അലുദ്ര
ഇനി നമുക്ക് വേട്ടപ്പട്ടിയുടെ വാലറ്റത്തുള്ള അലുദ്ര എന്ന നക്ഷത്രത്തെ പരിചയപ്പെടാം. ബെയറുടെ നാമനിര്‍ദ്ദേശ രീതിയില്‍ ഇതിന് ഈറ്റ കാനിസ് മെജോറിസ് എന്ന പേരാണ് നല്‍കിയിരിക്കുന്നത്. കന്യക എന്നര്‍ത്ഥം വരുന്ന അറേബ്യന്‍ വാക്കായ അല്‍ അധ്രാ എന്നതില്‍ നിന്നാണ് അലുദ്ര എന്ന് പേരുണ്ടായത്. കന്യക എന്നര്‍ത്ഥമുള്ള മൂന്ന് നക്ഷത്രങ്ങളാണ് കാനിസ് മേജര്‍ നക്ഷത്രഗണത്തിലുള്ളത്. വെസെന്‍, അധാര എന്നിവയാണ് മറ്റു രണ്ടെണ്ണം. നക്ഷത്രങ്ങള്‍ക്ക് പേരുകള്‍ ഔദ്യോഗികമായി നല്‍കുന്നതന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയില്‍ ഒരു വിഭാഗമുണ്ട്. ഇത് വര്‍ക്കിങ് ഗ്രൂപ്പ് ഓണ്‍ സ്റ്റാര്‍ നെയിംസ് അഥവാ WGSN എന്നാണ് അറിയപ്പെടുന്നത്. ഇവര്‍ 2006ലാണ് മേല്‍പ്പറഞ്ഞ പേരുകള്‍ ഈ നക്ഷത്രങ്ങള്‍ ഔദ്യോഗികമായി അനുവദിച്ചു നല്‍കിയത്.

ഭൂമിയില്‍ നിന്നും ഏതാണ്ട് 2000 പ്രകാശവര്‍ഷം അകലെയാണ് അലുദ്രയുടെ സ്ഥാനം. ഇത് ഒരു നീല അതിഭീമന്‍ നക്ഷത്രമാണ്. സൂര്യനെക്കാള്‍ 10 മുതല്‍ 70 വരെ മടങ്ങ് പിണ്ഡവും 30000ല്‍ കൂടുതല്‍ പ്രകാശതീവ്രതയുമുള്ള നക്ഷത്രങ്ങളാണ് അതിഭീമന്‍ നക്ഷത്രങ്ങള്‍. സൂര്യന്റെ 56 മടങ്ങ് ആരമുള്ള ഈ നക്ഷത്രത്തിന്റെ പിണ്ഡം സൂര്യന്റെ 19 മടങ്ങ് വരും. ഒന്നര ലക്ഷം സൂര്യന്മാരുടെ തിളക്കമുള്ള ഇതിന്റെ ഉപരിതല താപനില ഏതാണ്ട് 15,000 കെല്‍വിന്‍ വരും എന്നാണ് കണക്കാക്കിയിട്ടുള്ളത്.

തിളക്കത്തില്‍ അലുദ്രക്ക് ആകാശത്തു കാണുന്ന നക്ഷത്രങ്ങളില്‍87ാം സ്ഥാനവും കാനിസ് മേജറിലെ നക്ഷത്രങ്ങളില്‍ അഞ്ചാം സ്ഥാനവുമാണുള്ളത്. എല്ലാ നക്ഷത്രങ്ങളും അവയുടെ ഗാലക്സിയുടെ കേന്ദ്രത്തിനെ പരിക്രമണം ചെയ്യുന്നുണ്ട്. അതിനനുസരിച്ച് അവയുടെ സ്ഥാനത്തിലും മാറ്റം സംഭവിക്കുന്നുണ്ട്. ഭൂമിയില്‍ നിന്നുള്ള ഇവയുടെ അകലം വളരെ വലുതായതു കൊണ്ട് ഒരായുസ്സു കൊണ്ടൊന്നും നമുക്ക് ഇത് അനുഭവിച്ചറിയാന്‍ കഴിയില്ല എന്നു മാത്രം. അലുദ്രക്ക് ഇങ്ങനെ സംഭവിക്കുന്ന സ്ഥാനചലനം ഒരു വര്‍ഷത്തില്‍ ഏതാണ്ട് 5.81 മില്ലിആര്‍ക്ക് സെക്കന്റ് മാത്രമാണ്. ഒരു ആര്‍ക്ക് സെക്കന്റ് എന്നു പറഞ്ഞാല്‍ ഒരു ഡിഗ്രിയുടെ 3600ല്‍ ഒരു ഭാഗം മാത്രമാണ് എന്നോര്‍ക്കുക

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക