ബഹിരാകാശനിലയം

 ആകാശനിരീക്ഷണത്തിൽ താൽപര്യമുള്ളവർ ഏറെ കൗതുകത്തോടെ കാത്തിരിക്കാറുണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയം(ISS) തങ്ങളുടെ തലക്കു മുകളിലൂടെ കടന്നു പോകുന്നതു കാണാൻ. ഇന്ന് (15-11-2020) അതിനു നല്ലൊരു അവസരം കൈവന്നിരിക്കുകയാണ്. ഇന്നു സന്ധ്യക്ക് 6.33 ആവുമ്പോൾ തെക്കു പടിഞ്ഞാറൻ ചക്രവാളത്തിൽ നിന്ന് ISS ഉദച്ചുയരും. 6.36ന് ഏകദേശം തലക്കു മുകളിലെത്തും. 6.39ന് വടക്കു കിഴക്കൻ ചക്രവാളത്തിൽ അസ്തമിക്കും. ആറു മണിയോടു കൂടി സൂര്യൻ അസ്തമിക്കുന്നതു കൊണ്ട് നന്നായി കാണാൻ കഴിയും. തിളക്കമുള്ള ഒരു നക്ഷത്രം കടന്നു പോകുന്നതു പോലെയാണ് കാണാൻ കഴിയുക.

നിലയം തലക്കു മുകളിലെത്തുമ്പോൾ ആകാശത്തു കാണുന്ന ഏറ്റവും തിളക്കമുള്ള വസ്തു അതുതന്നെയായിരിക്കും. തിളക്കം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന മറ്റുള്ളവ ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളായിരിക്കും. നിലയത്തെ അടിസ്ഥാനമാക്കി ഈ ഗ്രഹങ്ങളെയും തിരിച്ചറിയാൻ നമുക്കൊന്നു ശ്രമിക്കാവുന്നതാണ്. 6.35നും 6.36നും ഇടയിലാണ് ISS വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ സമീപത്തു കൂടി കടന്നു പോകുക. അപ്പോൾ നിലയത്തിന്റെ വടക്കു-പടിഞ്ഞാറു ഭാഗത്തായി കാണുന്ന തിളക്കമേറിയ വസ്തുക്കളാണ് വ്യാഴവും ശനിയും. ഇതിൽ കൂടുതൽ തിളങ്ങുന്നത് വ്യാഴവും മറ്റേത് ശനിയുമാണ്. 6.37 ആകുമ്പോഴേക്കും ചൊവ്വയേയും കടക്കും. നിലയത്തിന്റെ കിഴക്ക് ഭാഗത്താണ് ചൊവ്വയെ കാണാൻ കഴിയുക.

ഭൂമിയിൽ നിന്നും ശരാശരി 400കി.മീറ്റർ ഉയരത്തിലാണ് ഇത് ഭൂമിയെ ചുറ്റുന്നത്. സെക്കന്റിൽ ശരാശരി 7.66കി.മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ബഹിരാകാശനിലയം ഏകദേശം 93 മിനിറ്റു കൊണ്ട് ഭൂമിയെ ഒരു പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നുണ്ട്. ഇങ്ങനെ ഒരു ദിവസം 15 തവണ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നുണ്ടെങ്കിലും ഓരോ പ്രാവശ്യവും നമുക്ക് ഇതിനെ കാണാൻ കഴിയാറില്ല. സൂര്യപ്രകാശമുള്ള പകലുകളിൽ കാണാൻ കഴിയില്ല. സൂര്യപ്രകാശം തട്ടി പ്രതിഫലിക്കുന്നതു കൊണ്ടാണ് നമുക്കിതിനെ കാണാൻ കഴിയുന്നത്. അതുകൊണ്ട് സൂര്യാസ്തമനത്തിനു ശേഷം രണ്ടു മണിക്കൂർ വരെയും സൂര്യോദയത്തിനു രണ്ടു മണിക്കൂർ മുമ്പു മുതലും മാത്രമേ കാണാൻ കഴിയൂ. മറ്റു രാത്രകാലസമയങ്ങളിൽ ബഹിരാകാശ നിലയത്തിന്റെ ഓർബിറ്റിനപ്പുറത്തേക്കും ഭൂമിയുടെ നിഴൽ നീണ്ടുകിടക്കുന്നതു കൊണ്ട് അതിനെ നമുക്ക് കാണാൻ കഴിയില്ല.

ഏഴു ബഹിരാകാശയാത്രികർ ഇപ്പോൾ ബഹിരാകാശനിലയത്തിലുണ്ട്. അപ്പോൾ ഇന്ന് ബഹിരാകാശനിലയത്തെ കാണുമ്പോൾ അവർക്ക് ഒരു ഹായ് പറയൂ....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ