സന്ദേശവാഹകൻ ബുധനെ സമീപിക്കുന്നു
credit: NASA     വ്യാഴത്തെയും ശനിയെയും കുറിച്ചു പോലും വളരെയേറെ വിവരങ്ങൾ അറിയാമെന്നിരിക്കെ അവയെക്കാൾ വളരെ അടുത്തു കിടക്കുന്ന ബുധനെ കുറിച്ച് നമുക്ക് പരിമിതമായ വിവരങ്ങൾ മാത്രമെയുള്ളു. ഇതിന്റെ പ്രധാന കാരണം ബുധൻ സൂര്യന്റെ വളരെ അടുത്താണ് എന്നതാണ്. വർഷങ്ങൾക്കു മുമ്പ് മാരിനർ പേടകമാണ് ബുധനെ കുറിച്ച് പഠിക്കാൻ ചില ശ്രമങ്ങൾ നടത്തിയത്. പിന്നെ ഭൂമിയിൽ നിന്നുള്ള ദൂരദർശിനികൾ ഉപയോഗിച്ചും. എന്നിട്ടും അഞ്ചു ശതമാനത്തിൽ കൂടുതൽ വിവരങ്ങൾ നേടാൻ നമുക്കു കഴിഞ്ഞിട്ടില്ല. ഈ അവസരത്തിലാണ് മെസ്സഞ്ചർ (MESSENGER- MErcury Surface, Space ENvironment, GEochemistry and Ranging) ബുധനെ സമീപിക്കുന്നത്. പതിനേഴാം തിയ്യതി വെള്ളിയാഴ്ച മെസ്സഞ്ചർ ബുധന്റെ ഭ്രമണപഥത്തിലേക്കു കടക്കും.


     മെസ്സഞ്ചറിലെ Mercury Atmosphere and Surface Composition Spectrometer(MASCS) എന്ന ഉപകരണമാണ് ബുധനെ കുറിച്ച് ഏറെ വിവരങ്ങൾ സമ്പാദിക്കാൻ സഹായിക്കുക. ബുധനിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശത്തെയും പുറത്തു വരുന്ന ആറ്റങ്ങളെയും ചാർജ്ജിതകണങ്ങളായ അയോണുകളെയും കുറിച്ചുള്ള വിവരങ്ങൾ ഈ ഉപകരണം നമുക്കു നൽകും. 


     പ്രതിഫലിതപ്രകാശത്തിന്റെ സ്പെക്ട്രം പഠിക്കുന്നതിലൂടെ ഗ്രഹത്തിലെ ധാതുലവണങ്ങളെ കുറിച്ചും പാറകളുടെ ഘടനയെ കുറിച്ചും വിശദമായ വിവരങ്ങൾ ലഭിക്കും. 


     2004 ആഗസ്റ്റ് മൂന്നാം തിയ്യതിയാണ് കേപ് കനാവറിലിൽ നിന്ന് മെസ്സഞ്ചറിനെ വിക്ഷേപിച്ചത്. നീണ്ട ആറര വർഷത്തെ കാത്തിരിപ്പിനൊടുവിലാ‍ണ് ബുധനടുത്തെത്തിയത്. ഇതിനു മുമ്പ് മാരിനർ 10 എന്ന പേടകമാണ് ബുധസമീപത്തെത്തിയുട്ടുള്ളത്. ഇതാകട്ടെ ബുധന്റെ ഭ്രമണപഥത്തിൽ കടക്കാതെ സമീപത്തു കൂടി കടന്നു പോകുകയാണു ചെയ്തത്. 1974, 1975 എന്നീ വർഷങ്ങളിലായിരുന്നു ഇത്. ബുധന്റെ പ്രകാശം തട്ടുന്ന ഭാഗത്തെ ഫോട്ടോകൾ മാത്രമാണ് അന്നു നമുക്കു ലഭ്യമായത്. എതിർഭാഗം രഹസ്യങ്ങളുടെ കലവറയായി തന്നെ തുടർന്നു. ഇതിനൊരറുതി വരുത്താൻ മെസ്സഞ്ചറിനായേക്കുമെന്നാണ് കരുതുന്നത്. 


     ബുധനു ചുറ്റും എക്സോസ്ഫിയർ എന്നറിയപ്പെടുന്ന ഒരു ഭാഗമുണ്ട്. സൌരവാതത്തിന്റെ ആഘാതത്താൽ തെറിച്ചു പോന്ന ചാർജ്ജിത കണങ്ങളാണ് ഈ ഭാഗത്തുള്ളത്. സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഘനമേറിയ മൂലകങ്ങളുടെ ആറ്റങ്ങളും ഇതിലുണ്ടാകും. സൂര്യവാതത്തിന്റെ തള്ളൽ കൊണ്ട് ഇത് സൂര്യനെതിർവശത്തെക്ക് നീണ്ടു കിടക്കുകയാണ്. വാൽനക്ഷത്രത്തിന്റെ വാലു പോലെ. നഗ്നനേത്രങ്ങൾ കൊണ്ട് ഇത് കാണാനാവില്ല.
credit: NASA
     
     ഹൈഡ്രജനെ പോലുള്ള ഭാരം കുറഞ്ഞ മൂലകങ്ങൾ അന്തരീക്ഷത്തിൽ നിന്ന് രക്ഷപെട്ട് പുറത്തു പോകും. എന്നാൽ ഭാരമേറിയ മൂലകങ്ങളുടെ അയോണുകൾ എക്സോസ്ഫിയറിൽ ഉണ്ടാകും. ഇവയെ കുറിച്ചെല്ലാം പഠിക്കാൻ നിരവധി തവണ മെസ്സഞ്ചർ ബുധനു ചുറ്റും ഭ്രമണം ചെയ്യും. പക്ഷെ ധ്രുവങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അധികം ലഭിക്കാനിടയില്ല എന്നണു പറയുന്നത്. ഇത് വളരെ ദുഖകരമായ സംഗതിയാണെന്ന് പഠനത്തിനു നേതൃത്വം കൊടുക്കുന്ന സ്പ്രേഗ് പറഞ്ഞു. കാരണം ഈ പ്രദേശങ്ങളിലെ സൂര്യപ്രകാശം തട്ടാത്ത ഗർത്തങ്ങളിൽ ഘനീഭവിച്ച ജലം കാണാൻ സാദ്ധ്യതയുണ്ടെന്നാണ് അവരുടെ അഭിപ്രായം. മെർക്കുറി, സൾഫർ, സോഡിയം ക്ലോറൈഡ് തുടങ്ങിയവയും അവിടെ കണ്ടേക്കാമത്രെ.


     സൂര്യന്റെ ശക്തമായ ആകർഷണവും കടുത്ത ചൂടുമാണ് മെസ്സഞ്ചർ നേരിടുന്ന പ്രധാന വെല്ലുവിളി. ബുധോപരിതലം പ്രതിഫലിപ്പിക്കുന്ന ചൂട് വളരെ ഉയർന്നതായതിനാൽ ഇടവേളകൾ ലഭിക്കുന്നതിനു വേണ്ടി വളരെ നീണ്ട ദീർഘവൃത്താകൃതിയിലാണ് മെസ്സഞ്ചർ ഗ്രഹത്തെ ഭ്രമണം ചെയ്യുന്നത്. ഓരോ 12 മണിക്കൂറിലും ഒരു പ്രാവശ്യം എന്ന തോതിലാണ് ഇതിന്റെ ഭ്രമണം.അഭിപ്രായങ്ങള്‍

 1. വളരെ വിജ്ഞാനപ്രദമായിരുന്നു.അതുപോലെ കൌതുകകരവും.അഭിനന്ദനങ്ങള്‍..തുടരുക..

  മറുപടിഇല്ലാതാക്കൂ
 2. വിജ്ഞാനപ്രദമായ പോസ്റ്റ്‌.
  അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 3. ഇന്നു രാവിലെ ഇന്ത്യൻ സമയം ഏകദേശം ഏഴരയോടുകൂടി മെസ്സഞ്ചർ ബുധന്റെ ഭ്രമണപഥത്തിൽ കടന്നു. അടുത്ത ഒരു വർഷത്തിനുള്ളുൽ ബുധനെ കുറിച്ചുള്ള നമ്മുടെ വിവരങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കുമെന്ന് നാസ അഡ്മിനിസ്ട്രേറ്ററായ ചാൾസ് ബോൾഡൻ പറഞ്ഞു

  മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക