പെർസിവറൻസ് ചൊവ്വയിലെത്താറായി


നാസയുടെ മാർസ് 2020 പെർസെവെറൻസ് റോവർ ദൗത്യം ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ കൂടിയേഉള്ളു. സെക്കന്റിൽ 2.5 കി.മീറ്റർ വേഗത്തിൽ പെർസിവറൻസ് ചൊവ്വയോട് അടുത്തു കൊണ്ടിരിക്കുകയാണ്.

ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ഏറ്റവും വലിയതും, ഭാരം കൂടിയതും, ഏറ്റവും വൃത്തിയുള്ളതും, ഏറ്റവും നൂതനവുമായ ആറ് ചക്രങ്ങളുള്ള ഈ പേടകം ചൊവ്വയിലെ പുരാതന ജീവിതത്തിന്റെ അടയാളങ്ങൾക്കായി ജെസെറോ ഗർത്തത്തിൽ തിരയുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യും.

1965 ജൂലൈയിൽ മാരിനർ 4ന്റെ പറക്കൽ മുതലാണ് നാസ അതിന്റെ ചൊവ്വ പര്യവേക്ഷണം ആരംഭിക്കുന്നത്. അതിനുശേഷം രണ്ട് ഫ്ലൈബൈകളും, വിജയകരമായ ഏഴ് ഓർബിറ്ററുകളും, എട്ട് ലാൻ‌ഡറുകളും വിക്ഷേപിക്കുകയുണ്ടായി അവയിൽ നിന്നും ലഭിച്ച അറിവുകളെല്ലാം തന്നെ പെർസിവറൻസിന്റെ രൂപകല്പനയിൽ സഹായകമായിട്ടുണ്ട്. ചുവന്ന ഗ്രഹത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വികസിപ്പിക്കുക മാത്രമല്ല, ഭൂമിയിലെയും മറ്റു ഗ്രഹങ്ങളിലെയും ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും പെർസിവറൻസിന്റെ കണ്ടെത്തലുകൾ സഹായിക്കും.

പുരാതന സൂക്ഷ്മജീവികളുടെ അടയാളങ്ങൾ തിരയാൻ പറ്റിയ ഏറ്റവും നല്ല സ്ഥലമായാണ് ജെസെറോ ക്രേറ്റർ പരിഗണിക്കുന്നത്. ഇപ്പോൾ വറ്റിവരണ്ടു കിടക്കുന്ന ഈ ഗർത്തം കോടിക്കണക്കിനു വർഷങ്ങൾ മുമ്പ് ജലം നിറഞ്ഞ ഒരു തടാകമായിരുന്നു. 45കി.മീറ്റർ വിസ്താരമുണ്ടായിരുന്ന ഈ തടാകത്തിൽ നിന്ന് ഉത്ഭച്ച് ഒഴുകിയിരുന്ന ഒരു നദിയും അതിന്റെ കരയിൽ സജീവമായ ഡെൽറ്റാ പ്രദേശവുമുണ്ടായിരുന്നു. പെർസിവെറൻസിന്റെ സാമ്പിൾ കാഷിംഗ് സിസ്റ്റം ജെസെറോയിൽ നിന്ന് ശേഖരിക്കുന്ന പാറയും റെഗോലിത്തും (തകർന്ന പാറയും പൊടിയും) ഭൂമിക്കപ്പുറത്തുള്ള ജീവന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സഹായിക്കും. ഇതിന്റെ തുടർച്ചയായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയുമായി സഹകരിച്ച് രണ്ട് ദൗത്യങ്ങൾ കൂടി നാസ ആവിഷ്കരിച്ചിട്ടുണ്ട്.

പെർസിവറൻസിന്റെ നൂതന ശാസ്ത്ര ഉപകരണങ്ങൾ ഫോസിലൈസ് ചെയ്ത സൂക്ഷ്മജീവികളെ വേട്ടയാടാൻ സഹായിക്കുക മാത്രമല്ല, ചൊവ്വയുടെ ഭൂമിശാസ്ത്രത്തെയും അതിന്റെ ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിപ്പിക്കാനും സഹായിക്കും.

പെർസെവെറൻസിന്റെ ഏഴ് ശാസ്ത്ര ഉപകരണങ്ങളിൽ ഭൂരിഭാഗവും ഗ്രഹത്തിന്റെ ഭൂമിശാസ്ത്രത്തെയും ജ്യോതിർജീവശാസ്ത്രത്തെയും കുറിച്ച് കൂടുതലറിയാനാണ് ലക്ഷ്യമിടുന്നതെങ്കിലും ഭാവിയിലെ ചൊവ്വ പര്യവേക്ഷണത്തെ സഹായിക്കാനാതകുന്ന വിവരങ്ങൾ ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള സാങ്കേതികവിദ്യകളും ഈ ദൗത്യം വഹിക്കുന്നു. ചൊവ്വയിലെ കാർബൺ ഡൈ ഓക്സൈഡിനെ ഓക്സിജനായി പരിവർത്തനം ചെയ്യുന്നത് സാധ്യമാണെന്ന് തെളിയിക്കുന്നതിനാണ് റോവറിന്റെ ചേസിസിലെ കാർ-ബാറ്ററിയുടെ വലുപ്പമുള്ള ഉപകരണമായ മോക്സി (മാർസ് ഓക്സിജൻ ഇൻ-സിറ്റു റിസോഴ്സ് യൂട്ടിലൈസേഷൻ എക്സ്പിരിമെന്റ്) രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതു സാദ്ധ്യമായാൽ ഭാവിയിൽ ചൊവ്വാ പര്യവേക്ഷകർക്ക് റോക്കറ്റ് ഇന്ധനത്തിന്റെ ഒരു ഘടകമായി ഈ ഓക്സിജൻ ഉപയോഗിക്കാൻ കഴിയും. മാത്രമല്ല ചൊവ്വയിൽ കഴിയുമ്പോൾ പ്രാണവായുവായും ഉപയോഗിക്കാം.

ടെറൈൻ - റിലേറ്റീവ് നാവിഗേഷൻ സിസ്റ്റം റോവറിനെ അപകടങ്ങളിൽ നിന്നും രക്ഷപ്പെടുത്തുന്നതിന് സഹായിക്കുന്നു. MEDLI2 (Mars Entry, Descent, and Landing Instrumentation 2) സെൻസർ സ്യൂട്ട് ചൊവ്വയുടെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോൾ ലഭിക്കുന്ന വിവരങ്ങൾ ശേഖരിക്കുന്നു. ഇങ്ങനെ കിട്ടുന്ന വിവരങ്ങൾ ഭാവിയിലെ വലിയ ദൗത്യങ്ങൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന് സഹായകമാകും. പ്രത്യേകിച്ച് മനുഷ്യരെ ഉൾക്കൊള്ളുന്ന ദൗത്യങ്ങൾ.

മറ്റൊരു പ്രധാനപ്പെട്ട സാങ്കേതിക വിദ്യാ പരീക്ഷണം ഇൻജെനുവിറ്റി എന്നു പേരു നൽകിയിരിക്കുന്ന ചൊവ്വാ ഹെലികോപ്റ്ററാണ്. ഇത് റോവറിന്റെ വയറിനുള്ളിലാണ് ഉള്ളത്. പെർസിവറൻസ് ദൗത്യത്തിന്റെ ആദ്യത്തെ 90 ദിവസത്തിനുള്ളിൽ ഏറ്റവും അനുകൂലമായ സാഹചര്യം ഒത്തു വരുമ്പോൾ ഹെലികോപ്റ്ററിനെ ചൊവ്വയുടെ ഉപരിതലത്തിലേക്കു നിക്ഷേപിക്കുകയും ആദ്യത്തെ പരീക്ഷണപ്പറക്കൽ നടത്തുകയും ചെയ്യും. ഇതു വിജയകരമാവുകയാണെങ്കിൽ നാലു തവണകൂടി ചൊവ്വയുടെ അന്തരീക്ഷത്തിൽ ഇൻജെനുവിറ്റി പറന്നു കളിക്കും. ഭൂമിക്കു പുറത്ത് ആദ്യമായാണ് ഇത്തരം പറക്കൽ ദൗത്യം നടക്കുന്നത്. ഈ പരീക്ഷണങ്ങളിൽ നിന്നും കിട്ടുന്ന വിവരങ്ങൾ അടുത്ത തലമുറ ചൊവ്വ ഹെലികോപ്റ്ററുകളുടെ നിർമ്മാണത്തിൽ ശാസ്ത്രജ്ഞരെ സഹായിക്കും.

കോവിഡ് 19 നാസയിലെ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. മാർസ് 2020 ടീമിലെ അംഗങ്ങളിൽ ഭൂരിഭാഗവും ടെലിവർക്ക് വഴിയാണ് അവരുടെ ജോലികൾ നിർവഹിക്കുന്നത്. എന്നാൽ നേരിട്ടുള്ള സാന്നിദ്ധ്യം ആവശ്യമായ ചില ജോലികളിൽ കൃത്യമായ കോവിഡ് പ്രോട്ടോക്കോൾ ഉറപ്പു വരുത്തിയിട്ടുണ്ട്. ലാന്റിങ്ങ് സമയത്ത് JPLകൺസോളിൽ എത്തേണ്ടവർക്ക് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം നൽകിയിട്ടുണ്ട്.

പുരാതന സൂക്ഷ്മജീവികളുടെ അടയാളങ്ങൾ തേടുന്നതുൾപ്പെടെയുള്ള ജ്യോതിർജീവശാസ്ത്രമാണ് പെർസിവറൻസിന്റെ പ്രധാന ലക്ഷ്യം . റോവർ ഗ്രഹത്തിന്റെ ഭൂമിശാസ്ത്രത്തെയും മുൻകാല കാലാവസ്ഥയെയും പഠിക്കുകയും, ചുവന്ന ഗ്രഹത്തിലെ മനുഷ്യ പര്യവേക്ഷണത്തിന് വഴിയൊരുക്കുകയും ചെയ്യും. കൂടാതെ ചൊവ്വയിലെ പാറയും റെഗോലിത്തും ശേഖരിക്കുന്നതിനുള്ള ആദ്യ ദൗത്യം കൂടിയാണിത്. ഇ.എസ്.എ (യൂറോപ്യൻ ബഹിരാകാശ ഏജൻസി) യുമായി സഹകരിച്ച് നാസയുടെ പരിഗണനയിലുള്ള തുടർന്നുള്ള ദൗത്യങ്ങൾ ചൊവ്വയിലേക്ക് ബഹിരാകാശ പേടകങ്ങൾ അയച്ച് ഈ സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിച്ച് കൂടുതൽ വിശദമായ പഠനങ്ങൾക്ക് ഉപയോഗപ്പെടുത്തും.

 

പെർസിവറൻസ് ചൊവ്വയിൽ ഇറങ്ങുന്നതിന്റെ അനിമേഷൻ

അഭിപ്രായങ്ങള്‍