ചുവന്ന ഗ്രഹത്തിലെ ജീവസാന്നിദ്ധ്യം തേടി സാം






     ചൊവ്വ എന്നും നമ്മെ മോഹിപ്പിക്കുന്ന ഗ്രഹമാണ്. അവിടത്തെ ജീവികളെ കുറിച്ചുള്ള പല കഥകളും നമ്മൾ കേട്ടു കഴിഞ്ഞതാണ്. ഇപ്പോഴും അവിടെ ജീവനുണ്ടോ എന്ന അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്. ജീവികൾ എന്നു പറയുമ്പോൾ കഥകളിലെ പോലെ കൈകാലുകളും വാലും കൊമ്പുമുള്ള ഉയർന്ന തരം ജീവികളെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഏകകോശ ജീവികളോ ജൈവതന്മാത്രകളോ ആണ്. ഇതു വരെയും ചൊവ്വയിൽ ഏതെങ്കിലും തരത്തിലുള്ള ജീവ സാന്നിദ്ധ്യമുണ്ട് എന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും ചില ഫോസ്ഫേറ്റുകളും മറ്റും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണത്തിനു തന്നെയാണു ശാസ്ത്രജ്നരുടെ തീരുമാനം. ഇതിനു വേണ്ടി ഈ വർഷാവസാനം പുതിയൊരു ഉപകരണം ചൊവ്വയിലെത്തിക്കുവാനുള്ള ശ്രമത്തിലാണ് നാസയിലെ ശാസ്ത്രജ്നർ. സാമ്പിൾ അനാലിസിസ് അറ്റ് മാർസ് (Sample Analysis at Mars) അഥവാ സാം (SAM) എന്നാണ് ഈ ഉപകരണത്തിനു നൽകിയിട്ടുള്ള പേര്. ക്യുരിയോസിറ്റി എന്ന മാർസ് റോവറിലാണ് ഈ ഉപകരണം പിടിപ്പിക്കുക.


     സാമിന്റെ പ്രധാന ജോലി ചൊവ്വയിൽ ജൈവതന്മാ‍ത്രകളായ കാർബൺ, ഹൈഡ്രജൻ എന്നിവയെ കണ്ടെത്തലാണ്. ഇവയാണല്ലോ ഭൂമിയിലെ ജീവന്റെ അടിസ്ഥാന കണങ്ങൾ. ജൈവതന്മാത്രകളിലെ പ്രധാന ഘടകങ്ങളാണ് ഹൈഡ്രജൻ, കാർബ്ബൺ തുടങ്ങിയ മൂലകങ്ങൾ. ജീവൻ ഇല്ലെങ്കിലും ഈ മൂലകങ്ങൾക്ക് നിലനില്പുണ്ട്. എന്നാൽ ജീവനു നിലനിൽക്കണമെങ്കിൽ, ഇപ്പോഴത്തെ നമ്മുടെ അറിവു വെച്ച് ഈ മൂലകങ്ങൾ കൂടിയേ തീരൂ.


     സാമിനെ കൂടാതെ മറ്റ് ഒമ്പത് ഉപകരണങ്ങൾ കൂടി ക്യൂരിയോസിറ്റിയിൽ ഉണ്ടായിരിക്കും. ചൊവ്വയിൽ ജീവൻ നിലനിൽക്കാൻ ആവശ്യമായ ചുറ്റുപാടുകൾ ഉണ്ടോ എന്നും എന്നെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവയുടെ അവശേഷിപ്പുകൾ ഉണ്ടോ എന്നും ഈ ഉപകരണങ്ങൾ അന്വേഷിക്കും. ഈ വർഷം നവംബർ 18നും ഡിസംബർ 25നും ഇടക്കുള്ള ഒരു ദിവസം ക്യൂരിയോസിറ്റി അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്ന് വിക്ഷേപിക്കും. അടുത്ത വർഷം ആഗസ്റ്റ് മാസത്തിൽ അത് ചൊവ്വയുടെ പ്രതലത്തിലിറങ്ങും.


     ക്യൂരിയോസിറ്റിയിലെ മൂന്ന് ഉപകരണങ്ങൾ ചൊവ്വയുടെ അന്തരീക്ഷത്തിലെ വാതകങ്ങളുടെ രാസഘഘടന പഠിക്കും. ഈ വാതകങ്ങൾ ഗ്രഹാന്തർഭാഗത്തു നിന്ന് പുറംതള്ളപ്പെട്ടവയായിരിക്കുമെന്ന് കരുതുന്നു. ക്യൂരിയോസിറ്റിയുടെ റോബോട്ടിക് കരങ്ങൾ മണ്ണും പാറയും തുരന്ന് സാമ്പിളുകളെടെക്കും. ഇവയെ 1000 ഡിഗ്രി സെന്റിഗ്രേഡിൽ ചൂടാക്കി അവയുടെ രാസഘടന പഠിക്കും.


    മാസ് സ്പെക്ട്രോമീറ്റർ എന്ന ഉപകരണം വാതകങ്ങളുടെ തന്മാത്രാഭാരവും അയണീകരിക്കപ്പെട്ടിരിക്കുന്ന അവസ്ഥയിലുള്ള വൈദ്യുത ചാർജ്ജും മനസ്സിലാക്കും. ജീവന്റെ നിലനില്പിന് അത്യാവശ്യ ഘടകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, സൾഫർ, ഓക്സിജൻ, കാർബൺ എന്നിവയെയും ഈ ഉപകരണം വിശകലനം ചെയ്യും. ലേസർ സ്പെക്ട്രോമീറ്റർ മീഥൈൻ, ജലബാഷ്പം എന്നിവ ആഗിരണം ചെയ്യുന്ന പ്രകാശ കിരണങ്ങൾ ഏത് തരംഗദൈർഘ്യത്തിൽ ഉള്ളവയാണ് എന്നു മനസ്സിലാക്കും. മൂലകങ്ങളുടെ വ്യത്യസ്ത ഐസോടോപ്പുകൾ തമ്മിലുള്ള അനുപാതവും പഠിക്കും. ഗ്രഹത്തിന്റെ ഭൂതകാലത്തെ മനസ്സിലാക്കുന്നതിന് ഐസോടോപ് പഠനങ്ങൾ സഹായിക്കും. ഒരു ജൈവ സംയുക്തമായ മീഥൈന്റെ സാന്നിദ്ധ്യം ചൊവ്വയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഘടനയും സാന്ദ്രതയിലുണ്ടാകുന്ന വ്യതിയാനങ്ങളും ലേസർ സ്പെക്ട്രോമീറ്റർ വിശകലനം ചെയ്യും. ഏതെങ്കിലും തരത്തിലുള്ള ജൈവികപ്രതിപ്രവർത്തനത്തിലൂടെയാണോ അതോ മറ്റേതെങ്കിലും വിധത്തിലാണോ ചൊവ്വയിലെ മീഥൈൻ ഉണ്ടായത് എന്നു മനസ്സിലാക്കാൻ സഹായിക്കുന്ന എന്തെങ്കിലും തെളിവുകൾ ഇതിൽ നിന്ന് ലഭിക്കും എന്നാണ് ശാസ്ത്രജ്നരുടെ പ്രതീക്ഷ.


     വാതക സംയുക്തങ്ങളിലെ ഓരോ ഘടകത്തെയും പ്രത്യേകം പഠിക്കുന്നതിനു സഹായിക്കുന്ന ഗ്യാസ് ക്രോമറ്റോഗ്രാഫ് എന്ന ഉപകരണവും ക്യൂരിയോസിറ്റിയിലുണ്ട്.


credit: JPL, NASA
     വളരെ ചെറിയ അളവിലുള്ള പദാർത്ഥങ്ങളെ പോലും തിരിച്ചറിയാനും വിശകലനം ചെയ്യാനുമുള്ള അതിന്റെ ശേഷിയാണ് സാമിനെ മറ്റു ചൊവ്വാ പര്യവേക്ഷണ പേടകങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഒരു ലക്ഷം കോടിയിൽ ഒരംശം വരുന്ന ഘടകത്തെ പോലും തിരുച്ചറിയാനും വിശകലനം ചെയ്യാനും സാമിനു കഴിയും. പദാർത്ഥങ്ങളെ ചൂടാക്കി വിശകലനത്തിനു വിധേയമാക്കാനുള്ള സംവിധാനവും സാമിലുണ്ട്.  

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക