2010, നവംബർ 19, വെള്ളിയാഴ്‌ച

ആന്റിഹൈഡ്രജന്‍ പിടിയിലായി     വളരെ നാളത്തെ ചെറുത്തുനില്‍പ്പിന് ശേഷം പ്രതിഹൈഡ്രജന്‍ (antihydrogen) സ്ത്രജ്ഞര്‍ക്ക് മുന്‍പില്‍ കീഴടങ്ങി. ഈ ആഴ്ചയിലെ നാച്വരിലാണ് ഈ വാര്‍ത്ത ആദ്യം വന്നത്. സെര്‍നിലെ(CERN) ശാസ്ത്രജ്ഞരാണ് പ്രതിഹൈഡ്രജനെ പിടിച്ചു കെട്ടിയത്.

    പോള്‍ ദിരാക്(Paul Dirac)  1928 ല്‍ ഒരു പ്രതി ഇലക്ട്രോണിന്റെ (anti electron )  സാധ്യത പ്രവചിച്ചപ്പോള്‍  തുടങ്ങിയതാണ്‌ പ്രതി കണങ്ങളെയും പ്രതി ദ്രവ്യങ്ങളെയും തേടിയുള്ള യാത്ര. ഇതിന്റെ ആദ്യ ഫലങ്ങള്‍ 1932 ല്‍ പുറത്തു വന്നു. കാള്‍  സി. ആണ്ടെഴ്സന്‍ (Carl C. Anderson) ആന്റി ഇലക്ട്രോണിനെ  കണ്ടെത്തി. പോസിറ്റീവ് ചാര്‍ജുള്ള ഇലക്ട്രോണിനു പോസിട്രോണ്‍ എന്ന പേരും നല്‍കി.

     പ്രതി ദ്രവ്യം ഇന്നും ശാസ്ത്രത്തിനു ഒരു പ്രഹേളികയാണ്. ഒരു കണത്തിന്റെ വിരുദ്ധ സ്വഭാവമുള്ള സമാന കണമാണ് പ്രതി കണം.  ഇലക്ട്രോണിനു നെഗടിവ് ചാര്‍ജാണ്‌.  എന്നാല്‍ പോസിട്രോണിനു പോസിടിവ് ചാര്‍ജാണ്‌. ആന്റി പ്രോടോനിനു നെഗടിവ് ചാര്‍ജ് ആയിരിക്കും. (ഇങ്ങനെയുള്ള പ്രതി കണങ്ങള്‍ ചേര്‍ന്നു ഒരു  പദാര്‍ത്ഥം ഉണ്ടാവുകയാണ് എങ്കില്‍ അതാണ്‌ പ്രതി ദ്രവ്യം). ഓരോ കണത്തിനും സ്വാഭാവികമായും ഒരു പ്രതി കണവും കാണും. ഇവ പരസ്പരം നശിപ്പിക്കുകയും ചെയ്യേണ്ടതാണ്. അങ്ങനെയെങ്കില്‍ പ്രപഞ്ചത്തില്‍ ദ്രവ്യത്തിന് എങ്ങനെ നിലനില്കാന്‍ കഴിയും? അതായത് പ്രപഞ്ചത്തില്‍ ദ്രവ്യം നിലനില്‍ക്കുന്നതിന് കാരണം പ്രപഞ്ച ഉല്‍ഭവത്തിനു  തൊട്ടു തന്നെ സംഭവിച്ച ദ്രവ്യ പ്രതി ദ്രവ്യ അസാമാനതയാണ്. ദ്രവ്യത്തെക്കാള്‍  അല്പം കുറവായിപോയി പ്രതി ദ്രവ്യത്തിന്റെ അളവ്.  ബാരിയോണ്‍ അസിമെട്രി (Baryon asymetry) എന്നറിയപ്പെടുന്ന ഈ സമസ്യക്ക് ഉത്തരം കണ്ടെത്താന്‍ ശാസ്ത്രത്തിനു ഇതുവരെയും കഴിഞ്ഞിട്ടില്ല.

     എങ്കിലും പ്രതി ദ്രവ്യത്തിന് വേണ്ടിയുള്ള അന്വേഷണം തുടര്‍ന്നു. പ്രപഞ്ചത്തിന്റെ പല ഭാഗത്തും പ്രതി കണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുന്നുണ്ട്. ഗാലക്സി കേന്ദ്രങ്ങളില്‍ ഇവ ധാരാളമായി കാണപ്പെടുന്ന പ്രദേശങ്ങള്‍ തന്നെയുണ്ട്. കോസ്മിക വികിരനങ്ങളിലൂടെ  ഭൂമിയിലേക്ക് എത്തുന്ന പ്രതി കണങ്ങള്‍  ഭൌമാന്തരീക്ഷത്തില്‍ വെച്ച് കണങ്ങളുമായി ചേര്‍ന്നു  നിര്‍വീര്യമാക്കപ്പെടുന്നു.
     1932 ല്‍ ആന്റി ഇലക്ട്രോണ്‍ കണ്ടെത്തിയതായി നേരത്തെ പറഞ്ഞല്ലോ. 1955 ല്‍ കാലിഫോര്‍ണിയ യൂനിവേര്സിടിയിലെ എമിലിയോ സെഗ്രിയും  (Emilio Segre)  ഓവന്‍ ചെമ്ബെര്‍ലൈനും (Owen Chamberlain) ചേര്‍ന്നു ആന്റി പ്രോട്ടോണും കണ്ടെത്തി. 1965 ല്‍ സെര്‍നിലെ പ്രോടോണ്‍ സിംക്രോട്രോനില്‍ (proton sychrotron ) ആന്റി ഡ്യുട്ടീരിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. 1995 ല്‍ സേനില്‍ നിന്ന് ആന്റി ഹൈഡ്രജന്‍ കണ്ടെത്തിയ വാര്‍ത്തയും വന്നു. നെഗടിവ്‌ ചാര്‍ജുള്ള പ്രോടോനും പോസിടിവ് ചാര്‍ജുള്ള ഇലക്ട്രോണും  അടങ്ങുന്നതാണ് ആന്റി ഹൈഡ്രജന്‍ ആറ്റം.

     പക്ഷെ ഈ സന്ദര്‍ഭങ്ങളിലെല്ലാം ഇവയുടെ സാന്നിധ്യം തിരിച്ചറിയാനല്ലാതെ  ആറ്റങ്ങളെ പിടിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ അതിനാണ് കഴിഞ്ഞിരിക്കുന്നത്. വാക്വത്തിനുള്ളില്‍ സൃഷ്ടിച്ച ശക്തമായ കാന്തിക മണ്ഡലം(magnetc bottle) ഉപയോഗിച്ചാണ്‌ ആന്റി ഹൈഡ്രജന്‍ ആടങ്ങളെ പിടിച്ചെടുത്തത്.38 ആന്റി ഹൈഡ്രജന്‍ ആറ്റങ്ങള്‍ ആണ്  ഒരുസെകന്റിന്റെ ആറില്‍ ഒരു  ഭാഗത്തിനുള്ളില്‍ സൃഷ്ടിക്കപ്പെട്ടത്.

     ലോകത്തിന്റെ ഊര്ജാവശ്യങ്ങള്‍ക്കായി ഭാവിയില്‍ ഇത് ഉപയോഗിക്കാന്‍ കഴിയും എന്ന പ്രത്യാശ ശാസ്ത്രജ്ഞര്‍ പങ്കു വെക്കുന്നുണ്ട്. ദ്രവ്യവും പ്രതി ദ്രവ്യവും ചേരുമ്പോള്‍ അവ പരസ്പരം നിര്‍വീര്യമാക്കപ്പെടുകയും വളരെ ഉയര്‍ന്ന തോതിലുള്ള ഊര്‍ജം ഉത്പാദിപ്പിക്കുകയും ചെയ്യും. പക്ഷെ ഇതിനാവശ്യമായ പ്രതി ദ്രവ്യം ഉത്പാദിപ്പിക്കുന്നതിനുള്ള ചെലവ് ഇപ്പോഴത്തെ കണക്കില്‍ നമുക്ക് ആലോചിക്കവുന്നതല്ല.
    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Get

Blogger Falling Objects