സൂര്യനിൽ മഴപെയ്യുന്നുവോ?
സൂര്യനിൽ മഴയോ ? സംശയമുണ്ടെങ്കിൽ ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ . സൂര്യനിൽ മഴ പെയ്യുന്നതു ശരിക്കും കാണാം . " മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സുസ്നേഹമൂർത്തിയാം സൂര്യൻ " ഇപ്പോൾ കെട്ടുപോകുമോ എന്നാണു പേടിയെങ്കിൽ വേണ്ട . അവിടെ മഴയായി ഉതിർന്നു വീഴുന്നത് ജലകണങ്ങളല്ല , പ്ലാസ്മാ രൂപത്തിലുള്ള ദ്രവ്യകണങ്ങളാണ് . സൗരാന്തരീക്ഷ ദ്രവ്യ വിസ്ഫോടനവും ( coronal mass ejection ) അതിന്റെ തിരികെ വീഴ്ചയുമാണ് ഇതിൽ കാണുന്നത് . വളരെ ശക്തിയായി പുറത്തേക്കു തെറിക്കുന്ന പ്ലാസ്മാ ദ്രവ്യകണങ്ങൾ സൂര്യന്റെ ഗുരുത്വവലിവു കാരണം അതിലേക്കു തന്നെ തിരിച്ചു വീഴുന്നു . അതേസമയം സൂര്യനിൽ നിന്നും പുറത്തേക്കുള്ള ഊർജ്ജപ്രവാഹത്തിന്റെ തള്ളൽ ഈ വീഴ്ചയുടെ വേഗത കുറയുന്നതിനു കാരണമാകുന്നു . കഴിഞ്ഞ 16 ന് ഉണ്ടായ ശക്തിയേറിയ ദ്രവ്യവിസ്ഫോടനത്തിന്റെ ദൃശ്യം ഹിനോഡെ ബഹിരാകാശ പേടകത്തിലെ സോളാർ ഓപ്റ്റിക്കൽ ടെലിസ്കോപ് ഉപയോഗിച്ചു പകർത്തിയതാണ് ഈ വീഡിയോ .