ഭൂമിയിലേക്ക് ഇടിച്ചിറങ്ങിയ സമുദ്രം

ക്രെഡിറ്റ്‌: നാസ 


     സഗരപുത്രന്മാർ പാതാളഗർത്തം കുഴിച്ചിട്ടാണ് സമുദ്രം ഉണ്ടായതെന്ന് പുരാണങ്ങളിൽ പറയുമ്പോൾ ഭൂഗർഭത്തിൽ നിന്നുയർന്നു വന്നതാണെന്നും ആകാശത്തു നിന്നും ഒഴുകിയിറങ്ങിയതാണെന്നുമുള്ള രണ്ടഭിപ്രായങ്ങൾ ശാസ്ത്രലോകത്ത് സജ്ജീവമായുണ്ട്. രണ്ടു കൂട്ടർക്കും അവരുടേതായ കാരണങ്ങളും അവതരിപ്പിക്കാനുണ്ട്.

     ഇതാ ഇപ്പോൾ ഭൂമിയിലെ സമുദ്രജലം ആകാശത്തു നിന്നെത്തിയതാണെന്നുള്ളതിന് പുതിയ തെളിവുകളുമായെത്തിയിരിക്കുന്നു ഒരു വിഭാഗം ശാസ്ത്രജ്ഞർ. ബഹിരാകാശത്തു നിന്നു പറന്നെത്തിയ വലിയ മഞ്ഞുകട്ടകളായിരിക്കാം ഭൂമിയിലെ സമുദ്രങ്ങൾക്ക് ആദികാരണമെന്ന് ഇവർ വിശ്വസിക്കുന്നു.

     യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഹെർഷൽ ഇൻഫ്രാറെഡ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നും ലഭിച്ച പുതിയ വിവരങ്ങളാണ് സമുദ്രങ്ങൾ ബഹിരാകാശത്തു നിന്ന് വിരുന്ന് വന്നവരാണ് എന്നതിന് പുതിയ തെളിവുകളാവുന്നത്. വാൽനക്ഷത്രങ്ങളിലടങ്ങിയിട്ടുള്ള ജലത്തിന്റെ ഘടനയും ഭൂമിയിലെ സമുദ്രജലത്തിന്റെ ഘടനയും ഒന്നു തന്നെയാണ് എന്നതാണ് പുതിയ നിഗമനങ്ങൾക്കടിസ്ഥാനം. "പുതിയ കണ്ടെത്തലുകൾ ഭൂമിയിലെ വൻജലശേഖരത്തിനു പിന്നിൽ വാൽനക്ഷത്രങ്ങൾക്കുള്ള പങ്കു കൂടി വെളിപ്പെടുത്തുന്നതാണ്" കാലിഫോർണിയ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെ സീനിയർ സീനിയർ റിസർച്ച് അസോസിയേറ്റ് ആയ ഡാരിയസ് ലിസ് പറഞ്ഞു.

     ധാരാളം മഞ്ഞുകട്ടകളാൽ സമ്പന്നമായ വാൽനക്ഷത്രങ്ങൾ ഗ്രഹങ്ങളുമായി കൂട്ടിയിടിക്കുമ്പോൾ അവയിലെ മഞ്ഞ് ഗ്രഹത്തിലെത്തുകയും ഉരുകി ജലമാകുകയും ചെയ്യും. 1994ൽ ഷൂമാക്കർ ലെവി 9 വ്യാഴവുമായി കൂട്ടിയിടിക്കുകയുണ്ടായല്ലോ. ആദിമകാലത്ത് വാൽനക്ഷത്രങ്ങളുടെ എണ്ണം ഇന്നത്തേതിനേക്കാൾ വളരെയേറെ കൂടുതലായിരുന്നതിനാൽ സംഘർഷങ്ങൾക്കുള്ള സാധ്യതയും കൂടുതലായിരുന്നു. വാൽനക്ഷത്രങ്ങൾ സൗരയൂഥത്തിന്റെ അനന്തവിദൂരതയിൽ നിന്നും വരുന്നവയായതിനാൽ അവിടെയുള്ള ജലത്തിന്റെ സാമ്പിളുകളായിരിക്കും ഇവ വഹിക്കുന്നത്.

     ഹാർട്‌ലി 2 എന്ന വാൽനക്ഷത്രത്തിലെയും ഭൂമിയിലെ സമുദ്രങ്ങളിലെയും ജലത്തിന്റെ രാസഘടന പഠിച്ചപ്പോഴാണ് അത്ഭുതകരമായ  സമാനത കാണാൻ കഴിഞ്ഞത്. ഘനജലത്തിന്റെ അനുപാതം രണ്ടിലും തുല്യമായിരുന്നു. സാധാരണ ജലതന്മാത്രകളിലുള്ള ഹൈഡ്രജൻ ആറ്റങ്ങൾക്കു പകരം ഹൈഡ്രജന്റെ തന്നെ ഐസോടോപ് ആയ ഡ്യൂട്ടീരിയം ആറ്റങ്ങളായിരിക്കും ഘനജലത്തിൽ ഉണ്ടായിരിക്കുക. ഇവ രണ്ടും പ്രപഞ്ചാരംഭം മുതൽ തന്നെ നിലവിലുള്ളതാണ് എന്ന് കരുതപ്പെടുന്നു. ഈ സമാനതയാണ് ശാസ്ത്രജ്ഞരെ സമുദ്രത്തിന്റെ റിസർവോയറുകളായിരിക്കാം വാൽനക്ഷത്രങ്ങൾ എന്ന നിഗമനത്തിലെത്താൻ പ്രേരിപ്പിച്ചത്.

 കൂടുതലറിയാൻ--- O

അഭിപ്രായങ്ങള്‍

  1. ഇതൊരു പുതിയ അറിവാണല്ലോ...
    പോസ്റ്റിനു താഴെ കൊടുത്തിരിക്കുന്ന ആ പിക്ചര്‍ എന്താ ?

    മറുപടിഇല്ലാതാക്കൂ
  2. അറിവുകൾ പങ്കുവെക്കുക
    എന്നതാണോ? അതിൽ പ്രത്യേകിച്ച് ഒന്നും ഇല്ല.
    അറിവുകൾ സ്വകാര്യമായി വെക്കാനുള്ളതല്ല, പങ്കുവെക്കാനുള്ളതാണ് എന്ന ഒരാശയം മാത്രം.
    മണ്ണ്, വെള്ളം, വായു, അറിവ് എന്നിവക്കു മുകളിലുള്ള ഉടമസ്ഥാവകാശത്തിന്റെ അയുക്തികത തിരിച്ചറിയുമ്പോഴും അതങ്ങനെ തന്നെയാവുന്നതു കാണുമ്പോഴുള്ള ഒരസ്വസ്ഥത

    മറുപടിഇല്ലാതാക്കൂ
  3. good.
    www.jebinkjoseph.co.cc
    www.thisiskerala.co.cc
    ഇതാണ് എന്റെ ബ്ലോഗ്‌ ലിങ്ക്

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക