കൊച്ചു ഗാലക്സിയിലൊരു വമ്പന്‍ തമോദ്വാരം

credit: NASA
     മൂന്നു ടെലിസ്കോപ്പുകള്‍ ഹെനിസ് 2 -10 എന്ന കുള്ളന്‍ ഗാലക്സിക്ക് നേരെ തിരിച്ചു വെച്ചപ്പോള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത് ഒരു ഉഗ്രന്‍ സദ്യ തന്നെയായിരുന്നു. ഹബ്ബ്ള്‍ സ്പേസ് ടെലിസ്കോപ്പ്, ചന്ദ്ര എക്സ്-റെ ഒബ്സര്‍വേറ്ററി, നാഷണല്‍ റേഡിയോ അസ്ട്രോണമി ഒബ്സര്‍വേറ്ററി എന്നിവ ഹെനിസിനു നേരെ തിരിച്ചപ്പോള്‍ പ്രപഞ്ച രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് ഒരു പുതിയ കവാടം തുറക്കുകയായിരുന്നു. 30 മില്യന്‍ പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്ന്‍  വിദ്യുത്-കാന്തിക തരംഗളിലേറി വന്ന വിവരങ്ങള്‍ വിശകലനം ചെയ്യുന്ന തിരക്കിലാണ് ജ്യോതിശാസ്ത്രജ്ഞര്‍. 


     ആദിമ പ്രപഞ്ചത്തില്‍ നക്ഷത്രങ്ങളും തമോഗര്‍ത്തങ്ങളും രൂപം കൊണ്ടത് എങ്ങിനെയായിരുന്നു എന്ന് ഹെനിസ് പഠനത്തില്‍ നിന്നും മനസ്സിലാക്കാം. ഇതിന്റെ കേന്ദ്രത്തില്‍ സൂര്യന്റെ ഒരു മില്യന്‍ മടങ്ങ്‌ ദ്രവ്യമുള്ള ഒരു അതിഘന തമോഗര്‍ത്തവും ഉണ്ട്. 


     ഇതിന്റെ സവിശേഷമായ പ്രത്യേകത ഗാലക്സികളുടെ കേന്ദ്രഭാഗത്ത് കണ്ടുവരുന്ന ബള്‍ജ് ഇതില്‍ കാണുന്നില്ല എന്നതാണ്. ഗാലക്സികേന്ദ്രങ്ങളില്‍ കാണുന്ന സൂപ്പര്‍മാസ്സീവ് ബ്ലാക്ക്ഹോളുകള്‍ കേന്ദ്രബള്‍ജുകള്‍ ഉണ്ടായതിനു ശേഷമാണ് രൂപം കൊള്ളുന്നതെന്ന ധാരണ തിരുത്തേണ്ടി വരും. കേന്ദ്രബള്‍ജുകളും ഗലക്സീകേന്ദ്രത്തിലെ തമോഗര്‍ത്തങ്ങളും സമാന്തരമായി രൂപം കൊണ്ടവയായിരിക്കാം.


     വളരെ ഉയര്‍ന്ന തോതില്‍ നക്ഷത്രരൂപീകരണം നടക്കുന്ന ഭാഗമാണ് ചിത്രത്തില്‍ നീലനിറത്തില്‍ കാണുന്നത്. 3600 പ്രകാശവര്‍ഷം മാത്രം വ്യാസമുള്ള ഒരു കുള്ളന്‍ ഗാലക്സിയാണ് ഹെനിസ് 2 -10 . പിക്സിസ് എന്ന നക്ഷത്ര ഗണത്തിന്റെ ദിശയിലാണ് ഈ ഗാലക്സി സ്ഥിതി ചെയ്യുന്നത്.


     ജനുവരി 9 നു പ്രസിദ്ധീകരിച്ച നാച്വറിന്റെ ഓണ്‍ലൈന്‍ എഡിഷനിലാണ് ഇതു സംബന്ധിച്ച ലേഖനം വന്നിട്ടുള്ളത്. 

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക