ആറും ചേർന്ന കാസ്റ്റർ

നക്ഷത്രരാശിയിൽ തിളക്കം കൊണ്ട് രണ്ടാം സ്ഥാനത്തു നിൽക്കുന്ന നക്ഷത്രമാണ് കാസ്റ്റർ. ബെയറുടെ നാമകരണ സമ്പ്രദായമനുസരിച്ച് ആൽഫാ ജെമിനോറം എന്നാണ് ഈ നക്ഷത്രത്തിന്റെ പേര്. ചുരുക്കി ആൽഫ ജെം
ഒന്നാം സ്ഥാനം വീണു കിട്ടിയ ഈ നക്ഷത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ഒന്നായി കാണുന്ന ഈ നക്ഷത്രം യഥാർത്ഥത്തിൽ ആറു നക്ഷത്രങ്ങൾ ചേർന്നതാണ്. ഇതിനും മറ്റൊരു പ്രത്യേകതയുണ്ട്. മൂന്നു ഇരട്ട നക്ഷത്രങ്ങൾ ചേർന്നതാണ് ഈ ആറു നക്ഷത്രങ്ങൾ. കാസ്റ്റർ Aa, കാസ്റ്റർ Ab; കാസ്റ്റർ Ba, കാസ്റ്റർ Bb; കാസ്റ്റർ Ca, കാസ്റ്റർ Cb എന്നിങ്ങനെയാണ് ഇവക്ക് പേരു നൽകിയിരിക്കുന്നത്. ഇവയിൽ ഓരോ ഗ്രൂപ്പും അവയുടെ പൊതു കേന്ദ്രത്തിനു ചുറ്റും കറങ്ങുമ്പോൾ തന്നെ ഇവയെല്ലാം ചേർന്ന് അവയുടെ പൊതുകേന്ദ്രത്തേയും പ്രദക്ഷിണം ചെയ്യുന്നുണ്ട്. കാസ്റ്റർ Aaക്ക് സൂര്യന്റെ 2.76 മടങ്ങ് പിണ്ഡവും 2.4 മടങ്ങ് വ്യാസവുമുണ്ട്. കാസ്റ്റർ Baക്ക് 2.98 സൗരപിണ്ഡവും 3.3 സൗരവ്യാസവുമാണുള്ളത്. വലിയ നക്ഷത്രങ്ങളായ കാസ്റ്റർ Aa, കാസ്റ്റർ Ba എന്നിവ സൂര്യനെക്കാൾ ചൂടു കൂടിയവയാണ്. ഇവയുടെ ഉപരിതല താപനില 10,286 കെൽവിനും 8,842 കെൽവിനും ആണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഭൂമിയിൽ നിന്നും 51 പ്രകാശവർഷം അകലെയാണ് കാസ്റ്റർ സ്ഥിതി ചെയ്യുന്നത്. 1678ൽ കാസ്സിനിയും 1718ൽ ജെയിംസ് പൗണ്ടും രണ്ടു നക്ഷത്രങ്ങൾ ചേർന്നതാണ് കാസ്റ്റർ എന്നു പറയുന്നുണ്ട്. 1803ൽ ഹെർഷൽ കാസറ്റർ Aയും കാസ്റ്റർ Bയും ഇരട്ട നക്ഷത്രങ്ങളാണ് എന്നു കണ്ടെത്തുന്നു.
കാസ്റ്റർ Aaയും കാസ്റ്റർ Abയും അവയുടെ പൊതു കേന്ദ്രത്തിനു ചുറ്റും ഒന്നു ചുറ്റിവരാൻ ഏകദേശം 10 ദിവസമാണ് എടുക്കുന്നത്. കാസ്റ്റർ Ba, Bb എന്നിവ ഏകദേശം 3 ദിവസവും കാസ്റ്റർ Ca, Cb എന്നിവ ഒരു ദിവസത്തിൽ താഴെയുമാണ് ഇതിന് എടുക്കുന്നത്. കാസ്റ്റർ Aയും കാസ്റ്റർ Bയും പൊതുകേന്ദ്രത്തെ ഒരു പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നതിന് 445 വർഷം എടുക്കുന്നു. കാസ്റ്റർ ABയും കാസ്റ്റർ Cയും ഇതു പോലെ പ്രദക്ഷിണം ചെയ്യുന്നുണ്ട്. ഇതിന് എടുക്കുന്ന സമയം 14,000 വർഷമാണ്. ഇങ്ങനെ മൊത്തം അഞ്ചു തരം ചുറ്റിക്കളികളാണ് കാസ്റ്റർ സംഘത്തിനുള്ളത്.
എന്നാൽ ഇനി കാസ്റ്ററിനെ ഒന്നു നോക്കി ഒരു ഹായ് പറയാം അല്ലേ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ