ഒരു ഗ്രഹം രൂപം കൊള്ളാൻ പോകുന്നു

     എങ്ങനെയാണ് ഒരു ഗ്രഹം ഉണ്ടാകുന്നത്? നക്ഷത്രരൂപീകരണത്തിനു ശേഷം ബാക്കി വരുന്ന പദാർത്ഥങ്ങൾ വീണ്ടും പുതിയ നക്ഷത്രത്തിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കും. ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്ന പദാർത്ഥങ്ങൾ പരസ്പരം കൂട്ടിയിടിച്ചും കൂടിച്ചേർന്നും കൂടുതൽ വലുതാവുന്നു. ഇങ്ങനെയാണ് ഒരു ഗ്രഹം രൂപം കൊള്ളുന്നത്. ഗ്രഹരൂപീകരണ വേളയിൽ അതില്‍ വീഴാതെ പോകുകയും എന്നാൽ അവയുടെ ആകർഷണ വലയത്തിൽ പെട്ടുപോകുകയും ചെയ്യുന്ന വസ്തുക്കളാണ് ഉപഗ്രഹങ്ങളായി മാറുന്നത്. ഇതിലും പെടാത്തവ ഛിന്നഗ്രഹങ്ങളും മറ്റുമാകുന്നു. നമ്മുടെ സൌരയൂഥത്തിൽ ഇങ്ങനെ ആദ്യം രൂപം കൊണ്ട ഗ്രഹം വ്യാഴമാണത്രെ.


Credit: ESO
     ഇത്തരത്തിലുള്ള ഒരു ഗ്രഹരൂപീകരണ പ്രകൃയക്ക് നേരിട്ടുള്ള ഒരു തെളിവ് ലഭിച്ച സന്തോഷത്തിലാണ്  ജ്യോതിശാസ്ത്രജ്ഞരിപ്പോൾ. തെക്കെ അർദ്ധഗോളത്തിലുള്ളവർക്ക് കാണാൻ കഴിയുന്ന ഒരു നക്ഷത്ര ഗണമാണ് കേദാരം (chamaeleon). ഇതിലെ ഒരു സാധാരണ നക്ഷത്രമാണ് T Cha. ഭൂമിയിൽ നിന്ന് 350 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ പ്രായം ഏതാണ്ട് ഏഴ് മില്ല്യൻ വർഷങ്ങളാണ്. ഈ നക്ഷത്രത്തിന്റെ ചുറ്റുമുള്ള പദാർത്ഥങ്ങൾക്കിടയിലാണ് ഒരു ഗ്രഹ ഡിസ്ക് രൂപം കണ്ടെത്തിയിരിക്കുന്നത്. 20 മില്യൻ കിലോമീറ്ററോളം ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന ധൂളീപടലത്തിനിടയിൽ നക്ഷത്രത്തിൽ നിന്ന് 1.1 മില്യൻ കി.മീറ്റർ അകലെയായാണ് പുതിയ ഡിസ്ക് കണ്ടെത്തിയിട്ടുള്ളത്. ഇത് ഇനിയും വളരെ കൂടുതൽ ഗ്രഹശകലങ്ങളെ പിടിച്ചെടുക്കുകയാണെങ്കിൽ ബ്രൌൺ ഡ്വാർഫ് ഇനത്തിൽ പെട്ട ഒരു നക്ഷത്രമാകാനും സാദ്ധ്യതയുണ്ട്. നമ്മുടെ വ്യഴം കുറെ കൂടി പദാർത്ഥങ്ങൾ പിടിച്ചെടുത്തിരുന്നു എങ്കിൽ ഇത്തരത്തിലുള്ള ഒരു നക്ഷത്രമായി മാറുമായിരുന്നത്രെ. അടുത്ത പരിണാമം എന്താകുമെന്ന് കാത്തിരുന്ന് കാണാമെന്ന തീരുമാനത്തിലാണ് ശാസ്ത്രജ്ഞർ.

     നേരത്തെ തന്നെ ഇത്തരം പഠനത്തിന് അനുയോജ്യമായ നക്ഷത്രം T cha ആണെന്ന് തീരുമാനിച്ചിരുന്നു എന്ന് ജർമ്മനിയിലെ മാർക്സ് പ്ലാങ്ക് ഇൻസ്റ്റിട്യൂട്ടിലെ ശാസ്ത്രജ്ഞനും ഈ പഠനത്തിന് നേതൃത്വം നൽകിയവരിൽ ഒരാളുമായ ജൊഹാൻ ഒലോഫ്സൺ പറഞ്ഞു. VLT ഉപയോഗിച്ച് നിരീക്ഷിക്കാൻ പറ്റുന്ന അകലത്തിലാണ് ഈ നക്ഷത്രം എന്നതാണ് ഇതിനു കാരണം.


     യൂറോപ്യൻ സ്പേസ് ഓർഗനൈസേഷന്റെ VLT (Very Large Telescope) ആണ് ശാസ്ത്രസംഘം ഇതിനായി ഉപയോ‍ഗിച്ചത്.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക