നൂറ്റാണ്ടിന്റെ വാൽനക്ഷത്രം അടുത്തു വരുന്നു.

കടപ്പാട്: നാസ




ഈ നൂറ്റാണ്ടിന്റെ വാൽനക്ഷത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വാൽനക്ഷത്രം ഐസോൺ(C/2012 S1) സൂര്യനോട് അടുത്തു വന്നുകൊണ്ടിരിക്കുന്നു. ഹബിൾ ബഹിരാകാശ ദൂരദർശിനി എടുത്ത ഐസോണിന്റെ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. 2013 ഏപ്രിൽ മാസം 10നാണ് ഇതെടുത്തത്. ഹബിളിന്റെ വൈഡ് ഫീൽഡ് കാമറ 3 ഉപയോഗിച്ചാണ് ഈ ചിത്രമെടുത്തിട്ടുള്ളത്. ഇതെടുക്കുന്ന സമയത്ത് ഐസോണിന്റെ സൂര്യനിൽ നിന്നുള്ള ദൂരം 62കോടി 10ലക്ഷം കി.മീറ്ററും ഭൂമിയിൽ നിന്നുള്ള ദൂരം 63കോടി 40ലക്ഷം കി.മീറ്ററും ആണ്. അതായത് വ്യാഴത്തെക്കാൾ അടുത്ത്.

2012 സെപ്റ്റംബർ മാസത്തിലാണ് ഐസോണിനെ കണ്ടെത്തുന്നത്. 2013 നവംബർ 28ന് ഇത് സൂര്യനോട് ഏറ്റവും അടുത്തെത്തുമ്പോൾ സൂര്യനുമായുള്ള ഇതിന്റെ അകലം 11,74,821കി.മീറ്റർ മാത്രമായിരിക്കും. സൂര്യന്റെ വ്യാസം 13,92,000കി.മീറ്ററാണ് എന്നു കൂടി ഓർക്കുക.

ഹബിൾ ചിത്രമെടുത്ത് വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പുതിയ ചില വിവരങ്ങൾ കൂടി ഐസോണിനെ കുറിച്ച് ലഭിച്ചിട്ടുണ്ട്. ശിലാശകലങ്ങളും മഞ്ഞും നിറഞ്ഞ ഇതിന്റെ കേന്ദ്രഭാഗത്തിന് 5കി.മീറ്ററിൽ കൂടുതൽ വ്യാസമുണ്ടായിരിക്കും. സൂര്യന്റെ സമീപസ്ഥമാവുമ്പോൾ സൂര്യതാപം മൂലം ഇതിലെ ലോഹീയഘടകങ്ങൾ വികസിക്കുകയും മഞ്ഞ് ബാഷ്പീകരിക്കുകയും ചെയ്യുന്നതിന്റെ ഫലമായി കോമയുടെ കുറുകെയുള്ള വലിപ്പം 5,000കി.മീറ്ററായി മാറും. അതായത് ആസ്ട്രേലിയയുടെ ഒരു മടങ്ങിലേറെ വലിപ്പം! പൊടിപടലങ്ങൾ നിറഞ്ഞ വാലിന് 92,000കി.മീറ്ററിലേറെ നീളവും!!

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക