അൽനിതക് - മൂന്നായ നിന്നെയിഹ ഒന്നെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍...
വേട്ടക്കാരന്റെ അരപ്പട്ടയിലെ മൂന്നു നക്ഷത്രങ്ങളില്‍ കിഴക്കെ അറ്റത്തു കിടക്കുന്ന നക്ഷത്രത്തിന് അല്‍നിതക് എന്നാണ് പേര്. അരപ്പട്ട എന്നു തന്നെയാണ് ഈ പേരിന്റെ അര്‍ത്ഥം. ബെയറിന്റെ നാമനിര്‍ദ്ദേശ രീതി അനുസരിച്ച് ഇതിന് സീറ്റ (ζ) ഓറിയോണിസ് എന്ന പേരാണ് നല്‍കിയിരിക്കുന്നത്. 1819ല്‍ ജോര്‍ജ്ജ് കെ. കുനോവ്സ്കി ഇത് പരസ്പരം പ്രദക്ഷിണം ചെയ്യുന്ന രണ്ടു നക്ഷത്രങ്ങളാണ് എന്നു കണ്ടെത്തി. ഇതില്‍ പ്രാഥമിക നക്ഷത്രത്തിന് അല്‍നിതക് A എന്നും ദ്വിദീയ നക്ഷത്രത്തിന് അല്‍നിതക് B എന്നും പേര് നല്‍കി. 1998ല്‍ A എന്ന നക്ഷത്രത്തിനെ ചുറ്റുന്ന മറ്റൊരു നക്ഷത്രത്തെ കൂടി കണ്ടെത്തി. അപ്പോള്‍ പ്രാഥമിക നക്ഷത്രത്തിന് Aa എന്നും അതിന്റെ സുഹൃദ്നക്ഷത്രത്തിന് Ab എന്നും പേരു നല്‍കി.
Aaയും Bയും ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കാന്‍ ഏകദേശം 1509 വര്‍ഷങ്ങള്‍ എടുക്കുമ്പോള്‍ ഏകദേശം 2687 വര്‍ഷം എടുത്താണ് Aaയും Abയും ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നത്. Aa എന്ന നക്ഷത്രം ഭൂമിയില്‍ നിന്നും 1260 പ്രകാശവര്‍ഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ പിണ്ഡം സൂര്യന്റെ 33 മടങ്ങും ആരം സൂര്യന്റെ 20 മടങ്ങും ആണ്. സൂര്യനെക്കാള്‍ 2,50,000 മടങ്ങ് തിളക്കമുള്ള ഇതിന്റെ ഉപരിതല താപനില 29,500 കെല്‍വിന്‍ ആണ്. ഏകദേശം 64 ലക്ഷം വര്‍ഷം ആയിരിക്കും ഇതിന്റെ പ്രായം എന്നാണ് കണക്കാക്കിയിരിക്കുന്നത്. Abയ്ക്ക് സൂര്യന്റെ 14 മടങ്ങ് പിണ്ഡവും 7 മടങ്ങ് ആരവുമുണ്ട്. 32,000 സൂര്യന്മാരുടെ തിളക്കവും 29,000 കെല്‍വിന്‍ ഉപരിതലതാപനിലയും ഇതിനുണ്ട്. പ്രായം ഏകദേശം 72 ലക്ഷം വര്‍ഷം ആണ്.
അല്‍നിതക് B ഒരു നീല ഭീമന്‍ നക്ഷത്രമാണ്. സൂര്യന്റെ 14 മടങ്ങ് പിണ്ഡവും 1100 സൂര്യന്മാരുടെ തിളക്കവുമുള്ള ഈ നക്ഷത്രത്തിന് ഭൂസമാനമായ ഒരു ഗ്രഹവുമുണ്ട്. ഒഴുകുന്ന ജലമുണ്ട് എന്നു കരുതപ്പെടുന്ന ഈ ഗ്രഹം നക്ഷത്രത്തെ ചുറ്റുന്നത് സൂര്യനും പ്ലൂട്ടോയും തമ്മിലുള്ള അകലത്തിലാണ്.മൂന്നായ നിന്നെയിഹ ഒന്നെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ