മാനത്തൊരു വേട്ടനായ


      ഇപ്പോൾ ആകാശത്ത് കാണാൻ കഴിയുന്ന മനോഹരമായ ഒരു നക്ഷത്രക്കൂട്ടമാണ് കാനിസ് മേജർ അഥവാ ബൃഹത്ശ്വാനൻ. കാനിസ് എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം നായ എന്നാണ്. ഒറിയൺ എന്ന വേട്ടക്കാരന്റെ പ്രധാന വേട്ടനായയാണത്രെ ഇത്. ഒറിയൺ നക്ഷത്രഗണത്തിന്റെ ബെൽറ്റിനെ താഴേക്കു നീട്ടിയാൽ തിളക്കമുള്ള ഒരു നക്ഷത്രത്തിലെത്താൻ കഴിയും. ഇതാണ് സിറിയസ്. ഇത് നായയുടെ കണ്ണാണ്. ചിത്രം നോക്കി മറ്റു നക്ഷത്രങ്ങളെ കൂടി കണ്ടെത്താം. ഇവയെല്ലാം ചേർത്ത് ഒരു നായയുടെ ചിത്രം സങ്കല്പിക്കാവുന്നാതാണ്. ഭാരതീയർ ഇതിനെ ദേവശൂനി എന്നാണ് വിളിച്ചിരുന്നത്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 ഗണങ്ങളുള്ള നക്ഷത്ര കാറ്റലോഗിൽ കാനിസ് മേജറും ഉണ്ടായിരുന്നു. 


      പുരാതന ഗ്രീസുകാർ വേനൽക്കാലത്തെ ശ്വാനദിനങ്ങൾ(Dog Days) എന്നു വിളിച്ചിരുന്നു. വേനൽച്ചൂടു കാരണം നായ്ക്കൾ ഭ്രാന്തു പിടിച്ചതു പോലെ ഓടി നടക്കുമായിരുന്നതു കൊണ്ടാണ് അവർ ഇങ്ങനെ വിളിച്ചിരുന്നത്. ഈ കാലത്തു തന്നെയാണ് സിറിയസ്സിനെ തലക്കു മുകളിൽ കാണാനാകുമായിരുന്നതും. അതുകൊണ്ട് ഈ നക്ഷത്രത്തെ ശ്വാനതാരം(Dog Star) എന്നും വിളിച്ചിരുന്നു. പുരാതന ഈജിപ്റ്റുകാർ സിറിയസ്സിനെ കൃഷിയുമായി ബന്ധപ്പെടുത്തി. സൂര്യോദയത്തിന് തൊട്ടുമുമ്പ് സിറിയസ്സിനെ കിഴക്കൻ ചക്രവാളത്തിൽ ഉദിച്ചു കണ്ടാൽ നൈൽ നദിയിൽ വെള്ളപ്പൊക്കത്തിനുള്ള സമയമായി എന്നവർ മനസ്സിലാക്കുമായിരുന്നു. ഇതനുസരിച്ച് അവർ പ്രാരംഭ ജോലികൾ ആ‍രംഭിക്കുമായിരുന്നു. 


      ഗ്രീക്ക് ഇതിഹാസമനുസ്സരിച്ച് ഓറിയോണിന്റെ വേട്ടനായയാണ് കാനിസ് മേജർ. രണ്ടു തലയാണത്രെ ഇതിനുള്ളത്. 


     ഭൂമിയിൽ നിന്നു നോക്കിയാൽ നിശാകാശത്ത് ഏറ്റവും തിളക്കത്തിൽ കാണാനാകുന്ന നക്ഷത്രമാണ് എട്ടു പ്രകാശവർഷം അകലെ കിടക്കുന്ന സിറിയസ്. അതിവിദൂരവാന വസ്തുക്കളുടെ(Deep sky objects) ദരിദ്രമായ ഒരു ഗണമാണ് കാനിസ് മേജർ. M 41 എന്ന ഒരു മെസ്സിയർ വസ്തു മാത്രമേ ഇതിലുള്ളു. ഇത് 4.6 കാന്തിമാനമുള്ള ഒരു ഓപ്പൺ ക്ലസ്റ്ററാണ്. സിറിയസ്സിൽ നിന്ന് 4 ഡിഗ്രി തെക്കു മാറിയാണ് ഇതിന്റെ സ്ഥാനം. എണ്ണായിരത്തോളം നക്ഷത്രങ്ങളെ ഉൾക്കൊള്ളുന്ന ഈ നക്ഷത്രക്കുല ഭൂമിയിൽ നിന്ന് 2350 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. 24 പ്രകാശവർഷമാണ് ഇതിന്റെ വ്യാസം. കാനിസ് മേജർ ഡ്വാർഫ് എന്ന ഒരു ഉപഗ്രഹ ഗാലക്സിയും കാനിസ് മേജർ നക്ഷത്രഗണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 


     അധര(ε CMa), വെസ്സൻ( δ CMa), മർസ്സിം(β CMa), അലുദ്ര(η CMa), ഫുറൂദ്(ζ CMa), മുലിഫെൻ(γ CMa) എന്നിവയാണ് കാനിസ് മേജർ ഗണത്തിലെ പ്രധാന നക്ഷത്രങ്ങൾ.അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക