ചുവന്ന ഗ്രഹത്തിന്റെ ജാതകം മാറ്റിയെഴുതിയ എട്ടു വർഷങ്ങൾ


വർഷങ്ങൾക്കു മുമ്പ് ചൊവ്വ ഭൂമിയിലുള്ളവർക്ക് ഒരത്ഭുതഗ്രഹമായിരുന്നു. ചൊവ്വാമനുഷ്യനെ കുറിച്ചും പറക്കും തളികകളെ കുറിച്ചുമുള്ള ധാരാളമായി വന്നുകൊണ്ടിരുന്നു. ഇവയെല്ലാം നേരിട്ടു കണ്ട മനുഷ്യർ പോലുമുണ്ടായി. പത്രങ്ങളിൽ ഇടക്കിടെ വാർത്തകൾ വന്നുകൊണ്ടിരുന്നു. ഇതിനെല്ലാം ഒരു പ്രധാനകാരണമായി വർത്തിച്ചത് ചൊവ്വയിൽ വെള്ളമൊഴുകുന്ന തോടുകളുണ്ടെന്ന സ്ഥിരീകരിക്കാത്ത ഒരു വാർത്തയായിരുന്നു. ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിൽ നിന്നും അവിടെ കണ്ട ചാലുകളെ തെറ്റിദ്ധരിച്ചതിന്റെ ഫലമായിരുന്നു ഇത്. ഇതിനെ പൊലിപ്പിക്കാൻ പത്രങ്ങളും കല്പിതകഥാരചനക്കാരും ധാരാളമായുണ്ടായി. മനുഷ്യനെക്കാൾ ഉയർന്ന ജീവികളും വലിയതോതിലുള്ള കൃഷിയുമുണ്ടെന്നുവരെ ഇക്കൂട്ടർ പറഞ്ഞു പരത്തി. സാധാരണജനങ്ങൾ പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെട്ടു. കാരണം ചൊവ്വയെപറ്റി അപ്പോഴും കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ലായിരുന്നു. ഇതിനൊരന്ത്യം കുറിക്കുന്നതിന്റെ തുടക്കമായിരുന്നു 2004 ജനുവരി 24ന് ചൊവ്വയുടെ പ്രതലത്തിൽ ഓപ്പർച്യൂണിറ്റി എന്ന പേടകത്തിന്റെ ലാന്റിങ്. മൂന്ന് ആഴ്ചകൾക്കു ശേഷം ഇതിനു കൂട്ടായി സ്പിരിറ്റ് എന്ന പേടകവും ചുവന്ന ഗ്രഹത്തെ സ്പർശിച്ചു. തുടർന്നിങ്ങോട്ട് ചൊവ്വയെ കുറിച്ചുള്ള പുത്തനറിവുകൾ ഭൂമിയിലേക്കൊഴുകിക്കൊണ്ടിരുന്നു. ചൊവ്വയിൽ സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന റോവറുകളായിരുന്നു ഇവ രണ്ടും. കൃഷിയും കൃഷിക്കാരും അവിടെയെങ്ങും ഇല്ലായിരുന്നു.


ഇതൊക്കെയാണെങ്കിലും ചൊവ്വയെ ഒരു വരണ്ട ഗ്രഹമായാണ് ശാസ്ത്രലോകം മുദ്രകുത്തിയിരുന്നത്. ഈ രണ്ടു വിശ്വാസങ്ങളെയും തകർക്കുന്നതിൽ ഓപ്പർച്യൂണിറ്റി, സ്പിരിറ്റ് ഇരട്ടകൾ പ്രധാന പങ്കാണ് വഹിച്ചത്.


പൂർവ്വകാലത്തിലെങ്ങാനും ചൊവ്വയിൽ ജലത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നോ എന്നന്വേഷിക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു ഓപ്പർച്യൂണിറ്റി, സ്പിരിറ്റ്  ദൗത്യം. ഇക്കാര്യത്തിൽ നിർണ്ണായകമായ പലവിവരങ്ങളും ശേഖരിക്കാൻ ഈ ദൗത്യത്തിനു കഴിഞ്ഞു. ഇവ ചൊവ്വയെ കുറിച്ച് ശാസ്ത്രജ്ഞരിലുണ്ടായിരുന്ന ധാരണകൾ പലതും തിരുത്തിക്കുറിക്കുന്നതിനുള്ള കാരണങ്ങളായി മാറുകയായിരുന്നു പിന്നീട്. ഉദാഹരണത്തിന് സ്പിരിറ്റ് കണ്ടെത്തിയ ചില വിവരങ്ങൾ ചൊവ്വയിൽ പുരാതനകാലത്ത് ഹൈഡ്രോതെർമ്മൽ വ്യവസ്ഥ നിലനിന്നിരുന്നതിനുള്ള ശക്തമായ തെളിവുകളായിരുന്നു. ജീവന്റെ നിലനില്പിനാവശ്യമായ പ്രാഥമിക ഘടകങ്ങളായ ജലവും ഊർജ്ജവും ഉണ്ടായിരുന്നു എന്നതിനുള്ള തെളിവു കൂടിയായിരുന്നു ഇത്. ഓപ്പർച്യൂണിറ്റി അടുത്തകാലത്ത് അവിടെ ചുടുനീരുറവകൾ ഉണ്ടായിരുന്നതിനുള്ള തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.

ദൗർഭാഗ്യവശാൽ 2009 മെയ് മാസത്തിൽ സ്പിരിറ്റിന്റെ ചക്രങ്ങൾ ചൊവ്വയിലെ മണലിൽ താഴ്ന്നു പോകുകയും അത് ഒരു വശം ചെരിഞ്ഞ് വീഴുകയും ചെയ്തു. ഇതു ശരിയാക്കുന്നതിലും സോളാർ പാനലുകൾ സൂര്യാഭിമുഖമാക്കുന്നതിലും അതിലെ കമ്പ്യൂട്ടർ പരാജയപ്പെടുകയായിരുന്നു. 2010 മാർച്ച് മാസത്തോടെ സ്പിരിറ്റുമായുള്ള എല്ലാ ബന്ധങ്ങളും ഭൂമിക്കു നഷ്ടപ്പെട്ടു. 2011 മെയ്‌മാസത്തിൽ സ്പിരിറ്റിന്റെ മരണവാർത്ത നാസ സ്ഥിരീകരിച്ചു.

മൂന്നു വർഷം കൊണ്ട് 22 കി.മീറ്റർ യാത്രചെയ്ത്  2011 ആഗസ്റ്റ് മാസത്തിൽഓപ്പർച്യൂണിറ്റി എൻഡവർ ഗർത്തത്തിനു സമീപത്തെത്തി. ഇതിന്റെ അരികുകളിൽ തുളച്ചു പരിശോധിച്ചു. ചൊവ്വയിൽ ജലമുണ്ടായിരുന്നു എന്നതിനുള്ള ഏറ്റവും നല്ല തെളിവുകൾ ഇവിടെ നിന്നാണത്രെ ലഭിച്ചത്.

ഡിസംബറിൽ ഓപ്പർച്യൂണിറ്റി പുതിയൊരു സ്ഥലം തുടർപഠനങ്ങൾക്കായി കണ്ടെത്തി. ഗ്രീലി ഹാവൻ എന്ന പ്രദേശത്ത് പുറത്തേക്ക് തള്ളിനിൽക്കുന്ന ഒരു പാറയിൽ അതിന്റെ പഠനപ്രവർത്തനങ്ങൾ തുടർന്നു. നിശ്ചലമായി നിൽക്കുകയാണെങ്കിലും ചൊവ്വയിലെ ഈ ശൈത്യകാലത്തും ഓപ്പർച്യൂണിറ്റി അതിന്റെ ജോലി തുടർന്നുകൊണ്ടിരിക്കുക തന്നെയാണ്. അതിന്റെ സോളാർ പാനലുകൾ പൂർണ്ണമായി സൂര്യന്റെ നേരെ തിരിച്ചുവെച്ച് പരമാവധി ഊർജ്ജം സമാഹരിച്ചുകൊണ്ടാണ് ഇതു സാധിക്കുന്നത്.
മാർച്ച് മാസത്തോടെ ചൊവ്വയിലെ ശൈത്യകാലം അവസാനിക്കുമ്പോൾ ഓപ്പർച്യൂണിറ്റി വീണ്ടും ചലിച്ചുതുടങ്ങും. അതു കണ്ടെത്തിയ പുതിയ നിരീക്ഷണസ്ഥാനത്തേക്ക്. അപ്പോൾ സൂര്യപ്രകാശം കൂടുതൽ ശക്തിയോടെ ചൊവ്വയിലെത്തുന്നുണ്ടാവും. ഇപ്പോൾ അതു സ്ഥിതിചെയ്യുന്ന എൻഡവർ ഗർത്തത്തിന്റെ തെക്കുഭാഗത്ത് മൂന്ന് കി.മീറ്റർ അകലെ കിടക്കുന്ന കേപ് ട്രിബുലേഷൻ എന്ന പ്രദേശത്തേക്കായിരിക്കും അതിന്റെ യാത്ര. ചൊവ്വയെ ഭ്രമണം ചെയ്യുന്ന പേടകങ്ങൾ ഈ പ്രദേശത്ത് കളിമൺധാതുക്കൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നും ചൊവ്വയുടെ പൂർവ്വചരിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ഭൂമിക്ക് പുറത്തുള്ള മറ്റൊരിടത്ത് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച റോബോട്ട് നിയന്ത്രിത ഉപകരണം എന്ന ഖ്യാതി ഇപ്പോഴുള്ളത് സോവിയറ്റു യൂണിയന്റെ ലൂണൊഖോദ് 2നാണ്. ചന്ദ്രന്റെ പ്രതലത്തിൽ 1973ൽ 37കി.മീറ്റർ ദൂരം സഞ്ചരിച്ചാണ് ഈ റെക്കൊഡ് സൃഷ്ടിച്ചത്. ഓപ്പർച്യൂണിറ്റിയുടെ ഓഡോമീറ്ററിൽ ഇതു വരെ സഞ്ചരിച്ച ദൂരം അടയാളപ്പെടുത്തിയിരിക്കുന്നത് 34.4കി.മീറ്റർ ആണ്. മൂന്നു കി.മീറ്റർ കൂടി സഞ്ചരിച്ചാൽ ലൂണോഖോദിന്റെ റെക്കോഡ് മറികടക്കും. പുതിയ ലക്ഷ്യസ്ഥാനമായ കേപ് ട്രിബുലേഷനിൽ എത്തുമ്പോൾ അതു സംഭവിക്കും.

ചൊവ്വയിൽ പണ്ടെന്നെങ്കിലും ചെറിയ പച്ചത്തുരുത്തുകൾ ഉണ്ടായിരിന്നേക്കാമെന്നും അതിനുള്ള തെളിവുകൾ ലഭിക്കുമെന്നുമുള്ള പ്രതീക്ഷ ഒരുവിഭാഗം ശാസ്ത്രജ്ഞരിലുണ്ട്. ഏകകോശജീവികൾ ഉണ്ടായിരുന്നതിനുള്ള തെളിവുകൾക്കു വേണ്ടിയും ശാസ്ത്രലോകം കാത്തിരിക്കുന്നു. ജലമുണ്ടായിരുന്നതിന്റെയും ഊർജ്ജോല്പാദനം നടന്നിരുന്നതിന്റെയും തെളിവുകൾ ഇതിനുള്ള സാധ്യതയെ ഉറപ്പിക്കുന്നു.



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക