പോളക്സ് - അവർക്കു പുണർതം

കാസ്റ്ററിനെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. ആറെണ്ണത്തിനെ ഒന്നായി കാട്ടുന്ന ആ സുന്ദരരൂപത്തെ നിങ്ങൾ നോക്കിയിരുന്നു എങ്കിൽ അതിനടുത്തു കിടക്കുന്ന കുറച്ചു കൂടി തിളക്കം കൂടിയ ഒരു ചുവന്ന നക്ഷത്രത്തേയും നിങ്ങൾ ശ്രദ്ധിക്കാതിരിക്കില്ല. ഇതാണ് പോളക്സ്. മിഥുനത്തിന്റെ (Gemini) കഥയിലെ ഇരട്ടസഹോദരന്മാരിൽ ഒരാൾ. മിഥുനം രാശിയിലെ ഏറ്റവും കൂടുതൽ തിളക്കമുള്ള നക്ഷത്രമാണെങ്കിലും ബെയറുടെ പേരിടീലിൽ ബീറ്റ ജമിനോറം എന്ന പേരാണ് കിട്ടിയത്. ഇതിനെ കുറിച്ച് കാസ്റ്ററിനെ കുറിച്ച് പറഞ്ഞപ്പോൾ പറഞ്ഞതു കൊണ്ട് വീണ്ടും ആവർത്തിക്കുന്നില്ല. ഉത്തരേന്ത്യക്കാർ പോളക്സിനെയാണ് പുണർതം അഥവാ പുനർവസു എന്നു വിളിക്കുന്നത്. എന്നാൽ കേരളത്തിൽ ഇതൊരു ഒറ്റ നക്ഷത്രമല്ല. മിഥുനത്തിലെ കാസ്റ്റർ, പോളക്സ് എന്നിവയും കാനിസ് മൈനറിലെ പ്രോസിയോൺ, ഗോമൈസെ എന്നിവയും കാനിസ് മേജറിലെ സിറിയസ്സും മിർസാമും ചേർന്നതാണ് പുണർതം. ഇവയെല്ലാം ചേർത്താൽ ഒരു തോണിയുടെ ആകൃതി കിട്ടും. പുണർതം തോണി പോലെ എന്നൊരു ചൊല്ലുണ്ട്. അതല്ല കാസ്റ്റർ, പോളക്സ് എന്നിവ ചേർന്നതാണ് പുണർതം എന്ന അഭിപ്രായമുള്ളവരുമുണ്ട്.

ഭൂമിയിൽ നിന്നും ഏകദേശം 34 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്രം സ്ഥിതിചെയ്യുന്നത്. അതായത് 34 വർഷം മുമ്പ് പോളക്സിൽ നിന്നും പുറപ്പെട്ട പ്രകാശമാണ് ഇപ്പോൾ നമ്മുടെ കണ്ണുകളിൽ എത്തുന്നത് എന്ന്. മറ്റൊരു രീതിയിൽ പറഞ്ഞാൽ 34 വർഷം മുന്നെയുള്ള പോളക്സിനെയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. 724 ദശലക്ഷം വർഷമാണ് ഇതിന്റെ പ്രായമായി കണക്കാക്കിയിരിക്കുന്നത്. സൂര്യന്റെ ഏകദേശം 10 മടങ്ങ് വലിപ്പമുണ്ടെങ്കിലും സൗരപിണ്ഡത്തിന്റെ രണ്ടു മടങ്ങ് മാത്രമാണ് ഇതിന്റെ ദ്രവ്യമാനം. ഉപരിതല താപനിലയാണെങ്കിൽ 4666 കെൽവിനും. ഇത് സൂര്യന്റെ താപനിലയെക്കാൾ കുറവാണ് എന്നറിയാമല്ലോ. നക്ഷത്രങ്ങളുടെ വാർദ്ധക്യാവസ്ഥയായ ചുവപ്പു ഭീമൻ എന്ന തലത്തിലേക്ക് നമ്മുടെ പോളക്സ് എത്തിയിരിക്കുന്നു എന്നാണ് ഈ ലക്ഷണങ്ങൾ കാണിക്കുന്നത്. ഇതിൽ നിന്ന് ചെറിയ തോതിൽ എക്സ്-റേ വികിരണം പുറത്തു വരുന്നതായി റോസാറ്റ് എന്ന ബഹിരാകാശ ദൂരദർശിനി കണ്ടെത്തിയിട്ടുണ്ട്. പോളക്സിന്റെ കാന്തികക്ഷേത്രത്തിന്റെ തീവ്രത ഒരു ഗൗസിനേക്കാൾ താഴെയാണ്. നക്ഷത്രങ്ങളിൽ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ദുർബലമായതാണ് ഇത്.

ആർടീ പി. ഹാറ്റ്സെസ് 
പോളക്സിനെ ചുറ്റുന്ന ഒരു ഗ്രഹത്തെയും കണ്ടെത്തിയിട്ടുണ്ട്. ഭൂമിയോടടുത്ത സൗരയൂഥേതര ഗ്രഹങ്ങളിൽ ഒന്നാണിത്. പോളക്സ് ബി ഇതിനെ വിളിച്ചത്. പിന്നീട് ഇതിന് ഒരു പേരു കൊടുക്കാൻ തീരുമാനിക്കുകയും അതിനു വേണ്ടി ഒരു മത്സരം ഏർപ്പെടുത്തുകയും ചെയ്തു അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ. ഇതിൽ തെരഞ്ഞെടുക്കപ്പെട്ട പേര് ലിഡ എന്നായിരുന്നു. ലിഡ ഗ്രീക്കു പുരാണങ്ങളിൽ പോളക്സിന്റെ അമ്മയുടെ പേരാണ്. പിന്നീട് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ ലിഡ എന്ന പേരു മാറ്റി തെസ്റ്റിയാസ് എന്നാക്കി. ലിഡയുടെ തന്നെ മറ്റൊരു പേരാണ് തെസ്റ്റിയാസ്. തെസ്റ്റിയൂസിന്റെ മകളായതു കൊണ്ടാണ് ഈ പേരു കിട്ടിയത്. ലിഡ എന്ന പേര് നിലവിൽ ഒരു ഛിന്നഗ്രഹത്തിനും വ്യാഴത്തിന്റെ ഒരു ഉപഗ്രഹത്തിനും ഉള്ളതിനാലാണ് ഇങ്ങനെ പേരു മാറ്റിയത്. അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ ആർടീ പി. ഹാറ്റ്സെസ് ആണാ 2006ൽ ഈ ഗ്രഹത്തെ കണ്ടെത്തിയത്. വ്യാഴത്തിന്റെ രണ്ടു മടങ്ങ് വലിപ്പമുള്ള ഈ ഗ്രഹം പോളക്സിനെ ഒന്നു ചുറ്റിവരാൻ ഏതാണ്ട് 590 ദിവസം എടുക്കുന്നുണ്ട്. ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ 1.6 മടങ്ങ് അകലമുണ്ട് പോളക്സും തെസ്റ്റിയാസും തമ്മിൽ.

എന്നാൽ ഇനി പോളക്സിനെ നോക്കിക്കോ. അതിനു ചുറ്റും കറങ്ങി നടക്കുന്ന ഒരു ഗ്രഹമുണ്ടെന്ന കാര്യം മറക്കേണ്ട.

അഭിപ്രായങ്ങള്‍