കാനിസ് മേജർ
വേട്ടക്കാരനെ തല്‍ക്കാലം നമുക്കു വിടാം. വേട്ടക്കാരന്റെ കാല്‍ചുവട്ടില്‍ നമുക്കൊരു വേട്ടനായയെ കാണാം. ഇനി അതിനെ കുറിച്ചാവാം കുറച്ചു കാര്യങ്ങള്‍.
ഓറിയോണ്‍ ബെല്‍റ്റിലെ മൂന്നു നക്ഷത്രങ്ങളെ കൂട്ടിച്ചേര്‍ത്ത് തെക്കു കിഴക്കു ഭാഗത്തേക്ക് ഒരു രേഖ വരക്കാന്‍ ശ്രമിച്ചാല്‍ അത് നല്ല തിളക്കമുള്ള ഒരു നക്ഷത്രത്തിലേക്ക് എത്തിച്ചേരും. ഇതാണ് രാത്രികാലാകാശത്തില്‍ ഏറ്റവും തിളക്കത്തില്‍ കാണുന്ന സിറിയസ് എന്ന നക്ഷത്രം. ഇതും ഇതിനടുത്തുള്ള ഏതാനും നക്ഷത്രങ്ങളും കൂട്ടി വരച്ചാല്‍ ഒരു നായയുടെ ഏകദേശ ചിത്രം കിട്ടും. ഇതാണ് കാനിസ് മേജര്‍. കാനിസ് എന്ന വാക്കിനര്‍ത്ഥം നായ എന്നാണ്. ടോളമിയുടെ അല്‍മജസ്റ്റില്‍ ക്യോന്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. നായ എന്നു തന്നെയാണ് ഈ വാക്കിനും അര്‍ത്ഥം. വേട്ടക്കാരന്റെ വേട്ടനായയായാണ് സാധാരണ നക്ഷത്രനിരീക്ഷണ ക്ലാസുകളില്‍ ഇതിനെ പരിചയപ്പെടുത്താറുള്ളത്. ഇടവം (ഋഷഭം) എന്ന കാട്ടുകാളയുമായുള്ള പോരില്‍ വേട്ടക്കാരനെ സഹായിക്കുകയാണ് ഈ വേട്ടനായ.
ഇറാത്തോസ്തനീസ് ഇത് ഗ്രീക്ക് ഇതിഹാസത്തിനെ ലിലാപ്സ് എന്ന പട്ടിയെയാണ് പ്രതിനിധീകരിക്കുന്നത് എന്നു പറയുന്നു. ഗ്രീക്ക് രാജാവായ എറെക്ത്യൂസിന്റെ മകളും സെഫാലസിന്റെ ഭാര്യയുമായ പ്രോക്രിസിന്റെതാണ് ഈ പട്ടി. അതിവേഗതയുള്ള ഈ വേട്ടപ്പട്ടി ലക്ഷ്യം വെച്ചാല്‍ പിന്നെ ആ ഇരകള്‍ക്കൊന്നിനും തന്നെ അതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ലത്രെ. ഒരിക്കല്‍ വേട്ടക്കിടയില്‍ ഒരബദ്ധത്തില്‍ സെഫാലസിന്റെ അമ്പേറ്റ് പ്രോക്രിസ് മരിക്കുന്നു. സെഫാലസ് ലിലാപ്സിനെയും കൂട്ടി തീബ്സിലേക്കു യാത്രയാവുന്നു. (വടക്കന്‍ ഏഥന്‍സിലെ ഒരു ചെറുപട്ടണമാണ് ഈ തീബ്സ്. പുരാതന ഈജിപ്തിലെ പ്രസിദ്ധമായ തീബ്സ് അല്ല.) ആ നഗരം ഒരു ചെന്നായയുടെ അക്രമത്തിന് ഇരയായിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. ആര്‍ക്കും കീഴടക്കാന്‍ കഴിയില്ല എന്നതായിരുയിരുന്നു ആ ചെന്നായയുടെ പ്രത്യേകത. അവിടെക്കാണ് ഇരയെ കീഴടക്കുന്നതില്‍ ഒരിക്കലും പരാജയപ്പെടാത്ത വേട്ടപ്പട്ടിയെന്നു പേരു കേട്ട ലിലാപ്സ് ചെന്നെത്തിയത്. അങ്ങനെ ചെന്നായയെ പിടിക്കാനുള്ള ദൗത്യം ലിലാപ്സിന്റെതായി. ലിലാപ്സ് ചെന്നായയെ പിന്‍തുടര്‍ന്നെങ്കിലും ചെന്നായയെ പിടിക്കാനായില്ല. പിടി കിട്ടി എന്നു തോന്നിയ സന്ദര്‍ഭങ്ങളിലെല്ലാം ചെന്നായ അതിസമര്‍ത്ഥമായി രക്ഷപ്പെട്ടു. പരാജയമറിയാത്ത ഇരയും വേട്ടപ്പട്ടിയും തമ്മിലുള്ള അന്തമില്ലാത്ത ഈ ഓട്ടം അവസാനിപ്പിക്കാനായി അവസാനം സിയൂസ് ദേവന്‍ ഇടപെടുകയും രണ്ടിനെയും ശിലകളാക്കി മാറ്റുകയും ചെയ്തു. എന്നിട്ട് ലിലാപ്സിനെ ആകാശത്തു പ്രതിഷ്ഠിച്ചു എന്നാണു കഥ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ