വെസ്റ്റയിൽ ജലശേഖരമുണ്ടെന്ന്

കടപ്പാട്: നാസ
ഛിഹ്നഗ്രഹങ്ങളിൽ വലിപ്പം കൊണ്ട് രണ്ടാമനായ വെസ്റ്റയുടെ അന്തർഭാഗത്ത് ധാരാളം ജലമുണ്ടാകുമെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. ഘനീഭവിച്ച് മഞ്ഞുകട്ടകളായിട്ടായിരിക്കുമത്രെ ഇത് സ്ഥിതി ചെയ്യുന്നത്. ധ്രുവപ്രാദേശങ്ങളിൽ ഇതിന്റെ പ്രതലത്തിന്റെ അടിയിലായി ഘനീഭവിച്ച രൂപത്തിൽ ജലസാന്നിദ്ധ്യം ധാരാളമായുണ്ടാകുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗൊദാർദ്ദ് സ്പെയ്സ് ഫ്ലൈറ്റ് സെന്ററിലെ ശാസ്ത്രജ്ഞനായ  തിമോത്തി സ്റ്റബ്ബ് പറഞ്ഞു.

530കി.മീറ്റർ മാത്രമാണ് വെസ്റ്റയുടെ വ്യാസം. ഇതിൽ സ്ഥിരമായി നിഴൽപ്രദേശത്തു കിടക്കുന്ന ഗർത്തങ്ങളൊന്നും തന്നെയില്ല. പ്രദക്ഷിണതലത്തോട് 27ഡിഗ്രി ചരിഞ്ഞ് സ്ഥിതിചെയ്യുന്ന ഇതിന് ഭൂമിയിലുള്ളതുപോലുള്ള ഋതുഭേദങ്ങളുണ്ട്. ഇതിനാൽ ഒരു വെസ്റ്റൻ വർഷത്തിനിടയിൽ(3.6 ഭൂവർഷം) ഇതിന്റെ എല്ലാ ഭാഗവും സൂര്യനഭിമുഖമായി വരും. ധ്രുവപ്രദേശങ്ങളിൽ മൈനസ് 129 ഡിഗ്രി സെൽഷ്യസും മദ്ധ്യരേഖാപ്രദേശത്ത് മൈനസ് 123 ഡിഗ്രി സെൽഷ്യസും ആണ് ഇതിന്റെ ശരാശരി താപനില.

താരതമ്യേന താപനില കുറവായ ധ്രുവപ്രദേശങ്ങളിലായിരിക്കും ജലസാന്നിദ്ധ്യം കൂടുതലായുള്ളത്. ഇതിന്റെ പുറംഭാഗം വളരെയധികം വരണ്ടാണിരിക്കുന്നത്. അതുകൊണ്ട് വെസ്റ്റയിൽ ജലം ഉണ്ടാകുമെന്നുള്ള ധാരണ ഇതുവരെയും ഉണ്ടായിരുന്നില്ല. വെസ്റ്റയുടെ വളരെ അടുത്ത് ചെന്ന് പഠനം നടത്തിയ ഡോണിൽ നിന്നും ലഭിച്ച വിവരങ്ങളാണ് ഈ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. ഇതിലെ ഗാമാ റേ ആന്റ് ന്യൂട്രോൺ ഡിറ്റക്റ്റർ സ്പെക്ട്രോമീറ്റർ വെസ്റ്റയിലെ ജലസാന്നിദ്ധ്യം അന്വേഷിക്കുന്നതിനു വേണ്ടിയുള്ളതു കൂടിയായിരുന്നു.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക