ഉണ്ടോ എവിടെയെങ്കിലും നമ്മളെ പോലെ ചിലർ
     മറ്റേതെങ്കിലും ഗ്രഹങ്ങളിൽ എവിടെയെങ്കിലും ഉണ്ടാകുമോ ഭൂമിയിലെ പോലെ ഒരു ജൈവവൈവിദ്ധ്യം? മനുഷ്യരെക്കാൾ ഉയർന്ന സാംസ്കാരികജീവിതം നയിക്കുന്നവർ? വർഷങ്ങളായി സാധാരണക്കാരിലും ശാസ്ത്രജ്നരിലും ഒരു പോലെ താല്പര്യമുളവക്കാക്കിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. പ്രകാശവർഷങ്ങൾക്കപ്പുറത്തുള്ള ഒരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഏതെങ്കിലും ഒരു ഗ്രഹത്തിൽ ഇത് പോലെയുള്ള ജീവസാന്നിദ്ധ്യമുണ്ടോ എന്ന് കണ്ടെത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും ശാസ്ത്രജ്നർ വർഷങ്ങളായി അതിനുള്ള ശ്രമം തുടർന്നു കൊണ്ടിരിക്കുക തന്നെയാണ്. പ്രകാശവർഷങ്ങൾക്കപ്പുറത്തുള്ള ഒരു ഗ്രഹത്തെ ശക്തിയേറിയ ടെലിസ്കോപ്പുകൾ കൊണ്ടു പോലും നോക്കുക്കാണുക എന്നത് അസ്സാദ്ധ്യമായ കാര്യമാണ്. പിന്നെ എങ്ങനെയാണ് അതിൽ ജീവനുണ്ടോ എന്നു മനസ്സിലാക്കുന്നത്? ചില സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള ഗ്രഹങ്ങളെയാണവർ കണ്ടെത്താൻ ശ്രമിക്കുന്നത്.

     ഭൂമിയിലെ നമ്മുടെ അനുഭവം വെച്ച് ജീവൻ നിലനിൽക്കാൻ വളരെ അത്യാവശ്യമുള്ള വസ്തുവാണ് ദ്രാവകരൂപത്തിലുള്ള ജലം. ജലം ദ്രാവകരൂപത്തിൽ നിലനിൽക്കണമെങ്കിൽ അനുകൂലമായ താപനില അത്യാവശ്യമാണ്. ഇതാകട്ടെ വളരെ നേരിയ ഒരു റേഞ്ചിലുള്ളതാണു താനും. മാതൃനക്ഷത്രത്തിൽ നിന്ന് ഒരു പ്രത്യേക അകലത്തിൽ മാത്രമേ ഗ്രഹത്തിന് ഈ താപനില ലഭ്യമാകുകയുള്ളു. ഗ്രഹാന്തരീക്ഷത്തിൽ ജലബാഷ്പം കണ്ടെത്താൻ കഴിഞ്ഞാൽ അവിടെ ജലസാന്നിദ്ധ്യമുണ്ടെന്നും മാതൃനക്ഷത്രത്തിൽ നിന്ന് നിശ്ചിത അകലത്തിലാണ് അത് സ്ഥിതി ചെയ്യുന്നത് എന്നും മനസ്സിലാക്കും. ഗ്രഹത്തിൽ നിന്ന് പ്രതിഫലിച്ചെത്തുന്ന പ്രകാശത്തിന്റെ സ്പെക്ട്രം പഠനങ്ങളിലൂടെയാണ് ഇതെല്ലാം മനസ്സിലാക്കുന്നത്. ഉറച്ച പ്രതലത്തോടുകൂടിയുള്ളതായിരിക്കണം ആ ഗ്രഹം എന്നതും അത്യാവശ്യ ഘടകങ്ങളിലൊന്നാണ്. ഈ കാര്യങ്ങളാണ് ആദ്യമായി ശാസ്ത്രജ്നർ ശ്രദ്ധിക്കുന്നത്.  ഇങ്ങനെയൊരു ഗ്രഹത്തെ കിട്ടിയാൽ പിന്നീട് മറ്റു കാര്യങ്ങളിലേക്കു കൂടി ശ്രദ്ധ തിരിക്കേണ്ടതുണ്ട്. അതിലൊന്നാണ് കാർബ്ബൺ ഡൈ ഓക്സൈഡിന്റെ സാന്നിദ്ധ്യം. ജീവനുണ്ടെങ്കിൽ അവിടെ കാർബ്ബൺ ഡൈ ഓക്സൈഡ് ഉണ്ടായിരിക്കും. നമ്മുടെ ഇന്നത്തെ അറിവ് അനുസരിച്ച് കാർബ്ബൺ തന്മാത്രകളുടെ സങ്കീർണ്ണമായ ഘടനയും അതിശക്തമായ രാസബന്ധനശേഷിയും ആണ് അതിനെ ജീവന്റെ അടിസ്ഥാന ഘടകമാക്കി മാറ്റിയിരിക്കുന്നത്. ഇങ്ങനെയുള്ള കാർബ്ബൺ സംയുക്തങ്ങളും ദ്രാവകാവസ്ഥയിലുള്ള ജലവും തമ്മിലുള്ള പർസ്പരവിനിമയങ്ങളിലൂടെയാ‍ണ് ഭൂമിയിൽ ജീവന്റെ നിലനില്പ് സാദ്ധ്യമായിട്ടുള്ളത്. അതായത് കാർബ്ബൺ, ഓക്സിജൻ, ഹൈഡ്രജൻ എന്നിവയുടെ സാ‍ന്നിദ്ധ്യം ഉണ്ടെങ്കിൽ മാത്രമെ ഒരിടത്ത് ജീവൻ നിലനിൽക്കുകയുള്ളു എന്നു പറയാം.

     ഇതു മാത്രം മതിയോ ജീവന്റെ സാന്നിദ്ധ്യം ഉറപ്പിക്കാൻ? പോരാ എന്നാണ് ആസ്ട്രോബയോളജിസ്റ്റുകൾ പറയുന്നത്. ഓക്സിജനെ ജലത്തിന്റെയോ മറ്റോ രൂപത്തിലുള്ള സംയുക്താവസ്ഥയിൽ മാത്രം കണ്ടാൽ പോരാ. സ്വതന്ത്രാവസ്ഥയിലുള്ള ഓക്സിജൻ തന്മാത്രകളുടെ സാന്നിദ്ധ്യം ഇതിനു നിർബ്ബന്ധമാണത്രെ. പ്രാഥമിക ഭക്ഷണോല്പാദന പ്രകൃയ നടക്കുന്നത് പ്രകാശസംശ്ലേഷണത്തിലൂടെയാണ്. പ്രകാശസംശ്ലേഷണം നടക്കുന്നു എന്നതിന്റെ തെളിവാണ് തന്മാത്രാ രൂപത്തിലുള്ള ഓക്സിജന്റെ സാന്നിദ്ധ്യം. സങ്കീർണ്ണ തന്മാത്രാ ഘടനയിലുള്ള ജീവികൾക്കായത്രയും ഉയർന്ന തോതിലുള്ള ഭക്ഷണോല്പാദനം നടത്താൻ പ്രകാശസംശ്ലേഷണത്തിലൂടെ മാത്രമേ സാദ്ധ്യമാവുകയുള്ളു. ഇങ്ങനെ കണ്ടെത്താൻ കഴിയുന്ന ഓക്സിജൻ അവിടെ സസ്യങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത ഉറപ്പിക്കുന്നു.

      ഗ്രഹോപരിതലത്തിൽ തട്ടി പ്രതിഫലിച്ചെത്തുന്ന പ്രകാശകണങ്ങളും നമുക്ക് വിലപ്പെട്ട വിവരങ്ങൾ നൽകും. പച്ച സസ്യജാലങ്ങളെ കുറിച്ചും നീല സമുദ്രത്തെ കുറിച്ചും നമ്മോടു പറയും. മരുഭൂമികളെയും മഞ്ഞുപ്രദേശങ്ങളെയും കുറിച്ചു പഠിക്കാനും ഇതിലൂടെ കഴിയും. പക്ഷെ ദൌർഭാഗ്യവശാൽ ഇതെല്ലാം തികഞ്ഞ ഒരു ഗ്രഹത്തെയും ഇതു വരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

     
     മറ്റൊരു അന്വേഷണം നടക്കുന്നത് ഉയർന്ന ബൌദ്ധിക നിലവാരമുള്ള ജീവികൾ മറ്റേതെങ്കിലും ഗ്രഹങ്ങളിലുണ്ടെങ്കിൽ അവർ പുറത്തു വിടുന്ന ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധികളെ കണ്ടെത്തുന്നതിനു വേണ്ടിയാണ്. റേഡിയോ തരംഗങ്ങളുടെയും മറ്റും രൂപങ്ങളിലുള്ള എന്തെങ്കിലും തെളിവുകൾ എന്നാണ് ഇവിടെ അന്വേഷിക്കുന്നത്. ഇതിനു വേണ്ടിയുള്ള ഒരു പ്രോജക്ടാണ് 1992 ൽ നാസ ആരംഭിക്കുകയും ഇപ്പോൾ സെറ്റി(SETI) നടത്തിക്കൊണ്ടു പോകുകയും ചെയ്യുന്ന Search for extraterrestrial intelligence. മറ്റൊന്നാണ് 1994ൽ ആരംഭിച്ച പ്രൊജക്ട് ഫീനിക്സ്. ഇത് തുടങ്ങിയത് ആസ്ട്രേലിയയിലാണ്. ഒരു റേഡിയോ ടെലസ്കോപ്പായിരുന്നു അന്ന് ഉപയോഗിച്ചത്. പിന്നീട് ഇത് വെസ്റ്റ് വെർജീനിയായിലേക്കും അവസാനം പ്യുവെർട്ടോ റിക്കോയിലേക്കും മാറ്റി സ്ഥപിച്ചു. ഇന്ന് ഇത് ഒറ്റ ഡിഷിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ റേഡിയോ ടെലസ്കോപ്പാണ്. ഇത് ഭൂമിയിൽ നിന്ന് 250 പ്രകാശവർഷം അകലത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന 800ഓളം നക്ഷത്രങ്ങളെ വിശകലനം ചെയ്തു കഴിഞ്ഞു. പക്ഷെ ഇവിടെയും ഇതു വരെയുള്ള ഫലം നിരാശാജനകം തന്നെയാണ്.

     എങ്കിലും ശാസ്ത്രജ്നർ ഇപ്പോഴും പ്രതീക്ഷയിലാണ്. എന്നെങ്കിലും എവിടെയെങ്കിലും ഒരു ജീവിയെ കണ്ടെത്താൻ കഴിഞ്ഞേക്കുമെന്ന വിശ്വാസത്തോടെ അവർ ഇപ്പോഴും അന്വേഷണം തുടർന്നു കൊണ്ടേയിരിക്കുന്നു.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക