ടൈറ്റനിൽ ജീവനുണ്ടാകുമോ?

ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ നമ്മുടെ ശാസ്ത്രജ്ഞർക്ക് പ്രിയപ്പെട്ട ഒരു സൗരയൂഥ സ്ഥാനമാണ്. ഭൂമിയെ പോലെ ദ്രവരൂപത്തിലുള്ള ജലം ഉപരിതലത്തിൽ കാണപ്പെടുന്ന മറ്റൊരു ഗോളമാണ് ടൈറ്റൻ. ഇതുകൊണ്ടുതന്നെ ഇതിനെ പറ്റി നിരവധി പഠനങ്ങൾ സൗരയൂഥ ഗവേഷകർ നടത്തിക്കൊണ്ടിരിക്കുന്നു. അതിൽ അവസാനത്തേതാണ് കാസ്സിനി ബഹിരാകാശ പേടകം നൽകിയ വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്നും കിട്ടിയിരിക്കുന്നത്. ഇത് പുതിയ ചില സാദ്ധ്യതകളാണ് നമുക്കു മുന്നിൽ തുറന്നിട്ടിരിക്കുന്നത്.
     ടൈറ്റനിൽ ഏകകോശജീവികൾ ഉണ്ടായിരിക്കാനുള്ള സാദ്ധ്യത പല ശാസ്ത്രജ്ഞരും തള്ളിക്കളയുന്നില്ല. ഇതിനു കൂടുതൽ ബലം നൽകുന്ന തെളിവാണ് പുതിയതായി ലഭിച്ചിരിക്കുന്നത്. കാസ്സിനി ടൈറ്റന്റെ ഏറ്റവും സമീപത്തു കൂടി കടന്നു പോയപ്പോള്‍ എടുത്ത ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇതിന്റെ ഉത്തരധ്രുവത്തിലുള്ള തടാകങ്ങളിലും സമുദ്രങ്ങളിലും ധാരാളം ഹൈഡ്രോകാർബണുകൾ അടങ്ങിയിരിക്കുന്നു എന്നു കണ്ടെത്തി. മുമ്പു നടത്തിയ പറക്കലുകളിൽ നിന്നും വ്യത്യസ്തമായ സ്ഥാനങ്ങളിലൂടെയായിരുന്നു ഇപ്രാവശ്യം കാസ്സിനി പറന്നത്. ഇത് മറ്റൊരു ആംഗിളിൽ നിന്ന് ഈ പ്രദേശങ്ങളെ നിരീക്ഷിക്കാൻ സഹായിച്ചു. ടൈറ്റനിലെ ഏറ്റവും വലിയ കടലുകളായ ക്രാക്കൻ മരെ, ലിജിയാ മരെ എന്നീ കടലുകളും അടുത്തുള്ള മറ്റു ചില തടാകങ്ങളുമാണ് ഇങ്ങനെ നിരീക്ഷിച്ചത്. ഇതിൽ നിന്നുമാണ് ഇതുവരെ കിട്ടാതിരുന്ന പല വിശദാംശങ്ങളും ലഭ്യമായത്.
     ടൈറ്റൻ പഠനത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ലിജിയാ മരെ എന്ന സമുദ്രത്തിന്റെ ആഴം 170മീറ്ററാണ് എന്നും കണ്ടെത്തി. ആദ്യമായാണ് ടൈറ്റനിലെ ഒരു സമുദ്രത്തിന്റെ ആഴം കണ്ടെത്തുന്നത്. ടൈറ്റന്റെ ഉത്തരാർദ്ധഗോളത്തിലാണ് ഏറ്റവും കൂടുതൽ ജലശേഖരമുള്ളത്. 
     ഏതാണ്ട് 9000 ക്യുബിക് കിലോമീറ്റർ ദ്രവഹൈഡ്രോകാർബൺ ഇവിടെയുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത് ഭൂമിയിലെ മൊത്തം എണ്ണനിക്ഷേപത്തിന്റെ 40 മടങ്ങിൽ കൂടുതൽ വരും.

കടപ്പാട്:നാസ

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ