പ്ലാങ്ക് ദൗത്യം: ഒന്നാം ഘട്ടം അവസാനിച്ചു

കടപ്പാട്: ESA

പ്രപഞ്ചരഹസ്യങ്ങൾ തേടിയിറങ്ങിയ പ്ലാങ്ക് പേടകം അതിന്റെ പ്രധാന നിരീക്ഷണങ്ങൾ നടത്തിയതിനു ശേഷം പിൻവാങ്ങാൻ തുടങ്ങി. പ്രപഞ്ചത്തിന്റ ഉത്ഭവത്തെ കുറിച്ചും ആദിപ്രപഞ്ചത്തിന്റെ ഘടനയെ കുറിച്ചും പഠിക്കുന്നതിനു വേണ്ടി യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച പേടകമാണ് പ്ലാങ്ക്.

പ്രപഞ്ചോത്ഭവത്തെ കുറിച്ച് ഇന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്ന മഹാവിസ്ഫോടന സിദ്ധാന്തം അനുസരിച്ച് ഭൂതകാലത്തിലൊരിക്കൽ പ്രപഞ്ചത്തിലിന്നുള്ള ഊർജ്ജമെല്ലാം വളരെ ചെറിയ വ്യാപ്തത്തിലും താപോർജ്ജം വളരെ ഉയർന്ന നിലയിലും ആയിരുന്നു. മഹാവിസ്ഫോടനത്തോടെ പ്രപഞ്ചത്തിന്റെ വ്യാപ്തം വർദ്ധിച്ചുവരികയും അതിനനുസരിച്ച് താപോർജ്ജം കുറഞ്ഞുവരികയും ചെയ്തു. പ്ലാങ്ക് സിദ്ധാന്തമനുസരിച്ച് ഊർജ്ജവികിരണത്തിന്റെ തരംഗദൈർഘ്യം താപമാനത്തിന് വിപരീതാനുപാതത്തിലായിരിക്കും.(അതായത് താപനില കുറയുന്നതിനനുസരിച്ച് തരംഗദൈർഘ്യം കൂടിവരും. തരംഗദൈർഘ്യം കൂടുക എന്നത് അതിന്റെ ഊർജ്ജനിലയിൽ വരുന്ന കുറവിനെയാണ് കാണിക്കുന്നത്). പ്രപഞ്ചം വികസിക്കുന്നതിനനുസരിച്ച് താപമാനം കുറയുകയും തരംഗദൈർഘ്യം കൂടുകയും ചെയ്യും.  പ്രപഞ്ചോത്ഭസമയത്തുണ്ടായ വർണ്ണരാജിയിലെ (ഇതിനെ പ്രാപഞ്ചിക പശ്ചാത്തല വികിരണം എന്നു പറയുന്നു.) ഊർജ്ജ തരംഗങ്ങൾ ഇപ്പോൾ മൈക്രോവേവ് രൂപത്തിലായിരിക്കും. അതുകൊണ്ട് ഇവയെ കോസ്മിക് മൈക്രോവേവ് ബാക്‌ഗ്രൗണ്ട് റേഡിയേഷൻ (CMBR) എന്നു പറയുന്നു. ഇതിനെ വിശകലനം ചെയ്യാൻ കഴിയുകയാണെങ്കിൽ പ്രപഞ്ചോത്ഭവവുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളുടെയും ചുരുളഴിക്കാനാവും. ഇതിനുള്ള ശ്രമമായിരുന്നു പ്ലാങ്ക് ദൗത്യം.

ഇതിനുവേണ്ടി പ്ലാങ്ക് പേടകത്തിൽ രണ്ട് ഉപകരണങ്ങളാണ് ഘടിപ്പിച്ചിരുന്നത്. High Frequency Instrument (HFI)ഉം Low Frequency Instrument (LFI)ഉം. ഇതിലെ HFI ആണ് ഇപ്പോൾ അതിന്റെ ദൗത്യം അവസാനിപ്പിച്ചിരിക്കുന്നത്. 2009ൽ ഇത് വിക്ഷേപിക്കുമ്പോൾ ആകാശത്തെ പൂർണ്ണമായി രണ്ടു പ്രാവശ്യം വിശകലനം ചെയ്യുക എന്ന ദൗത്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഉദ്ദേശ്ശത്തെ മറികടന്ന് അഞ്ച് വിശകലനങ്ങൾ സാദ്ധ്യമാക്കിയ ശേഷമാണ് HFI അതിന്റെ 30മാസത്തെ പ്രവർത്തനം അവസാനിപ്പിച്ചത്. LFI അതിന്റെ പ്രവർത്തനം ഈ വർഷം കൂടി തുടരും.

പശ്ചാത്തലവികിരണങ്ങളെ വിശകലനം ചെയ്യുക എന്നതു മാത്രമായിരുന്നില്ല പ്ലാങ്ക് ദൗത്യത്തിന്റെ ഉദ്ദേശ്യം. ആദ്യകാല ഗാലക്സികളുടെയും താരവ്യൂഹങ്ങളുടെയും(star cluster) വിവരങ്ങൾ ശേഖരിക്കുന്നതും ഇതിന്റെ പ്രവർത്തന പദ്ധതിയിൽ പെട്ടിരുന്നു. അതനുസരിച്ച് അതിവിദൂരതയിലുള്ള ഗാലക്സിക്കൂട്ടങ്ങളെയും വൻതാരവ്യൂഹങ്ങളെയും കുറിച്ചുള്ള നിരവധി വിലയേറിയ വിവരങ്ങൾ നൽകാൻ പ്ലാങ്കിനായിട്ടുണ്ട്.

2012, 2013 വർഷങ്ങളിലായി പ്ലാങ്ക് വിവരങ്ങൾ പൂർണ്ണമായി വിശകലനം ചെയ്യാനും പ്രപഞ്ചത്തിന്റെ ഒരു പുതിയ ചിത്രം ലഭ്യമാക്കാനും കഴിയുമെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക