സൗരയൂഥത്തിന്റെ കേന്ദ്രം എവിടെയാ...?

- അപ്പോ സൂര്യനല്ലേ സൗരയൂഥത്തിന്റെ കേന്ദ്രം?
- അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ. സൂര്യന്റെ കേന്ദ്രമല്ല സൗരയൂഥത്തിന്റെ കേന്ദ്രം എന്നല്ലേ പറഞ്ഞതുള്ളു.
- എന്നു പറഞ്ഞാ മുഴ്വോനങ്ങട്ട് മനസ്സിലായില്യ
- അതായത് നമുക്ക് ഒരു ഉദാഹരണം നോക്കാം. ഒരു വൃത്തത്തിന്റെ കേന്ദ്രം എന്നു പറഞ്ഞാലെന്താ?
- അത് വൃത്തത്തിന്റെ നടൂല്ള്ള ബിന്ദു.
- അതായത് ആ ബിന്ദുവിൽ നിന്നും വൃത്തപരിധിയിലുള്ള ഏതൊരു ബിന്ദുവിലേക്കും തുല്യദൂരമായിരിക്കും എന്നും പറയാലോ അല്ലേ. ഒരു ഗോളത്തിന്റെ കേന്ദ്രവും നമുക്ക് ഇതു പോലെ കണ്ടുപിടിക്കാം. ഗോളപരിധിയിലുള്ള ഏതൊരു ബിന്ദുവിൽ നിന്നും അതിന്റെ കേന്ദ്രത്തിലേക്കുള്ള ദൂരം തുല്യമായിരിക്കും. ഒരു സ്കെയിലിന്റെ മദ്ധ്യം എങ്ങനെ കാണാം?
- അതിന്റെ രണ്ടറ്റത്തേക്കും തുല്യദൂരമുള്ള ഭാഗമായിരിക്കും അതിന്റെ മദ്ധ്യം.
- ശരിയാണ്. 30 സെ.മീറ്റർ നീളമുള്ള ഒരു സ്കെയിലാണെങ്കിൽ 15 സെന്റീമീറ്റർ അടയാളപ്പെടുത്തിയ ഭാഗത്തായിരിക്കും അതിന്റെ മദ്ധ്യം. ഇനി നമുക്ക് ചെറിയൊരു പരീക്ഷണം ചെയ്തു നോക്കാം. ഇതാ 30 സെ.മീറ്റർ നീളമുള്ള ഒരു സ്കെയിലാണ് ഇത്. ഇതിനെ നിന്റെ വിരലുകൊണ്ട് ബാലൻസ് ചെയ്തു നോക്കൂ.
- ദാ വിരല് സ്കെയിലിന്റെ നടൂല് വെച്ചാ മതീലോ.
- എന്നാ ശരി ഞാൻ സ്കെയിലിന്റെ ഒരറ്റത്ത് ഒരു നാണയം വെക്കുന്നു. ഇപ്പോഴോ?
- ഇപ്പോ നാണയം വെച്ച ഭാഗത്തേക്ക് വിരൽ കൂടുതൽ നീക്കിയാലേ ബാലൻസാവൂ.
- ഇതിനെ നമുക്ക് തൽക്കാലം ഭാരകേന്ദ്രം എന്നു പറയാം.
- എന്നു വെച്ചാ രണ്ടു ഭാഗത്തേക്കുമുള്ള ഭാരം തുല്യമാകുന്ന ഭാഗം അല്ലേ? അപ്പോ നീളം തുല്യമാകുന്ന ഭാഗത്തെ നീളകേന്ദ്രം എന്നു വിളിക്കാം ല്ലേ?
- അതു നിന്റെ ഇഷ്ടം. ഇനി മറ്റേ അറ്റത്ത് മറ്റൊരു നാണയം വെക്കുന്നു. ഇപ്പോൾ ആ ഭാഗത്തേക്ക് വിരൽ മാറ്റി വെക്കേണ്ടി വരുന്നു അല്ലേ? ഇനി ആദ്യം വെച്ച നാണയത്തിനു മുകളിൽ മറ്റൊരു നാണയം വെക്കുന്നു. വിരൽ അങ്ങോട്ടു നീക്കിയല്ലേ. ഇങ്ങനെ രണ്ടു ഭാഗത്തേയും ദ്രവ്യമാനത്തിൽ വരുന്ന വ്യത്യാസത്തിനനുസരിച്ച് ഭാരകേന്ദ്രവും മാറിവരും. ഇനി വിരലിന്റെ അറ്റത്തു വെച്ച് സ്കെയിൽ ഒന്നു കറക്കണമെങ്കിൽ വിരൽ സ്കെയിലിന്റെ ഏതു ഭാഗത്തായിരിക്കും വെക്കേണ്ടത്?
- ഭാരകേന്ദ്രത്തിൽ വെക്കണം.
- ഇനി നമുക്ക് ഈ കാര്യം ഭൂമിയേയും സൂര്യനെയും വെച്ച് ഒന്നു ചിന്തിച്ചു നോക്കാം. ഭൂമിയും സൂര്യനും ഒരു സിസ്റ്റത്തിന്റെ ഭാഗമായി ചിന്തിക്കാം. അതിന്റെ കൂടുതൽ കാര്യങ്ങളിലേക്കൊന്നും ഇപ്പോ പോവുന്നില്ല. ഇങ്ങനെയാണെങ്കിൽ ഭൂമി-സൂര്യൻ സിസ്റ്റത്തിന്റെ ഭാരം കൂടുതലുള്ള ഭാഗം ഏതു ഭാഗത്തായിരിക്കും?
- സൂര്യന്റെ ഭാഗത്തന്നെ.
- ഇനിയങ്ങോട്ട് നമുക്ക് ഭാരം എന്നതിനു പകരം പിണ്ഡം എന്നുപയോഗിക്കാം. ഭാരകേന്ദ്രം എന്നതിനു പകരം ബാരിസെന്റർ എന്നും പറയും. പിണ്ഡകേന്ദ്രം എന്നും ഉപയോഗിച്ചു കണ്ടിട്ടുണ്ട്. അപ്പോ ശരി, സൂര്യന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തെക്കാൾ 3,33,000 മടങ്ങ് കൂടുതലാണ്. അതുകൊണ്ട് ഭൂമി-സൂര്യൻ സിസ്റ്റത്തിന്റെ ബാരിസെന്റർ സൂര്യന്റെ ഉള്ളിൽ അതിന്റെ കേന്ദ്രത്തിനോടടുത്താണ്. എന്നാൽ ഇത് സൂര്യനെയും വ്യാഴത്തെയും മാത്രമായി എടുക്കുകയാണെങ്കിൽ ബാരിസെന്റർ സൂര്യനു പുറത്താവും. വ്യാഴത്തേക്കാൾ 1047 മടങ്ങ് പിണ്ഡം മാത്രമേ സൂര്യനുള്ളു.
- സൗരയൂഥത്തിൽ ഭൂമി മാത്രമല്ലല്ലോ ഉള്ളത്.
- അതാണ് പറഞ്ഞുവരുന്നത്. ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, ഛിന്നഗ്രഹങ്ങൾ തുടങ്ങി നിരവധി പദാർത്ഥങ്ങൾ നമ്മുടെ സൗരയൂഥത്തിലുണ്ട്. ഇവയെല്ലാം തന്നെ ഒരു സിസ്റ്റത്തിന്റ (solar system) ഭാഗമാണ്. അപ്പോൾ ഇതിനും ഒരു ബാരിസെന്റർ ഉണ്ടാവണമല്ലോ. ഇവയെല്ലാം തന്നെ സൂര്യന്റെ ഒരു ഭാഗത്ത് നേർരേഖയിലാണെങ്കിൽ കാര്യങ്ങൾ എളുപ്പമായിരുന്നേനെ.
- നമ്മുടെ സ്കെയിലും നാണയവും പരീക്ഷണം പോലെ കൃത്യമായ പിണ്ഡകേന്ദ്രം കണ്ടെത്താൻ എളുപ്പമായിരുന്നു അല്ലേ?
- അതെ. അതു സ്വാഭാവികമായും ബാരിസെന്റർ സൂര്യന്റെ പുറത്താവുകയും ചെയ്യുമായിരുന്നു. സൂര്യനും മറ്റു സൗരയൂഥവസ്തുക്കളും ആ കേന്ദ്രത്തെ ചുറ്റി അരോടും പരാതിയില്ലാതെ കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു.
- പക്ഷെ നമ്മുടെ ഗ്രഹങ്ങൾ പല വേഗതയിൽ സൂര്യനെ ചുറ്റുന്നതു കൊണ്ട് അവ പലപ്പോഴും പല സ്ഥലങ്ങളിലാണല്ലോ കാണുക.
- അതെ, അതുകൊണ്ട് സൗരയൂഥം ബാലൻസ് ചെയ്യണമെങ്കിൽ അതിന്റെ ബാരിസെന്റർ ഗ്രഹങ്ങളുടെയും മറ്റും സ്ഥാനത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കണം. അതായത് നമ്മുടെ സൗരയൂഥത്തിന്റെ സ്ഥിരമായ ഒരു ബാരിസെന്റർ ഇല്ല. അത് തുടർച്ചയായി മാറിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് സൗരയൂഥകേന്ദ്രം സൂര്യന്റെ കേന്ദ്രമല്ല എന്ന്. സൗരയൂഥ വസ്തുക്കൾ സൂര്യനു ചുറ്റും തുല്യമായി വിതരണം ചെയ്യപ്പെടുമ്പോൾ മാത്രമാണ് ബാരിസെന്റർ സൂര്യന്റെ കേന്ദ്രത്തിലാവുകയുള്ളു. അതിനുള്ള സാദ്ധ്യത വളരെ വളരെ വളരെ വിരളമാണ്.
- അപ്പോ സൂര്യനും അതിന്റ കേന്ദ്രത്തലല്ലാത്ത പിണ്ഡകേന്ദ്രത്തെ ചുറ്റി ഭ്രമണം ചെയ്യുകയല്ലേ?
- അതെ. അതെങ്ങനെയാവുമെന്ന് സങ്കൽപ്പിച്ചു നോക്കൂ.
- 😇
- ചെറിയൊരു ഉലച്ചിൽ ഉള്ളതു പോലെ തോന്നും. നോക്കൂ ഈ വീഡിയോ കണ്ടാൽ കുറച്ചു കൂടി വ്യക്തമാവും



 - 😃
- പിന്നേ, സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ കണ്ടെത്താനും ഈ വിദ്യ ഉപയോഗിക്കാറുണ്ട്.
- അതെങ്ങനെ?
- ഏതെങ്കിലും നക്ഷത്രങ്ങൾ ഇങ്ങനെ തലയാട്ടുന്നുണ്ടോ എന്നു നോക്കിയാൽ മതിയല്ലോ. പിന്നെ കൂടുതൽ പഠനങ്ങൾ നടത്തി ഗ്രഹങ്ങൾ തന്നെയാണോ കാരണം എന്നു കണ്ടെത്തുകയും ചെയ്യാം.
- ഹോ, ഇന്നിത്രയും മതി. ഇനി വയ്യ.

അഭിപ്രായങ്ങള്‍