കാനിസ് മൈനർ - ത്യാഗത്തിന്റെ പ്രതീകം മിറാ




ഇനി വേട്ടക്കാരന്റെ ചെറിയ വേട്ടപ്പട്ടിയെ കുറിച്ചു പറയാം.

വേട്ടക്കാരനിലെ ബെറ്റല്‍ജ്യൂസ്, ബല്ലാട്രിക്സ് എന്നീ നക്ഷത്രങ്ങളെ ചേര്‍ത്ത് കിഴക്കോട്ട് ഒരു രേഖ സങ്കല്‍പിച്ചാല്‍ അത് കാനിസ് മൈനര്‍ എന്ന ചെറിയ വേട്ടപ്പട്ടിയിലെത്തും. ആര്‍. രാമചന്ദ്രന്‍ നായര്‍ അദ്ദേഹത്തിന്റെ മാനത്തു നോക്കുമ്പോള്‍ എന്ന കൃതിയില്‍ മലയാളത്തില്‍ ലഘുലുബ്ധകന്‍ എന്ന പേരാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ആകാശത്തില്‍ കാണുന്ന നക്ഷത്രങ്ങളെ ആകെ 88 ഗണങ്ങളായാണ് ഇപ്പോള്‍ തിരിച്ചിരിക്കുന്നത്. ഇതില്‍ വലിപ്പം കൊണ്ട് 71ാം സ്ഥാനമാണ് കാനിസ് മൈനറിനുള്ളത്. 183 ചതുരശ്ര ഡിഗ്രി ആകാശവിസ്തൃതിയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ടോളമിയുടെ 48 എണ്ണമുള്ള നക്ഷത്രപ്പട്ടികയില്‍ കാനിസ് മൈനറും ഉള്‍പ്പെട്ടിരുന്നു. HD 66141 എന്ന നക്ഷത്രത്തിന് ഒരു ഗ്രഹമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. NGC 2485 എന്ന താരാപഥം കാനിസ് മൈനറിലാണുള്ളത്.

ഗ്രീക്ക് ഇതിഹാസങ്ങളില്‍ ഇക്കാറിയസ് ഒരു വീഞ്ഞു നിര്‍മാതാവാണ്. ഫലപുഷ്ടിയുടെയും വീഞ്ഞിന്റെയും ദേവനായ ഡയണീസസില്‍ നിന്നാണ് ഇക്കാറിയസിന് വീഞ്ഞുനിര്‍മാണ വിദ്യ പകര്‍ന്നു കിട്ടിയത്. അദ്ദേഹത്തില്‍ നിന്ന് വീഞ്ഞു വാങ്ങി കുടിച്ചിരുന്ന ആട്ടിടയന്മാര്‍ ഒരു ദിവസം അദ്ദേഹത്തിന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊടുത്ത് കൊല ചെയ്യുകയും ഒരു മരത്തിനടിയില്‍ കുഴിച്ചിടുകയും ചെയ്തു. ഇക്കാറിയസിനെ വിശ്വസ്തതയോടെ സേവിച്ചിരുന്ന പട്ടിയാണ് മിറാ. ഇക്കാറിയസിനെ കാണാതായപ്പോള്‍ മിറാ അദ്ദേഹത്തെ അന്വേഷിച്ചു നടക്കുകയും അദ്ദേഹത്തെ കുഴിച്ചിട്ടിരിക്കുന്ന സ്ഥലം കണ്ടെത്തുകയും ചെയ്തു. മിറാ ഇക്കാറിയസിന്റെ മകളായ ഇറിഗോണിനെ ഇക്കാറിയസ് കിടന്നിരുന്ന സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു വന്നു. ദുഃഖം സഹിക്കാതെ ഇറിഗോണ്‍ തൂങ്ങി മരിച്ചു എന്നും മിറാ വലിയൊരു പാറക്കെട്ടിനു മുകളില്‍ നിന്നും താഴെക്കു ചാടി ആത്മഹത്യ ചെയ്തു എന്നുമാണ് കഥ. സീയുസ് ദേവന്‍ പിന്നീട് ഇവരെ ആകാശത്ത് പ്രതിഷ്ഠിച്ചു എന്ന് ഗ്രീക്ക് ഇതിഹാസങ്ങള്‍ പറയുന്നു. മിറാ എന്ന പട്ടി കാനിസ് മൈനറും ഇക്കാറിയസ് ബൂഒട്ടിസും ഇറിഗോണ്‍ വിര്‍ഗോ(കന്നി)യും ആണത്രെ.

കാനിസ് മേജറിന്റെ കഥയിലെ പിടി കൊടുക്കാത്ത ട്യൂമേസിയന്‍ ചെന്നായയാണ് കാനിസ് മൈനര്‍ എന്ന ഒരു മറുകഥയും ഇതിനുണ്ട്.

മദ്ധ്യകാല അറേബ്യന്‍ ജ്യോതിഃശാസ്ത്രജ്ഞര്‍ കാനിസ് മൈനറിനെ നിരീക്ഷിച്ചിരുന്നു. അന്നത്തെ ഒരു ജ്യോതിഃശാസ്ത്രജ്ഞനായിരുന്ന അബ്ദ് അല്‍ റഹ്മാന്‍ അല്‍ സൂഫി അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഈ ഗണത്തിന് അല്‍-കല്‍ബ് അല്‍-അസ്ഘര്‍ എന്ന പേരാണ് കൊടുത്തിരിക്കുന്നത്. റോമക്കാര്‍ ഇതിനെ ഓറിയോണിന്റെ ചെറിയ വേട്ടപ്പട്ടിയായാണ് കരുതിയിരുന്നത്.

ഡിസംബര്‍ 4 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ കാനിസ് മൈനറിന്റെ ദിശയില്‍ നിന്നും ഉല്‍ക്കാവര്‍ഷം ഉണ്ടാവാറുണ്ട്. കാനിസ് മൈനോറിഡ്സ് എന്നാണ് ഈ ഉല്‍ക്കാവര്‍ഷത്തെ വിളിക്കാറുള്ളത്. ഡിസംബര്‍ 10, 11 തിയ്യതികളിലാണ് ഇത് കൂടുതല്‍ ശക്തമാവുന്നത്. ഈ ദിവസങ്ങളില്‍ ഒരു മണിക്കൂറില്‍ 30 ഉല്‍ക്കകളെ വരെ കാണാന്‍ സാദ്ധ്യതയുണ്ട്.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക