മിർസാം
വലിയ വേട്ടപ്പട്ടിയുടെ (കാനിസ് മേജര്‍) മുന്‍കാലുകളിലൊന്നിനെ പ്രതിനിധീകരിക്കുന്ന നക്ഷത്രമാണ് മിര്‍സാം. അഗ്രദൂതന്‍ എന്നര്‍ത്ഥം വരുന്ന മുര്‍സിം എന്ന അറബി വാക്കില്‍ നിന്നാണ് ഈ നക്ഷത്രത്തിന് ഈ പേര് കിട്ടിയത്. ചൈനക്കാര്‍ ഇതിനെ "പട്ടാളക്കാരുടെ ചന്തയിലെ ആദ്യത്തെ നക്ഷത്രം" എന്ന അര്‍ത്ഥം വരുന്ന ജുന്‍ ഷി യീ എന്നാണ് വിളിക്കുന്നത്. മിര്‍സാം അടക്കമുള്ള കാനിസ് മേജറിലെ ഏതാനും നക്ഷത്രങ്ങളെ ചേര്‍ത്ത് പട്ടാളക്കാരുടെ ചന്ത എന്ന് അര്‍ത്ഥം വരുന്ന ഒരു നക്ഷത്രഗണമാണ് അവര്‍ ഉണ്ടാക്കിയിരിക്കുന്നത്. ചൈനയില്‍ നിന്നു തന്നെ കണ്ടെത്തിയ ആദ്യകാല നക്ഷത്രചാര്‍ട്ടുകളിലൊന്നായ ഡുന്‍ഹോങ് നക്ഷത്രചാര്‍ട്ടില്‍ (സി.ഇ. 705-710) ഈ നക്ഷത്രത്തെ കര്‍ഷകന്റെ കോഴി എന്നര്‍ത്ഥം വരുന്ന യെജി എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

ഭൂമിയില്‍ നിന്നും 500 പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്താണ് ഈ നക്ഷത്രം സ്ഥിതി ചെയ്യുന്നത്. ഒരു ചരനക്ഷത്രമായ മിര്‍സാമിന്റെ കേവലകാന്തിമാനം ആറു മണിക്കൂര്‍ കൊണ്ട് 1.97ല്‍ നിന്ന് 2.01ലേക്കും തിരിച്ചും മാറിക്കൊണ്ടിരിക്കും. നഗ്നനേത്രങ്ങള്‍ കൊണ്ട് തിരിച്ചറിയാന്‍ മാത്രമുള്ള വ്യതിയാനമൊന്നും ഇതിനില്ല. സൂര്യന്റെ 13-14 മടങ്ങ് പിണ്ഡവും 8-13 മടങ്ങ് ആരവും ഇതിന് കണക്കാക്കിയിട്ടുണ്ട്. ഇതിന്റെ ബാഹ്യതാപനില 23150 കെല്‍വിന്‍ ആണ്. സൂര്യന്റെത് 5778 കെല്‍വിന്‍ ആണ് എന്നോര്‍ക്കുക. ഇതിന്റെ പ്രായം 130 ലക്ഷം എന്നു കണക്കാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക