എസ്.എൻ.വിൽസൺ: ഏറ്റവും ദൃരെയുള്ള സൂപ്പർനോവ

Compass and Scale Image for SN UDS10Wil
കടപ്പാട്: ഹബ്ബിൾ സൈറ്റ്

ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി അതിന്റെ ചരിത്രത്തിൽ ഒരു പുതിയ റെക്കോർഡ് കൂടി കരസ്ഥമാക്കി. ഏറ്റവും ദൂരെയുള്ള ഒരു സൂപ്പർ നോവയെ കണ്ടെത്തിക്കൊണ്ടാണ് ഇപ്പോൾ ഹബ്ബിൾ വാർത്തയിൽ ഇടം പിടിച്ചിരിക്കുന്നത്. 1000 കോടി വർഷങ്ങൾക്കപ്പുറത്തുള്ള എസ്.എൻ. വിൽസൺ എന്ന് നാമകരണം ചെയ്തിരിക്കുന്ന SN UDS10Wilമോ സൂപ്പർനോവയെയാണ് ഇപ്പോൾ ഹബ്ബിൾ കണ്ടെത്തിയിരിക്കുന്നത്. ഇത്രയും വർഷം മുമ്പുള്ള പ്രപഞ്ചത്തെ കുറിച്ചുള്ള പഠനങ്ങളെ ഈ കണ്ടെത്തൽ സഹായിക്കും. കൂടാതെ ഇതൊരു ടൈപ്പ് 1a ഇനത്തിൽ പെട്ട സൂപ്പർനോവയായതു കൊണ്ട് പ്രപഞ്ചത്തിലെ ശ്യാമോർജ്ജത്തെ കുറിച്ചുള്ള പഠനത്തെയും ഇത് സഹായിക്കുമത്രെ. 

1382 കോടി വർഷം പ്രായം കണക്കാക്കിയിരിക്കുന്ന പ്രപഞ്ചത്തിലെ ഏറ്റവും പഴയ സൂപ്പർനോവകളെ കണ്ടെത്തുന്നതിനുള്ള ഹബ്ബിളിന്റെ ത്രിവർഷ പദ്ധതി 2010ലാണ് തുടങ്ങിയത്. ബാൾട്ടിമോറിലെ ആഡം റീസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഇതിനു നേതൃത്വം നൽകുന്നത്. അതിന്റെ ഫലങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹബ്ബിളിൽ ഘടിപ്പിച്ചിരിക്കുന്ന വൈഡ് ഫീൽഡ് 3 ക്യാമറയാണ് ഇത്രയും വിശദാംശങ്ങളുള്ള ചിത്രം ശാസ്ത്രജ്ഞർക്ക് ലഭ്യമാക്കിയത്.

പ്രപഞ്ചത്തിന്റെ വികാസനിരക്കിനെ മനസ്സിലാക്കുന്നതിൽ സൂപ്പർനോവകൾ വളരെയേറെ സഹായിക്കും. 240 കോടി വർഷങ്ങൾക്കും 1000 കോടി വർഷങ്ങൾക്കും ഇടയിലുള്ള നൂറിലേറെ സൂപ്പർനോവകളെ റീസും സംഘവും ഇതിനകം കണ്ടെത്തിക്കഴിഞ്ഞു, ഇതിൽ എസ്.എൻ.വിൽസൺ അടക്കം 8എണ്ണം ടൈപ്പ് 1എ ഇനത്തിൽ പെട്ടവയാണ്.

ഇതുവരെ കണ്ടെത്തിയവയും ഇനിയും കണ്ടെത്താനുള്ളവയുമായ സൂപ്പർനോവകൾ പ്രപഞ്ചത്തെ കുറിച്ച് കൂടുതൽ അറിവുകൾ നമുക്കു പകർന്നു നൽകും. ഇത്തരം സൂപ്പർനോവകളിലാണ് ഗ്രഹങ്ങളുടെയും ജീവന്റെയും സൃഷ്ടിക്കാവശ്യമായ ഘനമൂലകങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ടാണ് സൂപ്പർനോവകളെ കുറിച്ചുള്ള പഠനം നമ്മളെ കുറിച്ചുള്ള പഠനം കൂടിയാവുന്നത്.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക