കണ്ടോ ശനിയുടെ വലയങ്ങൾ?


     നിങ്ങളാരെങ്കിലും കണ്ടോ നഗ്നനേത്രങ്ങൾ കൊണ്ട് ശനിയുടെ വലയങ്ങൾ? തിങ്കളാഴ്ചയിലെ ചില പ്രമുഖ മലയാള ദിനപത്രങ്ങളിലെ ഒരു ശാസ്ത്രവാർത്തയായിരുന്നല്ലോ ഇത്. ഇത് വായിച്ച് ആരെങ്കിലും ശനിവലയങ്ങൾ ദർശിക്കാൻ അത്യുത്സാഹത്തോടെ ഇറങ്ങിത്തിരിച്ചെങ്കിൽ അഹോ കഷ്ടം അവരുടെ കാര്യം!!

     ശനിയെ സാധാരണയിൽ കവിഞ്ഞ പ്രകാശത്തിൽ കാണാം എന്നതൊഴിച്ചാൽ മറ്റു പ്രത്യേകതകളൊന്നും തന്നെ സാധാരണക്കാർക്ക് കാണാൻ കഴിയില്ല. ഈ ദിവസത്തിൽ ശനിയും ഭൂമിയും സൂര്യനും ഒരേ നേർ‌രേഖയിൽ വരുന്നു എന്നതാണ് കാര്യം. ഭൂമി നടുവിലും ശനിയും സൂര്യനും എതിർദിശകളിലും ആകുമ്പോൾ സൂര്യപ്രകാശം പതിക്കുന്ന ശനിയുടെ മുഴുവൻ ഭാഗവും ഭൂമിയിലിരിക്കുന്ന നമുക്ക് കാണാൻ കഴിയും. പൌർണ്ണമി ദിനത്തിൽ ചന്ദ്രനെ കാണുന്നതു പോലെ. ഭൂമിയും ശനിയും കൂടുതൽ അടുത്ത് വരുന്നതു കൊണ്ട് അതിന്റെ പ്രത്യേകതയും കാണും. എങ്കിൽ പോലും 1290 മില്യൺ കി.മീറ്ററുകൾക്കപ്പുറത്താണ് ശനിയുടെ സ്ഥാനം എന്നു മറക്കരുത്.

     സൂര്യനും ശനിയും എതിർദിശയിലായതു കൊണ്ട് സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുമ്പോഴായിരിക്കും ശനി കിഴക്കു ഭാഗത്ത് ഉദിക്കുന്നത്. സൂര്യൻ ഉദിക്കുമ്പോൾ ശനി അസ്തമിക്കുകയും ചെയ്യും. അതു കൊണ്ട് ഈ ദിവസം 12 മണിക്കൂർ മുഴുവനായും ശനിയെ കാണാൻ കഴിയും. പിന്നീട് ഓരോ ദിവസവും ശനി 4 മിനിറ്റ് വീതം നേരത്തെ ഉദിക്കും. അത്രയും നേരത്തെ അസ്തമിക്കുകയും ചെയ്യും. സൂര്യൻ അസ്തമിച്ചതിനു ശേഷമേ കാണാൻ കഴിയൂ എന്നതു കൊണ്ട് ഓരോ ദിവസവും കാണാൻ കഴിയുന്ന സമയം 4 മിനിറ്റ് വീതം കുറഞ്ഞു വരും.

     ശനിയുടെ വലയങ്ങൾ നമ്മുടെ ദൃശ്യപഥവുമായി 9 ഡിഗ്രി ചെരിഞ്ഞാണിരിക്കുന്നത് ഇപ്പോഴുള്ളത്. നമ്മുടെ പിന്നിൽ നിന്ന് മുന്നിലുള്ള വസ്തുവിൽ തട്ടി പ്രതിഫലിച്ചുണ്ടാവുന്ന ദൃശ്യം കൂടുതൽ വ്യക്തമായിരിക്കും. ശനിയുടെ കാര്യത്തിൽ ഇപ്പോൾ ഈയൊരു സൌകര്യം കൂടിയുണ്ട്. ഭൂമിയുമായി കൂടുതൽ അടുത്തിരിക്കുകയും കൂടുതൽ വ്യക്തമായ ദൃശ്യം ലഭ്യമാകുന്ന രീതിയിൽ സൂര്യപ്രകാശം നമുക്കു പിന്നിൽ നിന്ന് പതിക്കുകയും വലയങ്ങൾ നമുക്കു നേരെ തുറന്നിരിക്കുകയും ചെയ്യുന്ന ഈ സന്ദർഭത്തിൽ ഒരു ടെലസ്കോപ് ഉപയോഗിച്ച് ശനിയെ നിരീക്ഷിക്കുകയാണെങ്കിൽ വലയങ്ങളുടെ മനോഹരമായ ദൃശ്യമായിരിക്കും കിട്ടുക. എ വലയവും ബി വലയവും തമ്മിൽ വേർതിരിക്കുന്ന കാസ്സിനി വിടവും ഇപ്പോൾ കാണാൻ കഴിയും. ഇതിനെയാണ് നഗ്നനേത്രങ്ങൾ കൊണ്ട് ശനിയുടെ വലയങ്ങളെ കാണാൻ കഴിയുമെന്ന് നമ്മുടെ പത്രമുത്തശ്ശിമാർ എഴുതിവിട്ടത്. വായനക്കാരെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിലുള്ള യാതൊരു ഖേദപ്രകടനങ്ങളും പിന്നീട് ഉണ്ടായതുമില്ല. ഇതാണോ ന്യൂ ജനറേഷൻ ജേർണ്ണലിസം?

     ശനിയുടെ വലയങ്ങൾ നമുക്കു നേരെ ഏറ്റവും കൂടുതൽ തുറന്നു വരിക 2017 ഒക്ടോബർ മാസത്തിലായിരിക്കും 27 ഡിഗ്രി ചെരിവായിരിക്കും അന്ന് ശനിയുടെ വലയങ്ങളും നമ്മുടെ ദൃശ്യപഥവും തമ്മിലുണ്ടാവുക. ശനിയെ നമുക്ക് ഏറ്റവും തിളക്കത്തിൽ കാണാൻ കഴിയുക 2031ൽ ആയിരിക്കും. ഇപ്പോൾ ശനിയുടെ താഴെ കാണുന്ന ചിത്തിര(spica) നക്ഷത്രത്തെക്കാൾ തിളക്കത്തിൽ അന്ന് നമുക്ക് ശനിയെ കാണാം. അന്ന് നമ്മുടെ പത്രങ്ങൾ എന്തൊക്കെയായിരിക്കും എഴുതി വിടുക?


     ഏതായാലും ശനിയുടെ ഇപ്പോഴത്തെ ഈ കാഴ്ച നമുക്കും ആസ്വദിക്കാം. രാത്രി എട്ടു മണി മുതൽ തന്നെ ശനിയുടെ നല്ല ദൃശ്യം ലഭിക്കും. നല്ലൊരു ബൈനോക്കുലറോ ടെലസ്കോപ്പോ ഉള്ളവർക്ക് അതുപയോഗിച്ച് വലയങ്ങൾ കാണാനും കഴിയും.അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക