ചൊവ്വ: ഒരു വീഡിയോ ദൃശ്യം



     ചൊവ്വയുടെ പ്രതല ദൃശ്യങ്ങൾ വീഡിയോ രൂപത്തിൽ. നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ഓപ്പർച്യൂണിറ്റി വിക്ടോറിയ ഗർത്തം മുതൽ എൻഡവർ ഗർത്തം വരെ നടത്തിയ യാത്രയുടെ ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്. ചരിത്രമായി മാറിയ ഈ 21 കി.മീറ്റർ യാത്രയുടെ ദൈർഘ്യം 2008 മുതൽ 2010 വരെയുള്ള മൂന്നു വർഷങ്ങളായിരുന്നു. യാത്രക്കിടയിൽ ശേഖരിച്ച 309 ചിത്രങ്ങൾ ഉപയോഗിച്ചാണ് ഈ വീഡിയോ നിർമ്മിച്ചിട്ടുള്ളത്.


     എൻഡവർ ഗർത്തത്തിന്റെ വക്കും ചൊവ്വയുടെ ചക്രവാളവും ഉപരിതലത്തിലെ ഉയർച്ച താഴ്ചകളും കുഞ്ഞു ഗർത്തങ്ങളും ചിത്രങ്ങളിൽ കാണാൻ കഴിയും. യാത്രക്കു ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളിൽ വാഹനം വഴിമാറിപ്പോകുന്നതായും ദൃശ്യങ്ങളിൽ നിന്നു മനസ്സിലാകും. സൗണ്ട് ട്രാക്കും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാ ഉപരിതലത്തിലൂടെ സഞ്ചരിക്കുമ്പോൾ ഓപ്പർച്യൂണിറ്റിക്കുണ്ടാകുന്ന ചലനങ്ങളിൽ നിന്നുണ്ടാകുന്നതാണ് ഈ ശബ്ദം. ഉറച്ച പാറപോലെയുള്ള പ്രതലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കൂടുതൽ ശബ്ദവും മണൽ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കുറഞ്ഞ ശബ്ദവും കേൾക്കാം.


    ഓപ്പർച്യൂണിറ്റിയുടെയും അതിന്റെ കൂട്ടുവാഹനമായ സ്പിരിറ്റിന്റെയും മൂന്നു മാസത്തെ പ്രാഥമിക ദൗത്യം 2004 ഏപ്രിൽ മാസത്തിൽ അവസാനിച്ചിരുന്നു. പക്ഷെ ആയുസവസാനിക്കാതിരുന്ന ഈ പേടകങ്ങൾ അവയുടെ ദൗത്യം തുടർന്നു. ചൊവ്വയെ കുറിച്ചുള്ള വളരെയേറെ വിവരങ്ങൾ നമുക്ക് കൈമാറി. ചൊവ്വയുടെ നനഞ്ഞ ഭൂതകാലത്തെ കുറിച്ചുള്ള അറിവുകൾ വിപുലപ്പെടുത്തിയതും ഇവയാണ്. ചൊവ്വയിൽ പണ്ടെന്നെങ്കിലും മൈക്രോബിയൽ തലത്തിലുള്ള ജീവികൾ ഉണ്ടായിരിന്നിരിക്കാനുള്ള സാദ്ധ്യതകളെ കുറിച്ചുള്ള ആരായലുകളിലേക്കും ഈ കണ്ടെത്തൽ ചെന്നെത്തി. സ്പിരിറ്റ് അതിന്റെ ജോലി 2010ൽ അവസാനിപ്പിച്ചു. പിന്നീട് അതിൽ നിന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇപ്പോൾ ഓപ്പർച്യൂണിറ്റി എൻഡവർ ഗർത്തത്തിനു സമീപം അതിന്റെ ജോലി തുടർന്നു കൊണ്ടിരിക്കുന്നു.
     നാസ അതിന്റെ അടുത്ത ചൊവ്വ പര്യവേക്ഷണ വാഹനമായ ക്യൂരിയോസിറ്റി അടുത്ത വേനലിൽ വിക്ഷേപിക്കുമെന്നാണ് അറിയുന്നത്. ഒരു കാറിന്റെ വലിപ്പമുള്ള ക്യൂരിയോസിറ്റി 2012ൽ ഗെയിൽ ഗർത്തത്തിനു സമീപം ചെന്നിറങ്ങും.





കൂടുതൽ വീഡിയോകൾ: http://www.nasa.gov/multimedia/videogallery/index.html?media_id=114782241

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക