ബുധനിലെ ത്യാഗരാജസാന്നിദ്ധ്യം
" സ്നേഹമില്ലാത്തിടത്ത് അറിവ് വിളയില്ല " (അനുരാഗമുലേന മനസുന സുജ്ഞാനമുരാദ) എന്നു പാടി നടന്ന അനശ്വരഗായകൻ ത്യാഗരാജസ്വാമികളുടെ പേരിലുള്ള ഒരു ഗർത്തമുണ്ട് ബുധനിൽ. 97കി.മീറ്റർ വ്യാസമുള്ള ത്യാഗരാജഗർത്തത്തിന്റെ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. സൂര്യന്റെ ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ഏറ്റവും ചെറിയ ഗ്രഹമായ ബുധനെ ഭ്രമണം ചെയ്യുന്ന മെസ്സഞ്ചർ ഭൂമിയിലേക്കയച്ച ഏറ്റവും പുതിയ ചിത്രങ്ങളിലുള്ളതാണ് ഈ ചിത്രവും. ഗർത്തത്തിനു നടുവിലെ കൊടുമുടിയും തിട്ടുകളും മണ്ണൊലിപ്പിന്റെ പാടുകളും എല്ലാം ഈ ചിത്രത്തിൽ വ്യക്തമായി കാണാം. 200മീറ്റർ/പിക്സൽ നിരക്കിൽ കൃത്യതയുള്ള ഈ ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ വിശകലനത്തിനു വിധേയമാക്കുമ്പോൾ ബുധനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്നു പ്രതീക്ഷിക്കാം. രാജാധികാരം വെച്ചു നീട്ടിയ പ്രലോഭനങ്ങളെ തിരസ്കരിച്ച് തെരുവിലേക്കിറങ്ങി തന്റെ പാണ്ഡിത്യം കൊണ്ട് സാമ്പത്തികദാരിദ്ര്യത്തെ വെല്ലുവിളിച്ച മഹാനായിരുന്നു ത്യാഗരാജസ്വാമികൾ. പ്രപഞ്ചസംഗീതത്തിൽ അലിഞ്ഞു ചേർന്ന ആ നാമം(ദം) അറിവുകൊണ്ട് അധികാരത്തെ വെല്ലുവിളിക്കാനിറങ്ങുന്നവർക്കെല്ലാം എന്നും ഒരു പ്രചോദനമായിരിക്കട്ടെ.