ബെല്ലാട്രിക്സ്

ഇനി നമുക്ക് വേട്ടക്കാരന്റെ ഇടത്തെ തോള്‍ ഒന്നു നോക്കാം. തിരുവാതിരയുടെ ഏകദേശം 5° പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ നക്ഷത്രത്തിന്റ പേര് ബെല്ലാട്രിക്സ് എന്നാണ്. വനിതാ പടയാളി എന്നാണ് ഈ ലാറ്റിൻ വാക്കിന്റെ അർത്ഥം. ആമസോൺ സ്റ്റാർ എന്നും ഈ നക്ഷത്രത്തെ വിളിക്കാറുണ്ട്. ഗ്രീക്ക് ഇതിഹാസങ്ങളിൽ വനിതാ പടയാളികളുടെ ഒരു സംഘമാണ് ആമസോണുകൾ. അറേബ്യക്കാർ ഇതിന് ജേതാവ് എന്നർത്ഥമുള്ള അൽ നജീദ് എന്ന പേരാണ് നൽകിയിരിക്കുന്നത്. ബെയറുടെ നാമകരണപദ്ധതിയിൽ ഗാമ ഓറിയോണിസ് എന്നാണ് പേര്. ഭൂമിയില്‍ നിന്നും ഏകദേശം 250 പ്രകാശവര്‍ഷം അകലെ കിടക്കുന്ന ഈ നക്ഷത്രത്തിന് സൂര്യന്റെ 8.6 മടങ്ങ് പിണ്ഡമുണ്ട്. ഇതിന്റെ പ്രായമാണെങ്കില്‍ ഏകദേശം 25 കോടി വര്‍ഷം വരും. ഉപരിതല താപനില 22,000 കെൽവിൻ ആണ്. കേന്ദ്രത്തിൽ നിന്നും പുറത്തേക്കുള്ള ദൂരം സൂര്യന്റേതിനേക്കാൾ ആറു മടങ്ങും തിളക്കം സൂര്യന്റെതിനെക്കാൾ 9000 മടങ്ങിൽ കൂടുതലുമാണ്.