മിഥുനം - ആകാശത്തിലെ ഇരട്ടകൾ
ഇനി നമുക്ക് മിഥുനം രാശിയെ കുറിച്ചു പറയാം. ഒറിയോണിന്റെ വടക്കു കിഴക്കു ഭാഗത്തും കാനിസ് മൈനറിന്റെ വടക്കു ഭാഗത്തുമായി കാണുന്ന നക്ഷത്രരാശിയാണ് മിഥുനം (Gemini). ഒറിയോണിലെ റീഗൽ , അൽനിതക് എന്നീ നക്ഷത്രങ്ങളിലൂടെ ഒരു വര വരച്ചാൽ അത് മിഥുനത്തിലെ കാസ്റ്റർ എന്ന നക്ഷത്രത്തിനടുത്തു കൂടി കടന്നു പോകും. രണ്ടു കുട്ടികളായാണ് ഇതിനെ ചിത്രീകരിക്കാറുള്ളത്. ഗ്രീക്ക് ഐതിഹ്യങ്ങളിൽ കാസ്റ്റർ, പോളിഡ്യൂകെസ് എന്നീ കുട്ടികളാണ് ഇവർ. പോളിഡ്യൂകെസ് എന്നത് പിന്നീട് ലാറ്റിൻ ഭാഷയിലേക്കു വന്നപ്പോൾ പോളക്സ് എന്നായി ചുരുങ്ങി. ഇപ്പോൾ ഈ നക്ഷത്രങ്ങളെ കാസ്റ്റർ, പോളക്സ് എന്നിങ്ങനെയാണ് വിളിക്കുന്നത്. സ്പാർട്ടയിലെ റാണിയായ ലിഡക്ക് നാലു മക്കളായിരുന്നു. ഇതിൽ പോളക്സിന്റെയും ഹെലന്റെയും പിതാവ് സ്യൂസ് ദേവനായിരുന്നു. കാസ്റ്ററിന്റെയും ക്ലൈറ്റെംനെസ്ട്രയുടെയും പിതാവ് സ്പാർട്ടയിലെ രാജാവും ലിഡയുടെ ഭർത്താവും ആയിരുന്ന ടൈൻഡാരിയൂസും. കാസ്റ്ററും പോളക്സും നല്ല സൗഹാർദ്ദത്തോടു കൂടി വളർന്നു. എപ്പോഴും ഒന്നിച്ചു നടക്കുകയും ഒരു പോലെയുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുകയും ചെയ്തു. കാസ്റ്റർ നല്ലൊരു കുതിരസവാരിക്കാരനും പോളക്സ് ഗുസ്തിക്കാരനുമായി. ട്രോജൻ ...