അപ്പോളോ ഛിന്നഗ്രഹങ്ങൾ

എന്താ മുഖത്തൊരു സംശയത്തിന്റെ നെഴല് കാണാൻ ണ്ടല്ലോ.
അപ്പോളോ അസ്റ്ററോയ്ഡുകളോ? എന്താണ്ന്നോ? ഓഹോഹോ, പറയാലോ.
അല്ല, പറഞ്ഞു തന്നാ എനിക്ക് ന്താ തര്വാ?
മിട്ടായ്വോ, അത് മതി. പോക്കറ്റില്ണ്ടല്ലോ അല്ലേ?

എന്നാ നി അപ്പോളോ ഛിന്നഗ്രഹങ്ങളെ പറ്റി പറയാട്ടോ.
അല്ല ഈ ഛിന്നഗ്രഹങ്ങള് ന്ന് പറഞ്ഞാ ന്താന്നറ്യോ നെനക്ക്?
ആ അതന്നെ ചൊവ്വേടെം വ്യാഴത്തിന്റെം എടക്ക് കാണണ ഗ്രഹങ്ങളാവാൻ ഭാഗ്യം കിട്ടാത്ത കൊറേ വല്യ വല്യേ പാറക്കഷണങ്ങളന്നെ. പാറക്കഷണം ന്നൊക്കെ പറയുമ്പോ അത്ര നിസാരൊന്ന്വല്ല ട്ടോ. രണ്ടും മൂന്നും കിലോമീറ്ററൊക്കെ വലിപ്പം കാണും. ചൊവ്വയുടേം വ്യാഴത്തിന്റേം നടുക്ക് ഒരുപാടെണ്ണം ണ്ട്ന്നറ്യാലോ. ന്നാ അത്രക്കൊന്നുല്യെങ്കിലും മറ്റു ഭാഗങ്ങളിലും ങ്ങനെ കുറെയെണ്ണൊക്കെ കാണും. ചൊവ്വക്കും ബുധനും ഇടക്ക് കാണുന്ന ഛിന്നഗ്രഹങ്ങളാണ് അപ്പോളോ ഛിന്നഗ്രഹങ്ങൾ, അറ്റേൻ ഛിന്നഗ്രഹങ്ങൾ, അമോർ ഛിന്നഗ്രഹങ്ങൾ, അറ്റീര ഛിന്നഗ്രഹങ്ങൾ എന്നിവയൊക്കെ.

ഇവയിൽ നമ്മളെ പേടിപ്പിക്ക്ണ കൂട്ടരാണ് അപ്പോളോ ഛിന്നഗ്രഹങ്ങള്. ന്താ കാരണം ന്നോ? ഇതൊക്കെ ദീർഘവൃത്തത്തിലാണ് സൂര്യനെ ചുറ്റ്ണത് ന്നറ്യാലോ നെനക്ക്? അതിലന്നെ ഏറ്റവും നീളം കൂടിയ ദീർഘവൃത്തത്തിലാണ് ഈ അപ്പോളോ ഛിന്നഗ്രഹങ്ങള് സൂര്യനെ ചുറ്റ്ണതേ. അത്വോണ്ട് ന്താ ന്നോ. അതേപ്പോ നന്നായ്യ്യേ. അത്പ്പോ സൂര്യനിന്ന് ഏറ്റവും ദൂരേ ആവുമ്പോ ഭൂമീടേം പുറത്താവും ഇതിന്റെ ഒക്കെ സ്ഥാനം. ന്നാ സൂര്യനോടട്ത്ത് വര്മ്പോ ശുക്രനും ബുധനും ഇടേലും ആവും. അപ്പോ ഭൂമീടേ ഭ്രമണപഥം മുറിച്ചല്ലേ അങ്ങട്ടും ഇങ്ങട്ടും കടക്കാ. ഇങ്ങനെ മുറിച്ച് കടക്കുമ്പോ ആ സ്ഥാനത്ത് ഭൂമീം ണ്ടെങ്കി എന്താവും സ്ഥിതീന്നങ്ങട്ടൊന്നാലോചിച്ചു് നോക്കാ. ന്താ പേട്യാവണ് ണ്ടോ. അതന്യാ ഞാൻ പറഞ്ഞതേ ഇവറ്റ നമ്മളെ പേടിപ്പിക്ക്ണ കൂട്ടരാ ന്ന്

AnimatedOrbitOf1862Apollo
കടപ്പാട് : വിക്കിപ്പീഡിയ

എന്താ ചോദിച്ചേ. ഇതിനൊക്കെ എങ്ങന്യാ ഈ പേര് വന്നത് ന്നോ?
, അതും പറയാലോ.
ഈ ഗ്രൂപ്പിലുള്ള അംഗങ്ങളുടെ എണ്ണം എണ്ണായിരം കവിഞ്ഞൂന്നാ പറയ്ന്നേ. ഈ കൂട്ടത്തിലെ ആദ്യത്തേതിനെ കണ്ടെത്ത്യേത് 1932ല് കാൾ റീൻമുത്ത് എന്നൊരു ജർമ്മൻ ശാസ്ത്രജ്ഞനായിരുന്നൂത്രെ. അന്നതിന് അപ്പോളോ എന്നാ പേര് കൊട്ത്തതേ. പിന്നീട് ഈ കൂട്ടത്തിൽ കണ്ടെത്ത്യേതിനെ എല്ലാം കൂടി അപ്പോളോ ഛിന്നഗ്രഹങ്ങൾ എന്നു വിളിച്ചു.
ന്നാ നി ന്റെ മിട്ടായി ങ്ങട്ട് തന്നോളൂ. ന്താ നീം ചോദിക്കാണ്ട് ന്നോ. ആയിക്കോട്ടേ. പക്ഷേ ഇതുവരെ പറഞ്ഞതിന്ള്ള മിട്ടായി തന്നാലേ ഇന്യങ്ങട്ട് പറയ്വൊള്ളു.

ആ മതി. ഇപ്പോ ഇതു മതി. അപ്പോ എന്താ ന്യറ്യേണ്ടത്?
അല്ലല്ല. ഇതിനു മാത്രൊന്ന്വല്ല പേരിട്ടിട്ടുള്ളു. പിന്നീം കൊറേണ്ണത്തിനൊക്കെ പേര്ണ്ട്. സീയൂസ്, ലെറ്റോ, യോർപ്പ്, റ്യൂഗു ന്നങ്ങനെ കൊറേണ്ട്.

നേരത്തേ പറഞ്ഞ മൂന്നെണ്ണത്തിനെ കുറിച്ചും പറയണംന്നോ. ആയ്ക്കോട്ടേ. ഇതില് അറ്റേൻ നൈസായിട്ട് എടക്കൊന്ന് ഭൂമിയുടെ ഭ്രമണപഥം മുറിച്ചു കടക്കുംന്നേയുള്ളു. ഭൂമിയുടെ ഭ്രമണപഥത്തിന്റെ സൂര്യനോടട്ത്ത് കിടക്കണ ഭാഗത്തൂടെ ഭൂമി കടന്നു പോകുമ്പോ മാത്രം ഇവയെ പേടിച്ചാ മതി. അമോറുകളെ നമുക്ക് പേടിക്ക്യേ വേണ്ട. ഭൂമിയുടെ ഭ്രമണപഥത്തിനു പുറത്തുക്കൂടേയുള്ളു ഇവരുടെ സഞ്ചാരം. ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് കടന്നു കയറാറ്ണ്ട് ട്ടോ. വേറൊരു രസം കൂടി പറയാം. ചൊവ്വേടെ രണ്ട് ഉപഗ്രഹങ്ങള് ല്യേ, അതേഡെമോസും ഫോബോസും തന്നെ. അതിനെ രണ്ടിനെം ഈ അമോറുകളുടെ കൂട്ടത്തിന്ന് ചൊവ്വ ആകർഷിച്ച് പിടിച്ചെട്ത്തതാണത്രേ!

ഇനീള്ളത് അറ്റീരയല്ലേ. അവരും ഭൂമീനെ ഉപദ്രവിക്കണംന്ന് വിചാരം ള്ളോരോന്ന്വല്ല. ബുധന്റെ ഭ്രമണപഥം മുതല് ഭൂമീടെ ഭ്രമണപഥത്തിന്റെ കുറച്ച് അപ്പുറം വരെ മാത്രേ ഉള്ളു അവര്ടെ കളി.

അപ്പോ. ഇന്നിത്രേം മതി. ആ മിട്ടാകളും കൂടി ഇങ്ങട്ട് തന്നിട്ട് പൊയ്ക്കോളൂ. ഇനി വല്ലതുണ്ടെങ്കി പിന്നൊരു ദിവസാവാലോ. മിട്ടായി വേണം ട്ടോ. അത് മറക്കണ്ടാ

അഭിപ്രായങ്ങള്‍