തൊഴിൽശാലയിൽ നിന്ന് ആകാശം തൊട്ട വനിത
അ മ്പതു വർഷങ്ങൾക്കു മുമ്പ് ജൂൺ 16 ൹ ലോകചരിത്രത്തിൽ ആദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക് പറന്നുയർന്നു . അതിനു ശേഷം പല സ്ത്രീകളും ബഹിരാകാശത്തേക്ക് യാത്ര ചെയ്യുകയുണ്ടായി . എന്നാൽ ലോകചരിത്രത്തിൽ ഒരു തുണിമിൽ തൊഴിലാളി ബഹിരാകാശയാത്ര നടത്തിയ സംഭവം അതിനു ശേഷവും സംഭവിച്ചില്ല . വാലൻറീന തെരഷ്കോവ 1963 ൽ ബഹിരാകാശയാത്ര നടത്തുമ്പോൾ റഷ്യയിലെ ക്രാസ്നി പെരികോപ് ടെക്സ്റ്റൈൽ ഫാക്റ്ററിയിലെ തൊഴിലാളിയായിരുന്ന അവർക്ക് 26 വയസ്സുമാത്രമായിരുന്നു പ്രായം . 1937 മാർച്ച് 6 ൹ റഷ്യയിലെ ഒരു ചെറുപട്ടണമായ മാസ്ലെന്നികോവോയിലാണ് വാലൻറീന ജനിച്ചത് . അച്ഛൻ ഒരു ട്രാക്റ്റർ ഡ്രൈവറും അമ്മ തുണിമില്ലിലെ തൊഴിലാളിയുമായിരുന്നു . ചെറുപ്പത്തിൽ തന്നെ അവർ പാരച്യൂട്ട് ഉപയോഗിക്കാൻ പഠിച്ചിരുന്നു . അന്നത്തെ റഷ്യയിൽ ചെറുപട്ടണങ്ങളിൽ പോലും പാരച്യൂട്ട് ക്ലബ്ബുകൾ സർവ്വസാധാരണമായിരുന്നു . ഇരുപത്തിരണ്ടാമത്തെ വയസ്സിൽ തന്നെ അവർ തന്റെ ആദ്യത്തെ പാരച്യൂട്ട് ചാട്ടം നടത്തിയിരുന്നു . ആദ്യത്തെ ബഹിരാകാശയാത്രികയാവാൻ അപേക്ഷ അയച്ചവരുടെ എണ്ണം 400 ആയിരുന്നു . ഇതിൽ നിന്ന് യൂറി ഗഗാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അഞ്ചു പേരെ തെരഞ്ഞെടുത്തു . താത്യാന കുസ്നെ...