ക്രാബ് നെബുലയിൽ ആർഗോൺ സംയുക്തം.

ഉൽകൃഷ്ട വാതകങ്ങൾ പൊതുവെ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടുക പതിവില്ല. വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യങ്ങൾ എപ്പോഴും വാർത്തയാണ്.  ബഹിരാകാശത്ത് ആദ്യമായി ആർഗോൺ സംയുക്തത്തെ കണ്ടെത്തിയതാണ് പുതിയ വാർത്ത.
    ക്രാബ് നെബുലയിലാണ് ആർഗോൺ ഹൈഡ്രൈഡ് എന്ന സംയുക്തം കണ്ടെത്തിയിരിക്കുന്നത്. മനുഷ്യൻ ആദ്യമായി തിരിച്ചറിഞ്ഞ നെബുലകളിലൊന്നാണിത്. ഈ നെബുല ഉണ്ടാവാൻ കാരണമായ സൂപ്പർ നോവ 1054ൽ തന്നെ ചൈനയിലെയും അറേബ്യയിലെയും ജ്യോതിശാസ്ത്രജ്ഞർ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1731ൽ ജോൺ ബെവിസ് എന്ന ശാസ്ത്രജ്ഞനാണ് ക്രാബ് നെബുലയെ ആദ്യമായി നിരീക്ഷിക്കുന്നത്. ചാൾസ് മെസ്സിയർ അദ്ദേഹത്തിന്റെ പട്ടികയിൽ ഒന്നാമത്തെ ഇനമായി ഇതിനെ ചേർത്തു (M 1). റോസെ പ്രഭുവാണ് ഇതിന് ക്രാബ് നെബുല എന്നു പേരിട്ടത്. അദ്ദേഹം ഇതിന്റെ രേഖാചിത്രം വരച്ചപ്പോൾ അതിനു ഒരു ഞെണ്ടിന്റെ രൂപം തോന്നിയതിനാലാണത്രെ ഈ പേര് നല്കിയത്. ഭൂമിയിൽ നിന്ന് ഏകദേശം 6500 പ്രകാശവർഷം അകലെ കിടക്കുന്ന ക്രാബ് നെബുലയുടെ വ്യാസം ഏതാണ്ട് 11 പ്രകാശവർഷമാണ്. വളരെ ശക്തിയേറിയ വികിരണതരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഒരു ബഹിരാകാശ വസ്തു കൂടിയാണ് ക്രാബ് നെബുല.
     ഒരു പക്ഷെ ജ്യോതിശാസ്ത്രജ്ഞർ ഏറ്റവും കൂടുതൽ നിരീക്ഷണങ്ങൾക്കു വിധേയമാക്കിയ നെബുലയും ക്രാബ് നെബുല തന്നെയായിരിക്കും. ഇക്കാരണത്താലാകും ആദ്യമായി തിരിച്ചറിഞ്ഞ പൾസാർ ക്രാബ് പൾസാർ ആയത്. ഇപ്പോൾ ആദ്യമായി ഒരു ഉൽകൃഷ്ട മൂലകത്തിന്റെ സാന്നിദ്ധ്യം  പ്രകടമാക്കിക്കൊണ്ട് അത് വീണ്ടും വാർത്തയാകുന്നു. നെബുലയിലെ താരതമ്യേന തണുത്ത ധൂളീപടലങ്ങൾ നിറഞ്ഞ പ്രദേശത്താണ് ആഗോൺ ഹൈഡ്രൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്.  ലണ്ടൻ യൂണിവേഴ്സിറ്റി കോളെജിലെ പ്രൊഫസർ മൈക്ക് ബാർലോവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ആർഗോണിന്റെ തന്മാത്രാ രൂപത്തിലോ സംയുക്ത രൂപത്തിലോ ബഹിരാകാശത്ത് കണ്ടെത്തുന്നത് ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ദൗത്യം അവസാനിപ്പിച്ച ഹെർഷൽ ബഹിരാകാശ ദൂരദർശിനിയിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് അവർ ഈ നിഗമനത്തിൽ എത്തിയത്.

    താപനില കൂടിയ തിളക്കമേറിയ ബഹിരാകാശ പദാർത്ഥങ്ങളെ കുറിച്ചു പഠിക്കാൻ ദൃശ്യപ്രകാശം തന്നെ ഉപയോഗിക്കാമെങ്കിലും താരതമ്യേന ഇരുണ്ട ധൂളീപടലങ്ങൾ നിറഞ്ഞ പ്രദേശങ്ങളെ കുറിച്ചു പഠിക്കാൻ ഇൻഫ്രാറെഡ് വികിരണങ്ങളാണ് ഉപയോഗിക്കാറുള്ളത്. ഇൻഫ്രാറെഡ് കിരണങ്ങൾ ഉപയോഗിച്ച് പ്രപഞ്ചത്തെ പഠിക്കുക എന്നതായിരുന്നു ഹെർഷൽ ബഹിരാകാശ ദൂരദർശിനിയുടെ ദൗത്യം. 2009 മെയ് 14ന് ആകാശത്തെത്തിയ ഹെർഷൽ 2013 ഏപ്രിൽ 29 വരെയുള്ള കാലയളവിൽ 35000ലേറെ നിരീക്ഷണങ്ങളാണ്  നടത്തിയിട്ടുള്ളത്. നെബുലകളുടെ ഉൾഭാഗങ്ങളെയും ധൂളീപടലങ്ങൾ നിറഞ്ഞ ഇരുണ്ട ഭാഗങ്ങളെയും കുറിച്ചുള്ള നിരവധി വിവരങ്ങളാണ് ഇതിലൂടെ നമുക്കു ലഭിച്ചത്.
     ബഹിരാകാശ പദാർത്ഥങ്ങളിൽ നിന്നും പുറത്തു വരുന്ന വിദ്യുത് കാന്തിക
തരംഗങ്ങളുടെ വർണ്ണരാജി വിശകലനം ചെയ്താണ് അവയിലടങ്ങിയിരിക്കുന്ന പദാർത്ഥങ്ങളെ കുറിച്ചു മനസ്സിലാക്കുന്നത്. ക്രാബ് നെബുലയുടെ ചില പ്രത്യേക ഭാഗങ്ങളിൽ നിന്നും വളരെയേറെ ശക്തികൂടിയ വികിരണങ്ങളെ വിശകലനം ചെയ്തതിൽ നിന്നാണ് അവിടെ തന്മാത്രാരൂപത്തിലുള്ള ആർഗോൺ ഹൈഡ്രൈഡ് അയോണുള്ളകൾ ഉള്ളതായി തെളിഞ്ഞത്. നെബുലയുടെ കേന്ദ്രത്തിലെ ന്യൂട്രോൺ നക്ഷത്രത്തിൽ നിന്നു വരുന്ന ശക്തിയേറിയ ഊർജ്ജകണങ്ങൾ ആർഗോൺ ആറ്റങ്ങളെ അയണീകരിക്കുകയും ഇവ പിന്നീട് ഹൈഡ്രജൻ തന്മാത്രകളുമായി ചേർന്ന്  ആർഗോൺ ഹൈഡ്രൈഡ് അയോണുകളായി (ArH+) മാറുകയുമാണ് ചെയ്യുന്നത്.
     പ്രകൃതിയിൽ ആർഗോൺ എങ്ങനെ രൂപംകൊണ്ടു എന്നതിനെ കുറിച്ചുള്ള പഠനങ്ങൾക്ക് ഈ പുതിയ കണ്ടെത്തൽ സഹായകരമാവുമെന്നാണ് കരുതപ്പെടുന്നത്.
     
കടപ്പാട്: അസ്ട്രോണമി മാഗസിൻ, വിക്കിപ്പീഡിയ

അഭിപ്രായങ്ങള്‍