മിഥുനം - ആകാശത്തിലെ ഇരട്ടകൾ


 ഇനി നമുക്ക് മിഥുനം രാശിയെ കുറിച്ചു പറയാം. ഒറിയോണിന്റെ വടക്കു കിഴക്കു ഭാഗത്തും കാനിസ് മൈനറിന്റെ വടക്കു ഭാഗത്തുമായി കാണുന്ന നക്ഷത്രരാശിയാണ് മിഥുനം (Gemini). ഒറിയോണിലെ റീഗൽ, അൽനിതക് എന്നീ നക്ഷത്രങ്ങളിലൂടെ ഒരു വര വരച്ചാൽ അത് മിഥുനത്തിലെ കാസ്റ്റർ എന്ന നക്ഷത്രത്തിനടുത്തു കൂടി കടന്നു പോകും. രണ്ടു കുട്ടികളായാണ് ഇതിനെ ചിത്രീകരിക്കാറുള്ളത്.

ഗ്രീക്ക് ഐതിഹ്യങ്ങളിൽ കാസ്റ്റർ, പോളിഡ്യൂകെസ്  എന്നീ കുട്ടികളാണ് ഇവർ. പോളിഡ്യൂകെസ് എന്നത് പിന്നീട് ലാറ്റിൻ ഭാഷയിലേക്കു വന്നപ്പോൾ പോളക്സ് എന്നായി ചുരുങ്ങി. ഇപ്പോൾ ഈ നക്ഷത്രങ്ങളെ കാസ്റ്റർ, പോളക്സ് എന്നിങ്ങനെയാണ് വിളിക്കുന്നത്. സ്പാർട്ടയിലെ റാണിയായ ലിഡക്ക് നാലു മക്കളായിരുന്നു. ഇതിൽ പോളക്സിന്റെയും ഹെലന്റെയും പിതാവ് സ്യൂസ് ദേവനായിരുന്നു. കാസ്റ്ററിന്റെയും ക്ലൈറ്റെംനെസ്ട്രയുടെയും പിതാവ് സ്പാർട്ടയിലെ രാജാവും ലിഡയുടെ ഭർത്താവും ആയിരുന്ന ടൈൻഡാരിയൂസും. കാസ്റ്ററും പോളക്സും നല്ല സൗഹാർദ്ദത്തോടു കൂടി വളർന്നു. എപ്പോഴും ഒന്നിച്ചു നടക്കുകയും ഒരു പോലെയുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുകയും ചെയ്തു. കാസ്റ്റർ നല്ലൊരു കുതിരസവാരിക്കാരനും പോളക്സ് ഗുസ്തിക്കാരനുമായി. ട്രോജൻ യുദ്ധത്തിനു മുമ്പ് ജാസനും ആർഗനോട്ടുകളും സ്വർണ്ണത്തോൽ അന്വേഷിച്ചു ഏഷ്യാമൈനറിലേക്കു യാത്ര നടത്തുകയുണ്ടായി. ഈ സംഘത്തിൽ കാസ്റ്ററും പോളക്സും ഉണ്ടായിരുന്നു. സമുദ്രദേവനായ പോസിഡോണിന്റെ മകൻ അമിക്കസ് ആയിരുന്നു ഏഷ്യാമൈനർ ഭരിച്ചിരുന്നത്. അമിക്കസ് ക്രൂരനായ രാജാവായിരുന്നു. മറ്റു രാജ്യങ്ങളിൽ നിന്നും വരുന്ന സന്ദർകർക്ക് അവിടേക്കു പ്രവേശനം കിട്ടണമെങ്കിൽ അമിക്കസിനെ ദ്വന്ദ്വയുദ്ധത്തിൽ തോൽപ്പിക്കണമായിരുന്നു. പോളക്സ് അനായാസമായി അമിക്കസിനെ തോൽപ്പിക്കുകയും വധിക്കുകയും ചെയ്തു.

 സ്വർണ്ണത്തോലുമായി തിരിച്ചുള്ള യാത്രയിലും നിരവധി തവണ ഈ ഇരട്ടകൾ കപ്പൽയാത്രികരെ രക്ഷിക്കുകയുണ്ടായി. കപ്പൽ യാത്രക്കാരെ രക്ഷിക്കാനുള്ള അധികാരം സമുദ്രദേവനായ പോസിഡോൺ അവർക്കു നൽകി. കൂടെ രണ്ടു വെള്ളക്കുതിരകളെയും.


പിന്നീടൊരിക്കൽ ഫോബെ, ഹിലൈറ എന്നീ രണ്ടു പെൺകുട്ടികളെ കാസ്റ്ററും പോളക്സും ചേർന്ന് തട്ടിക്കൊണ്ടു പോയി. ആർഗനോട്ടുകളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഇഡാസ്, ലിൻസിയൂസ് എന്നീ സഹോദരന്മാർ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്നരുന്നവരായിരുന്നു ഈ പെൺകുട്ടികൾ. ഇഡാസും ലിൻസിയൂസും ഇവരെ പിൻതുടർന്ന് യുദ്ധം ചെയ്തു. ലിൻസിയൂസ് കാസ്റ്ററെ തന്റെ വാളു കൊണ്ട് വെട്ടുന്നതുകണ്ട പോളക്സ് ലിൻസിയൂസിനെ കൊന്നു. ഇഡാസ് പോളക്സിനെ അക്രമിക്കാനായി ഓടിയടുത്തെങ്കിലും സ്യൂസ് ദേവൻ ഇടിമിന്നൽ കൊണ്ട് അത് ത‍ടഞ്ഞു. പോളക്സ് തന്റെ സഹോദരനെ കൂടി രക്ഷിക്കാനായി പിതാവായ സ്യൂസ് ദേവനോട് അപേക്ഷിക്കുകയും അദ്ദേഹം രണ്ടു പേരെയും ആകാശത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ് കഥ.

ഈജിപ്തുകാർ ഇതിനെ രണ്ട് ആടുകളായാണ് ചിത്രീകരിച്ചിരുന്നത്. പുരാതന അറേബ്യക്കാരാവട്ടെ രണ്ടു മയിലുകളായാണ് കണ്ടത്. റോമക്കാരാണെങ്കിൽ അവരുടെ സാമ്രാജ്യത്തിനു തുടക്കമിട്ട രാജാവ് റോമുലസും അദ്ദേഹത്തിന്റെ സഹോദരൻ റീമസും ആണ് ഈ നക്ഷത്രങ്ങൾ എന്നു കരുതി.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക