ഇതാ ഒരു തണുത്ത നക്ഷത്രം!



     എന്നു പറഞ്ഞാൽ ഒരു നക്ഷത്രമല്ല. തണുത്തു പോയാൽ നക്ഷത്രമാവില്ലല്ലോ. അപ്പോൾ നക്ഷത്രം പോലെ ഒരു വസ്തു എന്നു പറയാം. ജ്വലന ശേഷിയില്ലാത്ത ഇത്തരം പദാർത്ഥങ്ങളെ തവിട്ടു കുള്ളന്മാർ എന്നു പറയും. അണുകേന്ദ്രസംലയനം നടത്താനാവശ്യമായ പിണ്ഡം സംഭരിക്കാനാവാത്തതു കൊണ്ട് സ്വയം ജ്വലിക്കാനാവാതെ പോയ ഹതഭാഗ്യനക്ഷത്രങ്ങളാണിവ. ഇവയിൽ തന്നെ ഏറെ തണുത്ത വിഭാഗമാണ്  Y സ്പെക്ട്രം ഗ്രൂപ്പിൽ വരുന്നവ. (Y dwarfs). ഇവക്കിടയിൽ നിന്നാണ് വളരെ കുറഞ്ഞ താപനിലയുള്ള ചിലരെ കണ്ടെത്തിയിരിക്കുന്നത്. കുറഞ്ഞ താപനില എന്നു ഏകദേശം 25 ഡിഗ്രി സെന്റിഗ്രേഡ്! നമ്മുടെ ശരീരതാപത്തോളം!!

     വളരെ കാലമായി ബഹിരാകാശ ശാസ്ത്രജ്ഞർ ഇവയെ തെരഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും ഇപ്പോൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.  WISE ദൂരദർശിനി ഉപയോഗിച്ചാണ് ഇതു സാധ്യമായത്. ആറെണ്ണത്തിനെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ദൃശ്യപ്രകാശം ഉപയോഗിച്ച് ഇവയെ നിരീക്ഷിക്കുക അസാധ്യമാണ്. തരംഗദൈർഘ്യം കൂടിയ ഇൻഫ്രാ റെഡ് പ്രകാശമുപയോഗിച്ചാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്.

      ജ്യോതിശാസ്ത്രജ്ഞന്മാരിൽ പ്രത്യേക താൽപര്യമുണർത്തുവയാണ് തവിട്ടു കുള്ളന്മാർ. നക്ഷത്രരൂപീകരണത്തെ കുറിച്ചു പഠിക്കുന്നതിനും സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളുടെ അന്തരീക്ഷത്തെ കുറിച്ച് പഠിക്കുന്നതിനും തവിട്ടുകുള്ളന്മാരെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. വ്യാഴത്തെ പോലെയുള്ള വാതകഭീമന്മാരായ ഗ്രഹങ്ങൾക്കു സമാനമാണ് തവിട്ടു കുള്ളന്മാരും. സൗരയൂഥേതര ഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നതിന് അവയുടെ മാതൃനക്ഷത്രത്തിൽ നിന്നുള്ള പ്രകാശം തടസ്സമാവുന്നു. എന്നാൽ തവിട്ടു കുള്ളന്മാർ ഒറ്റയാന്മാരായി അലയുന്നവരായതു കൊണ്ട് ഈ പ്രശ്നം ഉണ്ടാവുന്നില്ല.

     Y വിഭാഗത്തിൽ പെട്ട ഈ തവിട്ടുകുള്ളന്മാരിൽ WISE 1828+2650 എന്നറിയപ്പെടുന്നതാണ് ഏറ്റവും കുറഞ്ഞ താപനിലയുള്ളത്. 25 ഡിഗ്രി സെന്റി ഗ്രേഡ് ആണ് ഇതിന്റെ അന്തരീക്ഷ താപനില. ഇവയെല്ലാം തന്നെ താരതമ്യേന നമ്മുടെ അടുത്ത് കിടക്കുന്നവയാണ്. ഒമ്പത് മുതൽ നാൽപത് പ്രകാശം വർഷം വരെയാണ് സൂര്യനിൽ നിന്നുള്ള ഇവയുടെ അകലം.

അഭിപ്രായങ്ങള്‍

  1. തവിട്ടു കുള്ളന്മാരോ! കൊള്ളാല്ലോ :) ഇതൊക്കെ എവിടുന്നു കിട്ടുന്നു ! സമ്മതിച്ചിരിക്കുന്നു :)

    മറുപടിഇല്ലാതാക്കൂ
  2. തവിട്ടു കുല്ലന്മാരെ പട്ടി കേള്‍ക്കുനത് ഇത് ആദ്യം ..
    thank you for this post

    മറുപടിഇല്ലാതാക്കൂ
  3. പുതിയ അറിവ്-പലതിന്റേയും ഇംഗ്ലീഷ് പേര്‍ കൂടി ബ്രാക്കറ്റില്‍ ചേര്‍ത്താല്‍ മനസ്സിലാക്കാന്‍ എളുപ്പമായിരുന്നു.

    തുടരൂ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക