഗ്രഹങ്ങളെയാണ് നെസ്സി ലക്ഷ്യമിടുന്നത്. സൗരയൂഥേതരഗ്രഹങ്ങളുടെ അന്തരീക്ഷത്തെ പഠിക്കുന്നതിനു വേണ്ടി ഭൂമിയിൽ ഉറപ്പിച്ചിട്ടുള്ള ദൂരദർശിനികളിൽ ആദ്യത്തേതാണ് നെസ്സി. സ്പിറ്റ്സർ, ഹബിൾ എന്നിവയെ പോലെ ട്രാൻസിറ്റ് സ്പെക്ട്രോസ്കോപി ഉപയോഗിച്ചാണ് നെസ്സിയും പ്രവർത്തിക്കുന്നത്. ബഹിരാകാശ ദൂരദർശിനികളെ അപേക്ഷിച്ച് ഭൂമിയിൽ നിന്നു പ്രവർത്തിക്കുന്ന നെസ്സി ഭൂമിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ നേരിടേണ്ടതുണ്ട്. നെസ്സി നേരിടുന്ന മറ്റൊരു വെല്ലുവിളി സൗരയൂഥേതരഗ്രഹങ്ങളിൽ നിന്നും കിട്ടുന്ന വിവരങ്ങളുടെ ദൗർലഭ്യമാണ്. മാതൃനക്ഷത്രങ്ങളിൽ നിന്നും കിട്ടുന്ന സിഗ്നലുകളുടെ ആയിരത്തിലൊരംശം സിഗ്നലുകൾ മാത്രമാണ് ഗ്രഹങ്ങളിൽ നിന്നും കിട്ടുക. ഇതിൽ നിന്നു വേണം അവയുടെ രാസഘടനയും അന്തരീക്ഷഘടനയും മനസ്സിലാക്കാൻ. അതേസമയം തന്നെ ബഹിരാകാശദൂരദർശിനികളെ അപേക്ഷിച്ച് ചില മെച്ചങ്ങളും ഭൂമിയിലെ ദൂരദർശിനികൾക്കുണ്ട്. ഒന്നാമതായി ഇവയുടെ നിർമ്മാണച്ചിലവ് താരതമ്യേന കുറവാണ് എന്നതാണ്. മറ്റൊന്ന് മെച്ചപ്പെടുത്തലുകൾ ബഹിരാകാശ ദൂരദർശിനികളുടെതിനെക്കാൾ കൂടുതൽ എളുപ്പവും ചെലവു കുറഞ്ഞതുമാണ്.
     പൂർണ്ണചന്ദ്രന്റെ പകുതി വലിപ്പമുള്ള ആകാശസ്ഥലം ഒരു സമയത്ത് സ്കാൻ ചെയ്യാൻ നെസ്സിക്കു കഴിയും. ഇത് ഒന്നിൽ കൂടുതൽ നക്ഷത്രങ്ങളെ ഒരേ സമയത്ത് നിരീക്ഷിക്കാൻ സഹായിക്കും. ഇൻഫ്രാറെഡ് വരെ വ്യത്യസ്ഥ തരംഗദൈർഘ്യത്തിലുള്ള പ്രകാശരശ്മികളെ വിശകലനം ചെയ്യാൻ നെസ്സിക്കാവും. ഇത് ഒരേസമയം തന്നെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനു സഹായിക്കും.
     കാത്തിരിക്കാം നെസ്സി നൽകാൻ പോകുന്ന പ്രപഞ്ചാത്ഭുതങ്ങൾക്കായി........

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക