2011, മേയ് 12, വ്യാഴാഴ്‌ച

പ്രഭാതസവാരി

credit: NASA

     പ്രഭാതസവാരി എന്നു പറഞ്ഞാൽ പ്രഭാതത്തിന്റെ സവാരി എന്നും ആകാമല്ലോ. ഒരു പ്രഭാതം ഇപ്പോൾ സവാരി നടത്തിക്കൊണ്ടിരിക്കുകയാണ്; കയ്യിലൊരു ക്യാമറയുമായി. ഇത്തിരിക്കുഞ്ഞന്മാരെ കുറിച്ചു പഠിക്കലാണു ലക്ഷ്യം.

     സൌരയൂഥത്തിലെ ഇത്തിരിക്കുഞ്ഞന്മാരാണ് ഛിഹ്നഗ്രഹങ്ങൾ അഥവാ ആസ്റ്ററോയ്ഡുകൾ. ഇവയെ കുറിച്ചു പഠിക്കാൻ നാസ വിക്ഷേപിച്ച പേടകമാണ് Dawn (പ്രഭാതം). ഇപ്പോൾ അത് ഛിന്നഗ്രഹങ്ങളിൽ രണ്ടാമനായ വെസ്റ്റയെ സമീപിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യത്തെ ഫോട്ടോ മെയ് 3ന് ഭൂമിയിലെത്തി. 1.21 കി.മീറ്റർ അകലെ നിന്ന് പകർത്തിയ ചിത്രമാണിത്. ഭൂമിയിൽ നിന്ന് 117 മില്യൻ കി.മീറ്റർ അകലെയാണ് വെസ്റ്റ സ്ഥിതി ചെയ്യുന്നത്. ജൂലൈ 16ന് ഡോൺ വെസ്റ്റയുടെ ചുറ്റുമുള്ള അതിന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും.

     വെറും 530കി.മീറ്റർ മാത്രം വ്യാസമേയുള്ളു ആസ്റ്ററോയ്ഡ് ബെൽറ്റിലെ രണ്ടാമനായ ഈ ഛിന്നഗ്രഹത്തിന്. സൌരയൂഥ പഠനത്തിൽ ആസ്റ്ററോയ്ഡുകളെ കുറിച്ചുള്ള പഠനത്തിന് വളരെ പ്രാധാന്യമുണ്ട്. ഇത്തരത്തിലുള്ള കൊച്ചു കൊച്ചു ഗ്രഹങ്ങൾ കൂടിച്ചേർന്നാണത്രെ സൌരയൂഥത്തിലെ ഓരോ ഗ്രഹങ്ങളും ഉണ്ടായിട്ടുള്ളത്. അതുകൊണ്ടു തന്നെ ഗ്രഹരൂപീകരണത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് ശാസ്ത്രസമൂഹം കരുതുന്നത്. ഭൌമ-ആകാശ ദൂരദർശിനികൾ വെസ്റ്റയുടെ കുറെയേറെ ചിത്രങ്ങൾ എടുത്തിട്ടുണ്ട്. എങ്കിലും ഇതിന്റെ ഉപരിതലത്തെ കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമെ നമുക്കറിയാൻ കഴിഞ്ഞിട്ടുള്ളു.

     ആഗസ്റ്റ് മാസത്തിൽ 2700 കി.മീറ്റർ അടുത്തെത്തുകയും കൂടുതൽ വിശദമാ‍യ വിവരങ്ങൾ സംഭരിക്കാൻ തുടങ്ങുകയും ചെയ്യും. പിന്നീടുള്ള മാസങ്ങളിൽ ഡോൺ വെസ്റ്റയുമായി കൂടുതൽ അടുക്കുകയും പ്രതലത്തെ കുറിച്ചു മനസ്സിലാക്കുന്നതിനും ടോപ്പോഗ്രാഫിക് മേപ്പുകൾ തയ്യാറാക്കുന്നതിനും ആവശ്യമായ വിവരങ്ങൾ സംഭരിക്കുകയും ചെയ്യും. ഒരു വർഷമായിരിക്കും ഡോൺ വെസ്റ്റയുമായി കഴിയുക. അതിനു ശേഷം സിറസ് എന്ന ആസ്റ്ററോയ്ഡിനു നേരെ നീങ്ങും. 2015ൽ സിറസിനെ പ്രദക്ഷിണം ചെയ്യാൻ തുടങ്ങും.

     ഈ രണ്ടു ഛിന്നഗ്രഹങ്ങളെയും പഠിക്കുന്നതിലൂടെ സൌരയൂഥത്തിന്റെ ആദ്യകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന വിലപ്പെട്ട വിവരങ്ങൾ ലഭ്യമാകും എന്നാണ് ശാസ്ത്രജ്നർ കരുതുന്നത്. പ്രതലത്തിന്റെ രാസഘടന, ടോപ്പോഗ്രാഫി എന്നിവ പഠിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ ഡോണിലുണ്ട്. കൂ‍ടാതെ ഇതിന്റെ ഗുരുത്വാകർഷണ ശക്തിയും അളക്കും. അതിലൂടെ ആന്തരിക ഘടനയെ കുറിച്ചുള്ള വിവരങ്ങളും കുറെ മനസ്സിലാക്കാൻ കഴിയും.

     തീർച്ചയായും നമ്മുടെ ചരിത്രം പ്രപഞ്ചത്തോളം പഴക്കമുള്ളതാണ്. അതിന്റെ എല്ലാ കണ്ണികളും നമുക്ക് ഇപ്പോഴും തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. വിട്ടു പോയ ചില കണ്ണികളെയെങ്കിലും കണ്ടെടുക്കാൻ പ്രഭാതസവാരിയിലൂടെ കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

2 അഭിപ്രായങ്ങൾ:

  1. ഈ പ്രഭാതസവാരി ഉദ്ദേശിച്ച ഫലം കാണട്ടെ എന്ന് നമുക്ക് ആശംസിക്കാം അല്ലേ...

    മറുപടിഇല്ലാതാക്കൂ
  2. നന്ദി,LR. നമ്മുടെ അറിവിന്റെ ഭാണ്ഡം ഇനിയും വലുതാവട്ടെ

    മറുപടിഇല്ലാതാക്കൂ

Get

Blogger Falling Objects